എടത്വാ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടകളിൽ തീപിടിച്ചപ്പോൾ.
ആലപ്പുഴ: എടത്വാ ജംഗ്ഷനിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കടകൾ കത്തിനശിച്ചു. ഞായറാഴ്ച രാത്രി 8.45നുണ്ടായ സംഭവത്തിൽ കരിക്കംള്ളിൽ എന്നു പേരുള്ള പലചരക്കുകട, തട്ടുപുരയ്ക്കൽ എം.വി. സ്റ്റോഴ്സ്, മുടന്താഞ്ചലിൽ ഗ്ലാസ് ഹൗസ് എന്നീ കടകളിലാണ് തീപിടിത്തമുണ്ടായത്.
ഇതിൽ പലചരക്കുകടയും എം.വി.സ്റ്റോഴ്സും പൂർണമായും ഗ്ലാസ് ഹൗസ് ഭാഗികമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് കടയുടെ ഉള്ളിലേക്ക് കയറാൻ കഴിയാത്തതിനാൽ മേൽക്കൂര തകർത്താണ് അകത്തേക്ക് വെള്ളം പമ്പ് ചെയ്തത്.
തകഴി, തിരുവല്ല, ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നായി അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Tags : Edathua Fire FireAccident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash