പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമങ്ങൾ നിലവിൽവരുകയും അത് അടിസ്ഥാനമാക്കി കേരളത്തിന് അനുകൂലമായ മാറ്റങ്ങളോടെ പുതിയവയ്ക്ക് രൂപംകൊടുക്കാനുള്ള ശ്രമം കേരള സർക്കാർ നടത്തുകയുമാണ്. തൊഴിൽ എന്നത് ഭരണഘടനയുടെ ഉഭയകക്ഷി പട്ടികയിൽ വരുന്നതിനാൽ സംസ്ഥാനങ്ങളുടെ സ്വന്തം ചട്ടങ്ങൾ കൂടി ഇതിന് ആവശ്യമാണ് എന്നുള്ളതുകൊണ്ട് കൂടിയാണിത്. മുഖ്യമന്ത്രി അത് പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു. കേന്ദ്ര സർക്കാർ നിലവിലുള്ള 29 കേന്ദ്ര തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ച് നാല് പുതിയ തൊഴിൽ നിയമസംഹിതകളാണ് രൂപീകരിച്ചിരിക്കുന്നത്.
ബിസിനസ് ചെയ്യാനുള്ള എളുപ്പവും തൊഴിലാളികളുടെ സുരക്ഷിതത്വവും സമന്വയിപ്പിക്കാനാണ് പുതിയ നിയമങ്ങൾ ശ്രമിക്കുന്നത്.എല്ലാവർക്കും ന്യായമായ കൂലി, സുരക്ഷ എല്ലാവരിലേക്കും, തൊഴിൽ തർക്കങ്ങൾ ഇല്ലാതാക്കൽ, ആരോഗ്യകരമായ അന്തരീക്ഷം എന്നിവയാണ് നാലു പ്രധാന നിയമങ്ങൾ. ഇതിൽ ഏറ്റവും ആദ്യത്തെ, കൂലി സംബന്ധിച്ച നിയമസംഹിതയാണ് ആദ്യം പാസാക്കിയത്, 2019ൽ. മറ്റ് മൂന്ന് നിയമങ്ങൾ കൂടി ഇന്ത്യയിലുടനീളം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത് 2025 നവംബർ 21 മുതലാണ്. കേന്ദ്രസർക്കാർ ഇതിന്റെ അന്തിമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത് 2026 മേയ് എട്ടിനാണ്. അതിനാൽ നിലവിൽ രാജ്യത്ത് ഇത് ‘ന്യൂ ലേബർ കോഡ്സ് 2026’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇത് ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങളുള്ള കേരളത്തിൽ നടപ്പിലാക്കുമ്പോഴും വ്യവസായ സൗഹൃദ അന്തരീക്ഷവും തൊഴിലാളി ക്ഷേമവും തമ്മിൽ ഒരു വിൻ-വിൻ സാഹചര്യം ഉറപ്പാക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും, കേരളത്തിൽ തൊഴിലാളികൾക്ക് അമിത പരിഗണനയും വ്യവസായികൾക്കും തൊഴിൽ ദാതാക്കൾക്കും അതില്ലാത്ത സാഹചര്യവും തത്ഫലമായി വലിയ തൊഴിലില്ലയ്മയും യുവാക്കളുടെ നാടുവിടലും എല്ലാം നിലനിൽക്കുമ്പോൾ. കേരളവും കുറച്ചുകൂടി മുതലാളിത്ത സൗഹൃദം ആകണമെന്ന് ചുരുക്കം.
മാറുന്ന മുതലാളിത്ത കാഴ്ചപ്പാട്
ലോകത്തുതന്നെ, മുതലാളിത്തത്തോടുള്ള ശത്രുതയ്ക്ക് പകരം, അത് ഒരു യഥാർഥ്യമായിക്കണ്ട്, അതിനോട് സഹകരിച്ച് എങ്ങനെ അത് പൊതു നന്മയ്ക്കായി ഉപയോഗിക്കാം എന്നുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. മരിയാന മസ്സുകാട്ടോയുടെ (Mariana Mazzucato) ഏറെ ശ്രദ്ധേയമായ ‘The Common Good Economy: How to Make Capitalism Work for Us All’ (മുതലാളിത്തത്തെ നമുക്കെല്ലാവർക്കും വേണ്ടി എങ്ങനെ മാറ്റാം) എന്ന പുസ്തകം ഉദാഹരണമാണ്. കഴിഞ്ഞ ജൂണിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. അതിലുപരി, മുതലാളിത്തത്തെയും അതിന്റെ ആഗോള സ്വാധീനങ്ങളെയും നിശിതമായി വിമർശിക്കുന്ന അമേരിക്കയിലെ ദ ന്യൂ സ്കൂൾ (The New School) ആണ് ഈ പുസ്തകം ആദ്യമായി ചർച്ചയ്ക്കെടുത്തത് എന്നുള്ളതും പ്രധാനമാണ്. ലണ്ടനിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി കോളജ് ലണ്ടനിൽ ഇക്കണോമിക്സ് പ്രഫസറായി സേവനമനുഷ്ഠിക്കുന്ന അവരുടെ പുസ്തകം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ഈ പുസ്തകമാകട്ടെ, മുതലാളിത്തത്തെ പൂർണമായി തള്ളിക്കളയുകയോ അല്ലെങ്കിൽ കണ്ണടച്ച് ന്യായീകരിക്കുകയോ ചെയ്യുന്നില്ല. പകരം, അതിനെ ഒരേസമയം ശക്തമായി വിമർശിക്കുകയും പരിഷ്കരിച്ച് നിലനിർത്താൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. സോഷ്യലിസമോ കമ്മ്യൂണിസമോ പോലുള്ള മറ്റൊരു വ്യവസ്ഥിതിക്കു വേണ്ടിയല്ല വാദിക്കുന്നത്. മറിച്ച്, മുതലാളിത്തത്തിന് വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു. മുതലാളിത്തത്തിന്റെ ഘടനയിൽ മാറ്റം വരുത്തിയാൽ അതിനെ മനുഷ്യത്വമുള്ളതാക്കി മാറ്റാൻ കഴിയും. ഇതിൽ പ്രധാനം, വ്യവസായങ്ങൾ വളർത്താനും പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനും സ്വകാര്യ മേഖലയ്ക്കുള്ള കഴിവിനെ അംഗീകരിക്കുക എന്നുള്ളതാണ്. എന്നാൽ ഈ കഴിവ് പൊതുനന്മയ്ക്കായി ഉപയോഗിക്കണം. ഇതിനായി, സർക്കാരും സ്വകാര്യ കമ്പനികളും, തൊഴിലാളികളും പരസ്പരം ചൂഷണം ചെയ്യാതെ, തുല്യ പങ്കാളികളായി പ്രവർത്തിക്കുന്ന ഒരു പുതിയ രീതി അവർ നിർദേശിക്കുന്നു.
തൊഴിൽ വഴക്കം
പൂർണസമയ ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ള വിദ്യാർഥികൾ, വീട്ടമ്മമാർ എന്നിവർക്ക് തങ്ങളുടെ ഒഴിവുസമയത്തിനനുസരിച്ച് മണിക്കൂറുകൾ തെരഞ്ഞെടുത്ത് ജോലി ചെയ്യാം. ഒരു ദിവസം ഒരു സ്ഥാപനത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ, വ്യത്യസ്ത സമയങ്ങളിൽ ഒന്നിലധികം സ്ഥലങ്ങളിൽ ജോലിചെയ്ത് വരുമാനം വർധിപ്പിക്കാൻ തൊഴിലാളിക്ക് സാധിക്കും. നിശ്ചയിച്ചിട്ടുള്ള സമയ പരിധിക്ക് അപ്പുറം ജോലി ചെയ്യേണ്ടി വരുമ്പോൾ, ഓരോ അധിക മണിക്കൂറിനും കൂടുതൽ നിരക്കിൽ വേതനം ലഭിക്കാൻ തൊഴിലാളിക്ക് സാധ്യത യുണ്ട്.
ഒരു മണിക്കൂർ ജോലിക്ക് നൽകേണ്ട കുറഞ്ഞ തുക സർക്കാർ നിശ്ചയിക്കുന്നതിനാൽ തൊഴിലുടമകൾക്ക് കുറഞ്ഞ തുക നൽകി തൊഴിലാളികളെ ചൂഷണം ചെയ്യാൻ കഴിയില്ല എന്നുള്ളതും ഗുണകരമാണ്. കൂടാതെ പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്ന ഈ സമയത്ത് നമ്മുടെ വിദ്യാർഥികൾക്കും ഇത് പ്രയോജനം ചെയ്യും. ലേഖകൻതന്നെ 1997ൽ ന്യുയോർക്കിലെ കോർണെൽ യൂണിവേഴ്സിറ്റിയിൽ പഠന ആവശ്യത്തിന് പോയപ്പോൾ, വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ഉടമസ്ഥൻതന്നെ തന്റെ വീടിന്റെ പരിസരം വൃത്തിയാക്കാനും പെയിന്റിംഗ് ജോലിക്കും അവസരം തരികയും മണിക്കൂറിൽ പ്രതിഫലം തരികയും ചെയ്തത് ഓർമിക്കുന്നു.
ദിവസക്കൂലിയിലെ പ്രതിസന്ധി
ഇപ്പോഴാകട്ടെ, ദിവസക്കൂലി എന്നുള്ളത് ചെയ്യുന്ന ജോലിയുടെ അളവിലും സമയത്തിലുമൊക്കെ അവ്യക്തത നിലനിർത്തുന്നു, അന്തസ് കുറഞ്ഞതായി പരിഗണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ തൊഴിൽ കൊടുക്കാൻ വിമുഖതയും ദിവസവേതനക്കാർ വലിയ ചൂഷകരാണെന്ന പേരുദോഷവും നാട്ടിൻപുറങ്ങളിൽപോലും നിലനിൽക്കുന്നു. കൃഷിപ്പണിപോലും പലരും വേണ്ടെന്നുവയ്ക്കുന്നു.
ഇതിന്റെ ഒരു പ്രതിഫലനമാണ്, കുറഞ്ഞ വേതനം വാങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ ഉയരുന്ന സംഖ്യ. പുതിയ തൊഴിൽ നിയമങ്ങളിൽ അവരെ പ്രത്യേകം പരിഗണിക്കുന്നു എന്നുള്ളതാണ്. മുൻപ് കോൺട്രാക്ടർമാർ വഴി വരുന്നവരെ മാത്രമേ ഇതരസംസ്ഥാന തൊഴിലാളിയായി കണക്കാക്കിയിരുന്നുള്ളൂ. എന്നാൽ, പുതിയ നിയമപ്രകാരം സ്വന്തംനിലയ്ക്ക് മറ്റൊരു സംസ്ഥാനത്തെത്തി നേരിട്ട് ജോലി കണ്ടെത്തുന്ന സാധാരണ തൊഴിലാളികളെയും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. അതുപോലെതന്നെ, തദ്ദേശീയരായ തൊഴിലാളികൾക്ക് ലഭിക്കുന്ന അതേ വേതനവും ആനുകൂല്യങ്ങളും ഇതരസംസ്ഥാന തൊഴിലാളികൾക്കും ലഭിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് അവരുടെ അന്തസ് ഉയർത്തും.
ചുരുക്കത്തിൽ, പുതിയ പങ്കാളിത്ത, സഹകരണ സംസ്കാരം കേരളത്തിൽ കൊണ്ടുവരാൻ ഒരവസരമാണ് പുതിയ തൊഴിൽ നിയമങ്ങളുടെ വരവ്. മുമ്പ് സൂചിപ്പിച്ചതുപോലെ, രണ്ടു കൂട്ടർക്കും, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ഒരേസമയം നേട്ടമുണ്ടാകുന്ന അവസ്ഥ കേരളത്തിൽ സംജാതമാകട്ടെ. പ്രത്യേകിച്ചും, ജോലി തേടിയും വിദ്യാഭ്യാസത്തിനുമായി നമ്മുടെ ചെറുപ്പക്കാർ നാടുവിടുന്ന ഈ നിർണായകമായ സാഹചര്യത്തിൽ.
പുതിയ ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ ഇത്തരമൊരു പങ്കാളിത്തം ഉറപ്പുവരുത്താൻ എല്ലാവരും ശ്രമിച്ചാലേ ഈ രംഗത്ത് പുരോഗതിയുണ്ടാകൂ. അനിയന്ത്രിതമായ ട്രേഡ് യൂണിയനിസം, നേതാക്കളുടെ രാഷ്ട്രിയ ലാഭം, നോക്കു കൂലി, അക്രമ സംഭവങ്ങൾ, സ്വകാര്യ വസ്തുക്കൾ നശിപ്പിക്കൽ ഇവയെല്ലാം ഒഴിവാക്കുന്ന രീതിയിലുള്ള പരസ്പര സഹകരണം ഈ രംഗത്ത് ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സിദ്ധാന്തങ്ങളുടെ പേരിലുള്ള ശത്രുതയും വഴക്കുകളും ആരെയും സഹായിക്കുന്നില്ല എന്നുള്ള തിരിച്ചറിവും സഹകരണത്തിൽ കൂടിയേ മുന്നേറാൻ സാധിക്കൂ എന്നുള്ള ബോധ്യവും ആരോഗ്യകരമായ, സമൃദ്ധമായ ഒരു തൊഴിൽ സംസ്കാരത്തിന് ആവശ്യമാണ്.
ഉദാഹരണമായി, തൊഴിൽ സുരക്ഷയും സാമൂഹിക സുരക്ഷയും ആരോഗ്യ സുരക്ഷയുമൊക്കെ നടപ്പിലാക്കുന്നതിനോടൊപ്പം മണിക്കൂർ അടിസ്ഥാനത്തിലുള്ള വേതന വ്യവസ്ഥയും കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് തൊഴിലാളികൾക്കും തൊഴിൽ നൽകുന്നവർക്കും സഹായകമായേക്കും. വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ മാതൃകകൂടിയാണിത്.
നമ്മുടെതന്നെ വിദ്യാർഥികളും ബന്ധുക്കളുമൊക്കെ വിദേശ രാജ്യങ്ങളിൽ ഇതിന്റെ ഗുണഭോക്താക്കളാണെന്നത് വളരെ വ്യക്തമാണല്ലോ. പഠനത്തിന്റെ കൂടെ ജോലി ചെയ്യാൻ സാധിക്കുന്നതുതന്നെ ഇത്തരം ഒരു തൊഴിൽ സംസ്കാരം നിലനിൽക്കുന്നതുകൊണ്ടാണല്ലോ. ചെയ്യുന്ന ജോലിയുടെ അളവിനെക്കുറിച്ചും വേതനത്തെക്കുറിച്ചും വ്യക്തതയുള്ളതുകൊണ്ട്, ജോലി ചെയ്യിക്കുന്നവർക്കും ചെയ്യുന്നവർക്കും ഇത് വലിയ സൗകര്യവും പ്രചോദനവുമാണ്.
Tags : Opportunities NewLaborLaws Seize