ആര്യവീർ സെവാഗ്
ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിനെ ഡൽഹി അണ്ടർ-19 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്തു. എട്ടു മുതൽ വിശാഖപട്ടണത്ത് ആരംഭിക്കുന്ന വിനു മങ്കാദ് ട്രോഫിക്കുള്ള 16 അംഗ ടീമിനെയാണ് ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്.
ഇന്ത്യൻ അണ്ടർ-19 ടീമിലേക്കുള്ള അരങ്ങേറ്റത്തിന് പിന്നാലെയാണ് ആര്യവീറിനെ തേടി ആഭ്യന്തര ക്രിക്കറ്റിലെ ഈ സുപ്രധാന നേതൃപദവി എത്തുന്നത്. കഴിഞ്ഞ മാസം രാജ്കോട്ടിൽ ഓസ്ട്രേലിയായ്ക്കെതിരായ യൂത്ത് ഏകദിന പരമ്പരയിൽ ഇന്ത്യക്കായി മികച്ച പ്രകടനം ഈ പതിനെട്ടുകാരൻ പുറത്തെടുത്തിരുന്നു.
അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച താരം 26 പന്തിൽ നിന്ന് 28 റൺസ് നേടിയിരുന്നു. രണ്ടാം മത്സരത്തിൽ തന്റെ ഏറ്റവും ഉയർന്ന സ്കോറും ആര്യവീർ കണ്ടെത്തി. ഓപ്പണറായി ഇറങ്ങി 47 റൺസെടുത്ത ആര്യവീർ അർധ സെഞ്ചുറിക്ക് വെറും മൂന്നു റൺസ് അകലെ നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടാവുകയായിരുന്നു.
മൂന്നാം മത്സരത്തിൽ ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും 34 റൺസിന് പുറത്തായി. മൂന്ന് ഇന്നിംഗ്സുകളിലുമായി ആകെ 109 റൺസാണ് താരം നേടിയത്.
Tags : AryaveerSehwag VirenderSehwag DelhiCricket DelhiU19 DelhiCricketTeam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash