പ്രതീകാത്മക ചിത്രം
ആലുവ: കാവൽ മന്ത്രിസഭയുടെ സമയത്ത് രജിസ്ട്രേഡ് കത്തുകളടക്കം പൊതുജനങ്ങളുടെ പരാതികൾ തിരിച്ചയച്ച സംഭവത്തിൽ വിശദീകരണവുമായി പൊതുഭരണ വകുപ്പ്.
2026 മേയ് നാലുമുതൽ കാവൽ മന്ത്രിസഭയുടെ പ്രവർത്തനം പൂർണമായും പുതിയ സർക്കാർ അധികാരമേൽക്കുന്നതിന്റെ ഭാഗമായി അവസാനിപ്പിക്കുന്നതിന്റെ തിരക്കിലായിരിക്കാം ഓഫീസ് തപാൽ കൈപ്പറ്റാതിരുന്നതെന്നാണ് പൊതുഭരണവകുപ്പ് വ്യക്തമാക്കുന്നത്.
പ്രവർത്തനം നിർത്തിയതായി കാണിച്ചാണ് കാവൽ മുഖ്യമന്ത്രിയുടെ ഓഫീസ് കത്തുകൾ കൈപ്പറ്റാതെ തിരിച്ചയച്ചത്. ഇതിനെതിരേ ചീഫ് സെക്രട്ടറിക്ക് പൊതുപ്രവർത്തകൻ അഡ്വ. കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിലാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം.
തൃശൂർ സ്വദേശി മുഹമ്മദ് അഷ്റഫിന്റെ ഭാര്യ ഷഫ്ന അടക്കമുള്ളവർ മുഖ്യമന്ത്രിക്ക് അയച്ച രജിസ്ട്രേഡ് കത്തുകൾ, ഓഫീസ് പ്രവർത്തിക്കുന്നില്ലെന്നു കാണിച്ചാണ് തിരിച്ചയച്ചത്. എന്നാൽ, അതേ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജീവനക്കാർ ജോലി ചെയ്തതായി കാണിച്ച് ആനുകൂല്യം നേടിയതടക്കം പരിശോധിക്കണമെന്ന് അഡ്വ. കുളത്തൂർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതുമായി ബന്ധപ്പെട്ട് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ പിണറായി വിജയനെ ഗവർണർ കാവൽ മുഖ്യമന്ത്രിയായി ചുമതലപ്പെടുത്തിയിരുന്നു. ഈ കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ച കത്തുകൾ കാവൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൈപ്പറ്റാത്തതിനെത്തുടർന്നാണ് തപാൽ വകുപ്പ് തിരിച്ചയച്ചത്. ഇതിനെതിരേയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.
Tags : complaints Secretariat employees Salaries withheld Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash