National
ന്യൂഡല്‍ഹി: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിൽ തുടരുന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഡൽഹിയിലെ സര് ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിലുള്ളത്.
ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. വയറിലും മൂത്രനാളത്തിലും ഉണ്ടായ അണുബാധയെത്തുടര്‍ന്നാണ് വിദഗ്ധ പരിശോധനകള്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിലുള്ളത്.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടർമാരുടെ സംഘം വിശദമായ പരിശോധന നടത്തിവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരിയിലും ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസവും ചുമയും കാരണമായിരുന്നു സോണിയ ഗാന്ധി ജനുവരിയിൽ ചികിത്സ തേടിയത്.
National
ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ്യുടെ വധത്തിലും പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന നിലപാടിലും വിമർശനമുന്നയിച്ച സോണിയ ഗാന്ധിക്കെതിരെ ബിജെപി. സോണിയ ഗാന്ധിയുടേത് ചില പ്രത്യേക വിഷയങ്ങളിൽ മാത്രമുള്ള "തെരഞ്ഞെടുത്ത രോഷം" മാത്രമാണെന്ന് ബിജെപി കേന്ദ്രങ്ങൾ പരിഹസിച്ചു.
അന്താരാഷ്ട്ര വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു. സ്വന്തം താത്പര്യങ്ങൾക്കും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും അനുസരിച്ചാണ് കോൺഗ്രസ് ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
വിദേശനയത്തിന്റെ കാര്യത്തിൽ രാജ്യം പുലർത്തുന്ന മൗനം തന്ത്രപരമാണെന്നും, അത് ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. ഇൗ വിഷയത്തിൽ ഒരു പക്ഷം പിടിക്കുന്നത് പശ്ചിമേഷ്യൻ മേഖലയിൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ബന്ധങ്ങളെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഇറാൻ നേതാവിന്റെ വധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ന്യൂഡൽഹിയുടെ നിശബ്ദത അമ്പരപ്പിക്കുന്നതാണെന്നും കാട്ടി സോണിയ ഗാന്ധി പത്രത്തിൽ ലേഖനം എഴുതിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ബിജെപി വൃത്തങ്ങളുടെ പ്രതികരണം. രാജ്യത്തിന്റെ സുരക്ഷയും ഊർജ ആവശ്യങ്ങളും മുൻനിർത്തിയാണ് സർക്കാർ നീങ്ങുന്നതെന്നും, പ്രതിപക്ഷം ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലും ഇറാൻ പ്രതിസന്ധിയിലും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ഇന്ത്യയുടെ വിദേശനയത്തിൽ പ്രകടമാകുന്ന അസ്വാഭാവികമായ മാറ്റങ്ങളും വൈരുദ്ധ്യങ്ങളും പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിദേശനയത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ പാർലമെന്റിൽ അത് ചർച്ച ചെയ്യാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാട് എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ അന്താരാഷ്ട്ര വിഷയങ്ങളിൽ വ്യക്തമായ നിലപാടെടുത്തിരുന്ന ഇന്ത്യ, ഇപ്പോൾ പ്രധാനപ്പെട്ട പല കാര്യങ്ങളിലും നിശബ്ദത പാലിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതും തുടർന്നുണ്ടായ യുദ്ധസാഹചര്യവും ലോകക്രമത്തെ തന്നെ മാറ്റുന്നതാണ്. ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഒരു രാഷ്ട്രത്തലവൻ വധിക്കപ്പെടുന്നത് അന്താരാഷ്ട്ര ബന്ധങ്ങളിലെ വലിയൊരു വിള്ളലാണെന്നും അവർ ആവർത്തിച്ചു. ഇന്ത്യയുടെ ഊർജ സുരക്ഷയെയും ലക്ഷക്കണക്കിന് പ്രവാസികളെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ, ഈ വിഷയത്തിൽ സർക്കാർ പുലർത്തുന്ന 'അനക്കമില്ലായ്മ' ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
National
ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ട സംഭവത്തിലും തുടർന്നുണ്ടായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിലും കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ സോണിയ ഗാന്ധി. ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഒരു രാഷ്ട്രത്തലവൻ കൊല്ലപ്പെടുന്നത് അന്താരാഷ്ട്ര ബന്ധങ്ങളിലെ ഗുരുതരമായ ലംഘനമാണെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
"സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഒരു രാഷ്ട്രത്തലവൻ വധിക്കപ്പെടുന്നത് ആധുനിക അന്താരാഷ്ട്ര ബന്ധങ്ങളിലെ വലിയൊരു തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഇത് ലോകക്രമത്തെ തന്നെ അപകടത്തിലാക്കുന്നു," സോണിയ ഗാന്ധി പറഞ്ഞു. ഈ സംഭവത്തിൽ ഇന്ത്യ പുലർത്തുന്ന മൗനം അമ്പരപ്പിക്കുന്നതാണെന്ന് അവർ വിമർശിച്ചു.
ലോകത്തെ വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇത്തരം നിർണായക ഘട്ടങ്ങളിൽ ഇന്ത്യ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷയെയും രാജ്യത്തിന്റെ ഊർജ ആവശ്യങ്ങളെയും ബാധിക്കുന്ന വിഷയമാണിതെന്നും സോണിയ ഗാന്ധി ഓർമ്മിപ്പിച്ചു. എന്നിട്ടും സർക്കാർ പുലർത്തുന്ന നിശബ്ദത അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ നിന്നു സ്വര്‍ണം കട്ടത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിപിഎം സ്വര്‍ണം കട്ടതിന് സോണിയാഗാന്ധിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്.
സ്വര്‍ണം കട്ട പ്രതികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം പുറത്തേക്കുവരാന്‍ പോകുകയാണ്. 90 ദിവസത്തിനകം പ്രാഥമിക കുറ്റപത്രം എസ്ഐടി നല്കിയിരുന്നുവെങ്കില് പ്രതികള്‍ക്ക് ജാമ്യം കിട്ടില്ലായിരുന്നു.
എസ്ഐടിയുടെ മേല്‍ സമ്മര്‍ദം ചെലുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് കേസ് അട്ടിമറിക്കുകയാണ്. പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എസ്ഐടിയുടെ അന്വേഷണം അട്ടിമറിച്ചു. സ്വര്‍ണക്കവര്‍ച്ച എങ്ങുമെത്താതെ അവസാനിക്കുകയാണ്. തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്താന്‍ എസ്ഐടിക്ക് സാധിക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം കാരണമാണ്.
സ്വര്‍ണക്കൊള്ളയില്‍ ഉന്നതരുടെ പങ്ക് പുറത്തുവരണം. ഉന്നതര്‍ പിടിയിലാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം വാച്ച് ആൻഡ് വാര്‍ഡിനെ മര്‍ദിച്ചെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു.
മുഖ്യമന്ത്രിയെ ന്യായികരിക്കുന്ന നിലപാടാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സഭ ബഹിഷ്കരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരേ വിമർശനവുമായി സഭയിൽ വീണ്ടും മന്ത്രി വി. ശിവൻകുട്ടി.
ഇന്നലെ ചോദ്യോത്തരവേളയ്ക്കിടെയായിരുന്നു സംഭവം. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ പ്രകോപനപരമായ പരാമർശം.
“സ്വര്‍ണം കട്ടത് ആരപ്പാ, സോണിയാ ഗാന്ധിയാണേ അയ്യപ്പാ” എന്നാണു ബാനറിൽ എഴുതേണ്ടതെന്നു മന്ത്രി ശിവൻകുട്ടി വിളിച്ചു പറഞ്ഞു.
Kerala
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി റിപ്പോർട്ടകൾ. എന്നാല്‍ ഈ വിഷയത്തില്‍ ജോസ് കെ. മാണി ഇനിയും പരസ്യപ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, കക്ഷിയിലെ പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന് എൽഡിഎഫിനൊപ്പം തുടരുമെന്നാണ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശത്തെ മുസ്ലിം ലീഗും പിന്തുണയ്ക്കുന്നുണ്ട്. മുന്നണി മാറ്റം സംബന്ധിച്ചു ജോസ് കെ. മാണി നേരത്തെ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും അതാണ് ഒൗദ്യോഗിക പ്രതികരണമെന്നുമാണ് റോഷി അഗസ്റ്റിൻ മാധ്യമങ്ങളോടു പറഞ്ഞത്.
മധ്യ തിരുവിതാംകൂർ, തൃശൂര്‍, മലബാര്‍ മേഖലകളിലെ 46 അസംബ്ലി സീറ്റുകളില്‍ ക്രിസ്ത്യന്‍ വോട്ട് ബേസ് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖല ജാഥ ജോസ് കെ.മാണി നയിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഈ ജാഥയ്ക്കു ജോസ് കെ. മാണി നേതൃത്വം നൽകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമായ സമയത്ത്, മന്ത്രി റോഷി അഗസ്റ്റിന്, എംഎല്‍എമാരായ എന്‍ ജയരാജ്, പ്രമോദ് നാരായണന് തുടങ്ങിയവര്‍ എല്‍ഡിഎഫ് വിട്ടുപോകുന്നതിനോടു യോജിച്ചില്ലെന്നാണ് മാധ്യമ റിപ്പോർട്ട്. വരും ദിവസങ്ങളിൽ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നുണ്ട്. ഇതിനു ശേഷം മുന്നണിമാറ്റം ഉണ്ടോ ഇല്ലെയോ എന്നതിൽ വ്യക്തമായ പ്രതികരണം നേതാക്കൾ നടത്തുമെന്നാണ് കരുതുന്നത്.
National
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുന്‍പ് തന്നെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയെന്നും വോട്ട് ചെയ്തുവെന്നും ആരോപിച്ചുള്ള ഹര്‍ജിയില്‍ മറുപടി നല്കാന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സോണിയ ഗാന്ധി. അപേക്ഷയെ തുടര്‍ന്ന് കേസ് ഫെബ്രുവരി ഏഴിലേക്ക് പരിഗണിക്കുന്നതിനായി കോടതി നീട്ടി.
സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത് 1983ലാണെന്നും എന്നാല്‍ 1980ലെ വോട്ടര്‍ പട്ടികയില്‍ അവരുടെ പേര് ഉള്‍പ്പെട്ടിരുന്നുവെന്നുമാണ് ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍ ഡിസംബര്‍ എട്ടിനാണ് കോടതി നോട്ടീസ് അയച്ചത്.
1980ലെ വോട്ടര്‍ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ അഭിഭാഷകന് വികാസ് ത്രിപാഠി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് കോടതി സോണിയാ ഗാന്ധിയോട് മറുപടി തേടിയത്. രേഖകളില്‍ കൃത്രിമത്വം കാണിച്ചാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു.
എന്നാല്‍ ഹര്‍ജിക്കാരന്റെ വാദം ശരിയല്ലെന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ വളരെ പഴക്കമുള്ളതായതിനാല്‍ സോണിയയുടെ അഭിഭാഷകന് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, പതിവ് പരിശോധനയുടെ ഭാഗമായി സോണിയ ഗാന്ധിയെ ഇന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം അടൂർ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങൾ കോണ്‍ഗ്രസ് പുറത്തുവിടണമെന്നു ബിജെപി നേതാവ് കെ. സുരേന്ദ്രൻ.
സോണിയ ഗാന്ധിയോടൊപ്പം സ്വർണക്കൊള്ളയിലെ പ്രധാന കുറ്റവാളിയായ ഉണ്ണികൃഷ്ണൻ പോറ്റിയും സ്വർണം വാങ്ങിയ വ്യാപാരിയും നിൽക്കുന്ന ചിത്രം പുറത്തുവന്നിരിക്കുകയാണ്. ആരാണു സോണിയാ ഗാന്ധിക്കു പോറ്റിയെ പരിചയപ്പെടുത്തിയത്.
കേരളത്തിലെ സർക്കാരിനെ ഉപയോഗിച്ചു ശബരിമലയിലെ വിലപിടിപ്പുള്ള പുരാവസ്തുക്കളും വിഗ്രഹങ്ങളും കവർന്നതു അന്താരാഷ്ട്ര മാർക്കറ്റിൽ വിൽക്കാനാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
തമിഴ്നാട്ടിലെ പല പ്രമുഖ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ അമൂല്യവസ്തുക്കൾ കടത്താൻ ശ്രമം നടന്നിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
Kerala
മട്ടന്നൂർ: ചില ആളുകളെ പരിചയപ്പെടുന്നത് അവരുടെ എല്ലാ വിവരങ്ങളും അറിഞ്ഞിട്ടല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സോണിയാ ഗാന്ധിയുടെ അടുത്ത് സ്വർണപ്പാളി കേസ് പ്രതികൾ പോയ സംഭവത്തിൽ മട്ടന്നൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു സ്ഥലത്താണ് മേയർസ്ഥാനാർഥികളെ പ്രഖ്യാപിച്ചു മത്സരിപ്പിച്ചത്. കൊല്ലവും തിരുവനന്തപുരവും. ദീപ്തി മേരി വർഗീസിനു പരാതിയുണ്ടെങ്കിൽ എല്ലാ വിഷയവും പരിശോധിക്കുമെന്ന് മേയർ തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുത്തരമായി സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ക്രമക്കേടുകളും വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും കള്ളവോട്ടും അക്രമങ്ങളുമെല്ലാം ഉണ്ടായിട്ടും യുഡിഎഫ് കേരളമൊട്ടാകെ ചരിത്രവിജയം നേടി. മുഖ്യമന്ത്രി മറ്റെന്തു ന്യായീകരണം പറഞ്ഞാലും വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ആരാധാനാലയങ്ങൾക്കും പ്രാർഥനാകേന്ദ്രത്തിനും നേരേ നടന്ന അക്രമങ്ങൾ വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. രാജ്യത്തെ മതേതരത്വത്തെ ചോദ്യം ചെയ്യുന്ന നടപടികളിൽ വലിയ പ്രതിഷേധമാണുയരുന്നത്. ഈ പ്രതിഷേധത്തിൽ താനും പങ്കു ചേരുന്നതായും സണ്ണി ജോസഫ് പറഞ്ഞു.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള എതിർകക്ഷികൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യത്തിൽ ഉൾപ്പെടെ മറുപടി സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് ഡൽഹി ഹൈക്കോടതിയുടെ നടപടി.
വിചാരണക്കോടതി നടപടി തെറ്റെന്നാണ് ഇഡി വാദിച്ചത്. മറ്റ് കേസുകളെയും ഇത് ബാധിക്കുമെന്നും ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ ഇഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നായിരുന്നു ഡൽഹി റോസ് അവന്യു കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. ഇതിന്മേലാണ് അപ്പിലൂമായി ഇഡി ഹൈക്കോടതിയെ സമീപിച്ചത്.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തിൽ ആരോപണം.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു പകരം കേന്ദ്രം പാർലമെന്റിൽ പാസാക്കിയ വിബി-ജി റാം ജി ബില്ലിനെ വിമർശിച്ച് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി.
തൊഴിലുറപ്പ് നിയമത്തെ ‘ബുൾഡോസ്’ചെയ്തു സർക്കാർ കൊണ്ടുവന്ന പുതിയ ബില്ലിൽ മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുക മാത്രമല്ല തൊഴിലുറപ്പ് നിയമത്തിന്റെ രൂപവും ഘടനയും ഏകപക്ഷീയമായി മാറ്റിയെന്നും ഇന്നലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഇതുമൂലം രാജ്യത്തുടനീളമുള്ള കോടിക്കണക്കിനു കർഷകരുടെ താത്പര്യങ്ങളെയും തൊഴിലാളികളെയും ഗ്രാമീണമേഖലയിലെ ഭൂമിയില്ലാത്ത ദരിദ്രരെയും മോദി സർക്കാർ ആക്രമിക്കുകയാണെന്ന് സോണിയ പറഞ്ഞു.
20 വർഷം മുന്‍പ് ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് തൊഴിലുറപ്പ് നിയമം പാർലമെന്റിൽ സമവായത്തിലൂടെ പാസാക്കിയതെന്ന് സോണിയ അനുസ്മരിച്ചു. “വിപ്ലവകരമായ ഈ നടപടിയിലൂടെ മണ്ണും ഗ്രാമവും വീടും കുടുംബവും ഉപേക്ഷിച്ച് ഒരാൾ തൊഴിലിനായി പലായനം ചെയ്യുന്നത് നിലച്ചു.
തൊഴിലിനായി നിയമപരമായ അവകാശം നൽകപ്പെടുകയും അതിനോടൊപ്പം ഗ്രാമപഞ്ചായത്തുകൾ ശക്തീകരിക്കപ്പെടുകയും ചെയ്തു. തൊഴിലുറപ്പ് നിയമത്തിലൂടെ ഗ്രാമസ്വരാജ് എന്ന മഹാത്മാഗാന്ധിയുടെ ദീർഘവീക്ഷണത്തിന് അനുസൃതമായുള്ള ഇന്ത്യയെന്ന സ്വപ്നത്തിലേക്ക് നാം ഒരു വലിയ ചുവടെടുത്തു വച്ചു’’-സോണിയ പറഞ്ഞു.
എന്നാൽ, മോദി സർക്കാർ കഴിഞ്ഞ 11 വർഷമായി ഗ്രാമീണമേഖലകളിലെ തൊഴിലില്ലാത്തവരുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും താത്പര്യങ്ങൾ അവഗണിച്ചു. തൊഴിലുറപ്പ് നിയമത്തെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്.
യാതൊരു ചർച്ചകളും കൂടിയാലോചനകളുമില്ലാതെയും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയുമാണ് പുതിയ ബിൽ പാസാക്കിയിട്ടുള്ളത്. ഇപ്പോൾ എത്രമാത്രം തൊഴിൽ, എവിടെ, ഏതു തരത്തിൽ എന്നെല്ലാം ഡൽഹിയിലിരിക്കുന്ന സർക്കാർ തീരുമാനിക്കും. അത് അടിസ്ഥാന യാഥാർഥ്യങ്ങളിൽനിന്ന് വളരെ അകലെയാണെന്നും സോണിയ കുറ്റപ്പെടുത്തി. ഈ കരിനിയമത്തിനെതിരേ പോരാടാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും തങ്ങളെല്ലാം ഈ ആക്രമണത്തെ പ്രതിരോധിക്കാൻ തയാറാണെന്നും സോണിയ പ്രസ്താവനയിൽ പറഞ്ഞു.
National
ന്യൂഡൽഹി: ആശ, അങ്കണവാടി തുടങ്ങിയ മുൻനിര വനിതാ വർക്കർമാർക്ക് കേന്ദ്രസർക്കാർ നൽകുന്ന വേതനവിഹിതം ഇരട്ടിയാക്കണമെന്ന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി.
ആശ, അങ്കണവാടി വർക്കർമാർ സമൂഹത്തിലെ മുൻനിരയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ജനസംഖ്യക്ക് ആനുപാതികമായി ഇവരുടെ എണ്ണമില്ലാത്തതും ഇവർക്കു ലഭിക്കുന്ന വേതനത്തിലെ കുറവും രാജ്യസഭയിലെ ശൂന്യവേളയിൽ സോണിയ ചൂണ്ടിക്കാട്ടി.
ആശാപ്രവർത്തകർ രാജ്യത്തുടനീളം രോഗപ്രതിരോധ കുത്തിവയ്പ്, മാതൃ ആരോഗ്യം, കുടുംബക്ഷേമം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നുണ്ടെങ്കിലും കുറഞ്ഞ ഓണറേറിയവും കുറഞ്ഞ സാമൂഹികസുരക്ഷാ പരിരക്ഷയുമുള്ള സന്നദ്ധപ്രവർത്തകരായി അവരെ പരിഗണിക്കുന്നത് തുടരുകയാണ്. അങ്കണവാടി വർക്കർമാർക്ക് പ്രതിമാസം 4,500 രൂപയും ഹെൽപ്പർമാർക്ക് 2,250 രൂപയും എന്ന തുച്ഛമായ അടിസ്ഥാന ഓണറേറിയം മാത്രമാണു കേന്ദ്രം നൽകുന്നതെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് (ഐസിഡിഎസ്) പദ്ധതിയിൽ വിവിധ തലങ്ങളിലായി ഏകദേശം മൂന്നു ലക്ഷത്തോളം ഒഴിവുകളുണ്ട്. ഇതു ലക്ഷക്കണക്കിന് കുട്ടികൾക്കും അമ്മമാർക്കും അവശ്യ പോഷകാഹാരം, ആരോഗ്യം, പരിചരണ സേവനങ്ങൾ എന്നിവ നിഷേധിക്കപ്പെടുന്നതിനു കാരണമാകുന്നു.
നിലവിലുള്ള എല്ലാ ഒഴിവുകളും നികത്തണം. സമയബന്ധിതമായി വേതനം നൽകണം. മുൻനിര വനിതാതൊഴിലാളികളുടെ വേതനത്തിൽ കേന്ദ്രസർക്കാരിന്റെ സംഭാവന ഇരട്ടിയാക്കണം. 2,500ൽ കൂടുതൽ ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ ഒരു അധിക ആശാ വർക്കറെ നിയമിക്കണം. പോഷകാഹാര, ആരോഗ്യ സേവനങ്ങളും ബാല്യകാല വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിന് അങ്കണവാടി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കണമെന്നും സോണിയ ഗാന്ധി ആവശ്യ പ്പെട്ടു.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം. കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കുറ്റപത്രത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അതേസമയം, കേസില്‍ അന്വേഷണം തുടരാനും ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടു.
സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. കേസിൽ എഫ്ഐആർ എടുത്തിട്ടില്ല. ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശിച്ചത്.
ഇതിനുപുറമെ, കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെടാൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് അർഹതയില്ലെന്നും ഡൽഹി കോടതി വിധിച്ചു.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യംഗ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ക്രിമിനൽ പരാതിയിൽ കോടതിയുടെ കോഗ്നിസൻസ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി നേരത്തെ തന്നെ അന്വേഷിച്ചുവരുന്നത്.
കേസില്‍ ഏപ്രിൽ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയിൽ ഡൽഹി റോസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്.
സോണിയ ഇന്ത്യൻ പൗരത്വം നേടിയത് 1983-ലാണെന്നും 1980-ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നുമാണ് ഹർജിയിലെ വാദം. ഹർജി ജനുവരി ആറിന് പരിഗണിക്കും.
മജിസ്ട്രേറ്റ് ഹാർജിത് സിംഗ് ജസ്പാൽ ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ സോണിയ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹർജിയിൽ പറയുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹർജി നൽകിയത്. 1980-81-ലെ വോട്ടർ പട്ടികയിൽ സോണിയാ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയ നടപടി നിയമപരമല്ലെന്നാണ് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
National
ന്യൂഡൽഹി: സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ഭരണഘടനാനിർമാണത്തിലും ഒരു പങ്കും വഹിക്കാത്ത ശക്തികൾ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) അധ്യക്ഷ സോണിയ ഗാന്ധി.
പൊതുജനങ്ങളുടെ ഓർമകളിൽനിന്ന് നെഹ്റുവിനെ മായ്ച്ചുകളയുകയെന്നതു മാത്രമല്ല അദ്ദേഹം കെട്ടിപ്പടുക്കാൻ സഹായിച്ച സാമൂഹിക, രാഷ്ട്രീയ, സാന്പത്തിക അടിത്തറകൾ കൂടി നശിപ്പിക്കാൻ ലക്ഷ്യമുണ്ടെന്നും സോണിയ പറഞ്ഞു. ഡൽഹി ജവഹർ ഭവനിൽ നെഹ്റു സെന്റർ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു സോണിയ.
ഇന്നത്തെ ഭരണസംവിധാനത്തിന്റെ പ്രധാന ഉദ്ദേശ്യം നെഹ്റുവിനെ അപകീർത്തിപ്പെടുത്തുകയെന്നതാണ്. ആധുനിക ഇന്ത്യൻ രാഷ്ട്രത്തിന്റെ പ്രധാന ശില്പി നെഹ്റുവാണ്. തീവ്രവും ക്രൂരവുമായ വർഗീയ വീക്ഷണത്തിലൂടെയാണ് നെഹ്റുവിനെ തമസ്കരിക്കാനുള്ള ശ്രമം നടക്കുന്നത്.
സ്വാതന്ത്ര്യപ്രസ്ഥാനത്തിലും ഭരണഘടനാനിർമാണത്തിലും ഒരു പങ്കുമില്ലാത്ത ശക്തികളാണ് ഈ ശ്രമങ്ങൾ നടത്തുന്നത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലേക്കു നയിച്ച വെറുപ്പിന്റെ അന്തരീക്ഷം വിതറിയ ഒരു പ്രത്യയശാസ്ത്രമാണിത്. അദ്ദേഹത്തിന്റെ കൊലപാതകികളെ മഹത്വവത്കരിക്കുന്നതു തുടരുകയാണ്. ഈ നീക്കങ്ങൾക്കെതിരേ നിലകൊള്ളാനും രാജ്യത്തിന്റെ മൂല്യങ്ങളും പൈതൃകവും സംരക്ഷിക്കാനും സോണിയ രാജ്യത്തെ പൗരന്മാരോട് ആവശ്യപ്പെട്ടു.
അതേസമയം, സോണിയയുടെ പ്രസ്താവനകൾക്കെതിരേ ബിജെപി രംഗത്തുവന്നു. ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്താൻ പാക്കിസ്ഥാനെയും ചൈനയെയും അനുവദിച്ചതും ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകിയതുംപോലുള്ള ചരിത്രപരമായ തെറ്റുകളാണ് നെഹ്റുവിന്റെ പൈതൃകമെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.
Kerala
കൊച്ചി: ഇഡിയും സിബിഐയും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഉന്നം വയ്ക്കാനുള്ള ഏജന്‍സികളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. അവരെത്ര കേസെടുത്താലും പേടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എഫ്ഐആര്‍ ഇടാനുള്ള നടപടി സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര അന്വേഷണ ഏജന്‍സികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കൂട്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടികളാണു രാജ്യത്തു നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ഒരു ഭാഗം പിടിക്കുകയാണ്. പൗരന്മാരുടെ വോട്ട് മാറ്റാനുള്ള ബിജെപിയുടെ എക്സര്‍സൈസാണ് എസ്ഐആര്‍. കേരളത്തിലത് സിപിഎം ചെയ്യുന്നു.
പിഎംശ്രീയില്‍ കാവിവത്കരണം ഇല്ലെന്നും മോദി സര്‍ക്കാരിന്റെ വികസന ക്ഷേമപദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ലെന്നുമുള്ള ശശി തരൂര്‍ എംപിയുടെ അഭിപ്രായത്തോടുള്ള പ്രതികരണമായി, പാര്‍ട്ടിക്കുള്ളില്‍നിന്നു വിമര്‍ശിക്കാന്‍ കഴിയുന്നുവെന്നതാണു കോണ്‍ഗ്രസിന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ മനോഹാരിതയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനു കോണ്‍ഗ്രസ് നല്കുന്ന പ്രാധാന്യംകൂടിയാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.