Leader Page
മലയാള പത്രചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന ദീപിക 140-ാം വർഷത്തിലെത്തിയെന്നത് വലിയ സന്തോഷം പകരുന്ന വിശേഷമാണ്. പത്രങ്ങളുടെ ലോകത്ത് മൂല്യങ്ങൾക്കും സത്യങ്ങൾക്കും എന്നും വലിയ പ്രാധാന്യം നൽകിയ പത്രമാണു ദീപിക.
പുതിയ തലമുറയുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ദീപിക അതിന്റെ പ്രസിദ്ധീകരണങ്ങളിലൂടെ പ്രത്യേകം ശ്രദ്ധ പുലർത്തിയെന്നത് എടുത്തുപറയേണ്ടതാണ്. കുട്ടികളുടെ ദീപികയും മറ്റു പ്രസിദ്ധീകരണങ്ങളും പുതുതലമുറയുടെ എഴുത്തിലും വരകളിലുമുള്ള കഴിവുകളുടെ പ്രകാശനത്തിന് മാതൃകാപരമായ രീതിയിൽ ഇടം നൽകിയിട്ടുണ്ട്.
എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും വളർത്തുന്നതിലും ഈ പത്രം എക്കാലവും ശ്രദ്ധിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക പുരോഗതിയിൽ സുപ്രധാനമായ സംഭാവനകൾ നൽകാൻ ദീപികയ്ക്കു സാധിച്ചു.
മൂല്യങ്ങളും ധാർമികതയും വെല്ലുവിളികൾ നേരിടുന്ന പുതിയ കാലത്ത്, പോയ കാലത്തിന്റെ തനിമകളെ അറിയാനും അവയോടു നീതി പുലർത്താനും നമുക്കു സാധിക്കണം. 140 വർഷം മുന്‍പു ദീപിക കേരളീയ സമൂഹത്തിൽ മുന്നോട്ടു വച്ച മഹത്തായ മാധ്യമസംസ്കാരത്തിന്റെ ലക്ഷ്യങ്ങളിലേക്കു പുതിയ കാലത്തും തളരാത്ത പ്രയാണത്തിന് ഈ പത്രത്തിനു സാധിക്കട്ടെ.
സിപ്പി പള്ളിപ്പുറം ബാലസാഹിത്യകാരൻ
Leader Page
തലമുറകളുടെ കൈത്തണലിൽ ഒരു പത്രം 140 വർഷത്തിലെത്തുന്ന അസുലഭ മുഹൂർത്തം. അന്തരംഗം അഭിമാനപൂരിതമാകുന്നു. മലയാളികളുടെയും മലയാളത്തിന്റെയും ശിരസ് ആദരപൂർവം കുനിയുന്നു.
ദീപിക മലയാളത്തിന്റെ കൈവിളക്കാണ്. ചുറ്റും പടർന്നിടതൂർന്ന അന്ധകാരമാണ് തുടച്ചുമാറ്റാനിറങ്ങിയത്. അജ്ഞതയെയും അന്ധവിശ്വാസങ്ങളെയുമാണ് വേരോടെ പിഴുതെറിയാൻ ശ്രമിച്ചത്. അനീതിയും അടിമത്തവും ജാതീയതയുമാണ് അടിയന്തരമായി പടിയടച്ച് പിണ്ഡം വയ്ക്കേണ്ടതെന്നു മലയാളികളെ ഓർമിപ്പിക്കുകയും ഉണർത്തുകയും ചെയ്തതാണ് ദീപികയുടെ നിയോഗ സാക്ഷാത്കാരം.
പ്രകൃതിയുടെയും മനുഷ്യരുടെയും നിലവിളികൾക്കു കാതു കൊടുക്കാനും അവയുടെ കാരണങ്ങൾ കണ്ടെത്താനും പരിഹാരങ്ങൾ നിർദേശിക്കാനുംവേണ്ടിയാണ് ദീപിക നിലകൊണ്ടത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മാത്രമല്ല, അവർക്ക് ആത്മവീര്യം ചുരത്തുന്ന അക്ഷരങ്ങൾകൊണ്ട് പ്രതിരോധം തീർക്കാനും എന്നും ദീപികയുണ്ടായിരുന്നു.
പ്രശസ്ത സാഹിത്യകാരന്മാരും സാംസ്കാരിക നായകരും ചരിത്രാന്വേഷികളും ചിന്തകരും വിദ്യാഭ്യാസവിചക്ഷണരുമെല്ലാം ദീപികയുടെ അകത്തളങ്ങളിലുണ്ടായിരുന്നു. നോവലിസ്റ്റ് മുട്ടത്തുവർക്കി ദീർഘകാലം എഡിറ്ററായിരുന്നു. ഹാസസാഹിത്യകാരനും നർമഭാഷകനുമായ വേളൂർ കൃഷ്ണൻകുട്ടി എഡിറ്റോറിയൽ സംഘത്തിലുണ്ടായിരുന്നു. വേളൂരിന്റെ പത്രപാരായണൻ എന്ന കോളവും കെ.സി. സെബാസ്റ്റ്യന്റെ യാത്രയ്ക്കിടയിൽ എന്ന കോളവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ദീപികയ്ക്കു നൂറുനൂറാശംസകൾ.
-പി.കെ. ഭരതൻ (തിരക്കഥാകൃത്ത്,എഴുത്തുകാരൻ, ദേശീയ അധ്യാപക
അവാർഡ് ജേതാവ്, റിട്ട. ഹയർ സെക്കൻഡറിസ്കൂൾ പ്രിൻസിപ്പൽ).
Leader Page
കാർട്ടൂണും വാർത്തയും മാത്രമല്ല എഡിറ്റോറിയലും വായിക്കണമെന്ന് എന്നെ പഠിപ്പിച്ചത് ആറു ദശാബ്ദങ്ങൾ ഒരു സാമൂഹ്യസേവനമായി കരുതി ദീപികയെ സേവിച്ച ലേഖകനായിരുന്ന എന്റെ പിതാവ് ജോസഫ് കൂട്ടുമ്മേൽ ആണ്.
അതു ചിന്തിക്കാൻ പഠിപ്പിച്ചു. ഇന്നും ആ ശീലം തുടരുന്നു. നിർണായകമായ രാഷ്ട്രീയ,സാമൂഹ്യ പ്രതിസന്ധികളിൽ ശക്തവും ആദർശധീരവുമായ ദീപിക എഡിറ്റിറ്റോറിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും അങ്ങനെതന്നെ. സൺഡേ സപ്ലിമെന്റിലൂടെയാണ് മലയാളത്തിന്റെ ജനപ്രിയ നോവലിസ്റ്റ് മുട്ടത്തു വർക്കിയുടെ കഥകൾ വായിച്ചുതുടങ്ങിയത്.
വിമോചനസമരകാലത്തിന്റെ ഓർമകളെ സജീവമായി നിർത്തുന്ന ദീപികയുടെ ഒരു ഫോട്ടോ ഡോക്യുമെന്റ് രണ്ടാം എഡിഷൻ എന്റെ പിതാവിന്റെ ലൈബ്രറിയിൽ ഉണ്ടായിരുന്നു, വിലപ്പെട്ട ഒരു രേഖ: ഫോട്ടോ ജേർണലിസത്തിന്റെ മകുടോദാഹരണം.
അതുപോലെ പലതും. ദീപികയിൽ സിനിമക്കോളം കുറച്ചു കാലം കൈകാര്യം ചെയ്യാനും അവസരം കിട്ടി. നവമാധ്യമ പ്രളയത്തിൽ ദിനപത്ര വായന നേരിടുന്ന വെല്ലുവിളികൾ അറിയാം. ഇതിന്റെ നടുവിൽ ദീപിക ഉയർന്നുതന്നെ നിൽക്കട്ടെ...
ഡോ. ജിജി ജോസഫ്
(റിട്ട. പ്രഫസർ എസ്ബി കോളജ് ചങ്ങനാശേരി, പ്രിൻസിപ്പൽ-സഹ്യജ്യോതി കോളജ് കുമളി)
Leader Page
വടക്കൻ കേരളത്തിലെ കുടിയേറ്റജനതയ്ക്ക് ദീപിക പത്രമെന്നത് ഒരു വികാരമാണ്. സ്വന്തം നാടിന്റെ ഓർമകളുടെയും അടയാളങ്ങളുടെയും ഇടയിൽ മനസിൽ ചേർത്തുവച്ചൊരു വികാരം.
കുട്ടിക്കാലത്ത് കാസർഗോഡ് ജില്ലയിലെ തയ്യേനിയിലും കണ്ണൂർ ജില്ലയിലെ എടൂരിലുമുള്ള കുടുംബവീടുകളിലെത്തുമ്പോഴാണ് ഞാൻ ആദ്യമായി ദീപികയെ അടുത്തറിയുന്നത്. സ്കൂൾ പഠനകാലത്ത് മറ്റു പത്രങ്ങൾക്കൊപ്പം ദീപിക വായനയും ശീലമാക്കിയതിലൂടെ പൊതുവിജ്ഞാനവും ആനുകാലിക സംഭവങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും ആർജിക്കാൻ കഴിഞ്ഞു.
ചലച്ചിത്രമേഖലയിലേക്ക് ആദ്യമായി എത്തിയ കാലം മുതൽ എനിക്ക് ഏറ്റവുമധികം പ്രോത്സാഹനം തന്ന പത്രവും ദീപികയാണ്. മലയാളത്തിലാദ്യമായി പ്രസിദ്ധീകരണത്തിന്റെ 140-ാം വർഷത്തിലെത്തിയ ദീപികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
- നിവേദ തോമസ് (ചലച്ചിത്ര താരം)
Leader Page
ദീപിക പത്രപ്രവർത്തനമേഖലയിലെ ഇതിഹാസമാണ്. 1887ൽ ആരംഭിച്ച ഈ പത്രത്തിന്റെ ശില്പി പ്രഗത്ഭനായ നിധീരിക്കൽ മാണിക്കത്തനാരായിരുന്നു. കായികരംഗത്തെ ആദ്യകാലം മുതലേ പ്രോത്സാഹിപ്പിച്ച ഏക പത്രം.
ഇന്റർനെറ്റ് പതിപ്പിറക്കിയ ആദ്യ മലയാളപത്രവും ദീപികതന്നെ. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും പ്രോത്സാഹിപ്പിക്കാനും അവരെ സംബന്ധിക്കുന്ന വാർത്തകളും വിശേഷങ്ങളും പ്രസിദ്ധീകരിച്ച് സഹായകമായി വർത്തിക്കാനും തുടക്കംമുതൽ ശ്രമിച്ചിരുന്ന പത്രമാണ് ദീപിക.
ജാതി-മത കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്കുപരിയായി സത്യസന്ധമായ പത്രധർമം പുലർത്തുന്നതിൽ ദീപിക ഇന്നും മുന്നിലാണ്. സകല മതസ്ഥരുടെയും ആഘോഷങ്ങൾക്കു തുല്യപ്രാധാന്യം നൽകിയും മതസൗഹാർദസന്ദേശം നൽകിയും ദീപിക തന്റെ ദൗത്യം ധന്യമാക്കുന്നു. ഇപ്പോഴും അതു തുടരുന്നു. യേശുദേവന്റെ ത്യാഗവും കാരുണ്യവും മുഖ്യസന്ദേശമായി പത്രധർമത്തിലൂടെ തുടരട്ടെ എന്നാശിക്കുന്നു.
140 വർഷം പിന്നിടുന്ന ദീപികയ്ക്ക് ഈ എളിയ സാഹിത്യകാരന്റെ ആശംസകൾ നേരുന്നു; ഒപ്പം, ദീപികയുടെ പത്രാധിപസമൂഹത്തിനും.
-കാര്യവട്ടം ശ്രീകണ്ഠൻനായർ (കവി, നാടകകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ)
Leader Page
സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ വായിച്ചു തുടങ്ങിയതാണ് ദീപിക. ഇന്നും മുടക്കമില്ലാതെ തുടരുന്നു എന്ന് പറയുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.
എന്റെ വളർച്ചയിൽ ദീപിക ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് സത്യസന്ധമായി സാക്ഷ്യപ്പെടുത്താൻ എനിക്കാകും. എന്റെ കാഴ്ചയ്ക്ക് തെളിമ ഉണ്ടാക്കാനും ഭാഷയ്ക്കു കരുത്തുണ്ടാക്കാനും അറിവിന് ആഴമുണ്ടാക്കാനും ദീപിക സഹായിച്ചുവെന്ന് നിസംശയം പറയാം.
ദീപികയുടെ പോരാട്ടങ്ങൾ എന്നും ശബ്ദമില്ലാത്തവർക്കും അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ളതാണ്. ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾക്കുവേണ്ടി തൂലിക ചലിപ്പിക്കുമ്പോഴും, കടമകളെക്കുറിച്ച് പറയാനും ദീപിക മടികാണിക്കുന്നില്ല. കേരള കത്തോലിക്കാ സഭയുടെ തൂലിക പോരാളിയാണ് ദീപിക.
ദീപികയിൽ വരുന്ന മുഖപ്രസംഗങ്ങൾക്ക് കാരിരുമ്പിന്റെ കരുത്തും ചാട്ടവാറിന്റെ പ്രഹരശേഷിയും ലോഹത്തിന്റെ തിളക്കവുമാണ്. ദീപികയുടെ ദീപം കെടാതിരിക്കാൻ നമുക്ക് ആ തിരിക്കു ചുറ്റും കരങ്ങൾ ചേർത്തു നിൽക്കാം.
ഡോ. റൂബിൾ രാജ് മുൻ പ്രിൻസിപ്പൽ മരിയൻ കോളജ്, കുട്ടിക്കാനം
Leader Page
അറുപതു വര്‍ഷമായി ദീപികയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമാണ്. ചെറിയ ചില കാലങ്ങളിലെ വ്യത്യാസമൊഴിച്ചാല്‍ ഈ കാലം മുഴുവനും ഒരേ നിലപാടുകളില്‍ മാറ്റമില്ലാതെ നില്ക്കാന് കഴിഞ്ഞുവെന്നതാണ് ദീപികയുടെ സവിശേഷത.
ലാഭനഷ്ടങ്ങള്‍ നോക്കാതെ സത്യത്തിനും ധാര്മികതയ്ക്കുമൊപ്പവും കര്‍ഷകര്‍ക്കൊപ്പവും ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്ന ഏക പത്രം ദീപികയാണ്. അതുകൊണ്ടുതന്നെയാണ് വായനയുടെ സംസ്കാരം പുതുതലമുറകള്‍ക്കും മടിയില്ലാതെ പകര്‍ന്നുകൊടുക്കാന്‍ ദീപികയ്ക്കു കഴിയുന്നത്.
- എ.കെ. ജോൺ അറയ്ക്കൽ
റിട്ട. മുഖ്യാധ്യാപകന്‍, മുൻ ചെയർമാൻ, ഫെയർ ട്രേഡ് അലയൻസ് കേരള
പാലാവയല്
Leader Page
ഞാൻ ദീപികയെ കാണുന്നതു കർഷകരുടെ സുഹൃത്തായ ഒരു പത്രമായാണ്. കർഷകസ്നേഹമാണ് ദീപികയുടെ മുഖമുദ്ര. കർഷകരുടെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാനും അവയുടെ പരിഹാരമാർഗങ്ങൾ നിർദേശിക്കാനും ദീപിക ശ്രദ്ധിക്കുന്നു. ഇതിനു മുൻപന്തിയിൽ നിൽക്കുന്നതു ദീപിക മാത്രമാണ്.
കാർഷികമേഖല വലിയ പ്രതിസന്ധിയിലാണ്. കൃഷിച്ചെലവ് 50 ശതമാനംവരെ വർധിച്ചിരിക്കുന്നു. എന്നാൽ കാർഷിക ഉത്പന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില വർധിച്ചത് അരശതമാനംമാത്രമാണ്. അതിനാൽതന്നെ ഉത്പന്നങ്ങൾക്കു ലഭിക്കുന്ന വില തുച്ഛവുമാണ്. വിദേശരാജ്യങ്ങളുമായുള്ള പല കരാറുകളും കാർഷികമേഖലയുടെ നട്ടെല്ലൊടിക്കുന്നു.
വിയറ്റ്നാമിൽനിന്ന് അടയ്ക്ക, കുരുമുളക്, ഇന്തോനേഷ്യയിൽനിന്ന് നാളികേരം എന്നിവ ഇറക്കുമതി ചെയ്യുന്നതു കർഷകദ്രോഹമാണ്. ഇവയെക്കുറിച്ചെല്ലാം സദാ ജാഗ്രതയോടെ സമൂഹത്തെ അറിയിക്കാൻ ദീപിക ശ്രദ്ധിക്കുന്നു.
140 ദീപ്തവർഷങ്ങൾ പിന്നിടുന്ന ദീപികയ്ക്ക് എല്ലാ ആശംസകളും.
- കെ. കൃഷ്ണൻകുട്ടി (മുൻമന്ത്രി)
Leader Page
1887ലെ വിഷുദിനത്തിൽ പിറന്നുവീണ നസ്രാണി ദീപിക 140 വർഷങ്ങൾ പിന്നിടുന്പോൾ ഇതിഹാസ തുല്യമായ വായനാനുഭവമാണ് മലയാളത്തിനു നൽകിയിട്ടുള്ളത്.
ലോക മഹായുദ്ധങ്ങൾ, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ, ജനാധിപത്യ ഇന്ത്യ, തെരഞ്ഞെടുപ്പുകൾ, ഭരണമാറ്റങ്ങൾ, രാഷ്ട്ര നേതാക്കളുടെ വിടവാങ്ങലുകൾ, ഭൂപരിഷ്കരണം, സാംസ്കാരിക, സാഹിത്യ മേഖലകൾ, കർഷകർക്കുവേണ്ടിയുള്ള ഇടപെടലുകൾ, സാമൂഹിക തിന്മകൾക്കെതിരേയുള്ള പോരാട്ടം, വെള്ളപ്പൊക്കം, കൊറോണ തുടങ്ങി എണ്ണിയാൽ തീരാത്തതും ചരിത്രപരവുമായ വാർത്തകളിലൂടെ ദീപിക മലയാളികൾക്കു നൽകിക്കൊണ്ടിരിക്കുന്ന വായനാനുഭവങ്ങൾ എടുത്തുപറയേണ്ടതു തന്നെയാണ്.
മലയാള മാധ്യമ രംഗത്ത് ഇന്നു തനതായ വ്യക്തിത്വം നിലനിർത്തി മുന്നേറുന്ന അക്ഷര മുത്തശിയുടെ 140-ാമത് വാർഷികാഘോഷങ്ങൾ നിറമുള്ളതാകട്ടെ. തലമുറകളെ ചേർത്തു പിടിച്ചുള്ള പ്രയാണത്തിൽ കരുത്തോടെ മുന്നോട്ടു നീങ്ങാൻ ദീപികയ്ക്കു കഴിയട്ടേയെന്ന് ആശംസിക്കുന്നു.
- ബ്ലസി (ചലച്ചിത്ര സംവിധായകൻ).
Leader Page
മലയാളത്തിലെ പ്രഥമദിനപത്രമായ ദീപിക കേരള സമൂഹത്തിനു നൽകിയ സംഭാവനകൾ നിസ്തുലമാണ്. മലയാള ഭാഷയുടെയും കേരളീയ സംസ്കാരത്തിന്റെയും വളർച്ചയ്ക്കും സമത്വവും സാമൂഹ്യനീതിയും കരഗതമാക്കുന്നതിനും ദീപിക വഹിച്ച പങ്ക് വളരെ വലുതാണ്.
നാടിന്റെ സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായിരുന്നു ദീപിക എന്നുപറയുന്നതിൽ അഭിമാനമുണ്ട്. നമ്മെ അന്നമൂട്ടുന്ന കർഷകരുടെ കണ്ണീരും ദുരിതവും തുറന്നുകാട്ടാനും അവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താനും ദീപിക ആർജവം കാണിച്ചു.
സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, വയോധികർ, തൊഴിൽരഹിതർ, അശരണർ എന്നിവരുടെ പ്രശ്നങ്ങൾ അധികാരികൾക്കു മുന്നിൽ കൊണ്ടുവരാനും പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. വർഗീയതയുടെ വിത്ത് മുളച്ച് പടർന്നു പന്തലിക്കാതിരിക്കാൻ മതേതരത്വത്തിന്റെ കാവലാളായി നിലകൊള്ളാനും ദീപിക ശ്രദ്ധിക്കുന്നു. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപികയ്ക്ക് ഭാവുകങ്ങൾ.
-മേഴ്സി ജോസ് തര്യൻ ഇലഞ്ഞിക്കൽ (കുട്ടികളുടെ ഗ്രാമമായ മൂലമറ്റം ഗീത വില്ലേജ്,
സ്നേഹവില്ല എന്നിവയുടെ സ്ഥാപക).
Leader Page
മലയാള മാധ്യമ ചരിത്രത്തിൽ സത്യത്തിന്റെ പ്രകാശഗോപുരമായി നിൽക്കുന്ന ദീപിക അഭിമാനകരമായ നൂറ്റിനാല്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഹൃദയംഗമമായ ആദരവ് രേഖപ്പെടുത്തുന്നു.
അശരണർക്കും അധഃസ്ഥിതർക്കും വേണ്ടി ശബ്ദമുയർത്തിയ കത്തോലിക്കാ സഭയുടെ ഉദാത്ത ദർശനങ്ങളിൽനിന്നു ജന്മമെടുത്ത ‘നസ്രാണി ദീപിക’ തുടക്കം മുതൽക്കേ സമൂഹത്തിന്റെ ശക്തമായ ശബ്ദമായിരുന്നു.
കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച്, കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളമായി മലയാളിയുടെ പ്രഭാതങ്ങളെ അറിവുകൊണ്ട് ധന്യമാക്കാൻ ദീപികയ്ക്കു സാധിച്ചു. സത്യത്തോടും മൂല്യങ്ങളോടും വിട്ടുവീഴ്ച ചെയ്യാതെ, വാർത്തകളുടെ സുതാര്യത ഉറപ്പാക്കി ജനഹൃദയങ്ങളിൽ ഇടം നേടാൻ ഈ പത്രത്തിനു കഴിഞ്ഞു.
പ്രതിഭാശാലികളായ പത്രാധിപന്മാരുടെയും എഴുത്തുകാരുടെയും ഒരു വലിയ നിര തന്നെയാണ് ദീപികയുടെ വിജയവഴിയിൽ വെളിച്ചം വീശിയത്. അന്നും ഇന്നും ദീപികയുടെ മുഖപ്രസംഗങ്ങൾ സമകാലിക സമൂഹത്തിൽ ഏറ്റവും ആഴത്തിൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
ജാതിമത ഭേദമെന്യേ മലയാളികളായ വായനക്കാരുടെ മനസുകളിൽ ഈ പത്രം സാംസ്കാരിക സമന്വയത്തിന്റെ അടയാളമായി ഇടംപിടിച്ചു. പിന്നിട്ട 140 വർഷത്തെ ദീപ്തമായ ഈ യാത്ര, വരുംതലമുറകൾക്കു മാധ്യമധർമത്തിന്റെ ഉദാത്ത മാതൃകയും പ്രചോദനവുമാണ്. ദീപിക സമൂഹത്തിനു വെളിച്ചമായി ഇനിയും പ്രയാണം തുടരുമെന്നതിൽ സംശയമില്ല.
-മാർ തോമസ് തറയിൽ, ചങ്ങനാശേരി ആർച്ച്ബിഷപ്
Leader Page
140-ാം വർഷത്തിലും ദീപിക മികവിലും ഉന്നത മൂല്യാധിഷ്ഠിത നിലവാരത്തിലും മലയാള ദിനപത്രങ്ങളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു.
കത്തോലിക്ക സഭയുടെ ധാർമിക പിന്തുണയിലും നേതൃത്വത്തിലും പ്രവർത്തിക്കുന്ന ദീപികയ്ക്ക് അവസരവാദ നിലപാടുകൾ സാധ്യമല്ല. മാറിവരുന്ന സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും മുൻവിധിയോടെ പിന്തുണയ്ക്കാനോ വിരുദ്ധമായി കാണാനോ ദീപിക ശ്രമിക്കാറില്ല. കേരളത്തിന്റെ സമഗ്ര വികസനത്തിനായി ആത്മാർഥമായി പ്രവർത്തിച്ച മഹനീയ സേവനപാരമ്പര്യം ദീപികയ്ക്കുണ്ട്.
കേരളത്തിൽ മതമൈത്രി നിലനിർത്താൻ ദീപിക വലിയ നേതൃത്വം വഹിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, വ്യക്തമായ നയം... ദീപിക കഴിഞ്ഞ കാലങ്ങളിൽ വിശ്വസ്തതയോടെ നിർവഹിച്ചു; അഭിനന്ദനങ്ങൾ.
മനുഷ്യജീവനെ ആദരിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജീവന്റെ പ്രൊ ലൈഫ് സംസ്കാരത്തിന് ദീപിക വലിയ പ്രാധാന്യം നൽകിവരുന്നു. യുദ്ധം, ലഹരിവ്യാപനം, അക്രമങ്ങൾ, കൊലപാതകം, അബോർഷൻ, ആത്മഹത്യ, വയോജന സംരക്ഷണം, ഭിന്നശേഷി സംരക്ഷണം, വലിയ കുടുംബങ്ങളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ മറ്റ് മലയാള പത്രങ്ങളേക്കാൾ വ്യക്തമായ നിലപാടും ഉറച്ച ശബ്ദവും ദീപികയ്ക്കുണ്ട്. ‘മനുഷ്യരാണ് പ്രധാന സമ്പത്ത്, ജീവിതമാണ് യഥാർഥ ലഹരി’ എന്ന് ദീപിക ആവർത്തിച്ചു പ്രഖ്യാപിക്കുന്നു, മലയാളികളെ പഠിപ്പിക്കുന്നു.
സാബു ജോസ്
(പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് ചെയർമാൻ, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്റർ)
Leader Page
ചരിത്രത്തോടൊപ്പം നടക്കുകയും ചരിത്രത്തെ വഴിനടത്തുകയും ചെയ്ത മലയാളത്തിലെ പ്രഥമ ദിനപത്രമാണ് ദീപിക. സത്യത്തിനും നേരിനും ഒപ്പം എന്നും നിലയുറപ്പിച്ചു. ഇക്കാലമത്രയും നീതി നിഷേധിക്കപ്പെടുന്നവന്റെയും അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നവന്റെയും ശബ്ദമാകാൻ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങി സമസ്ത ജനവിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധികളും ദുരിതങ്ങളും ഉൾപ്പെടെയുള്ള ജീവിത യാഥാർഥ്യങ്ങൾക്കു നേരേ പിടിച്ച കണ്ണാടി കൂടിയായിരുന്നു ദീപിക. ഇവ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു കഷ്ടതയും പ്രയാസവും അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാൻ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇനിയും അത് അങ്ങനെതന്നെ തുടരണം.
കർഷകർക്ക് പട്ടയം നേടിക്കൊടുക്കാൻ ദീപിക നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയുന്നതല്ല.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അധികാരകേന്ദ്രങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, തിരുത്തൽശക്തിയായി മാറാനും ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ശക്തമായ നിലപാടുകളുടെയും 140 ദീപ്തവർഷങ്ങളിലേക്ക് കടക്കുന്ന ദീപികയ്ക്ക് എല്ലാ ആശംസകളും നേരുന്നു.
-അഡ്വ. ബിന്ദു കൃഷ്ണ
(തൊഴിൽ, വനിതാ-ശിശുക്ഷേമ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി)
Leader Page
ദീപികയെക്കുറിച്ചു പറയുമ്പോൾ പഴയൊരു മുഖപ്രസംഗമാണ് ഓർമയിൽ വരുന്നത്. കോൺഗ്രസിനെ ‘ശവപ്പറമ്പ്’ എന്നു വിശേഷിപ്പിച്ച് കെ. കരുണാകരനും മകൻ മുരളീധരനും ഡിഐസി എന്ന പുതിയ പാർട്ടിയുണ്ടാക്കി, ഒടുവിൽ കോൺഗ്രസിന്റെ വാതിൽക്കൽത്തന്നെ തിരികെ വന്നു മുട്ടിയതിനെ പരാമർശിച്ച് എഴുതിയ മുഖപ്രസംഗമായിരുന്നു അത്. ‘ശവപ്പറമ്പിലേക്ക് സ്വാഗതം’ എന്നായിരുന്നു ശീർഷകം.
അതുപോലെ, ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ നടന്ന വിമോചനസമരകാലത്ത് ‘ഗ്വാട്ടിമാലയും കേരളവും’ എന്ന ശീർഷകത്തിൽ ഈ ലേഖകൻ എഴുതിയ ലേഖനത്തിന്റെ പേരിൽ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന ആന്റണി നരിതൂക്കിലച്ചൻ ഒന്നാം പ്രതിയായും ഞാൻ രണ്ടാം പ്രതിയായും ഇഎംഎസ് സർക്കാർ എടുത്ത കേസും ഓർമവരുന്നു.
ആരെയും ഭയക്കാതെ സത്യം വിളിച്ചുപറയാൻ ദീപികയല്ലാതെ മറ്റൊരു പത്രം അന്നില്ലായിരുന്നു; ഇന്നും. ശതോത്തര റൂബി ജൂബിലിയിലെത്തിയ ദീപികയ്ക്ക് ആശംസകൾ.
- ജോ മുറികല്ലേൽ
Leader Page
മലയാളി സമൂഹത്തിൽ പത്രവായനാ സംസ്കാരത്തിന് അക്ഷരശ്രീ കുറിച്ച ദീപിക ദിനപത്രം, 140 വയസിലെത്തിയിരിക്കുന്നുവെന്നത് എനിക്കും സന്തോഷവും അഭിമാനവുമാണ്. കേരളീയർ തങ്ങളുടെ തനിമകളുടെ ഭാഗമാക്കി ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നതാണ് പത്രവായനാശീലം.
അത് ഈ നാടിന്റെ സാംസ്കാരിക സൗന്ദര്യത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. പുതുതലമുറയിലും വായനാ ശീലം വളരട്ടെ.
വാർത്തകളിൽ സത്യത്തിനും മൂല്യങ്ങൾക്കുമൊപ്പം പത്രലോകത്തെ പാരന്പര്യത്തിന്റെ തിളക്കവും അവകാശപ്പെടാവുന്ന ദീപിക, എക്കാലവും കലാരംഗത്തുള്ളവർക്കും പ്രചോദനം പകർന്നിട്ടുണ്ട്. ഇനിയും മാധ്യമലോകത്ത് ഉജ്വലശോഭയോടെ പ്രകാശിക്കാൻ ദീപികയ്ക്കു സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
-മമ്മൂട്ടി
Leader Page
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രങ്ങളിലൊന്നായ ദീപിക 140-ാം വാർഷികം ആഘോഷിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. മികവുറ്റ പത്രപ്രവർത്തനത്തിന് ദീപികയ്ക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഉള്ളടക്കംകൊണ്ടും ഉയര്‍ത്തുന്ന നിലപാടുകള്‍കൊണ്ടും പത്രം വ്യത്യസ്തത പുലര്‍ത്തുന്നതിന്റെ മകുടോദാഹരണമാണ് ഈ പുരസ്കാര ലഭ്യതകൾ. മലബാറിൽ ദീപിക ഈയടുത്ത് വീണ്ടും സജീവമായതിൽ ഏറെ സന്തോഷമുണ്ട്.
ദീപിക പ്രസിദ്ധീകരണങ്ങളിൽപ്പെട്ട രാഷ്ട്രദീപിക നേരത്തെ വായിക്കാറുണ്ടായിരുന്നു. ദീപിക പത്രവും ഇപ്പോൾ വായിക്കാൻ ഇടയാകാറുണ്ട്.140 വർഷം പിന്നിടുന്ന ദീപികയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
സുധി കോഴിക്കോട് (കാതൽ ഫെയിം) സിനി ആർട്ടിസ്റ്റ്,ബാലുശേരി.
Leader Page
കുട്ടിക്കാലം മുതല്‍ ഏറ്റവുമധികം കണ്ടു പരിചയിച്ച പത്രം ദീപികയാണ്. ഏതു വിഷയമുണ്ടായാലും അതില്‍ ഏറ്റവും സുവ്യക്തമായ നിലപാടുകള്‍ക്കായി ആദ്യം നോക്കുന്ന പത്രവും ദീപികയാണ്.
ഇപ്പോഴും ആ ശീലത്തില്‍ മാറ്റമില്ല. സ്കൂള്‍ പഠനകാലം മുതല്‍ പൊതുവിജ്ഞാനം വര്‍ധിപ്പിച്ചതും അന്തര്‍ദേശീയ കാര്യങ്ങളില്‍ വരെ വ്യക്തമായ കാഴ്ചപ്പാടുകള്‍ മനസില്‍ രൂപപ്പെടുത്തിയെടുത്തതും ദീപികയിലൂടെയാണ്.
അഭിനയജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഇപ്പോഴും ദീപിക പത്രമായാലും ഓണ്‍ലൈന്‍ എഡിഷനായാലും വായിച്ചുനോക്കാന്‍ സമയം കണ്ടെത്താറുണ്ട്.
-സിനി ഏബ്രഹാം, ചലച്ചിത്രതാരം
Leader Page
കേരളത്തിന്റെ സാമൂഹികമാറ്റങ്ങളുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും സാക്ഷിയായ, ചാലകശക്തിയായി വർത്തിച്ച ‘ദീപിക’ നൂറ്റാണ്ടിന്റെ കെടാദീപ്തിയാണ്. പേരുപോലെ, വെളിച്ചവും തെളിച്ചവുമുള്ള ധാർമിക മൂല്യമാണ് ദീപികയുടെ ചാലകശക്തി. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നിലപാടുകൾ ഉയർത്തിപ്പിടിച്ചും വിമർശനാത്മകമായി സമീപിച്ചും ദീപിക നടത്തുന്ന നിരന്തരമായ ഇടപെടൽ ശ്രദ്ധേയമാണ്. തെറ്റായ പ്രവണതകളെ തിരുത്താനും ഇച്ഛാശക്തിയോടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും എഡിറ്റോറിയലിലൂടെയും വാർത്താവിന്യാസത്തിലൂടെയും ദീപികയ്ക്ക് സാധിക്കാറുണ്ട്.
കർഷകരുടെയും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങൾ പൊതുമധ്യത്തിലും ഭരണകൂടങ്ങളിലും എത്തിക്കുന്നതിൽ ദീപിക വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.
പൊതുപ്രവർത്തകൻ എന്ന നിലയിൽ എക്കാലവും ദീപികയോട് ചേർന്നുനിൽക്കാൻ സാധിച്ചതിനുള്ള സന്തോഷം അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ. വ്യക്തിപരമായി എനിക്ക് നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നിസീമമായ നന്ദി. ദീപികയുടെ ഉജ്വലമായ പ്രയാണം പതിന്മടങ്ങ് സൂര്യപ്രഭയോടെ തുടരട്ടെ.
- പി.സി. വിഷ്ണുനാഥ് ടൂറിസം-സാംസ്കാരിക മന്ത്രി
Leader Page
എന്റെ ഒരു കവിത ആദ്യമായി അച്ചടിമഷി പുരണ്ടുവരുന്നത് ദീപികയിലാണ്. കൃത്യമായി പറഞ്ഞാൽ കുട്ടികളുടെ ദീപികയിൽ. ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തിൽ ആയിരുന്നു അത്.എന്റെ ഒരു കവിത ആദ്യമായി അച്ചടിമഷി പുരണ്ടുവരുന്നത് ദീപികയിലാണ്. കൃത്യമായി പറഞ്ഞാൽ കുട്ടികളുടെ ദീപികയിൽ.
ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തിൽ ആയിരുന്നു അത്.എനിക്ക് സുഹൃത്തും ഗുരുനാഥനും ആയിരുന്ന കവിയും ഗാനരചയിതാവുമായ മുട്ടാർ ശശികുമാർ ആണ് എന്റെ ഒരു കവിത കണ്ട്, “ഇത് ഞാൻ ദീപികയ്ക്ക് കൊടുക്കട്ടെ” എന്ന് ചോദിച്ചത്. ഞാൻ അന്ന് പത്താം ക്ലാസ് കഴിഞ്ഞ ഘട്ടമായിരുന്നു. ഒരു കവിത അച്ചടിച്ച് വരിക എന്നത് എനിക്കു സ്വപ്നതുല്യമായ ഒരു കാര്യവും!അക്കാലത്ത് കുട്ടികളുടെ ദീപികയുടെ ചുമതല പ്രശസ്ത ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിക്കായിരുന്നു.
മുട്ടാർ ശശികുമാറിന്റെ അടുത്ത ബന്ധു. ആ സ്വാധീനം ഉപയോഗിച്ചാണ് മുട്ടാർ ശശികുമാർ കവിത വേളൂർ കൃഷ്ണൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തൊട്ടടുത്ത ആഴ്ചതന്നെ കുട്ടികളുടെ ദീപികയിൽ കവിത അച്ചടിച്ച് വരികയും ചെയ്തു. എന്നാൽ ആ വഴിക്കാണ് കവിത പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് എന്റെ മനസിൽ ഒരു വിഷമം ഉണ്ടാക്കി.
ഇങ്ങനെയല്ലാതെ കവിത പ്രസിദ്ധീകരിക്കാൻ പറ്റുമോ എന്ന് ഒന്നറിയണമല്ലോ.രണ്ടാമത്തെ കവിത ഞാൻ നേരിട്ട് ‘പത്രാധിപർ, ദീപിക’ എന്ന മേൽവിലാസത്തിൽ അയച്ചു കൊടുത്തു.അക്കാലഘട്ടത്തിൽ ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ പ്രശസ്ത കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്കരൻ ആയിരുന്നു. തൊട്ടടുത്ത ആഴ്ച എനിക്കൊരു പോസ്റ്റ് കാർഡ് കിട്ടി .
“കവിത നന്നായിട്ടുണ്ട്. ദീപിക ആഴ്ചപതിപ്പിൽ വൈകാതെ കവിത പ്രസിദ്ധീകരിക്കും” എന്നറിയിച്ചു കൊണ്ടുള്ള കത്ത് ആയിരുന്നു അത്. പി. ഭാസ്കരൻ എന്ന പേരും ഒപ്പും ഞാൻ ശ്രദ്ധിച്ചു.അങ്ങനെ മലയാളത്തിന്റെ അഭിമാനമായ ഭാസ്കരൻ മാഷാണ് എന്റെ കവിത ആദ്യമായി ഒരു പ്രധാന പ്രസിദ്ധീകരണത്തിൽ നൽകിയത് എന്ന് പറയാം.
പിൽക്കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും, സരസ്വതി സമ്മാനും ഒക്കെ ഏറ്റുവാങ്ങിയ സന്ദർഭങ്ങളിൽ ദീപികയിൽ അച്ചടിച്ചു വന്ന എന്റെ ആദ്യകവിത മനസിൽ തെളിഞ്ഞുവന്നിരുന്നു.140-ാം വർഷത്തിലെത്തിയ ദീപികയ്ക്ക് ആശംസകൾ.
- പ്രഭാവർമ
Leader Page
മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക ജനങ്ങളുടെ ഹൃദയത്തിൽ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്ഥാനത്താകമാനം വിവിധ തലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തെ ഒരുപോലെ പരിഗണിക്കുന്ന നടപടികളാണ് യഥാർഥത്തിൽ ദീപിക ചെയ്തുകൊണ്ടിരിക്കുന്നത്.
മലയോര കർഷകർക്കുവേണ്ടിയുള്ള ഏറ്റവും ഉയർന്ന സ്വരം ദീപികയുടേതാണ്. കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവരിൽ ആത്മവിശ്വാസം വളർത്തുന്ന തരത്തിൽ അവരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിലെത്തിക്കാൻ ദീപിക എക്കാലവും മുൻകൈയെടുത്തിട്ടുണ്ട്.
കേരളത്തിന്റെ വിദ്യാഭ്യാസ മൂല്യങ്ങളുടെ മാറ്റുകൂട്ടാൻ ദീപിക മുൻനിരയിൽ പ്രവർത്തിക്കുന്നു. കേരളത്തിന്റെ പൊതുസംസ്കാരം മതസൗഹാർദത്തിന്റേതാണെന്നു തെളിയിക്കാൻ ദീപിക കൈക്കൊണ്ടിരിക്കുന്ന നിലപാടുകൾ കേരളജനതയ്ക്ക് റോൾമോഡലാണ്.
മലയാളഭാഷയുടെ വളർച്ചയ്ക്കുവേണ്ടി ദീപിക നൽകിയിരിക്കുന്ന സംഭാവനകൾ ആർക്കും നിഷേധിക്കാനാവില്ലെന്ന്, സൺഡേ ദീപികയിലടക്കം വരുന്ന ഫീച്ചറുകളും ലേഖനങ്ങളും മുടങ്ങാതെ വായിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്കു നിസംശയം പറയാനാകും.
സാമൂഹിക മാറ്റത്തിനുവേണ്ടിയും വ്യക്തികളുടെ ഔന്നിത്യത്തിനുവേണ്ടിയും, സമൂഹം പരിഗണിക്കാത്ത ജനവിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുവരുന്നതിനുവേണ്ടിയും ദീപിക എടുത്തിരിക്കുന്ന മാതൃകാപരമായ പ്രവർത്തനം ചരിത്രത്തിൽ മായ്ക്കാനാവാതെ നിലനിൽക്കും. മലയാളിക്ക് ഏറ്റവും സുപരിചിതമായ ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാവിധ ആശംസകളും നേരുന്നു.
-തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ
Leader Page
ബാല്യകാലം മുതൽ ദീപികയിലൂടെയാണ് അക്ഷരങ്ങളുടെയും അറിവിന്റെയും പ്രഭാതങ്ങൾ ആരംഭിച്ചിരുന്നത്.
ഓരോ പ്രഭാതത്തിലും ദീപികയുമായെത്തുന്ന വിതരണക്കാരന്റെ സൈക്കിൾ ബെൽ എന്റെ മനസിൽ വലിയ ആവേശം ജനിപ്പിച്ചിരുന്നു. വനാന്തരങ്ങളിലൂടെ കാട്ടുവള്ളികളിൽ ഊഞ്ഞാലാടി നടക്കുകയും ക്രൂരന്മാരായ വന്യമൃഗങ്ങൾ ശാന്തതയോടെ ടാർസനു മുന്നിൽ വന്നു നിൽക്കുകയും ചെയ്യുന്ന കാഴ്ച കൗമാരത്തിന്റെ മനസിൽ സൃഷ്ടിച്ച വീരാരാധന ചെറുതല്ല.
തുടർന്നുവന്ന ഫാന്റവും മാൻഡ്രേക്കും ദീപികയിലെ പത്രത്താളുകളിലൂടെയാണ് അന്നത്തെ കുട്ടികളുടെ മനസിൽ നിറഞ്ഞുനിന്നത്. പിന്നീടുണ്ടായ പ്രസിദ്ധീകരണങ്ങൾ വായനക്കാരുടെയും പത്രത്തിന്റെയും വളർച്ചയിൽ നാഴികക്കല്ലായിത്തീർന്നു.
കുട്ടികളുടെ ദീപിക വിദ്യാർഥികൾക്ക് നൽകുന്ന ദിശാബോധവും കർഷകൻ മാസിക കാർഷിക മേഖലയ്ക്കു നൽകുന്ന സംഭാവനയും വിലപ്പെട്ടതാണ്. കർഷകൻ മാസികയുടെ ലക്കങ്ങളെല്ലാം കൃത്യതയോടെ വായിക്കുകയും അവ കാത്തുസൂക്ഷിക്കുകയും ചെയ്തു.
കാർഷികമേഖലയ്ക്ക് ദീപിക നൽകിയ പിന്തുണയുടെ പ്രത്യക്ഷ ഉദാഹരണമാണ് തൊടുപുഴയിലെ കേരള അഗ്രികൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റി (കാഡ്സ്). കടുത്ത വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന കാർഷികമേഖലയെ മുന്നിൽക്കണ്ട് അത് പരിഹരിക്കുന്നതിനുള്ള പോരാട്ടം വരുംകാലങ്ങളിലും ദീപികയ്ക്ക് തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
-ആന്റണി കണ്ടിരിക്കൽ പ്രസിഡന്റ് കാഡ്സ്, തൊടുപുഴ
Leader Page
സമൂഹത്തിന്റെ ഐക്യം ലക്ഷ്യമാക്കി ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനകാലത്ത് ആരംഭിച്ച ദീപിക ദിനപത്രം 14 ദശാബ്ദങ്ങൾ പിന്നിടുകയാണ്.
ഏറ്റവും എളിയവരായ ജനങ്ങൾക്കു നൽകുന്ന ഏതൊരു സേവനവും ദൈവികസമർപ്പണമാണെന്ന ക്രിസ്തുവിന്റെ സന്ദേശത്തെ ശിരസാവഹിച്ചു കേരളത്തിലും രാജ്യത്തുമാകെ സാമുദായിക ഐക്യം, മതമൈത്രി, രാഷ്ട്രനിർമാണ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ ദീപികയുടെ മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിനു സാധിച്ചിട്ടുണ്ട്.
ആത്മീയതയിൽ അധിഷ്ഠിതമായ വ്യക്തിവികാസവും സമൂഹവികാസവും സാധ്യമാക്കുന്നതിലും സാമൂഹ്യ പരിഷ്കരണ-നവോത്ഥാന പ്രവർത്തനങ്ങളെയും പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലും ദീപികയുടെ സംഭാവന വലുതാണ്. പ്ലാച്ചിമട, കൈനൂർ, ലാലൂർ എന്നിവിടങ്ങളിലെ പരിസ്ഥിതിപ്രശ്നങ്ങൾ അധികൃതരുടെ മുന്നിലെത്തിക്കാൻ ദീപികയ്ക്കു കഴിഞ്ഞു.
തൃശൂരിൽ പുതിയ മൃഗശാലയ്ക്കുവേണ്ടി നാലുപതിറ്റാണ്ടായി പ്രവർത്തിച്ച ഫ്രണ്ട്സ് ഓഫ് സൂവിന്റെ പ്രവർത്തനങ്ങൾക്കു വലിയ പിന്തുണ നൽകി. ഇതിന്റെ ഫലമായി പുത്തൂർ സുവോളജിക്കൽ പാർക്കിലൂടെ പക്ഷിമൃഗാദികൾക്കു മെച്ചപ്പെട്ട ആവാസവ്യവസ്ഥയും കേരളത്തിനു വിനോദസഞ്ചാരകേന്ദ്രവും സാധ്യമാക്കി. സർവരുടെയും ഉന്നമനം അഥവാ സർവോദയം സാധ്യാമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരാൻ ദീപികയ്ക്കു കഴിയട്ടെ. ആശംസകൾ.
-എം. പീതാംബരൻ, ഗാന്ധിയൻ, സർവോദയ ദർശൻ ചെയർമാൻ
Leader Page
എനിക്ക് ഏറെ പ്രിയപ്പെട്ട മലയാളത്തിൽ ഒരു ദിനപത്രം 140 വർഷം പൂർത്തിയാക്കി എന്നറിയുന്നത് വലിയ ആഹ്ലാദം പകരുന്നു.
മലയാളത്തിലെ ആദ്യ പത്രമാണ് ദീപിക എന്നത് ഓരോ മലയാളിക്കും എന്നപോലെ എനിക്കും സന്തോഷം പകരുന്നതാണ്. ദീപികയിൽ മുൻകാലങ്ങളിൽ സേവനം ചെയ്ത വിവിധ വൈദികരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നത് അഭിമാനത്തോടെ ഈ അവസരത്തിൽ ഓർക്കുന്നു.
കേരളത്തിന്റെ സാമൂഹികവും സംസ്കാരികവും പുരോഗമനപരവുമായ ചരിത്രത്തെയും നേട്ടങ്ങളെയും ദീപിക അവതരിപ്പിച്ചിട്ടുണ്ട്. കലാരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ദീപിക എക്കാലവും തയാറായി. സിനിമ വിശേഷങ്ങൾക്കായി ദീപിക ആരംഭിച്ച വാരികയും പലവട്ടം കണ്ടിട്ടുണ്ട്. സമൂഹത്തിന് മാർഗദീപമായി ദീപിക ഇനിയും ഏറെക്കാലം മുന്നോട്ടു സഞ്ചരിക്കട്ടെ.
-ഷീല, സിനിമാതാരം
Leader Page
കേരള നവോത്ഥാനത്തിന് പാതയൊരുക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ വിശുദ്ധ ചാവറയച്ചന്റെ കർമമണ്ഡലത്തിൽ നിധീരിക്കൽ മാണിക്കത്തനാരുടെ ദീർഘ ദൃഷ്ടിയിൽ ജന്മമെടുത്ത നസ്രാണി ദീപിക കേരളത്തിന്റെ പത്രമുത്തശിയാണ്.
പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് അറിവ് പകരാൻ പള്ളിക്കൂടം പണിത ചാവറയച്ചൻ എന്ന മനുഷ്യസ്നേഹി പാവപ്പെട്ട കുട്ടികൾക്ക് അറിവിനൊപ്പം ആഹാരംകൂടി നൽകിയിരുന്നു.
പുണ്യാത്മാക്കളായ സ്ഥാപകരുടെ കാലടികൾ പിന്തുടർന്ന ദീപിക ദേശീയതയിൽ ഊന്നിനിന്ന് ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനുവേണ്ടി ശബ്ദം ഉയർത്തിയതിനുപുറമെ കർഷകരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പരാധീനതകൾ ജനശ്രദ്ധയിൽ എത്തിച്ചുവെന്നത് ഏറെ ശ്ലാഘനീയമാണ്. ദീപികയുടെ ശതോത്തര റൂബിജൂബിലി ആഘോഷങ്ങൾക്ക് ആശംസകൾ.
-അഡ്വ. സി.കെ. വിദ്യാസാഗർ, എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ്
Leader Page
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലയാള ദിനപത്രമായതുകൊണ്ടു മാത്രമല്ല ഞാൻ ദീപിക ഇഷ്ടപ്പെടുന്നത്. അവളുടെ പ്രവാചകസ്വരംകൂടി കണക്കിലെടുത്താണ്. അതിനാൽതന്നെ പ്രഭാതത്തിലെ എന്റെ പ്രഥമ പരിഗണന ദീപികയ്ക്കാണ്.
140 വർഷം മുമ്പ് ആരംഭിച്ച നസ്രാണിദീപിക സമൂഹത്തിന്റെ മുഴുവൻ വെളിച്ചം അഥവാ എല്ലാവരുടെയും ജീവിതത്തിലെ വെളിച്ചം നൽകുന്നവൾ എന്ന അർഥമുള്ള ദീപിക ആയി മാറി എന്ന ചരിത്രവസ്തുത ഈ അവസരത്തിൽ ഞാൻ സന്തോഷപൂർവം ഓർത്തുകൊണ്ട് ജൂബിലിയുടെ ആശംസകൾ നേരുന്നു.
മലയാളഭാഷയുടെയും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാംസ്കാരിക, ആധ്യാത്മിക, ചരിത്രത്തിന്റെയും വളർച്ചയിൽ വലിയ പങ്കുവഹിച്ച വെളിച്ചത്തിന്റെ പ്രതീകമായ ദീപിക എന്റെ വായനാശീലത്തെയും വർധിപ്പിച്ചിട്ടുണ്ട്.
വാർത്തയിലെ സത്യസന്ധതയും വീക്ഷണങ്ങളിലെ നീതിബോധവും സാമൂഹിക ഉന്നതിക്കായുള്ള സമർപ്പണഭാവവും 140-ാം വർഷത്തിലും ദീപികയെ സമൂഹത്തിന്റെ മനോഹരമായ വിളക്കായി അണയാതെ നിലനിർത്തണം എന്നു ആഹ്വാനം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തുടർന്നും പ്രവാചകദൗത്യം നിർവഹിക്കാൻ സത്യം നമ്മളെ ദീപികയിലൂടെ സ്വതന്ത്രരാക്കട്ടെ.
-ഡോ. പോൾ ആന്റണി മുല്ലശേരി, കൊല്ലം ബിഷപ്
Leader Page
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ സുറിയാനി ക്രിസ്ത്യാനികളുടെ അനുഗ്രഹാശിസുകളോടെ തുടങ്ങിവച്ചതാണല്ലോ ദീപികയുടെ വൃത്താന്തപത്ര പ്രസ്ഥാനം. ആ പ്രസ്ഥാനം 2026ലും തളർച്ച കൂടാതെ നിലനിൽക്കുന്നു എന്നത് ഓർക്കുംതോറും അഭിമാനകരമാണ്.
നല്ല കൈകൊണ്ടു നട്ട വിത്ത് പാഴായിപ്പോകില്ല എന്ന് കർഷകർ പൊതുവെ പറയുന്നതുപോലെ, പ്രതിഭാശാലിയായിരുന്ന നിധീരിക്കൽ മാണി കത്തനാരുടെ തുടക്ക പത്രാധിപത്യത്തിന്റെ ഗുണഫലങ്ങൾ ഇന്നും ദീപികയെ അനുഗ്രഹിക്കുന്നുണ്ടാകാം. കത്തനാരുടെ ദർശനം, സാമൂഹ്യവും ആചാരപരവുമായ സാമൂഹ്യപരിഷ്കരണ പരിപാടികളായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ സുറിയാനി ക്രിസ്ത്യാനികളിലെ സമ്പന്ന വർഗത്തിൽപ്പെട്ട വരായിരുന്നു എങ്കിലും കഴിവുള്ള അനേകർ ഉണ്ടായിരുന്നു.
സുറിയാനിക്കാരായ കത്തോലിക്കർ ആധുനിക വിദ്യാഭ്യാസത്തിൽ താത്പര്യമില്ലാത്തവരാണെന്നു മറ്റുള്ളവർ - സെൻസസ് ഓഫീസറായിരുന്ന നാഗം അയ്യ വരെ -കരുതിയിരുന്നിടത്തുനിന്ന് 1920കളായപ്പോഴേക്കും തിരുവിതാംകൂറിലെയും കൊച്ചിയിലെയും ആധുനിക സ്കൂളുകളിൽ ഗണ്യഭാഗവും നടത്തിപ്പോന്നിരുന്നത് ദീപിക പത്രവും നടത്തി പോന്നിരുന്ന സിഎംഐ സന്യാസസമൂഹം ഉൾപ്പെടുന്ന കത്തോലിക്ക മാനേജ്മെന്റുകളായി മാറി. എന്നും ദീപികയുടെ യാത്ര പ്രശ്നരഹിതമായിരുന്നു എന്നു വാദിക്കുകയല്ല. ഉയർച്ചയിലും താഴ്ചയിലും ദീപിക ഒരുപോലെതന്നെ അവരുടെ തുടക്കത്തിൽ തെരഞ്ഞെടുത്ത സാമൂഹ്യപരിഷ്കാര ലക്ഷ്യത്തിൽനിന്നു വഴിമാറിയിട്ടില്ല.
ഇനിയും അനേക വർഷം കേരളജനതയ്ക്ക് ദീപികയുടെ സേവനം ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
പ്രഫ. ഡോ. പി.കെ. മൈക്കിൾ തരകൻ
(ചരിത്രകാരൻ, കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലർ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് മുൻ ചെയർമാൻ.)
Leader Page
ദീപിക സമുദായത്തിന്റെ, സമൂഹത്തിന്റെ ജിഹ്വയാണ്. സാമൂഹിക പരിഷ്കാരങ്ങള്‍ക്കുവേണ്ടി മുന്‍നിരയില്‍നിന്നു പോരാടുന്ന ദീപികയിലൂടെയാണു വിശ്വാസത്തെയും സുവിശേഷ മഹത്വത്തെയും മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സാധിച്ചത്. ആധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവില്‍ കാലാനുസൃതമായ മാറ്റങ്ങളുള്‍ക്കൊണ്ട് മാധ്യമധര്‍മം വിജയകരമായി നിര്‍വഹിക്കാന്‍ ദീപികയ്ക്ക് കഴിയുന്നുണ്ട്.
കര്‍ഷകരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി ദീപിക നടത്തുന്ന പോരാട്ടങ്ങള്‍ പുരോഗമന കേരളത്തിന്റെ രൂപവത്കരണത്തിന് വഹിച്ച പങ്ക് ചെറുതല്ല.
ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങാതെ സത്യം വിളിച്ചുപറയാന്‍ ധൈര്യം കാണിക്കുന്ന ദീപിക, ഭരണകൂടത്തെയും ജനപ്രതിനിധികളെയും നേരായ വഴിക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ധാര്‍മികതയിലൂന്നിയ നിലപാടുകളാല്‍ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്താന്‍ ദീപിക നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണ്. ലോകത്തിന് പ്രകാശമാകാന്‍ എന്നും ദീപികയ്ക്ക് കഴിയണം.
140-ാം വാര്‍ഷികം ആഘോഷിക്കുന്ന ദീപികയ്ക്ക് കാലഘട്ടത്തിന്റെ വെല്ലുവിളികളെ സധൈര്യം അതിജീവിച്ച് മുന്നേറുവാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍,താമരശേരി ബിഷപ്
Leader Page
140 വര്‍ഷമായി സത്യത്തിനും നീതിക്കുംവേണ്ടി പ്രകാശഗോപുരമായി നിലകൊള്ളുന്ന പത്രമാണ് ദീപിക. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ശക്തമായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന ദീപിക, എക്കാലവും അടിച്ചമര്‍ത്തപ്പെടുന്നവന്റെ ശബ്ദമായി, കര്‍ഷകരുടെ സ്വരമായി നിലകൊള്ളുകയാണ്.
വന്യമൃഗശല്യവും നാട്ടിലെമ്പാടും മനുഷ്യന്റെ സ്വൈരജീവിതത്തിനു തടസം സൃഷ്ടിക്കുന്ന തെരുവുനായ വിഷയവുമെല്ലാം സർക്കാരിനു മുന്നിൽ ഉയർത്തിക്കൊണ്ടുവന്നു ജനപക്ഷത്ത് അടിയുറച്ചു നിൽക്കുന്ന മാതൃകാ നിലപാടാണ് ദീപിക എക്കാലവും സ്വീകരിക്കുന്നത്. ആരെയും ഭയക്കാതെ ചങ്കൂറ്റത്തോടെ തുറന്നെഴുതാനുള്ള ആർജവമാണ് ദീപികയെ ഇഷ്ടപ്പെടാൻ കാരണം.
ക്ഷേത്രപ്രവേശന സമരങ്ങള്‍, വഴിനടക്കാനുള്ള അവകാശസമരങ്ങള്‍ എന്നിവയ്ക്കായി രാജഭരണകാലത്തു നടന്ന പോരാട്ടങ്ങള്‍ക്ക് ദീപിക ആവേശവും ഊര്‍ജവും പകര്‍ന്നു. ഭരണാധികാരികള്‍ക്കെതിരേ ഉറച്ച നിലപാട് സ്വീകരിച്ചപ്പോള്‍ ഉയര്‍ന്ന ഭീഷണികളെ ധീരമായി നേരിട്ട് മൂല്യവത്തായ പത്രപ്രവർത്തനത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കാൻ ദീപികയ്ക്കു കഴിഞ്ഞു. പുതിയ മലയാള ഗദ്യശൈലിയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച പത്രം ഇനിയും ഉയരങ്ങളിലേക്ക് വളരട്ടെ എന്നാശംസിക്കുന്നു.
-രമേശ് ചെന്നിത്തല കോൺഗ്രസ് പ്രവർത്തകസമിതി അംഗം
Leader Page
മലയാളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമാണ് ദീപിക. ഇന്നു കാണുന്ന പത്രപ്രവർത്തനത്തിനൊക്കെ ആദ്യമാതൃക ഉണ്ടാക്കിയത് ദീപികയാണ്. വെറും ഒരു വർത്തമാനപത്രമായിട്ടല്ല ദീപിക പ്രവർത്തിച്ചത്. കേരളത്തിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കുവേണ്ടി ന്യായമായും നീതിനിഷ്ഠമായും വാദിച്ചു. മതേതരമായ ഒരു മാനവികമുഖം എക്കാലത്തും ദീപിക കാത്തുസൂക്ഷിച്ചു.
സാഹിത്യം, കല, കൃഷി, കച്ചവടം തുടങ്ങി മനുഷ്യജീവിതത്തിന്റെ നാനാമുഖങ്ങളായ മേഖലകളെ പോഷിപ്പിക്കുന്നതിലും ദീപിക വലിയ പങ്ക് വഹിച്ചു. ആദ്യകാലത്ത് ദീപിക ഞാൻ സ്ഥിരമായി വായിച്ചിരുന്നു. പിന്നീട് രാഷ്ട്രദീപിക എനിക്കു കിട്ടിത്തുടങ്ങി. 140 വർഷംകൊണ്ടു ദീപിക ഉണ്ടാക്കിയെടുത്ത ഒരു പത്രപ്രവർത്തന സംസ്കാരമുണ്ട്, അത് ജനാധിപത്യത്തിലൂന്നിയതാണ്.
കേരളം പോലെ 1500-2000 വർഷങ്ങളായി എല്ലാ മതങ്ങളും സഹജീവിതത്തിൽ ഏർപ്പെട്ട ഒരു നാടിന്റെ മതേതര പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ദീപിക വഹിച്ച പങ്കും വളരെ വലുതാണ്. 2000 വർഷംമുമ്പുതന്നെ ക്രിസ്തുമതം ഇവിടെ വന്നു. അതിനുമുമ്പു ജൈനമതവും ബുദ്ധമതവും ജൂതമതവും ഇവിടെ ഉണ്ടായിരുന്നു. 1500 വർഷംമുമ്പ് ഇസ്ലാം മതം വന്നു.
ഹിന്ദുമതം പൗരാണികകാലം മുതൽ ഇവിടെയുണ്ട്. ഇത്തരം മതങ്ങളൊക്കെ സഹകരിച്ചും സഹവർത്തിച്ചും മൈത്രിയോടുകൂടി കഴിയുന്ന ഒരു നാടിന്റെ സംസ്കൃതിയിലൂന്നിക്കൊണ്ടാണ് ദീപിക അതിന്റെ സാംസ്കാരിക പത്രപ്രവർത്തനം നടത്തിയത്. ആ നിലയ്ക്ക് ദീപിക എന്ന പത്രം 140 വർഷം പിന്നിടുമ്പോൾ ഒരു മഹിത പത്രപാരമ്പര്യമാണ് ആദരിക്കപ്പെടുന്നത്. തീർച്ചയായും ദീപികയുടെ ഈ 140 വർഷത്തെ മഹനീയമായ പ്രവർത്തനത്തെ ഞാൻ ഹൃദയത്തിൽ ചേർത്തുപിടിച്ച് ആദരിക്കുന്നു.
-ആലങ്കോട് ലീലാകൃഷ്ണൻ
Leader Page
140 വർഷത്തെ പാരമ്പര്യമുള്ള ദീപിക പ്രൗഢിയോടെ നിലനിൽക്കുകയെന്നത് അഭിമാനമാണ്. എന്റെ വളർച്ചയ്ക്ക് ദീപിക വഹിച്ചത് വലിയ പങ്കാണ്. ഞാൻ 2002ൽ സ്പോർട്സിലേക്ക് പ്രവേശിക്കുന്നതും പിന്നീടുണ്ടായ നേട്ടങ്ങളും സംബന്ധിച്ച് ദീപികയിൽ നല്ല വാർത്തകൾ വന്നിരുന്നു.
അന്നൊക്കെ പത്രവാർത്ത പ്രധാനമായിരുന്നു. ഫോട്ടോ സഹിതം പത്രത്തിൽ ഒന്നാം പേജിൽ അടക്കം വാർത്ത വരുന്നത് അഭിമാനമായിരുന്നു. ദീപികയിൽ അന്നു വാർത്തയും പടവും നന്നായി വന്നിരുന്നു. അന്നു ദീപികയിൽ വന്ന വാർത്ത ഇന്നും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
അത്ലറ്റിക്സിൽ നല്ല പിന്തുണയാണ് ദീപിക എനിക്കു തന്നിരുന്നത്. സത്യത്തിനൊപ്പം നിൽക്കുന്ന പത്രമാണ് ദീപിക. ഇത്രയും പാരമ്പര്യത്തോടെ നിലനിൽക്കുന്ന ദീപിക പത്രത്തിന്റെ 140-ാം വാർഷികം ആഘോഷിക്കുമ്പോൾ എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു.
-ടിന്റു ലൂക്ക കായികതാരം
Leader Page
ഏകദേശം അരനൂറ്റാണ്ടിനു മുമ്പ് ഞാൻ ഡൽഹിയിൽ താമസം തുടങ്ങിയതിനു ശേഷമാണ് പതിവായി ദീപിക പത്രം വായിക്കാൻ തുടങ്ങിയത്. ഡൽഹി റഫി മാർഗിലെ ഐഎൻഎസ് ബിൽഡിംഗിലാണ് എല്ലാ പ്രധാന പത്രങ്ങളുടെയും ഓഫീസുകൾ. അവിടെ ചെന്നാൽ ഏത് മലയാള പത്രവും വായിക്കാൻ കഴിയും. അങ്ങനെയാണ് ഞാൻ ദീപികയുടെ സഹയാത്രികനായത്. എല്ലാ ചിന്താ മണ്ഡലങ്ങളെയും ഉൾക്കൊള്ളുന്ന ഒരു മതേതര ആധുനിക സമൂഹമാണ് നമ്മുടേത്.
എന്നാൽ, നൂറ്റിനാൽപത് വർഷങ്ങൾക്കു മുമ്പ് അങ്ങനെയായിരുന്നില്ല. മലയാളി സമൂഹം ശൈശവ ദശയിലായിരുന്നു. ഇന്ന് സാമൂഹ്യനീതി മുതൽ സ്ത്രീശക്തീകരണം വരെ സർവ മേഖലകളിലും നമ്മൾ അതിശയകരമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച വിശുദ്ധ ചവറയച്ചന്റെ പ്രവർത്തനം ഇതിന് ഒരു കൈത്തിരി വെളിച്ചമായി ഭവിച്ചിട്ടുണ്ട്.
സംഘർഷഭരിതവും സ്വപ്നമയവുമായ മലയാളി ജീവിതത്തെ ഒരു നൂറ്റാണ്ടിലേറെക്കാലം പ്രചോദിപ്പിച്ച പത്രമാണ് ദീപിക. നൂറ്റിനാൽപതാം വാർഷികം ആഘോഷിക്കുന്ന ഈയവസരത്തിൽ ദീപികയ്ക്ക് ഞാൻ ഹൃദയപൂർവമായ ആശംസകൾ നേരുന്നു.
-എം. മുകുന്ദൻ
Leader Page
ദീപിക ദിനപത്രം 140-ാം വയസിലേക്കു പ്രവേശിക്കുകയാണ് എന്നറിയുന്നു. സന്തോഷം. ഈ കാലസൂചന മലയാളത്തിലെ ആദ്യകാല പത്രങ്ങളില്‍ ഒന്നാണ് ദീപിക എന്ന് ഓര്‍മപ്പെടുത്തുന്നു.
ഞാന്‍ ദീപികയെപ്പറ്റി ശ്രദ്ധിച്ച കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുണ്ട്. കൃഷിക്കും കര്‍ഷകര്‍ക്കും ഏറ്റവും കൂടുതല്‍ സ്ഥലവും കരുതലും ഈ പത്രസ്ഥാപനം നല്കിപ്പോരുന്നു.
മറ്റു പ്രസിദ്ധീകരണങ്ങള്‍ മതം, രാഷ്ട്രീയം, സ്പോര്‍ട്സ്, സിനിമ, സാഹിത്യം തുടങ്ങിയവയെ പരിഗണിക്കുന്ന കൂട്ടത്തില്‍ വിട്ടുപോകുന്ന ഒന്നാണ് കൃഷി. കര്‍ഷകര്‍ക്കു നല്കുന്ന പ്രധാന്യത്തിന്റെ പേരില്‍ കൂടി ഞാന്‍ ദീപികയെ അഭിവാദ്യം ചെയ്യുന്നു. ആശംസകള്‍ അര്‍പ്പിക്കുന്നു. -എം.എന്‍. കാരശേരി
Leader Page
നവതിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ദീപിക. ഇക്കാലമത്രയും ഞാൻ സഞ്ചരിച്ചതു ദീപികയോടൊപ്പമായിരുന്നു; ദീപികയിലായിരുന്നു.
കർഷകരക്ഷയ്ക്കുവേണ്ടി ദീപികയോളം കഠിനാധ്വാനം ചെയ്തിട്ടുള്ള മറ്റൊരു പത്രവും കേരളത്തിലില്ല. ഉടുന്പൻചോല കുടിയിറക്കും അമരാവതി കുടിയിരുത്തും കേരള ജനതയുടെ ഹൃദയം വേദനിപ്പിച്ച സംഭവമായിരുന്നു. അതിൽ സജീവമായി പങ്കെടുക്കാൻ എന്നെ പ്രേരിപ്പിച്ചതും അതിനുള്ള ആർജവത്വം നൽകിയതും ദീപികയായിരുന്നു. ചുരുളി-കീരിത്തോട് കർഷകപ്രശ്നം, കൊട്ടിയൂർ മേൽച്ചാർത്ത്, ഗൂഡല്ലൂർ കുടിയിറക്ക് ഇവയ്ക്കെല്ലാം എതിരായി ദീപിക നടത്തിയ പത്രപ്രവർത്തനപോരാട്ടം ചരിത്രത്തിന്റെ ഭാഗമായി തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
ചിന്തോദ്ദീപകമായ മുഖപ്രസംഗങ്ങൾ ദീപികയുടെ മാത്രം അനന്യതയാണ്. കാർഷികരംഗത്തും വിദ്യാഭ്യാസരംഗത്തും സാധാരണ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കഷ്ടതകൾ ജനഹൃദയങ്ങളിൽ കൊണ്ടുവരുന്നതിനു പ്രതിബദ്ധതാപൂർവം പ്രതികരിക്കുന്ന ദീപികയുടെ സേവനങ്ങൾ അവിസ്മരണീയമാണ്. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ‘എന്റെ ദീപിക’യ്ക്ക് ഹൃദയം നിറഞ്ഞ ജൂബിലി മംഗളങ്ങൾ.
-ജോണ്‍ കച്ചിറമറ്റം
Leader Page
നീതിക്കുവേണ്ടി നടന്ന വൈക്കം സത്യഗ്രഹസമരത്തിൽ പങ്കെടുത്ത എന്റെ പിതാവ് പി.കെ. നീലകണ്ഠ പിള്ളയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ ചടയമംഗലത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ഗാന്ധി നിർമാണ കേന്ദ്രത്തിലായിരുന്നു എന്റെ കുട്ടിക്കാലം. ഓർമവച്ച കാലം മുതൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായും സഹായികളായും പ്രവർത്തിച്ചുകൊണ്ടിരുന്നവരെ കേൾക്കാനും കാണാനും ഇടയായിട്ടുണ്ട്.
കോട്ടയത്തെ പത്രമുത്തശ്ശിയായ ദീപിക സ്വാതന്ത്ര്യസമരത്തിന് നൽകിക്കൊണ്ടിരുന്ന സഹായ സഹകരണവും പ്രത്യേകിച്ച്, 1925ലെ മഹാത്മാവിന്റെ കേരള സന്ദർശന വേളയിൽ നൽകിയ വാർത്ത പ്രാധാന്യവും പ്രശംസനീയമാണ്. ജാതി, മത, രാഷ്ട്രീയ പരിഗണനകൾക്കുപരി, സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഒരു ജനജിഹ്വയായി ആരംഭം മുതൽ ദീപിക അചഞ്ചലമായ നിലപടുകൾ എടുത്തിരുന്നു.
ദീപികയുടെ 140-ാം വാർഷികം നമുക്ക് ആഘോഷവേളയായി മാറ്റാം.
-ഡോ. നീലകണ്ഠ രാധാകൃഷ്ണൻ ചെയർമാൻ, കേരള ഗാന്ധിസ്മാരക നിധി
Leader Page
140 വർഷമായി മലയാളി സമൂഹത്തിനു മാർഗദീപമായി മാധ്യമരംഗത്തു പ്രവർത്തിച്ചുവരികയാണ് ദീപിക. ഓരോ കാലഘട്ടത്തിലും സാഹിത്യ, രാഷ്ട്രീയ, സാന്പത്തിക, സാംസ്കാരിക രംഗങ്ങളിൽ ദീപിക മലയാളികൾക്ക് പ്രചോദനവും ശക്തിയും നൽകുന്നു.
വാർത്തകളുടെ യഥാതഥമായ അവതരണം, ചിന്തോദ്ദീപകമായ ലേഖനങ്ങൾ, എല്ലാറ്റിനുമുപരി കിടിലം കൊള്ളിക്കുന്ന മുഖപ്രസംഗങ്ങൾ എല്ലാം ഇതര മാധ്യമങ്ങളിൽനിന്നു ദീപികയെ വേറിട്ടതാക്കുന്നു. ഓരോ കാലഘട്ടത്തിലും മലയാളിജനതയ്ക്ക് മനഃസാക്ഷിയുടെ സ്വരമാണത്. സ്വാതന്ത്ര്യം അടിയറ വയ്ക്കാതെ ജനങ്ങളെ ചിന്തിപ്പിക്കുകയും പ്രവർത്തനോദ്യുക്തരാക്കുകയും ചെയ്യുന്ന ദിനപത്രം.
എല്ലാ ദിവസവും ഞാൻ ആദ്യം വായിക്കുന്ന പത്രം ദീപികയാണ്. ദീപികയിൽ സത്യത്തിന്റെ സ്വരമാണ്. ധാർമികതയുടെ ശക്തിയുണ്ട്, നേതൃത്വത്തിന്റെ പാഠങ്ങളുണ്ട്. ഇക്കാരണങ്ങളാണ് ദീപിക ആദ്യം വായിക്കാൻ എനിക്കു പ്രേരണ നൽകുന്നത്. ദീപികയുടെ നേരേചൊവ്വേയുള്ള സമീപനങ്ങൾ സുമനസുകൾക്ക് നന്മയുടെ ജീവിതത്തിന് സഹായകമാകുന്നു.
ദീപികയുടെ സാന്പത്തിക ബുദ്ധിമുട്ടുകളുടെ കാലത്ത് പത്രം നടത്തുന്ന കന്പനിയുടെ ഡയറക്ടർമാരോടു ചേർന്നുനിൽക്കാനും ഒന്നിച്ചുള്ള ചിന്തകളോടുകൂടി ദീപികയ്ക്കു കൂട്ടുനിൽക്കാനും സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ദീപിക എന്നും സത്യത്തിന്റെയും ധീരതയുടെയും ഒരു മാർഗദീപമായി ശോഭിക്കേണ്ടത് മലയാളിസമൂഹത്തിന്റെ ആവശ്യമാണ്. ആ രീതിയിൽ ദീപികയെ അണിയിച്ചൊരുക്കുന്നവർക്കും ഈ പത്രം നടത്തുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ദീപികയുടെ വിജയം സത്യത്തിലും നീതിയിലും മാനവികതയിലും അടിയുറച്ച മലയാളി സമൂഹത്തിന്റെ നിലനില്പിനും വളർച്ചയ്ക്കും എക്കാലവും ഉപകരിക്കട്ടെ.
-കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Leader Page
നമ്മുടെ ‘ഭൂമിമലയാളത്തിലെ’ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മാറ്റങ്ങളിലെല്ലാം കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളം നിർണായകമായ സ്വാധീനം ചെലുത്തിയ ദീപികയെ കേരളത്തിന്റെ ചരിത്രകഥയിൽനിന്ന് ആർക്കും മാറ്റിനിർത്താനാവുമെന്നു തോന്നുന്നില്ല.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ മണൽപ്പരപ്പിലും ദീപികയുടെ പാദമുദ്രകൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ഉണ്ടായ ‘വിമോചന സമര’ത്തിന്റെ പിന്നിലെ പ്രധാന ചാലകശക്തികളിലൊന്നു ദീപികയായിരുന്നുവെന്നതും ചരിത്രം. ഇപ്പോൾ രാജ്യത്തു നടക്കുന്ന സംഘടിത ‘ഗാന്ധിനിന്ദ’യ്ക്കെതിരേ ശബ്ദമുയർത്തിയ മുഖ്യധാരാ മാധ്യമങ്ങളുടെ മുൻനിരയിലും ദീപികയുടെ ശക്തമായ സ്വരമുണ്ടായിരുന്നുവെന്നതും മറക്കാൻ കാലമായിട്ടില്ലല്ലോ?
എന്റെ ജീവിതത്തിലും ദീപികയുടെ മായാത്ത മുദ്രയുണ്ട്. ആബേലച്ചൻ ദീപിക ബാലസഖ്യത്തിന്റെ ‘കൊച്ചേട്ട’നായി വന്ന കാലത്ത് ബാലസഖ്യത്തിന്റെ ആദ്യ കേന്ദ്ര കമ്മിറ്റിയിൽ സി.പി. ഡേവിസിനും ബേബി പുന്നൂരാനും സുരേഷ് മാഞ്ഞൂരാനുമൊക്കെ ഒപ്പം പ്രവർത്തിച്ച കാലവും എസ്ബി കോളജിൽ 1958ൽ നടന്ന ക്യാമ്പും ആബേലച്ചന്റെ സംഘാടക മികവും മറക്കാവുന്നതല്ല!
ദീപിക എന്റെ ജീവിതത്തിലെ പ്രധാന പാഠപുസ്തകങ്ങളിലൊന്നായിരുന്നുവെന്നതാണ് എന്റെ ഭാഗ്യം. ആംഗല കവി പറഞ്ഞതുപോലെ “അന്നു ഞാൻ ചെറുപ്പമായിരുന്നുവെന്നത് സ്വർഗവും!”
-ഡോ. സിറിയക് തോമസ്എംജി യൂണിവേഴ്സിറ്റിമുൻ വൈസ് ചാൻസലർ,
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കായുള്ള കമ്മീഷൻ മുൻ അംഗം.
Leader Page
എന്നും ധാർമികതയുടെയും നീതിയുടെയും കാവലാളായി നിന്നു എന്നതാണ് ദീപികയുടെ പാരന്പര്യം. സത്യം മൂടിവയ്ക്കപ്പെട്ട ഇടങ്ങളിൽ ജ്വലിക്കാനും പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി മുഴങ്ങാനും ഈ പത്രത്തിനു കഴിഞ്ഞു.
ഏതു വഴിയേ പോകണമെന്ന് പൊതുസമൂഹം സംശയിച്ചുനിന്ന പ്രതിസന്ധികളിൽ നേരായ വഴി ധീരമായി ചൂണ്ടിക്കാണിക്കാൻ ദീപിക മുന്നിലുണ്ടായിരുന്നു. ഇത്രയും കാലം സത്യത്തിനൊപ്പം നിലകൊണ്ടതിൽ അഭിമാനിക്കുന്നതോടൊപ്പം ചരിത്രസാക്ഷിയെന്ന നിലയിൽ ഇനിയും നൂറ്റാണ്ടുകൾ താണ്ടാനുള്ള ധാർമികശക്തിയും മൂല്യബോധവും ദീപികയ്ക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ദീപിക ഒരു സഭയുടെ പത്രമല്ലാ, സമൂഹ മനഃസാക്ഷീ രൂപീകരണത്തിന്റെ പ്രചോദന മർമമാണ്. ദീപികയുടെ തുടർവർഷങ്ങൾ അതിന്റെ ആഘോഷമാകട്ടെ! ആരവങ്ങളുടെയും ആക്രോശങ്ങളുടെയും ഇടയിൽ പതറാതെ, വിശ്വജ്യോതിയെ നോക്കി ദീപിക യാത്ര തുടരുക! എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
-കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ
(മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്,
ചെയർമാൻ, ഇന്റർ ചർച്ച് കൗണ്‍സിൽ)