Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewTourism

ഡിജിറ്റൽ ഗ്രാമം പുതിയ ടൂറിസം

ഇ​ന്ന് ആ​ഘോ​ഷി​ക്കു​ന്ന ലോ​ക ടൂ​റി​സം ദി​ന​ത്തി​ന്‍റെ പ്ര​മേ​യം ‘ഡി​ജി​റ്റ​ൽ അ​ജ​ൻ​ഡ​യും നി​ർ​മി​തബു​ദ്ധി​യും വ​ഴി ടൂ​റി​സ​ത്തി​ന്‍റെ പു​ന​ർ​ രൂ​പ​ക​ൽ​പ​ന’ എ​ന്ന​താ​ണ്. ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യും നി​ർ​മി​തബു​ദ്ധി​യും ഉ​പ​യോ​ഗി​ച്ച് ടൂ​റി​സ​ത്തെ എ​ങ്ങ​നെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​സ്ഥി​ര​വു​മാ​ക്കാം എ​ന്ന​താ​ണ് ഈ ​പ്ര​മേ​യം മു​ന്നോ​ട്ടു​ വ​യ്ക്കു​ന്ന പ്ര​ധാ​ന​ ചി​ന്ത.

യാ​ത്രാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണം, വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം, പ്ര​കൃ​തി​-സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണം എ​ന്നി​വ​യി​ലും സാ​ങ്കേ​തി​ക​വി​ദ്യക്കു വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​നാ​കും. പ്ര​കൃ​തി​സൗ​ന്ദ​ര്യം, ജൈ​വ​വൈ​വി​ധ്യം, പ​ശ്ചി​മ​ഘ​ട്ടം, തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, കാ​യ​ലു​ക​ൾ, ജ​ല​പാ​ത​ക​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലു​ക​ൾ, നാ​ട​ൻ ഭ​ക്ഷ​ണം, ക​ല​ക​ൾ എ​ന്നി​വ​യു​ടെ വൈ​വി​ധ്യ​ത്താ​ൽ സ​മ്പ​ന്ന​മാ​യ കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ച് ഈ ​ആ​ശ​യം കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​ണ്.

►ഗ്രാ​മ​ങ്ങ​ളെ തേ​ടു​ന്ന ടൂ​റി​സം

മൂ​ന്നാ​ർ, ആ​ല​പ്പു​ഴ, കു​മ​ര​കം, കോ​വ​ളം, തേ​ക്ക​ടി, വ​യ​നാ​ട് തു​ട​ങ്ങി​യ പ്ര​മു​ഖ കേ​ന്ദ്ര​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി​യാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം വ​ള​ർ​ച്ച. ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ കേ​ര​ള​ത്തി​നു നി​ർ​ണാ​യ​ക സ്ഥാ​നം നേ​ടാ​ൻ ഇ​തു​വ​ഴി സാ​ധി​ച്ചെ​ങ്കി​ലും, ടൂ​റി​സ​ത്തി​ന്‍റെ സാ​മ്പ​ത്തി​കനേ​ട്ട​ങ്ങ​ൾ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. അ​തേ​സ​മ​യം, അ​മി​ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര ഗ​താ​ഗ​തം, മാ​ലി​ന്യ​ സം​സ്ക​ര​ണം, ജ​ലോ​പ​യോ​ഗം, ഭൂ​വി​നി​യോ​ഗം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ഇ​തി​നൊ​രു ബ​ദ​ൽ സാ​ധ്യ​ത​യാ​ണ് ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​ന്‍റെ വി​ക​സ​നം. കേ​ര​ള​ത്തി​ലെ ഗ്രാ​മ​ങ്ങ​ൾ കൃ​ഷി, ചെ​റു​കി​ട ക​ച്ച​വ​ട​ങ്ങ​ൾ, മ​ത്സ്യ​ബ​ന്ധ​നം, കൈ​ത്ത​റി, ക​യ​ർ, മ​ൺ​പാ​ത്രം, ക​ര​കൗ​ശ​ല​ങ്ങ​ൾ, നാ​ട​ൻ ഭ​ക്ഷ​ണം, ജ​ന​കീ​യ ക​ല​ക​ൾ, ഉ​ത്സ​വ​ങ്ങ​ൾ, ആ​ദി​വാ​സി പൈ​തൃ​കം എ​ന്നി​ങ്ങ​നെ നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ​കൊ​ണ്ടു സ​മ്പ​ന്ന​മാ​ണ്. ഇ​വ​യെ ടൂ​റി​സ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​മ്പോ​ൾ ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​കൃ​തി​യും ജീ​വി​ത​രീ​തി​യും സം​സ്കാ​ര​വും​ത​ന്നെ വി​നോ​ദ​സ​ഞ്ചാ​ര അ​നു​ഭ​വ​മാ​യി മാ​റു​ന്നു.

ഗ്രാ​മീ​ണ ടൂ​റി​സം ഒ​രു താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല. ക​ർ​ഷ​ക​ന്‍റെ വ​യ​ലി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ക, നാ​ട്ടു​ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​യാ​കു​ക, പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ൾ മ​ന​സി​ലാ​ക്കു​ക, കൈ​ത്തൊ​ഴി​ൽ പ​ഠി​ക്കു​ക, ഗ്രാ​മോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക, പ്ര​കൃ​തി​യെ​യും ജൈ​വ​വൈ​വി​ധ്യ​ത്തെ​യും അ​ടു​ത്ത​റി​യു​ക എ​ന്നി​വ​യും അ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​രി ഒ​രു കാ​ഴ്ച​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ​നി​ന്നു പ്രാ​ദേ​ശി​ക ജീ​വി​ത​വു​മാ​യി സം​വ​ദി​ക്കു​ന്ന പ​ങ്കാ​ളി​യാ​യി മാ​റു​ന്നു.

 ►വ​ള​രു​ന്ന ടൂ​റി​സം, വ​ള​രേ​ണ്ട ഗ്രാ​മ​ങ്ങ​ൾ

കേ​ര​ള​ത്തി​ലെ ടൂ​റി​സം വ​ള​ർ​ച്ച​യു​ടെ വ​ലു​പ്പം വ്യ​ക്ത​മാ​ക്കു​ന്ന ക​ണ​ക്കു​ക​ളാ​ണ് 2025ലെ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ്. 2025ൽ ​കേ​ര​ള​ത്തി​ൽ ആ​കെ 2,58,80,365 വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 2,50,58,366 ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളും 8,21,999 വി​ദേ​ശ സ​ഞ്ചാ​രി​ക​ളും ആ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 2024നെ ​അ​പേ​ക്ഷി​ച്ച് 12.64 ശ​ത​മാ​നം ഉ​യ​ർ​ന്നു. ഈ ​വ​ള​ർ​ച്ച​യു​ടെ നേ​ട്ടം പ്ര​മു​ഖ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കേ​ണ്ട ഘ​ട്ട​മാ​ണി​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി​യു​ടെ സ്ഥാ​നം ശ്ര​ദ്ധേ​യ​മാ​ണ്. 2025ൽ 46,79,800 ​ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വോ​ടെ കേ​ര​ള​ത്തി​ലെ ജി​ല്ല​ക​ളി​ൽ ഇ​ടു​ക്കി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

ടൂ​റി​സം കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ പ്ര​ധാ​ന സം​ഭാ​വ​ന ന​ൽ​കു​ന്ന മേ​ഖ​ല​യാ​ണ്. കേ​ര​ള സ്റ്റേ​റ്റ് പ്ലാ​നിം​ഗ് ബോ​ർ​ഡി​ന്‍റെ കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് റി​പ്പോ​ർ​ട്ട് 2026 പ്ര​കാ​രം 2025ൽ ​ടൂ​റി​സം മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം 50,702.3 കോ​ടി ആ​യി. 2019ലെ 45,010.7 ​കോ​ടി രൂ​പ എ​ന്ന മു​ൻ​കാ​ല ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തെ​യും ഇ​തു മ​റി​ക​ട​ന്നു. ഈ ​സാ​മ്പ​ത്തി​കനേ​ട്ട​ത്തി​ന്‍റെ കൂ​ടു​ത​ൽ പ​ങ്ക് ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും പ്രാ​ദേ​ശി​ക കു​ടും​ബ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​നാ​കു​മോ എ​ന്ന​താ​ണ് ഇ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​ന്‍റെ പ്ര​ധാ​ന​ ശ​ക്തി അ​തി​ന്‍റെ സാ​മ്പ​ത്തി​ക​നേ​ട്ട​ങ്ങ​ൾ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ക​ഴി​വാ​ണ്. ക​ർ​ഷ​ക​ർ​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ടു വി​ൽ​ക്കാ​നും സ്ത്രീ​ക​ൾ​ക്ക് ഭ​ക്ഷ​ണ​സം​രം​ഭം, ഹോം​ സ്റ്റേ, കൈ​ത്തൊ​ഴി​ൽ, ഗൈ​ഡ് സേ​വ​നം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ വ​രു​മാ​നം നേ​ടാ​നും യു​വാ​ക്ക​ൾ​ക്ക് പു​തി​യ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ്ര​വേ​ശി​ക്കാ​നും ഇ​ത​വ​സ​രം ന​ൽ​കു​ന്നു. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ്രാ​മീ​ണ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം പ​ര​മ്പ​രാ​ഗ​ത അ​റി​വു​ക​ളും തൊ​ഴി​ൽ​രീ​തി​ക​ളും അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്കു കൈ​മാ​റാ​നും സ​ഹാ​യി​ക്കും. ഗ്രാ​മ​ങ്ങ​ളി​ൽ​ത​ന്നെ വ​രു​മാ​ന​വും തൊ​ഴി​ലും വ​ർ​ധി​ക്കു​മ്പോ​ൾ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നും ഇ​തു സ​ഹാ​യ​ക​മാ​കാം.

► ഗ്രാ​മീ​ണ ടൂ​റി​സം കേ​ര​ള​ത്തി​ൽ

കേ​ര​ള​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം മി​ഷ​ൻ ഗ്രാ​മീ​ണ ജീ​വി​ത​ത്തെ​യും ടൂ​റി​സ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു. വി​ല്ലേ​ജ് ലൈ​ഫ് എ​ക്സ്പീ​രി​യ​ൻ​സ് പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ കൃ​ഷി, ക​യ​ർ, കൈ​ത്ത​റി, മ​ൺ​പാ​ത്രം, മ​ത്സ്യ​ബ​ന്ധ​നം, നാ​ട്ടു​ഭ​ക്ഷ​ണം, ക​ലാ​രൂ​പ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശ​കാ​നു​ഭ​വ​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​തയ്​ക്കു ല​ഭി​ച്ച ദേ​ശീ​യ അം​ഗീ​കാ​ര​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്. 2023ലെ ​ബെ​സ്റ്റ് ടൂ​റി​സം വി​ല്ലേ​ജ് മ​ത്സ​ര​ത്തി​ൽ കാ​ന്ത​ല്ലൂ​ർ സ്വ​ർ​ണ പു​ര​സ്കാ​രം നേ​ടി. 2024ലെ ​മ​ത്സ​ര​ത്തി​ൽ കു​മ​ര​കം അ​ഗ്രി ടൂ​റി​സം വി​ഭാ​ഗ​ത്തി​ലെ വി​ജ​യി​ക​ളി​ലൊ​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കു​ട്ട​നാ​ട്ടി​ലെ നെ​ൽ​പാ​ട​ങ്ങ​ളും കാ​യ​ൽ​ജീ​വി​ത​വും, വ​യ​നാ​ട്ടി​ലെ കാ​ർ​ഷി​ക​-വ​ന​പ​രി​സ്ഥി​തി​യും ആ​ദി​വാ​സി പൈ​തൃ​ക​വും, ഇ​ടു​ക്കി​യി​ലെ മ​ല​നി​ര​ക​ളും സു​ഗ​ന്ധ​വ്യ​ഞ്ജ​ന കൃ​ഷി​യും മ​ല​ബാ​റി​ലെ തെ​യ്യ​വും ഭ​ക്ഷ​ണ​സം​സ്കാ​ര​വും, തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ളി​ലെ മ​ത്സ്യ​ബ​ന്ധ​ന​ം തു​ട​ങ്ങി ഓ​രോ പ്ര​ദേ​ശ​ത്തി​നും വ്യ​ത്യ​സ്ത​മാ​യ ഗ്രാ​മീ​ണ ടൂ​റി​സം അ​നു​ഭ​വ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​കും. ഇ​തി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​രി ഒ​രു കാ​ഴ്ച​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ​നി​ന്ന് പ്രാ​ദേ​ശി​ക ജീ​വി​ത​വും സം​സ്കാ​ര​വു​മാ​യി അ​ടു​ത്ത് ഇ​ട​പെ​ടു​ന്ന പ​ങ്കാ​ളി​യാ​യി മാ​റു​ന്നു.

►ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പു​തി​യ സാ​ധ്യ​ത​ക​ൾ

ഇ​വി​ടെ​യാ​ണ് ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക്കു നി​ർ​ണാ​യ​ക പ​ങ്കു ല​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം രം​ഗം ഇ​തി​ന​കം​ത​ന്നെ ഡി​ജി​റ്റ​ൽ ലോ​ക​ത്ത് വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. 2024 ഏ​പ്രി​ൽ മു​ത​ൽ 2025 മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ന് 60 ല​ക്ഷം പ്ര​ത്യേ​ക ഉ​പ​യോ​ക്താ​ക്ക​ളും 79 ല​ക്ഷം സ​ന്ദ​ർ​ശ​ന​ങ്ങ​ളും ല​ഭി​ച്ചു. ഏ​ക​ദേ​ശം 200 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചു. ഈ ​ഡി​ജി​റ്റ​ൽ സാ​ധ്യ​ത ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​യാ​ൽ ചെ​റി​യ സം​രം​ഭ​ക​ർ​ക്ക് കൂ​ടു​ത​ൽ വി​പ​ണി ല​ഭി​ക്കും.

ഒ​രു ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​നോ ക​ര​കൗ​ശ​ല തൊ​ഴി​ലാ​ളി​യോ ഭ​ക്ഷ​ണ​ സം​രം​ഭ​ക​നോ ഗൈ​ഡോ ത​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും നേ​രി​ട്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ലെ​ത്തി​ക്കാ​ൻ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ വി​പ​ണ​നസാ​ധ്യ​ത​ക​ളും വ​രു​മാ​ന​വും വ​ർ​ധി​ക്കും. ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ്, ഡി​ജി​റ്റ​ൽ മാ​പ്പു​ക​ൾ, ബ​ഹു​ഭാ​ഷാ വി​വ​ര​ങ്ങ​ൾ, ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ്, സാ​മൂ​ഹി​ക​മാ​ധ്യ​മ പ്ര​ചാ​ര​ണം, വി​പ​ണ​നം എ​ന്നി​വ ഇ​തി​നു സ​ഹാ​യി​ക്കും. ഇ​ട​നി​ല​ക്കാ​രെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​നും പ്രാ​ദേ​ശി​ക കു​ടും​ബ​ങ്ങ​ൾ​ക്ക് ടൂ​റി​സം വ​രു​മാ​ന​ത്തി​ന്‍റെ വ​ലി​യൊ​രു പ​ങ്ക് നി​ല​നി​ർ​ത്താ​നും ഇ​തു​വ​ഴി ക​ഴി​യും. എ​ന്നാ​ൽ അ​തി​ന് ഡി​ജി​റ്റ​ൽ പ​രി​ശീ​ല​ന​വും വി​ശ്വ​സ​നീ​യ​മാ​യ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​വും ആ​വ​ശ്യ​മാ​ണ്.

 ►നി​ർ​മി​തബു​ദ്ധി എ​ന്ത് മാ​റ്റം കൊ​ണ്ടു​വ​രും?

നി​ർ​മി​തബു​ദ്ധി​ക്ക് ഈ ​മാ​റ്റ​ത്തെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ക​ഴി​യും. ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ താ​ത്പ​ര്യം, ബ​ജ​റ്റ്, യാ​ത്രാ​സ​മ​യം, ഭ​ക്ഷ​ണ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ, കാ​ലാ​വ​സ്ഥ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് വ്യ​ക്തി​ഗ​ത യാ​ത്രാ​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​ൻ നി​ർ​മി​തബു​ദ്ധി​ക്കു ക​ഴി​യും. പ്ര​കൃ​തി​നി​രീ​ക്ഷ​ണ​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള ഒ​രാ​ൾ​ക്ക് പ​ക്ഷി​നി​രീ​ക്ഷ​ണം, കൃ​ഷി​യി​ട സ​ന്ദ​ർ​ശ​നം, ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക ഭ​ക്ഷ​ണം തു​ട​ങ്ങി​യ അ​നു​ഭ​വ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത യാ​ത്രാ​പ​ദ്ധ​തി നി​ർ​ദേ​ശി​ക്കാം.

കു​ടും​ബ​ങ്ങ​ൾ​ക്ക് കൃ​ഷി, നാ​ട്ടു​ഭ​ക്ഷ​ണം, ക​ര​കൗ​ശ​ലം, ജ​ല​ജീ​വി​തം തു​ട​ങ്ങി​യ അ​നു​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ യാ​ത്ര​ക​ളും രൂ​പ​പ്പെ​ടു​ത്താം. നി​ർ​മി​തബു​ദ്ധി​യു​ടെ സാ​ധ്യ​ത യാ​ത്രാ​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് മു​ൻ​കൂ​ട്ടി ക​ണ​ക്കാ​ക്കാ​നും അ​ത​നു​സ​രി​ച്ച് ഗ​താ​ഗ​തം, മാ​ലി​ന്യ​സം​സ്ക​ര​ണം, ജ​ല​വി​ത​ര​ണം, ബു​ക്കിം​ഗ് എ​ന്നി​വ ആ​സൂ​ത്ര​ണം ചെ​യ്യാ​നും ക​ഴി​യും. ഒ​രു പ്ര​ദേ​ശ​ത്ത് വ​ഹി​ക്കാ​വു​ന്ന ശേ​ഷി ക​വി​ഞ്ഞു​പോ​കാ​തി​രി​ക്കാ​ൻ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഇ​ത്ത​രം ഡാ​റ്റ സ​ഹാ​യ​ക​ര​മാ​കും. കാ​ലാ​വ​സ്ഥ, ശ​ക്ത​മാ​യ മ​ഴ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത, വ​ന്യ​ജീ​വി സാ​ന്നി​ധ്യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ സു​ര​ക്ഷ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും മെ​ച്ച​പ്പെ​ടു​ത്താ​നും ക​ഴി​യും. 

Latest News

Corehub Up