ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ്യുടെ വധത്തിലും പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന നിലപാടിലും വിമർശനമുന്നയിച്ച സോണിയ ഗാന്ധിക്കെതിരെ ബിജെപി. സോണിയ ഗാന്ധിയുടേത് ചില പ്രത്യേക വിഷയങ്ങളിൽ മാത്രമുള്ള "തെരഞ്ഞെടുത്ത രോഷം" മാത്രമാണെന്ന് ബിജെപി കേന്ദ്രങ്ങൾ പരിഹസിച്ചു.
അന്താരാഷ്ട്ര വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു. സ്വന്തം താത്പര്യങ്ങൾക്കും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും അനുസരിച്ചാണ് കോൺഗ്രസ് ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
വിദേശനയത്തിന്റെ കാര്യത്തിൽ രാജ്യം പുലർത്തുന്ന മൗനം തന്ത്രപരമാണെന്നും, അത് ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. ഇൗ വിഷയത്തിൽ ഒരു പക്ഷം പിടിക്കുന്നത് പശ്ചിമേഷ്യൻ മേഖലയിൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ബന്ധങ്ങളെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഇറാൻ നേതാവിന്റെ വധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ന്യൂഡൽഹിയുടെ നിശബ്ദത അമ്പരപ്പിക്കുന്നതാണെന്നും കാട്ടി സോണിയ ഗാന്ധി പത്രത്തിൽ ലേഖനം എഴുതിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ബിജെപി വൃത്തങ്ങളുടെ പ്രതികരണം. രാജ്യത്തിന്റെ സുരക്ഷയും ഊർജ ആവശ്യങ്ങളും മുൻനിർത്തിയാണ് സർക്കാർ നീങ്ങുന്നതെന്നും, പ്രതിപക്ഷം ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
Tags : BJP Sonia Gandhi