പ്രതീകാത്മക ചിത്രം - എഐ
കൃഷിയിൽ ഒരു പ്രശ്നമുണ്ടായാൽ കർഷകൻ ആരെ സമീപിക്കണം? കൃഷിഭവനെയോ കൃഷിവിജ്ഞാന കേന്ദ്രത്തെയോ കാർഷിക സർവകലാശാലയെയോ വിളയുമായി ബന്ധപ്പെട്ട ബോർഡിനെയോ? ജലസേചനത്തിനും വായ്പയ്ക്കും വിപണനത്തിനും വെവ്വേറെ സ്ഥാപനങ്ങളെയും സമീപിക്കേണ്ടിവരും. ഏതു സേവനം, എവിടെ ലഭിക്കുമെന്ന് ആദ്യം കണ്ടെത്തേണ്ട ബാധ്യത കർഷകനുമേൽ വരുന്നത് നമ്മുടെ കാർഷികസേവന സംവിധാനത്തിലെ പ്രധാന പോരായ്മയാണ്.
കേരളത്തിൽ കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി നിരവധി വകുപ്പുകളും ഗവേഷണസ്ഥാപനങ്ങളും വികസന ഏജൻസികളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. അവയിൽ പലതും ഉപയോഗപ്രദമായ സേവനങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന്, 2024-25ൽ വിഎഫ്പിസികെയുടെ 296 സ്വാശ്രയ കർഷകസമിതികൾ വഴി 86,283 ടൺ പഴങ്ങളും പച്ചക്കറികളും, 295 കോടി രൂപ മൂല്യത്തിൽ, വ്യാപാരം നടന്നതായി സംസ്ഥാന സാമ്പത്തിക അവലോകനം രേഖപ്പെടുത്തുന്നു. സ്ഥാപനങ്ങളുടെ പ്രവർത്തനം യാഥാർഥ്യമാണെന്ന് ഈ കണക്ക് കാണിക്കുന്നു. എന്നാൽ, ഓരോ കർഷകന്റെയും പ്രശ്നം എത്ര വേഗം പരിഹരിച്ചു, ലഭിച്ച സേവനം അദ്ദേഹത്തിന്റെ ചെലവിലോ അറ്റവരുമാനത്തിലോ എന്തു മാറ്റമുണ്ടാക്കി എന്നതിന് ഇതു മാത്രം ഉത്തരമല്ല.
സേവന ഡെസ്കുകൾ
കൃഷിഭവനെ എല്ലാ സ്ഥാപനങ്ങളുടെയും അധികചുമതലയുള്ള ഏക ഓഫിസാക്കുന്നതും പരിഹാരമാകില്ല. കൃഷി ഓഫീസർമാരുടെ സമയത്തിന്റെ വലിയൊരു ഭാഗം ഭരണജോലികൾക്കായി പോകുന്നുവെന്നും ഗവേഷണഫലങ്ങൾ കൃഷിയിടങ്ങളിലെത്തുന്നതിൽ വിടവുണ്ടെന്നും സംസ്ഥാനതല ചർച്ചകളിൽ പലവട്ടം ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. പുതിയ സേവനം രൂപപ്പെടുത്തുമ്പോൾ ഈ ജോലിഭാരവും കണക്കിലെടുക്കണം.
ഒരു സന്ദർശനം; തുടർന്ന് കർഷകനെ നടത്തിക്കാതെ സേവനം മുന്നോട്ടു പോകണം എന്നതാകണം പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ഇതിനായി അനുയോജ്യമായ അക്ഷയ കേന്ദ്രങ്ങളിൽ കൃഷി-അനുബന്ധ സേവന ഡെസ്കുകൾ പരീക്ഷിക്കാം. കർഷകന് തന്റെ ആവശ്യമോ പ്രശ്നമോ അവിടെ അറിയിക്കാം. കേന്ദ്രം അതു രേഖപ്പെടുത്തി ഒരു നമ്പറും തുടർനടപടിക്ക് ഉത്തരവാദിയായ വ്യക്തിയുടെ വിവരവും നൽകണം. വിഷയത്തിനനുസരിച്ച് ബന്ധപ്പെട്ട സ്ഥാപനത്തിലേക്ക് കൈമാറുകയും മറുപടി ലഭിക്കുന്നതു വരെ പിന്തുടരുകയും വേണം.
ഡിജിറ്റൽ സംവിധാനങ്ങൾ
അക്ഷയകേന്ദ്രത്തിലെ ജീവനക്കാരൻ വിളരോഗം നിർണയിക്കുകയോ ബാങ്കിന്റെ വായ്പാ തീരുമാനം എടുക്കുകയോ ചെയ്യേണ്ടതില്ല. ആവശ്യമായ വിവരങ്ങൾ ശരിയായി സ്വീകരിച്ച് യോഗ്യരായ വിദഗ്ധരിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ചുമതല. ശാസ്ത്രീയ ഉപദേശം, പരിശോധന, ധനസഹായ തീരുമാനം, വിപണന ഇടപാട് എന്നിവ അതത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമായി തുടരണം. എന്നാൽ "കൈമാറി' എന്ന കുറിപ്പോടെ കർഷകന്റെ അപേക്ഷ അവസാനിപ്പിക്കരുത്. ബന്ധപ്പെട്ട സ്ഥാപനത്തിന്റെ മറുപടി എന്തായിരുന്നു, കർഷകന് അത് പ്രയോജനപ്പെട്ടോ എന്നതുവരെ രേഖപ്പെടുത്തണം.
ഇതിനായി നിലവിലുള്ള ഡിജിറ്റൽ സംവിധാനങ്ങളെ അടിസ്ഥാനമാക്കാം. കൃഷിവകുപ്പിന്റെ കതിർ സംവിധാനം കർഷക രജിസ്ട്രേഷൻ, കാർഷിക ഉപദേശം തുടങ്ങിയ സേവനങ്ങളുമായി വികസിച്ചുവരുന്നു; അക്ഷയകേന്ദ്രങ്ങളും ഇപ്പോൾ കർഷക രജിസ്ട്രേഷൻ സേവനം നൽകുന്നുണ്ട്. സ്ഥാപനങ്ങൾ തമ്മിലുള്ള അപേക്ഷാ കൈമാറ്റവും പുരോഗതി അറിയാനുള്ള സൗകര്യവും ഇത്തരം സംവിധാനങ്ങളുമായി ബന്ധിപ്പിക്കാമോ എന്നു പരിശോധിക്കണം. സ്വന്തം ഫോണിൽ സേവനം ഉപയോഗിക്കാൻ കഴിയാത്ത കർഷകന് അക്ഷയ ഡെസ്ക്, എസ്എംഎസ്, ഫോൺ എന്നിവയിലൂടെ അതേ വിവരം ലഭിക്കണം.
പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങാം
ഇത്തരമൊരു കേന്ദ്രം പ്രവർത്തിക്കാൻ സോഫ്റ്റ്വേർ മാത്രം പോരാ. പങ്കെടുക്കുന്ന ഓരോ വകുപ്പും സർവകലാശാലയും ബോർഡും ബാങ്കും ഏതു സേവനം നൽകും, അപേക്ഷ ആരാണ് സ്വീകരിക്കുക, എത്ര ദിവസത്തിനകം മറുപടി നൽകും, വൈകിയാൽ ആരെ സമീപിക്കാം എന്നിവ എഴുതി സമ്മതിക്കണം. കേന്ദ്രത്തിലെ കാർഷിക സേവനത്തിന് പരിശീലനം ലഭിച്ച ജീവനക്കാരനും വ്യക്തമായ ധനസഹായവും വേണം. ഒരു അപേക്ഷ പല സ്ഥാപനങ്ങളിലേക്ക് പോകുന്നതുകൊണ്ട് കർഷകൻ പലതവണ സേവനഫീസ് നൽകേണ്ട സാഹചര്യം ഒഴിവാക്കണം.
ആദ്യം വ്യത്യസ്ത കാർഷിക സാഹചര്യങ്ങളുള്ള ഏതാനും ബ്ലോക്കുകളിൽ ഈ സംവിധാനം പരീക്ഷിക്കുന്നതാണ് ഉചിതം. പരീക്ഷണം വിലയിരുത്തുമ്പോൾ തുറന്ന അപേക്ഷകൾ മാത്രം എണ്ണരുത്. ഒരു സേവനം ലഭിക്കാൻ കർഷകന് എത്ര പ്രാവശ്യം യാത്ര ചെയ്യേണ്ടിവന്നു? വിദഗ്ധന്റെ മറുപടിക്ക് എത്ര സമയമെടുത്തു? നിർദേശം കൃഷിയിടത്തിൽ ഉപയോഗിക്കാനായോ? പ്രശ്നം തീർന്നില്ലെങ്കിൽ എന്തുകൊണ്ട്? കർഷകന്റെ സമ്മതത്തോടെ രേഖപ്പെടുത്തുന്ന ഇത്തരം വിവരങ്ങളാണ് സേവനത്തിന്റെ യഥാർഥ ഫലം വ്യക്തമാക്കുക.
എല്ലാം കർഷകർക്കു വേണ്ടിയാകണം
കാർഷിക സ്ഥാപനങ്ങളുടെ വാർഷിക റിപ്പോർട്ടുകളിലും ഇതേ മാറ്റം വേണം. ചെലവഴിച്ച തുക, വിതരണം ചെയ്ത തൈകൾ, നടത്തിയ പരിശീലനങ്ങൾ, രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾ എന്നിവയ്ക്കൊപ്പം കർഷകർക്ക് ലഭിച്ച ഉപയോഗപ്രദമായ സേവനം, പരിഹരിക്കാത്ത പ്രശ്നങ്ങൾ, സ്വീകരിക്കപ്പെടാത്ത സാങ്കേതിക നിർദേശങ്ങളുടെ കാരണങ്ങൾ, വിളവിലും ചെലവിലും അറ്റവരുമാനത്തിലും ഉണ്ടായ മാറ്റം എന്നിവയും പരിശോധിക്കണം. കാലാവസ്ഥയുടെയും വിപണിവിലയുടെയും സ്വാധീനം കണക്കിലെടുക്കാതെ ഉണ്ടായ എല്ലാ മാറ്റവും ഒരു സ്ഥാപനത്തിന്റെ നേട്ടമായി അവകാശപ്പെടാനും പാടില്ല.
പൊതുപണംകൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കർഷകർക്ക് തിരിച്ചറിയാനും സമീപിക്കാനും ഉപയോഗിക്കാനും കഴിയണം. കർഷകൻ സ്ഥാപനങ്ങളെ തേടിനടക്കേണ്ട അവസ്ഥ കുറയണം. സ്ഥാപനങ്ങൾ കർഷകന്റെ ആവശ്യത്തിനനുസരിച്ച് ഒരുമിച്ചു പ്രവർത്തിക്കുന്ന സംവിധാനം ഉണ്ടാകണം. അക്ഷയകേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച കാർഷിക ഏകജാലക സേവനത്തിന്റെ ലക്ഷ്യം അതായിരിക്കണം.
(കാർഷിക സർവകലാശാലാ റിട്ട. പ്രഫസറാണ് ലേഖകൻ)
Tags : Farmer Visit Offices Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash