ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ട സംഭവത്തിലും തുടർന്നുണ്ടായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിലും കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ സോണിയ ഗാന്ധി. ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഒരു രാഷ്ട്രത്തലവൻ കൊല്ലപ്പെടുന്നത് അന്താരാഷ്ട്ര ബന്ധങ്ങളിലെ ഗുരുതരമായ ലംഘനമാണെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
"സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഒരു രാഷ്ട്രത്തലവൻ വധിക്കപ്പെടുന്നത് ആധുനിക അന്താരാഷ്ട്ര ബന്ധങ്ങളിലെ വലിയൊരു തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഇത് ലോകക്രമത്തെ തന്നെ അപകടത്തിലാക്കുന്നു," സോണിയ ഗാന്ധി പറഞ്ഞു. ഈ സംഭവത്തിൽ ഇന്ത്യ പുലർത്തുന്ന മൗനം അമ്പരപ്പിക്കുന്നതാണെന്ന് അവർ വിമർശിച്ചു.
ലോകത്തെ വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇത്തരം നിർണായക ഘട്ടങ്ങളിൽ ഇന്ത്യ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷയെയും രാജ്യത്തിന്റെ ഊർജ ആവശ്യങ്ങളെയും ബാധിക്കുന്ന വിഷയമാണിതെന്നും സോണിയ ഗാന്ധി ഓർമ്മിപ്പിച്ചു. എന്നിട്ടും സർക്കാർ പുലർത്തുന്ന നിശബ്ദത അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി.
Tags : Sonia Gandhi Iran