തിരുവനന്തപുരം: പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ് കണ്ടെത്താൻ പൊലിസ് സംഘം തെരച്ചിൽ നടത്തി. ഇന്നലെ രാവിലെ മുതലാണ് തെരച്ചിൽ ആരംഭിച്ചത്. കേസിലെ നിർണായക തെളിവാണ് അഭിരാമിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ്. കൂടാതെ അഭിരാമിന്റെ മൊബൈൽ ഫോണും കണ്ടെത്തേണ്ടതുണ്ട്.
അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയ പുരയിടത്തിലെ കുറ്റിക്കാട് തെളിച്ചാണ് ഇന്നലെ പരിശോധന നടത്തിയത്. കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരനും രണ്ടാം പ്രതിയായ ഉമറും ബെൽറ്റിന്റെ കാര്യത്തിലും മൊബൈൽ ഫോണിന്റെ കാര്യത്തിലും പരസ്പര വിരുദ്ധമായ മൊഴികളാണ് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ നൽകിയത്. പതിനേഴുകാരൻ പറഞ്ഞത് ബെൽറ്റും മൊബൈലും സമീപത്തെ തോട്ടിൽ എറിഞ്ഞെന്നായിരുന്നു.
എന്നാൽ ഉമർ പറഞ്ഞത് സമീപത്തെ കുറ്റിക്കാട്ടിൽ എറിഞ്ഞെന്നായിരുന്നു. കുറ്റിക്കാട് തെളിച്ചും തോട്ടിലുമാണ് പരിശോധന നടത്തിയത്. കേസിലെ നിർണായക തെളിവുകളാണ് ബെൽറ്റും മൊബൈൽ ഫോണും. അഭിരാമിനെ വിളിച്ച് വരുത്തിയത് പതിനേഴുകാരന്റെ പെണ്‍സുഹൃത്തിന്റെ മൊബൈൽ ഫോണ്‍ ഉപയോഗിച്ചായിരുന്നു. ഇതിൽ നിർണായക വിവരങ്ങളും സന്ദേശങ്ങളും ഉണ്ടെന്നാണ് പോലീസ് വിലയിരുത്തിയിരിക്കുന്നത്.
പതിനേഴുകാരനെ കൗണ്‍സിലിംഗിന് വിധേയമാക്കി
തിരുവനന്തപുരം: പാങ്ങപ്പാറ അഭിരാം കൊലക്കേസ്, ഒന്നാം പ്രതിയായ പതിനേഴുകാരനെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കൗണ്‍സിലിംഗിന് വിധേയമാക്കി. ഇന്നലെ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും പതിനേഴുകാരനെ പൊലിസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വൈകുന്നേരത്തോടെയാണ് കൗണ്‍സിലിംഗിന് വിധേയമാക്കിയത്. മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
പ്രണയപ്പകയും പെണ്‍സുഹൃത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചതിലുള്ള വിരോധവുമാണ് അഭിരാമിനെയും സുഹൃത്തിനെയും വകവരുത്താൻ പദ്ധതിയിട്ടതിനു കാരണമെന്ന് പതിനേഴുകാരൻ പൊലിസിൽ മൊഴി നൽകിയിരുന്നു.
Tags : Abhiram murder case Search Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash