ബിനോയ് വിശ്വം
തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടു പാർട്ടിയുടെ നിലപാടു പഴയതു തന്നെയാണെന്നും ഇതുവരെ മാറിയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ വ്യക്തതയുള്ള പാർട്ടിയാണു സിപിഐ. അതു നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
പിണറായി വിജയനെതിരെ ഇഡി രാഷ്ട്രീയം കളിച്ചാൽ സിപിഐ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നു പറഞ്ഞ ബിനോയ് വിശ്വം പക്ഷേ ഇഡിയുടെ കത്തിന്മേൽ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ പുർണമായി തള്ളിപ്പറയാനും തയാറായില്ല.
പിണറായി വിജയന്റെ മകൾ ടി. വീണയുമായി ബന്ധപ്പെട്ട മാസപ്പടി കേസിനെ സംബന്ധിച്ച ചോദ്യത്തിനു ബിസിനസ് വേറെ ഇടതുരാഷ്ട്രീയം വേറെയെന്ന പഴയ നിലപാടു തന്നെ ബിനോയ് ആവർത്തിച്ചു.
സിപിഎമ്മുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസമൊന്നും സിപിഐക്കില്ല. ഇരുപാർട്ടികളും തമ്മിൽ നല്ല യോജിപ്പിൽ തന്നെയാണ്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ സംബന്ധിച്ചു തീരുമാനമാകാത്ത സാഹചര്യത്തിൽ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ സിപിഐ പങ്കെടുക്കില്ല. ഇക്കാര്യത്തിൽ സിപിഎമ്മുമായി ചർച്ച തുടരുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു
Tags : BinoyViswam CPI ED Politics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash