ഈ മനോഹരതീരം... കുമരകത്ത് കവണാർ വേന്പനാട് കായലിൽ ചേരുന്നിടത്ത് രൂപപ്പെട്ട മണ്തിട്ടയിൽ സൂര്യാസ്തമയം
“അടിത്തട്ടുവരെ തെളിഞ്ഞുകാണുന്ന കണ്ണാടിച്ചില്ലുപോലെയായിരുന്നു അന്നത്തെ കായൽ...” എണ്പതുകളിലെ പ്രഭാതങ്ങളിൽ കൊതുന്പുവള്ളവുമായി കായലിലേക്ക് ഇറങ്ങിയിരുന്ന കുമരകം സ്വദേശി ശശിധരന്റെ വാക്കുകളിൽ ഇന്നും ആ പഴയ തെളിനീരിന്റെ ഓർമകളുണ്ട്. കക്കയും മീനും സമൃദ്ധമായിരുന്ന കായൽ മടിത്തട്ടിൽ ഉച്ചവരെ അധ്വാനിച്ചാൽ ആറംഗ കുടുംബത്തിന് സുഭിക്ഷമായി ജീവിക്കാമായിരുന്നു. എന്നാൽ ഇന്ന്, തെളിനീരിനു പകരം ചെളിയും കരിയും നിറഞ്ഞ് കറുത്ത പാട മൂടി. വേന്പനാട് കായലിന്റെ ഇന്നത്തെ ദുരവസ്ഥ തീരങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളിലോ വെള്ളത്തിൽ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക്കിലോ മാത്രം ഒതുങ്ങുന്നില്ല. കണ്ണുകൾക്ക് കാണാനാകാത്ത നിരവധി വിഷാംശങ്ങൾ കായൽജലത്തിലും അടിത്തട്ടിലെ എക്കലിലും ജലജീവികളിലും അടിഞ്ഞുകൂടുകയാണ്. പുറമേയ്ക്കു ശാന്തമെന്നു തോന്നിക്കുന്ന കായലിന്റെ ഉള്ളറകളിൽ, ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന ഗുരുതരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഹൗസ് ബോട്ടുകളിൽനിന്നുള്ള മലിനജലം, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വ്യാവസായിക അവശിഷ്ടങ്ങൾ, കൃഷിയിടങ്ങളിൽനിന്നുള്ള രാസവസ്തുക്കൾ എന്നിവ വേന്പനാടിന്റെ ജലഗുണത്തെയും ജൈവ വൈവിധ്യത്തെയും ഒരുപോലെ അപകടത്തിലാക്കുന്നു. മത്സ്യങ്ങളിലൂടെ ഈ വിഷാംശങ്ങൾ മനുഷ്യന്റെ ഭക്ഷണത്തിലേക്കു കടന്നെത്തുന്നു. ഒരുകാലത്ത് മത്സ്യസന്പത്തിന്റെയും കക്കയുടെയും നിറസാന്നിധ്യമുണ്ടായിരുന്ന കായൽ ഇന്നു പലവിധ മലിനീകരണ ഭീഷണികൾ നേരിടുകയാണ്.
ജൈവമാലിന്യങ്ങൾ നേരിട്ടു കായലിലേക്ക്
വേന്പനാടിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഹൗസ് ബോട്ടുകൾക്ക് വലിയ സ്ഥാനമുണ്ട്. ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ ജലവാഹനങ്ങൾ പ്രാദേശിക സന്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നു. എന്നാൽ, നിയന്ത്രണമില്ലാത്ത ഹൗസ് ബോട്ട് സർവീസുകളും അവയിൽനിന്നുള്ള മാലിന്യം തള്ളലും കായലിന്റെ ആവാസവ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയായി. കായലിൽ അറുനൂറിലധികം ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടെന്ന കണക്കുകൾ ഈ മേഖലയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഹൗസ്ബോട്ടുകളിൽ പലതിനും കൃത്യമായ ശുചീകരണ സംവിധാനങ്ങൾ ഇല്ല. ഹൗസ് ബോട്ടുകളിൽനിന്ന് പുറന്തള്ളുന്ന മലിനജലം, ജൈവ മാലിന്യങ്ങൾ, അടുക്കള മാലിന്യം എന്നിവയാണ് പ്രധാന ഭീഷണി. ആവശ്യമായ സീവേജ് ട്രീറ്റ്മെന്റ് സംവിധാനങ്ങളില്ലാത്ത ബോട്ടുകളിൽനിന്ന് ശുദ്ധീകരിക്കാത്ത മലിനജലം കായലിലേക്ക് ഒഴുക്കിവിട്ടാൽ അത് രോഗാണുക്കളുടെ വ്യാപനത്തിനും ജലത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനും കാരണമാകും. വേന്പനാട്ടു കായലിലെ ഹൗസ് ബോട്ടുകളിലെ മാലിന്യം ശേഖരിക്കാൻ സർക്കാർ നിയന്ത്രണത്തിൽ സംവിധാനമുണ്ടെങ്കിലും അതു ഫലപ്രദമായി പ്രവർത്തിക്കുന്നില്ല.
മനുഷ്യവിസർജ്യവും ശുദ്ധീകരിക്കാത്ത മലിനജലവും ജലാശയങ്ങളിൽ കലരുന്പോൾ കോളിഫോം, ഇ-കോളി തുടങ്ങിയ ബാക്ടീരിയകളുടെ അളവ് ഉയരും. കായലിന്റെ ചില ഭാഗങ്ങളിൽ കോളിഫോം ബാക്ടീരിയകളുടെ ഉയർന്ന സാന്നിധ്യം വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. കവണാറ്റിൻകര, ചീപ്പുങ്കൽ, നെടുമുടി, വടക്കേക്കായൽ തുടങ്ങിയ പ്രദേശങ്ങളിലെ ജലസാന്പിളുകളിൽ ഉയർന്ന കോളിഫോം സാന്ദ്രത രേഖപ്പെടുത്തിയതായി വിവിധ യൂണിവേഴ്സിറ്റികൾ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. 2023ൽ പ്രസിദ്ധീകരിച്ച സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പഠനം വേന്പനാട് കായലിലെ വിവിധ മേഖലകളിൽ മലവിസർജ്യ സൂചക ബാക്ടീരിയകളുടെയും ഇ-കോളിയുടെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എറണാകുളം മേഖലയിലാണ് പഠനത്തിൽ താരതമ്യേന ഉയർന്ന സാന്നിധ്യം രേഖപ്പെടുത്തിയത്. ഇ-കോളി ഉൾപ്പടെയുള്ള രോഗാണുക്കൾ മനുഷ്യരിൽ വയറിളക്കം, അണുബാധ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
പ്ലാസ്റ്റിക്, ഇന്ധനചോർച്ച, എണ്ണപ്പാട
കാലവർഷത്തിലെ വെള്ളപ്പൊക്കത്തോടൊപ്പം നദികളിലൂടെ ഒഴുകിയെത്തി കായലിൽ അടിയുന്ന മാലിന്യങ്ങൾക്കൊപ്പം വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതികൾ, പാക്കറ്റുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയും ഭീഷണി സൃഷ്ടിക്കുന്നു. പാതിരാമണൽ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യേണ്ടിവന്നത് പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലക്രമേണ ചെറുകണികകളായി വിഘടിച്ച് മൈക്രോപ്ലാസ്റ്റിക്കുകളായി മാറും. ഇവ മത്സ്യങ്ങളും മറ്റ് ജലജീവികളും ഭക്ഷണമാക്കാൻ സാധ്യതയുണ്ട്. കായലിന്റെ അടിത്തട്ടിലും എക്കലിലും അടിഞ്ഞുകൂടുന്ന ഇത്തരം കണികകൾ ദീർഘകാല പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
ഹൗസ് ബോട്ടുകളുടെയും മോട്ടോർ ബോട്ടുകളുടെയും എൻജിനുകളിൽനിന്നുള്ള ഡീസൽ, ലൂബ്രിക്കന്റ് ഓയിൽ, ഗ്രീസ് തുടങ്ങിയവയുടെ ചോർച്ചയും ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. വെള്ളത്തിന്റെ ഉപരിതലത്തിൽ രൂപപ്പെടുന്ന എണ്ണപ്പാട ജലവും അന്തരീക്ഷവും തമ്മിലുള്ള വാതകവിനിമയത്തെ തടസപ്പെടുത്താം. ഇതിലെ ചില രാസഘടകങ്ങൾ ജലജീവികൾക്ക് വിഷാംശമുണ്ടാക്കുകയും ചെയ്യുന്നു. പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ പോലുള്ള പെട്രോളിയം മലിനീകരണ ഘടകങ്ങളുടെ സാന്നിധ്യവും ഭീഷണിയാണ്.
ഹെവി മെറ്റലുകളുടെ സാന്നിധ്യം
വേന്പനാട് കായലിന്റെ ഏറ്റവും ആശങ്കാജനകമായ മലിനീകരണ ഭീഷണികളിലൊന്നാണ് ഘനലോഹങ്ങളുടെ (ഹെവി മെറ്റലുകളുടെ) സാന്നിധ്യം. വ്യവസായശാലകളിൽനിന്നുള്ള ദ്രാവകമാലിന്യങ്ങൾ, നഗരമാലിന്യങ്ങൾ, മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽനിന്നുള്ള നീർച്ചാൽ, മലിനജലം എന്നിവയിലൂടെ വിവിധ ലോഹങ്ങൾ ജലാശയങ്ങളിൽ എത്താം. കാഡ്മിയം, ക്രോമിയം, ഈയം, മെർക്കുറി, സിങ്ക് തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യം എംജി യൂണിവേഴ്സിറ്റി എൻവയോണ്മെന്റ് സയൻസ് വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൈതപ്പുഴ, കടന്പയാർ, അന്പലമുകൾ തുടങ്ങിയ വ്യവസായ മേഖലകളിൽനിന്നുള്ള മലിനജലപ്രവാഹവും ബ്രഹ്മപുരം പോലുള്ള മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽനിന്നുള്ള നീർച്ചാലുകളും മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങളാണ്. കൂടാതെ, കുട്ടനാട്ടിലെ നെൽക്കൃഷിക്കുപയോഗിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും അവശിഷ്ടം കായലിൽ വന്നടിയുന്നുണ്ട്. പാടശേഖരങ്ങളിലെ അമ്ലസൾഫേറ്റ് സാന്നിധ്യവും മണ്സൂണ് കാലത്തെ ജലപ്രവാഹ വ്യതിയാനങ്ങളും ജലത്തിന്റെ പിഎച്ചിനെ സ്വാധീനിക്കുന്നുണ്ട്. ആവശ്യത്തിന് ശുദ്ധജലപ്രവാഹവും വാഷൗട്ടും ലഭിക്കാത്ത സാഹചര്യങ്ങളിൽ മണ്ണിലെ അമ്ലഘടകങ്ങൾ ജലത്തിലേക്ക് കലരാനുള്ള സാധ്യതയുണ്ട്. വേന്പനാട്ടിലെ തെക്കൻ മേഖലയിൽ അമ്ലത്വം വർധിച്ചതിനെത്തുടർന്ന് മത്സ്യങ്ങളുടെയും കക്കകളുടെയും കൂട്ടമരണം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അമ്ലജലത്തിലേക്ക് ഒഴുകിയെത്തുന്ന ഹെവി മെറ്റലുകൾ വിഘടിക്കാനും ലയിക്കാനും സാധ്യത കൂടുതലാണ്.
പ്ലവകങ്ങൾ, ജലസസ്യങ്ങൾ, ചെറുജീവികൾ എന്നിവയിലൂടെ ജലത്തിലെ ഘനലോഹങ്ങൾ ഭക്ഷ്യശൃംഖലയിലേക്ക് കടക്കുന്നു. അവയെ ഭക്ഷിക്കുന്ന ചെറുമത്സ്യങ്ങളിലും പിന്നീട് വലിയ മത്സ്യങ്ങളിലും ഈ ലോഹങ്ങൾ അടിഞ്ഞുകൂടാം.
കായൽവെള്ളത്തിൽ മാത്രമല്ല, അടിത്തട്ടിലെ എക്കലിലും മത്സ്യങ്ങളുടെ ശരീരകലകളിലും ലോഹങ്ങളുടെ അംശം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളത്തിൽ താത്കാലികമായി കുറഞ്ഞ അളവിൽ കാണപ്പെടുന്ന ചില മലിനീകരണ ഘടകങ്ങൾ എക്കലിൽ ദീർഘകാലം നിലനിൽക്കാം. എന്നാൽ, മത്സ്യങ്ങളിലെയും മറ്റ് ഉത്പന്നങ്ങളിലെയും ഹെവി മെറ്റലുകളുടെ സാന്നിധ്യം അന്താരാഷ്ട്ര സ്റ്റാൻഡേർഡിൽ താഴെയായതിനാൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ല, എങ്കിലും ജാഗ്രത കൈവെടിയരുത്.
സംവിധാനമുണ്ട്; കാര്യക്ഷമമല്ല
വേന്പനാട്ടുകായലിലെ ഹൗസ് ബോട്ടുകളിൽനിന്നുള്ള മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും കവണാറ്റിൻകര, കുമരകം എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് കോമണ് സീവേജ് ട്രീറ്റ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മാലിന്യത്തിന്റെ വലിയൊരു ഭാഗം കോട്ടയം ഡിടിപിസിയുടെ സംസ്കരണകേന്ദ്രത്തിൽ എത്തുന്നില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിലും പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. മലിനജലം ശേഖരിക്കാൻ ബാർജ് സംവിധാനങ്ങളും താത്കാലിക സംസ്കരണ സൗകര്യങ്ങളും ഏർപ്പെടുത്തിയെങ്കിലും സ്ഥിരമായ പരിഹാരത്തിന് പുതിയ പ്ലാന്റുകൾ ആവശ്യമാണ്. വട്ടക്കായലിൽ 35 കെഎൽഡിയുടെ പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദേശം നൽകിയിരുന്നു.
പോളയ്ക്കു പോഷകം, ജീവനു ഭീഷണി
അന്പതിനായിരത്തോളം ഹെക്ടർ പാടശേഖരങ്ങളിൽ കൃഷി നടക്കുന്പോൾ ഉപയോഗിക്കുന്ന രാസവളങ്ങളിൽനിന്നുള്ള നൈട്രജനും ഫോസ്ഫറസും അമിതമായി ജലാശയത്തിലെത്തുന്പോൾ പായലുകളുടെയും സൂക്ഷ്മസസ്യങ്ങളുടെയും വളർച്ച നിയന്ത്രണാതീതമാകും (യൂട്രോഫിക്കേഷൻ). ആദ്യഘട്ടത്തിൽ ജലത്തിലെ പോഷകസാന്നിധ്യം വർധിക്കുന്നത് ജൈവോത്പാദനത്തെ കൂട്ടിയേക്കാം. എന്നാൽ, അമിതമായ പായൽവളർച്ചയും പിന്നീട് അവയുടെ ജീർണനവും ജലത്തിലെ ലയിച്ച ഓക്സിജന്റെ അളവ് കുറയ്ക്കുന്നു. ഇതോടെ മത്സ്യങ്ങൾക്കും മറ്റ് ജലജീവികൾക്കും ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം കായലിലെ ലവണാംശത്തെയും ജലപ്രവാഹത്തെയും സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. വേന്പനാട് കായലിന്റെ മലിനീകരണം ഒരു ദിവസംകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല. അതിന്റെ ഉറവിടങ്ങൾ പലതാണ്; ആഘാതങ്ങൾ പരസ്പരം ബന്ധപ്പെട്ടതുമാണ്. അതിനാൽ ഒറ്റപ്പെട്ട ശുചീകരണ പ്രവർത്തനങ്ങൾക്കപ്പുറം ശാസ്ത്രീയവും നിയമപരവും ജനപങ്കാളിത്തത്തോടുകൂടിയതുമായ സമഗ്ര ഇടപെടലുകളാണ് ആവശ്യം.
കുട്ടനാട്ടിലെ നെൽകൃഷി; വിളവും വെള്ളപ്പൊക്കവും -അതേക്കുറിച്ച് നാളെ
Tags : Backwater Pollution Kumarakom Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash