ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്ക് നിലപാടുണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് പദവി ലഭിക്കുമെന്ന രാഷ്ട്രീയ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ഐക്യം വേണമെന്നത് എല്ലാവർക്കും അറിയാം. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനറും കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയും പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുന്നു. എൽഡിഎഫിനെ സ്വന്തം കുഞ്ഞായി സിപിഐ ചേർത്തുപിടിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പദവിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ആവർത്തിച്ച നിലപാടിൽ പ്രതികരിക്കാൻ ബിനോയ് വിശ്വം തയാറായില്ല.എല്ലാം എൽഡിഎഫ് കൺവീനർ പറഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയം പറയേണ്ടത് പാർട്ടി ജനറൽ സെക്രട്ടറിയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
മുന്നണിയിൽ തിരുത്തേണ്ടത് തിരുത്തണം. എൽഡിഎഫിൽ അടിമയും ഉടമയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനെതിരായ നാളത്തെ സിപിഐ പ്രതിഷേധത്തിൽ ലക്ഷക്കണക്കിന് ആളുകൾ അണിനിരക്കുമെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു.