അമല മെഡിക്കൽ കോളജ്
തൃശൂർ: കഴുത്തിലെ സ്പൈനൽ കോഡിനോടു ചേർന്നുള്ള സംരക്ഷണപാളികളിൽ അപൂർവമായി ഉണ്ടാകുന്ന രക്തസ്രാവത്തെത്തുടർന്ന് പക്ഷാഘാതത്തിന്റെ പിടിയിലായ മുപ്പതുകാരിക്ക് അമല മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയ. രോഗിയെ പൂർണമായും സാധാരണജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ ഡോക്ടർമാർക്കു കഴിഞ്ഞു.
കൈകാലുകളുടെ ശക്തി വേഗത്തിൽ ക്ഷയിച്ച് ഇടതു കൈകാലുകൾ പൂർണമായും തളരുകയും വലതു ഭാഗത്ത് ചലനശേഷി കുറയുകയുംചെയ്ത നിലയിലാണ് തൃശൂർ സ്വദേശിയായ യുവതിയെ ആശുപത്രിയിലെത്തിച്ചത്. എംആർഐ പരിശോധനയിൽ സ്പൈനൽ കോർഡിൽ രക്തസ്രാവം കണ്ടെത്തി.
സ്പൈനൽ കോഡിന്റെ സംരക്ഷണ പാളികൾക്കുള്ളിൽ ഉണ്ടാകുന്ന ഈ രക്തസ്രാവം വളരെ അപൂർവവും അപകടകരവുമാണ്. രോഗിക്ക് ഓട്ടോഇമ്യൂൺ രോഗം ഉണ്ടായിരുന്നതിനാൽ മറ്റു ഗുരുതരമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇതുമൂലം ശസ്ത്രക്രിയ ഏറെ സങ്കീർണമായി.
അടിയന്തരമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കൈകാലുകൾക്ക് സ്ഥിരമായ പക്ഷാഘാതം, ശ്വാസകോശ പ്രവർത്തനം നിലയ്ക്കൽ എന്നിവയ്ക്കും മരണത്തിനുംവരെ കാരണമായേക്കാവുന്ന അവസ്ഥയായിരുന്നു.
ന്യൂറോസർജൻ ഡോ. ദിലീപ് രാജശേഖരൻ, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. അഭിഷേക്, റേഡിയോളജി വിഭാഗത്തിലെ ഡോ. ജിജോ ജോസഫ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ജൂലി പി. ബേബി, ട്രാൻസ്ഫ്യൂഷൻ മെഡിസിനിലെ ഡോ. വിനു വിപിൻ, ഹിമറ്റോളജി വിഭാഗത്തിലെ ഡോ.കെ.ആർ. ജഗൻ, ഇന്റൻസീവ് കെയർ വിഭാഗം എന്നിവരുടെ കൂട്ടായ പരിശ്രമമാണ് രോഗിയെ സാധാരണ ജീവിതത്തിലേക്കു തിരികെയെത്തിച്ചത്.
Tags : RareSurgery AmalaMedicalCollege woman Paralysis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash