പ്രതീകാത്മക ചിത്രം - എഐ
ലോക ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്ത് 2026ലെ, ലോക മാനസികാരോഗ്യദിനത്തിന്റെ കേന്ദ്രവിഷയം ‘അനുഭവങ്ങളുടെ ശബ്ദം കേൾക്കാം: യഥാർഥ ശബ്ദങ്ങൾ, യഥാർഥ മാറ്റങ്ങൾ’ (‘Lived Experiences Heard: Real Voices, Real Change’) എന്നതാണ്. ഈ ആശയം മാനസികാരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ സമീപനത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റത്തെ ഓർമിപ്പിക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്പോൾ, അവ അനുഭവിച്ച മനുഷ്യരുടെ ശബ്ദത്തിനും അനുഭവജ്ഞാനത്തിനും കേന്ദ്രസ്ഥാനം നൽകണമെന്നാണത്.
വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കിസോഫ്രീനിയ, ഒബ്സസീവ് കംപൽസീവ് ഡിസോർഡർ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോയ വ്യക്തികൾക്ക് തന്റെ അനുഭവത്തെക്കുറിച്ച് ഒരു പ്രത്യേക അറിവുണ്ട്. എനിക്ക് എന്താണ് സംഭവിക്കുന്നത്, എന്നെ മറ്റുളളവർ മനസിലാക്കുമോ, ഞാൻ പഴയ ജീവിതത്തിലേക്കു തിരിച്ചുവരുമോ, എന്റെ രോഗത്തെ കുറിച്ച് ആളുകൾ എന്ത് ചിന്തിക്കും എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ മാനസികാരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിയുടെ മനസിലുണ്ടാകാം. അതിനാൽ അവരുടെ അനുഭവങ്ങൾ കേൾക്കുക എന്നത് ഒരു കരുണാപൂർവമായ സമീപനം ആണ്.
വിഷാദരോഗം
വെല്ലുവിളിയാകുമ്പോൾ
ആഗോളതലത്തിൽ 280 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന വിഷാദരോഗം, കേവലം ഒരു താത്കാലിക വിഷമമല്ല; മറിച്ച് വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മസ്തിഷ്ക സംബന്ധമായ വൈകല്യമാണ്. നാഡീവ്യൂഹത്തിലെ സെറോടോണിൻ, ഡോപമിൻ, നോറെപിനെഫ്രിൻ എന്നീ ന്യൂറോട്രാൻസ്മിറ്ററുകളുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് വിഷാദരോഗത്തിന് കാരണം.
ഉത്കണ്ഠാരോഗങ്ങൾ
സാധാരണ ഭയത്തിൽനിന്നു വ്യത്യസ്തമായി, അനാവശ്യവും അമിതവുമായ ഭീതി വ്യക്തിയിൽ നിലനിൽക്കുന്ന അവസ്ഥയാണ് ഉത്കണ്ഠാരോഗങ്ങൾ. മസ്തിഷ്കത്തിലെ ഭയത്തിന്റെ കേന്ദ്രമായ അമിഗ്ഡല ആലോചനകളെ നിയന്ത്രിക്കുന്ന പ്രീഫ്രണ്ടൽ കോർട്ടക്സ് എന്നിവ തമ്മിലുള്ള ബന്ധത്തിലുണ്ടാകുന്ന തകരാറുകളാണ് ഉത്കണ്ഠയ്ക്ക് കാരണമെന്ന് ആധുനിക ന്യൂറോ ഇമേജിംഗ് പഠനങ്ങൾ തെളിയിക്കുന്നു
സൈക്കോസിസും ലഹരി ഉപയോഗവും
വാസ്തവികതയുമായുള്ള ബന്ധം നഷ്ടപ്പെടുന്ന ഗുരുതരമായ മാനസികാവസ്ഥയാണ് സൈക്കോസിസ്. പ്രകടനപരമായ വിഭ്രാന്തികൾ, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, ഇല്ലാത്ത കാഴ്ചകൾ കാണുക, മിഥ്യാധാരണകൾ, അനാവശ്യമായ സംശയങ്ങൾ, ചിന്തകളിലെ ക്രമരഹിതത്വം എന്നിവ പ്രകടമാകുന്നു.
ലഹരിവസ്തുക്കൾ മസ്തിഷകത്തിലെ സന്തോഷവും സംതൃപ്തിയും നൽകുന്ന റിവാർഡ് സിസ്റ്റത്തിൽ വൻതോതിൽ ഡോപമിൻ എത്താൻ കാരണമാകുന്നു. തുടർച്ചയായ ഉപയോഗംമൂലം തലച്ചോറിലെ സ്വാഭാവിക ഡോപമിൻ ഉത്പാദനം കുറയുകയും വ്യക്തി ലഹരിവസ്തുവിനെ പൂർണമായി ആശ്രയിക്കുന്ന അവസ്ഥയിലാവുകയും ചെയ്യുന്നു. കാലക്രമേണ, ആദ്യം അനുഭവപ്പെട്ട സന്തോഷം ലഭിക്കാൻ കൂടുതൽ അളവിൽ ലഹരിവസ്തു ഉപയോഗിക്കേണ്ടിവരുന്നു.
ബിഹേവിയറൽ അഡിക്ഷനുകൾ
യാതൊരുവിധ ലഹരിവസ്തുക്കളും ശരീരത്തിനുള്ളിൽ ചെന്നില്ലെങ്കിലും, ചില പ്രത്യേക പ്രവൃത്തികളിൽ ഏർപ്പെടുന്പോൾ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളാണ് ബിഹേവിയറൽ അഡിക്ഷനുകൾക്ക് കാരണം. ഗാംബ്ലിംഗ് ഡിസോർഡറിൽ, പണം നഷ്ടപ്പെടുന്പോഴും അനിയന്ത്രിതമായി ചൂതാട്ടത്തിലും ബെറ്റിംഗ് ആപ്പുകളിലും ഏർപ്പെടുക. ഓണ്ലൈൻ,വീഡിയോ ഗെയിമുകളിൽ മണിക്കൂറുകളോളം മുഴുകിയിരിക്കുകയും, സാമൂഹിക ജീവിതത്തിൽ നിന്ന് പൂർണമായി ഉൾവലിയുകയും ചെയ്യുക. ലഹരി അഡിക്ഷന് സമാനമായ സ്വയം നിയന്ത്രണമില്ലായ്മയും വിഷാദവും ഇത്തരക്കാരിലും കാണപ്പെടുന്നു.
ഡിജിറ്റൽ ഡിപെൻഡൻസ്
സോഷ്യൽ മീഡിയയിലെ ‘ലൈക്, ഷെയർ’ അനുഭവം തലച്ചോറിൽ ഡോപമിൻ ഉത്പാദിപ്പിക്കുകയും ഘടനാപരമായ അഡിക്ഷനിലേക്ക് വ്യക്തിയെ എത്തിക്കുകയും ചെയ്യുന്നു. ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുന്നു.
ചികിത്സാരീതികൾ
ഇന്ന് മാനസികാരോഗ്യ ചികിത്സ കേവലം ലക്ഷണങ്ങൾ കുറയ്ക്കുന്നതിൽ മാത്രമല്ല, വ്യക്തിയുടെ പൂർണ പുനരധിവാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിഷാദത്തിനും ഉത്കണ്ഠയ്ക്കും നൽകുന്ന ഏറ്റവും സുരക്ഷിതമായ ഔഷധങ്ങൾ ഇന്ന് നിലവിലുണ്ട്. സൈക്കോസിസ് ചികിത്സയ്ക്കായി കുറഞ്ഞ പാർശ്വഫലങ്ങളോടെ ഉപയോഗിക്കുന്ന പുതിയ തലമുറ മരുന്നുകൾ ലഭ്യമാണ്.
വ്യക്തിയുടെ നിഷേധാത്മകമായ ചിന്താരീതികളെ തിരിച്ചറിഞ്ഞു തിരുത്തുന്ന രീതിയാണ് കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി. വികാരങ്ങളെ അതേപടി സ്വീകരിച്ച് പോസിറ്റീവായ മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുന്ന രീതിയാണ് ആക്സപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പി. ധ്യാനവും ബോധപൂർവമായ ശ്രദ്ധയും വഴി ഉത്കണ്ഠ കുറയ്ക്കുന്ന സാങ്കേതികവിദ്യയാണ് മൈൻഡ്ഫുൾനസ് ബേസ്ഡ് സ്ട്രെസ്സ് റിഡക്ഷൻ മെത്തേഡിലൂടെ ഉപയോഗിക്കുന്നത്. ഇതുകൂടാതെ നിരവധി ആധുനിക ചികിത്സാസമ്പ്രദായങ്ങളും മാനസികാരോഗ്യ ചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്.
( ലേഖകൻ കണ്സൾട്ടന്റ് സൈക്കോളജിസ്റ്റ്, പ്രഫ. മേരി മാതാ
മേജർ സെമിനാരി, തൃശൂർ)
Tags : WorldMentalHealthDay Awareof NotIgnored Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash