കേരളം ജനസംഖ്യ കുറയുന്നതിന്റെ വക്കിലൂടെ നീങ്ങുകയാണ്. പക്ഷേ, അതേപ്പറ്റി ആരും ആശങ്ക പുലർത്തുന്നില്ല. സംസ്ഥാനത്തെ എല്ലാ മതവിഭാഗങ്ങളും തുറന്ന ആകുലത പ്രകടിപ്പിച്ചിട്ടും ജനസംഖ്യാശോഷണം പൊതുസമൂഹത്തിൽ സജീവ ചർച്ചാവിഷയമായിട്ടില്ല.
അതിനു പല കാരണങ്ങളുണ്ടാകാം. മുന്പു സൂചിപ്പിച്ചതുപോലെ ജനപ്പെരുപ്പം വലിയ അപകടമാണെന്നു പഠിച്ചു വളർന്നവരാണ് രണ്ടു മൂന്നു തലമുറകൾ. പഠിച്ചത് ശാസ്ത്രസത്യമാണെന്ന് അവർ കരുതുന്നു. പഠിച്ചതിലേറെയും ഭാവനയാണെന്നും പ്രവചനങ്ങൾ പാളിപ്പോയെന്നും ആരും അവരോടു പറഞ്ഞിട്ടുമില്ല. അതിനു വിരുദ്ധമായ കാര്യങ്ങൾ തത്പരകക്ഷികളുടെ ജല്പനങ്ങളായി തള്ളിക്കളയുന്നു. കൂടുതൽ പേരെ ജനിപ്പിച്ചാൽ ആരു ചെലവിനു നൽകും, ആരു ജോലി നൽകും തുടങ്ങിയ ബദൽ ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നു-മറ്റു രാജ്യങ്ങളിലെ യുവാക്കളെപ്പോലെ.
രാജ്യത്ത് ജനസംഖ്യാവർധന കുറച്ചുവർഷം മുന്പു വരെ ഉയർന്ന തോതിലായിരുന്നു. ഇപ്പോൾ കുറഞ്ഞ തോതിലായി. 2021ൽ സെൻസസ് നടന്നെങ്കിൽ അതിന്റെ യഥാർഥ ചിത്രം അറിയാൻ പറ്റുമായിരുന്നു. ദൗർഭാഗ്യവശാൽ ആ സെൻസസ് നടന്നില്ല. 2001-11 കാലത്തെ ഉയർന്ന നിരക്കിന്റെ കണക്കു വച്ചുള്ള വിലയിരുത്തലുകളാണ് ഇപ്പോഴും രാജ്യത്തുള്ളത്. അതും നമ്മുടെ കാഴ്ചപ്പാടിനെ വികലമാക്കുന്നു.
കണ്ണിൽ പെടാത്ത കാര്യങ്ങൾ
പത്തനംതിട്ടയിലെ ആൾപ്പാർപ്പില്ലാത്ത വീടുകളും ആൾക്കാർ സമതലങ്ങളിലേക്കും നഗരങ്ങളിലേക്കും ചിലർ വിദേശത്തേക്കും മാറിയപ്പോൾ മലനാട്ടിലും ഇടനാട്ടിലും കാടുപിടിക്കുന്ന കൃഷിഭൂമികളും കുട്ടികൾ ഇല്ലാത്തതുകൊണ്ടു പ്രവർത്തിക്കാത്ത അങ്കണവാടികളും അടച്ചുപൂട്ടുന്ന വിദ്യാലയങ്ങളും അപേക്ഷകരില്ലാത്തതിനാൽ നിന്നുപോകുന്ന ബിരുദ കോഴ്സുകളും ആരെയും ചിന്തിപ്പിക്കുന്നില്ല. മണ്ണിൽ മുതൽ ഫാക്ടറികളിലും അടുക്കളകളിലും വരെ അതിഥി തൊഴിലാളികൾ ആവശ്യമായി വന്നതിന്റെ സാഹചര്യം സാമ്പത്തികം മാത്രമല്ലെന്നു മനസിലാക്കുന്നുമില്ല. ജനനം കുറഞ്ഞതും കുടിയേറ്റം കൂടിയതുമാണ് കേരളത്തിൽ ആൾ കുറയാൻ കാരണം. രണ്ടും തിരുത്താൻ എളുപ്പമല്ല.
ഗൾഫ് രാജ്യങ്ങളിൽ ജോലിക്കു പോയവർ തിരിച്ചുവന്നതുപോലെ അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലുംനിന്നു മടങ്ങിവരുമെന്നു കരുതാനാവില്ല. ഉയർന്ന ജീവിത സാഹചര്യങ്ങളിൽനിന്നു താഴ്ന്ന നിലവാരത്തിലേക്കു മടങ്ങുന്നതു മനുഷ്യസ്വഭാവമല്ലല്ലോ.
ഭാരതത്തിൽതന്നെ കേരളത്തിനു പുറത്തു ദശാബ്ദങ്ങൾ ജീവിച്ച് അവിടെ വേരുകൾ പടർത്തിയവരിലെ ഭൂരിപക്ഷവും മടക്കയാത്ര ഉദ്ദേശിക്കുന്നില്ല. മടങ്ങിവരുമ്പോൾ തങ്ങളുടെ പഴയ ലോകം ഇവിടെ ഇല്ലെന്ന തിരിച്ചറിവാണു കാരണം. ജനസംഖ്യ സമീപഭാവിയിൽ ചുരുങ്ങുന്നതിനെപ്പറ്റി കേരളം ആശങ്ക കാണിക്കാത്തതിനു മറ്റു ചില കാരണങ്ങളുമുണ്ട്.
അന്ധവിശ്വാസങ്ങളും അറിവില്ലായ്മയും
ഒന്ന്: അങ്ങനെ സംഭവിക്കുകയില്ല എന്ന അന്ധവിശ്വാസം. ചുറ്റും നോക്കുമ്പോൾ മുന്പത്തേക്കാൾ കൂടുതൽ ആൾക്കാരെ കാണാം. ആയുർദൈർഘ്യം കൂടിയതും മരണനിരക്ക് (ശിശുക്കളുടെ മുതൽ വൃദ്ധരുടെ വരെ) കുറഞ്ഞതും അതിനു കാരണമാണ്.
രണ്ട്: കുറേ ദമ്പതികൾക്ക് ഒറ്റക്കുട്ടി മാത്രം. കൂടുതൽ പേർക്ക് രണ്ടു കുട്ടികൾ. കുറച്ചു പേർക്ക് രണ്ടിലധികം. ഇത് ജനസംഖ്യ കുറയുന്നതിന്റെ തുടക്കമാണെന്നു കരുതാൻ പലരും തയാറല്ല. അവിടെയും ഇവിടെയുമൊക്കെ കൂടുതൽ കുട്ടികളുള്ളതിന്റെ കണക്കുകൾ അവർക്കു പറയാനുണ്ട്.
മൂന്ന്: സംസ്ഥാനത്ത് ജനനനിരക്ക് ഇത്രകണ്ടു കുറഞ്ഞു എന്ന അറിവ് ഭൂരിപക്ഷം പേർക്കുമില്ല. 1975 മുതൽ 2017 വരെ തുടർച്ചയായ 43 വർഷം കേരളത്തിൽ വാർഷിക ശിശുജനനം അഞ്ചു ലക്ഷത്തിൽ കൂടുതൽ ഉണ്ടായിരുന്നു. (ഒരു വർഷം 4.96 ലക്ഷവും മറ്റൊരു വർഷം 6.08 ലക്ഷവും ആയി). അവിടെനിന്ന് മൂന്നര ലക്ഷത്തിനു താഴേക്ക് 2024ലും 25ലും ശിശുജനനം കുറഞ്ഞു എന്നു സമൂഹം തിരിച്ചറിഞ്ഞിട്ടില്ല. 1997ലെ 6.077 ലക്ഷം ജനനത്തിന്റെ പകുതിയിലേക്കാണ് ഈ വർഷം സംസ്ഥാനത്തെ ജനനസംഖ്യ നീങ്ങുന്നത്. 27 വർഷംകൊണ്ട് ജനനനിരക്ക് പകുതിയിൽ താഴെയായതിന്റെ ഫലം.
ഒരു വലിയ മൂഢവിശ്വാസം
ഇതിനെല്ലാമുപരിയായ ഒരു കാര്യമുണ്ട്. എപ്പോൾ വേണമെങ്കിലും ജനനം തിരിച്ചുപിടിക്കാമല്ലോ എന്ന മൂഢവിശ്വാസം. താത്കാലികമായ ചില തിരുത്തലുകളല്ലാതെ ജനസംഖ്യ സ്ഥായിയായ തിരിച്ചുകയറ്റം നടത്തിയ രാജ്യങ്ങളില്ല. പലരും യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ജനസംഖ്യയും പ്രത്യുത്പാദനനിരക്കും കൂടിയതിന്റെ കണക്കുകൾ ഉദ്ധരിക്കാറുണ്ട്. പക്ഷേ അതു കുടിയേറ്റം വർധിച്ചതുകൊണ്ടുമാത്രം സംഭവിച്ചതാണ്. ശമ്പളത്തോടുകൂടിയ അവധിയടക്കം പ്രോത്സാഹനങ്ങളും സമ്മാനങ്ങളും നൽകിയിട്ടും റഷ്യ, ചൈന, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾക്ക് ജനനനിരക്കുയർത്താൻ കഴിഞ്ഞിട്ടില്ല. ലോകജനസംഖ്യയുടെ 70 ശതമാനത്തിലധികം താമസിക്കുന്നത് നിലനിൽപിനുള്ള ജനനനിരക്കില്ലാത്ത രാജ്യങ്ങളിലാണ്.
വലിയ കുടുംബങ്ങൾ സാധാരണമായിരുന്ന കാലത്ത് അതാണു വേണ്ടതെന്ന് എല്ലാവരും കരുതി. എണ്ണം കുറയുന്നതു കഴിവുകേടായി കണക്കാക്കപ്പെട്ടു. അന്നത്തെ സമൂഹാന്തരീക്ഷം അതായിരുന്നു. ഇപ്പോൾ മറിച്ചാണ്. ചെറിയ കുടുംബമാണു രീതി. അതിൽനിന്നു വേറിട്ടു കൂടുതൽ കുട്ടികളുള്ള കുടുംബം ബഹുഭൂരിപക്ഷം പേരുടെയും ചിന്തയിൽ പോലും വരുന്നില്ല. ചെറിയ കുടുംബങ്ങളിൽ വളർന്ന്, ചുറ്റും ചെറിയ കുടുംബങ്ങളെ കണ്ടും കേട്ടും പരിചയിച്ചവർക്കു മറ്റൊരു കുടുംബചിത്രം മനസിൽ ഇല്ല.
സാംസ്കാരികമായ ഈ തടസം മാത്രമല്ല ഉള്ളത്. വലിയ കുടുംബങ്ങളിൽ വളർന്നവർപോലും ചെറിയ കുടുംബങ്ങളിലേക്കു മാറി. അതിനു പ്രായോഗികമായ, സാമ്പത്തികമായ പല ന്യായങ്ങളും കണ്ടെത്തി. ചെറിയതിനെ വലിയ കുടുംബമാക്കാൻ ആ പറഞ്ഞ ന്യായങ്ങൾ തെറ്റാണെന്നു വരണം. ഉയർന്ന ജീവിതച്ചെലവ് ആ സാഹചര്യം ഇല്ലാതാക്കുന്നു.
'എന്റെ ഇഷ്ടം' വാഴുമ്പോൾ
ഇതോടൊപ്പം സ്ത്രീശക്തീകരണം സ്ത്രീകളെ തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു. പുരുഷൻ തേടിക്കൊടുക്കുന്നവനും സ്ത്രീ കുടുംബം നോക്കി കുട്ടികളെ വളർത്തുന്നവളും എന്ന പ്രാചീന ഗോത്രസങ്കൽപം പാടേ മറഞ്ഞു. പ്രഫഷണൽ വളർച്ചയ്ക്കു കൂടുതൽ പ്രസവങ്ങളും ശിശുപരിപാലനവും തടസമാണ്. ‘നാമൊന്ന്, നമുക്കൊന്ന്’എന്നതു നല്ല മുദ്രാവാക്യമായി സ്വീകരിക്കും.
കുടുംബജീവിതത്തെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന വ്യവസ്ഥിതിയും കുടുംബത്തിലെ വിട്ടുവീഴ്ചകളെ സ്വത്വം നഷ്ടപ്പെടുത്തുന്ന കീഴടങ്ങലുമായി ചിത്രീകരിക്കുന്നതാണ് 21-ാം നൂറ്റാണ്ടിൽ കാണുന്നത്. എല്ലാറ്റിനുമുപരി ‘എന്റെ ഇഷ്ടം’ (My Choice) എന്നതു പ്രമാണമാകുമ്പോൾ വിവാഹംപോലെ പഴയ വ്യവസ്ഥിതിയുടെ ശേഷിപ്പുകൾ തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കും. കമ്യൂണിസത്തിലും കാപ്പിറ്റലിസത്തിലും അതിനു വ്യത്യാസമില്ല. വംശം നിലനിർത്തൽ എന്ന ദൗത്യം തങ്ങളുടേതായി അവർ കാണുന്നില്ല.
വിജനഭൂമിയിലേക്കോ?
അത്തരം ചിന്താഗതികൾ വളരുന്നതാണ് ഭൂമി ഒരു വിജനഗ്രഹമാകുമോ എന്ന ചോദ്യത്തിലേക്കു നയിക്കുന്നത്. ഡാരൽ ബ്രിക്കറും ജോൺ ഇബ്ബിറ്റ്സണും ചേർന്നു 2019ൽ എഴുതിയ "എംപ്റ്റി പ്ലാനറ്റ്' (Empty Planet) എന്ന പുസ്തകം ആ ചോദ്യമാണു ചോദിക്കുന്നത്.
“കുട്ടികൾ ഇല്ലാതെയോ ഒന്നോ രണ്ടോ കുട്ടികൾ മാത്രമായോ രണ്ടുമൂന്നു തലമുറ കഴിയുമ്പോൾ ജനങ്ങൾ ഏകാന്തതയുടെ മടുപ്പ് അനുഭവിക്കും. കുടുംബയോഗങ്ങൾ നടത്താൻ ഒരു ഇരിപ്പുമുറി മതിയാകും. ആടാൻ ആളില്ലാതെ ഊഞ്ഞാലുകൾ തുരുമ്പെടുക്കും. തെരുവുകളിൽ കുട്ടികളുടെ ഒച്ചയും ബഹളവുമില്ല... അന്ന്, ആ ഭാവികാലത്ത്, 50 കഴിഞ്ഞ ദമ്പതികൾ പറഞ്ഞെന്നു വരും: ഒരു കുട്ടികൂടി ആയാലോ?” (പേജ് 240. Empty Planet).
ജനങ്ങളുടെ എണ്ണം കുറയ്ക്കുന്ന വളർച്ച അങ്ങനെ ഒരവസ്ഥയിൽ എത്തുമോ? അതു തീരുമാനിക്കേണ്ടത് ഇന്നും നാളെയും ഈ ചോദ്യം അഭിമുഖീകരിക്കുന്ന യുവതയാണ്.