മഥുര: ആത്മീയ ഗുരു പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് വീണ് ശിഷ്യൻ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലെ ആശ്രമത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്ക് അടക്കം ശരീരമാസകലം പരിക്കേറ്റ നിലയിലാണ് 25കാരനായ ദീപക് ലോധിയുടെ മൃതദേഹം കണ്ടെത്തിയത്.
മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയാണ് മരണപ്പെട്ടത്. ആശ്രമത്തിൽ രസിക് ദുലാരി ശരൺ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഗുരു കൃപാ കുഞ്ച് ആശ്രമത്തിൽ ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയതിനെ തുടർന്ന് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശ്രമത്തിലുള്ളവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
ആശ്രമത്തിൽ നിന്ന് ആറടിയോളം അകലെയുള്ള റോഡിലേക്കാണ് ദീപക് വീണത്. 2025 ലാണ് ഇയാൾ ആശ്രമത്തിലേക്ക് എത്തിയത്. സംഭവം നടന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് പൊലിസിൽ വിവരമറിയിച്ചത്. പ്രാഥമിക പരിശോധനയിൽ ഇത് ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ച യഥാർത്ഥ സാഹചര്യങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് വ്യക്തമാക്കി. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം നിലവിൽ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Tags : disciple died falling from building spiritual guru manand Maharaj ashram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash