Editorial Audio
നമ്മുടെ മത്സ്യബന്ധന മേഖലയിൽ ഭരണകൂട നിർമിതമായ പുതിയൊരു ന്യൂനമർദം രൂപംകൊള്ളുന്നുണ്ട്. കേരള തീരങ്ങളോടു ചേർന്നുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനു കൂടുതൽ വൻകിട കപ്പലുകൾക്ക് അനുമതി നൽകുകയാണ്. ഇത് ചെറുകിട യാനങ്ങളെ മുക്കുമെന്ന ഭീതി വളർന്നുകഴിഞ്ഞു.
അവരുടെ ഭയത്തിന്, സാന്പത്തിക ആശങ്കകൾക്ക്, തൊഴിൽനഷ്ടങ്ങൾക്ക്, ഭാവിയെക്കുറിച്ചുള്ള അങ്കലാപ്പുകൾക്ക് സർക്കാർ മറുപടി കൊടുക്കണം. അതു നിങ്ങളുടെ ഉത്തരവാദിത്വമാണ്. പാവങ്ങൾക്കിനി കടലേ ബാക്കിയുള്ളൂ; അതും കൊടുക്കാൻ പറയരുത്. തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനാണ് വലിയ ട്രോളിംഗ് കപ്പലുകൾക്ക് വീണ്ടും അനുമതി നൽകുന്നത്.
ഇത്, മത്സ്യക്ഷാമവും വരുമാനനഷ്ടവുംകൊണ്ട് പൊറുതിമുട്ടുന്ന ചെറുകിട യാനങ്ങളുടെ നിലനിൽപുതന്നെ ഇല്ലാതാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെറുകിട യാനങ്ങൾക്ക് 200 നോട്ടിക്കൽ മൈലിനു പുറത്ത് മീൻ പിടിക്കണമെങ്കിൽ 25,000 രൂപ ഫീസുണ്ട്. പക്ഷേ, വൻകിട ട്രോൾ ബോട്ടുകൾക്ക് ഇതില്ല. ഉള്ള വരുമാനവും തീരും.
ഡീസലിന്റെയും വലയുടെയും കയറിന്റെയുമൊക്കെ വിലയും കൂലിയും വർധിച്ചതോടെ പല ഉടമകളും ബോട്ടുകൾ വിറ്റൊഴിയുകയാണ്. ഇന്ത്യൻ നിയന്ത്രണത്തിലുള്ള കടലിൽ സുസ്ഥിര മത്സ്യബന്ധനത്തിന് കേവലം 93,257 യാനങ്ങൾ മാത്രം മതിയെന്നിരിക്കെ, 3,14,677 യാനങ്ങൾ മീൻ പിടിക്കുന്നുണ്ട്. ഇതിനു പുറമേയാണ് വൻകിട കപ്പലുകൾക്കും ട്രോളിംഗ് ബോട്ടുകൾക്കും വീണ്ടും അനുമതി നൽകുന്നത്.
അതായത്, ഏതാനും കുത്തകകളുടെ ലാഭത്തിനുവേണ്ടി ഇടത്തരം ബോട്ടുകാരും ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളും വില കൊടുക്കേണ്ടിവരും. സ്വകാര്യ-കോർപറേറ്റ് മുതൽമുടക്കുകളെ പ്രോത്സാഹിപ്പിക്കുന്നത് സാധാരണക്കാരുടെ വരുമാനം കോരിയെടുക്കുന്ന വല കെട്ടിയാകരുത്. കേന്ദ്രത്തിന്റെ ബ്ലൂ ഇക്കണോമി ചൂഷണത്തിന്റെ പര്യായമായി മാറുന്നെന്ന പരാതി സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു തോന്നുന്നു.
കേരളത്തിലെ ഫിഷിംഗ് ഹാർബറുകളുടെ നവീകരണം വൻകിട കപ്പലുകളുടെ പ്രവേശനവുമായി ബന്ധപ്പെടുത്തിയാണെന്ന ആശങ്ക ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ പ്രകടിപ്പിച്ചിട്ടുണ്ട്. 1995ല് ആഴക്കടൽ മത്സ്യബന്ധന നയം പരിശോധിക്കാൻ നിയോഗിച്ച മുരാരി കമ്മിറ്റി, വിദേശ യാനങ്ങൾക്കുള്ള അനുമതി റദ്ദാക്കണമെന്നാണ് നിര്ദേശിച്ചത്.
എന്നാൽ, രണ്ടാം യുപിഎ സർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിറ്റി, തദ്ദേശീയ മത്സ്യബന്ധന സംവിധാനങ്ങൾ മികവ് കൈവരിക്കുവോളം വിദേശ യാനങ്ങൾ തുടരട്ടെ എന്ന് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി കേന്ദ്രസർക്കാരുകൾ ആഴക്കടൽ വൻകിടക്കാർക്കു തീറെഴുതാൻ ശ്രമിച്ചിട്ടുണ്ട്. 2004 മുതൽ 2022 വരെ പല നയപരിഷ്കാരങ്ങളുമുണ്ടായി.
പക്ഷേ, ആഴക്കടലിൽ ഉദ്ദേശിച്ചത്ര മീൻ ഉണ്ടായിരുന്നില്ലെന്നതാണ് അനുഭവം. അതോടെ, കപ്പലുകൾ തീരക്കടലിലേക്ക് കടന്നുകയറി. ചെറുകിട ബോട്ടുകാരുമായി തർക്കങ്ങളും തുടർന്ന് പ്രക്ഷോഭങ്ങളും ഉണ്ടായതോടെ കപ്പലുകളുടെ പ്രവർത്തനം നിർത്തിവയ്പിക്കാൻ സർക്കാർ നിർബന്ധിതമായി. പക്ഷേ, സ്ഥിതി മാറി. ഇപ്പോഴത്തെ സർക്കാർ ജനാധിപത്യ സമ്മർദങ്ങൾക്കു വഴങ്ങുമോയെന്ന് അറിയില്ല.
ഇവിടെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടാകേണ്ടത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും ബോട്ടുടമകൾക്കും പറയാനുള്ള സങ്കടങ്ങൾ കേൾക്കണം. അവ അടിസ്ഥാനരഹിതമാണെങ്കിൽ അവരെ ബോധ്യപ്പെടുത്തണം. അതല്ലെങ്കിൽ കേന്ദ്രത്തെ ബോധ്യപ്പെടുത്തണം.
യാഥാർഥ്യങ്ങൾ അത്ര ആശാവഹമല്ല. ഉദാഹരണത്തിന്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു വേണ്ടപ്പെട്ട ഒരു മുതലാളിയും കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളും തമ്മിൽ വിഴിഞ്ഞത്തോ മറ്റെവിടെയെങ്കിലുമോവച്ച് ഒരു തർക്കമുണ്ടായാൽ എന്തു സംഭവിക്കും? വോട്ടുള്ളതുകൊണ്ട് പാവങ്ങൾക്കുവേണ്ടി പ്രസംഗിക്കും, കാശുള്ളതുകൊണ്ട് മുതലാളിക്കുവേണ്ടി പ്രവർത്തിക്കും.
അനുഭവം അതാണ്. വികസനം വേണം, വേണം, വേണം; പക്ഷേ, ഏതു പദ്ധതിയായാലും കച്ചവടമായാലും കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന പാവങ്ങളെ പുതിയ പുറന്പോക്കുകളിലേക്ക് നിത്യവും നീക്കിക്കൊണ്ടിരിക്കരുത്. തീരങ്ങളും ഹാർബറുകളും നഷ്ടപ്പെട്ടവരോട് ഭരണക്കൊടിയേന്തിയ കപ്പലിലെത്തിയവർ കടലും മീനും ചോദിക്കുന്നു. സംസ്ഥാന സർക്കാർ ഇരട്ടത്താപ്പില്ലാതെ ഇടപെട്ടാൽ നമ്മുടെ മീൻപിടിത്തക്കാർക്ക് ഇനിയും വലയെറിയാനാകും.
Tags : EDITORIAL DEEPIKA EDITORIAL