പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: ഇക്കഴിഞ്ഞ ദീപാവലി ഉത്സവ സീസണിൽ രാജ്യത്തെ ഓഫ്ലൈൻ സ്മാർട്ട്ഫോൺ റീട്ടെയിൽ വിപണിയിൽ ഫോണുകളുടെ വിൽപന അളവിൽ 18 മുതൽ 20 ശതമാനം വരെ വാർഷിക ഇടിവ് രേഖപ്പെടുത്തി.
ഉപഭോക്തൃ ഡിമാൻഡിലുണ്ടായ കുറവും ഫോണുകളുടെ വിലക്കയറ്റവുമാണ് പ്രധാന തിരിച്ചടിയായതെന്ന് ഓൾ ഇന്ത്യ മൊബൈൽ റീട്ടെയ്ലേഴ്സ് അസോസിയേഷൻ (എഐഎംആർഎ) പുറത്തുവിട്ട ദീപാവലി റീട്ടെയിൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, പ്രീമിയം ഫോണുകളുടെ വിൽപന വർധിച്ചതിനാൽ മൊത്തം വിൽപന മൂല്യത്തിൽ വലിയ ഇടിവുണ്ടായില്ല. ഓഫറുകൾക്ക് ശേഷമുള്ള 30,000 രൂപ മുതൽ 60,000 രൂപ വരെയുള്ള പ്രൈസ് വിഭാഗത്തിലാണ് ഭൂരിഭാഗം ഇടപാടുകളും നടന്നത്.
റിയൽമിക്ക് 50 ശതമാനം ഇടിവ്
ഉത്സവ സീസണിൽ ആപ്പിളും മോട്ടറോളയും മികച്ച പ്രകടനം കാഴ്ചവച്ചു. വിലവർധനവിനു മുന്പുള്ള സ്റ്റോക്കുകൾ ലഭ്യമായിരുന്ന ഇടങ്ങളിലെല്ലാം ഐഫോൺ 15, 16, 17 മോഡലുകൾക്ക് മികച്ച ഡിമാൻഡ് ലഭിച്ചു. പുതിയ ഐഫോൺ 18 പ്രോ, പ്രോ മാക്സ് എന്നിവയും പ്രീമിയം വിപണിയിൽ മുന്നേറ്റമുണ്ടാക്കി. പ്രീമിയം നിരയിൽ ഗൂഗിൾ പിക്സൽ അതിവേഗ വളർച്ച കൈവരിച്ചപ്പോൾ, റെഡ്മി നോട്ട് 17 പരമ്പരയിലൂടെ ഷവോമി സ്ഥിരതയാർന്ന വളർച്ച രേഖപ്പെടുത്തി. വിവോ, ഒപ്പോ മോഡലുകൾക്കും മികച്ച സ്വീകാര്യത ലഭിച്ചു.
എന്നാൽ, പ്രമുഖ ബ്രാൻഡുകളിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് റിയൽമിക്കാണ്. രാജ്യത്തുടനീളം കമ്പനിയുടെ വിൽപനയിൽ 50 ശതമാനത്തിലധികം ഇടിവാണുണ്ടായത്. ഷവോമി, സാംസംഗ്, വിവോ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ റിയൽമി ഫോണുകൾക്കുണ്ടായ ഉയർന്ന വിലയും, ആകർഷകമായ പുതിയ മോഡലുകളുടെയും ഉത്സവ ഓഫറുകളുടെയും അഭാവവുമാണ് തിരിച്ചടിക്കു കാരണമായി എഐഎംആർഎ ചൂണ്ടിക്കാണിക്കുന്നത്. 40,000 രൂപയ്ക്ക് മുകളിലുള്ള വിഭാഗത്തിൽ ബ്രാൻഡിന് വിപണി സ്വീകാര്യത കുറഞ്ഞതും ഇതിന് ആക്കം കൂട്ടി.
ഓഫ്ലൈൻ വിപണിയിൽ കാലിടറി സാംസംഗ്
ഓൺലൈൻ-ഓഫ്ലൈൻ വിലകളിലെ വലിയ വ്യത്യാസം കാരണം പ്രമുഖ ബ്രാൻഡായ സാംസംഗിന് പരമ്പരാഗത റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴിയുള്ള വിൽപന ലക്ഷ്യങ്ങൾ കൈവരിക്കാനായില്ല. ഗാലക്സി എസ്25, എസ്25 അൾട്രാ, ഫോൾഡ് 8 തുടങ്ങിയ മോഡലുകളുടെ ഓൺലൈൻ ഡിസ്കൗണ്ടുകൾ ബ്രാൻഡ് സ്റ്റോറുകളെപ്പോലും ബാധിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കുമാത്രമായി പ്രത്യേക ഓഫറുകൾ നൽകുന്നത് അവസാനിപ്പിച്ച് ഓഫ്ലൈൻ-ഓൺലൈൻ വിലകളിൽ തുല്യത കൊണ്ടുവരണമെന്ന് എഐഎംആർഎ നിർമാതാക്കളോട് ആവശ്യപ്പെട്ടു.
ചെറുകിട വ്യാപാരികൾക്ക് തിരിച്ചടി
15,000 രൂപയിൽ താഴെയുള്ള ബജറ്റ് വിഭാഗത്തിൽ ഉപയോക്താക്കൾ പുതിയ ഫോണുകൾ വാങ്ങാതെ പഴയ ഫോണുകളിലേക്കു (റീഫർബിഷ്ഡ്) മാറിയത് ചെറുകിട വ്യാപാരികളെ കാര്യമായി ബാധിച്ചു. വിപണിയിൽ നടന്ന ആകെ ഇടപാടുകളുടെ 60 ശതമാനവും ഇഎംഐ വഴിയാണ് നടന്നത്. മെമ്മറി, മറ്റ് നിർമാണ ഘടകങ്ങളുടെ വിലക്കയറ്റം കാരണം ഫോൺ നിർമാതാക്കൾ വരും മാസങ്ങളിൽ 15 ശതമാനം വരെ വിലവർധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇത് റീട്ടെയിൽ വിപണിക്കു വരും ദിവസങ്ങളിലും വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
Tags : smartphone sales Diwali Drop Retail Market Business Xiaomi Samsung Vivo