x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

27
MAY
2026

ഇ​ന്ധ​ന​വി​ല: പാ​വ​ങ്ങ​ൾ പോ​യി തു​ല​യ​ട്ടെ​ന്നോ?

Editorial Audio


Published: May 27, 2026 12:00 AM IST | Updated: May 26, 2026 09:47 PM IST

“പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ർ​ധി​ക്കു​ക​യാ​ണ​ല്ലോ?
“ഇ​തെ​ന്നെ ബാ​ധി​ക്കി​ല്ല. കാ​ര​ണം എ​നി​ക്കു ല​ക്ഷ​ങ്ങ​ൾ പെ​ൻ​ഷ​നു​ണ്ട്.’’
“സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കി​ല്ലേ?’’
“അ​വ​രു കാ​റി​ൽ പോ​ക​ണ്ട, എ​ന്നെ​പ്പോ​ലെ യോ​ഗ്യ​ത​യു​ള്ള​വ​ർ കാ​റി​ൽ പോ​യാ​ൽ മ​തി. സാ​ധാ​ര​ണ​ക്കാ​ര​ൻ വ​ല്ല സൈ​ക്കി​ളി​ലും പോ​ക​ട്ടെ.’’

ക​ഴി​ഞ്ഞ​ദി​വ​സം എ​ണ്ണ​വി​ല വ​ർ​ധ​ന​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ഒ​രു സ്വ​യം പ്ര​ഖ്യാ​പി​ത സ​ന്പ​ന്ന വ​യോ​ധി​ക​ൻ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​മാ​ണി​ത്. ഇ​തു​ത​ന്നെ​യ​ല്ലേ 10 ദി​വ​സ​ത്തി​ന​കം നാ​ലു​വ​ട്ടം ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​രാ​ജ്യ​ത്തെ പാ​വ​പ്പ​ട്ട​വ​നോ​ട് പ​റ​യു​ന്ന​ത്?

സാ​ധാ​ര​ണ​ക്കാ​രും പാ​വ​പ്പെ​ട്ട​വ​രും പോ​യി തു​ല​യ​ട്ടെ​ന്നു നേ​രി​ട്ടു പ​റ​ഞ്ഞി​ല്ലെ​ന്ന​ല്ലേ​യു​ള്ളൂ. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന, വി​ല​ക്ക​യ​റ്റം, പ​ണ​പ്പെ​രു​പ്പം... പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​മാ​രും എ​ണ്ണ​ക്ക​ന്പ​നി പ്ര​ഭു​ക്ക​ന്മാ​രും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ രാ​ജ​കീ​യ ജീ​വി​തം ന​യി​ക്കു​ന്ന​വ​രെ​യൊ​ന്നും ബാ​ധി​ക്കാ​ത്ത ഇ​ന്ത്യ​ൻ ദു​രി​ത​കാ​ല​മെ​ന്ന​ല്ലാ​തെ എ​ന്തു പ​റ‍​യാ​ൻ!

ഏ​ക​ദേ​ശം 7.5 രൂ​പ ഉ​യ​ർ​ത്തി​യ​തോ​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 115.49, 104.40 എ​ന്നി​ങ്ങ​നെ​യാ​യി. നീ​റ്റും സി​ബി​എ​സ്ഇ​യു​മൊ​ക്കെ​യാ​യി പ​ല ദു​ര​ന്ത​ങ്ങ​ൾ ഒ​ന്നി​നു പി​റ​കേ മ​റ്റൊ​ന്നാ​യി വ​രു​ന്ന​തു​കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് ഏ​തി​നെ​തി​രേ നി​ല​വി​ളി​ക്ക​ണ​മെ​ന്ന​റി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു മാ​ത്രം യോ​ഗം വി​ളി​ച്ചു​കൂ​ട്ടു​ന്ന പ്ര​തി​പ​ക്ഷ​ത്തി​നാ​ണെ​ങ്കി​ൽ വി​ശ്ര​മ​കാ​ല​വു​മാ​യി. ആ​ഗോ​ള അ​സം​സ്കൃ​ത എ​ണ്ണ കൂ​പ്പു​കു​ത്തി​യ കാ​ല​ത്ത്, അ​തി​ന്‍റെ ആ​നു​കൂ​ല്യം ജ​ന​ങ്ങ​ൾ​ക്കു കൊ​ടു​ക്കാ​തെ നി​കു​തി കൂ​ട്ടി​ക്കൊ​ണ്ടി​രു​ന്ന ബി​ജെ​പി സ​ർ​ക്കാ​ർ, വി​ല​യി​ത്തി​രി കൂ​ടി​യ​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ കു​ത്തി​നു പി​ടി​ക്കു​ന്നു. യു​ദ്ധം, യു​ദ്ധം എ​ന്നു പ​റ​ഞ്ഞു പേ​ടി​പ്പി​ക്കു​ന്ന​തി​നു പ​ക​രം, 12 വ​ർ​ഷ​ത്തോ​ളം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടേ​യി​രു​ന്ന നി​കു​തി കു​റ​യ്ക്കു​ക​യാ​ണ് മ​ര്യാ​ദ​യു​ണ്ടെ​ങ്കി​ൽ ചെ​യ്യേ​ണ്ട​ത്.

പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ നാ​ലാം ഇ​രു​ട്ട​ടി​യി​ലൂ​ടെ തി​ങ്ക​ളാ​ഴ്ച പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 2.61 രൂ​പ​യും ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 2.71 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ​ടു​ക്കു​ന്പോ​ൾ “വി​ല വ​ർ​ധി​പ്പി​ക്കാ​നോ, ഞ​ങ്ങ​ളോ, വ്യാ​ജ​വാ​ർ​ത്ത​ക​ളി​ൽ വി​ശ്വ​സി​ക്ക​രു​തേ’’ എ​ന്ന് ഇ​ത്ത​വ​ണ​യും കേ​ന്ദ്രം നു​ണ പ​റ​ഞ്ഞി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ മേ​യ് 15ന് ​ആ​ദ്യ അ​ടി വീ​ണു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​നു മൂ​ന്നു രൂ​പ​യോ​ള​വും സി​എ​ൻ​ജി കി​ലോ​യ്ക്ക് ര​ണ്ടു രൂ​പ​യും വ​ർ​ധി​പ്പി​ച്ചാ​യി​രു​ന്നു തു​ട​ക്കം. തി​ങ്ക​ളാ​ഴ്ച 10-ാം പ​ക്കം നാ​ലാം വ​ർ​ധ​ന.

ജ​ന​ത്തെ​ക്കു​റി​ച്ച് ഒ​രു ചി​ന്ത​യു​മി​ല്ലാ​ത്ത ഈ ​സ​ർ​ക്കാ​ർ ഇ​നി​യും വ​ർ​ധി​പ്പി​ക്കാ​ൻ മ​ടി​ക്കി​ല്ല. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 115.49 രൂ​പ​യും ഡീ​സ​ലി​ന് 104.40 രൂ​പ​യും കൊ​ടു​ത്ത് എ​ങ്ങ​നെ പൊ​തു​ഗ​താ​ഗ​തം മു​ന്നോ​ട്ടു പോ​കു​മെ​ന്ന് സ​ർ​ക്കാ​രി​നു ചി​ന്ത​യി​ല്ല. ഇ​പ്പോ​ൾ​ത​ന്നെ രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം സാ​ധാ​ര​ണ​ക്കാ​രെ ജീ​വി​ത​യു​ദ്ധ​ത്തി​ലാ​ക്കി. അ​വ​ർ ഇ​ഷ്‌​ട​മു​ള്ള ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക​യോ അ​ള​വ് കു​റ​യ്ക്കു​ക​യോ ചെ​യ്തു. യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി. പ​ല​രും കാ​റും സ്കൂ​ട്ട​റു​മൊ​ക്കെ വീ​ട്ടി​ലി​ട്ട് ബ​സി​ൽ ക​യ​റി. ബ​സു​കാ​ർ ഡീ​സ​ല​ടി​ക്കാ​നു​ള്ള പ​ണം തി​ക​ഞ്ഞോ​യെ​ന്ന് ത​പ്പു​ന്നു. ഭ​വ​ന-​വാ​ഹ​ന-​സം​രം​ഭ-​വ്യ​ക്ത്യ​ധി​ഷ്‌​ഠി​ത വാ​യ്പ അ​ട​വു​ക​ൾ മു​ട​ങ്ങി​ത്തു​ട​ങ്ങി, അ​ധ്യ​യ​ന​വ​ർ​ഷ​വും കാ​ല​വ​ർ​ഷ​വും തു​ട​ങ്ങി, പ​ല കു​ടും​ബ​ങ്ങ​ളി​ലും അ​ങ്ക​ലാ​പ്പാ​ണ്.

ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​ട്ട് അ​തി​ന്‍റെ കാ​ര​ണം പ​റ​ഞ്ഞു​ത​രാ​ന​ല്ല, സ​ർ​ക്കാ​രു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​സം​സ്കൃ​ത എ​ണ്ണ​വി​ല വീ​പ്പ​യ്ക്ക് 108 രൂ​പ ഉ​ണ്ടാ​യി​രു​ന്ന യു​പി​എ ഭ​ര​ണ​കാ​ല​ത്ത് പെ​ട്രോ​ള്‍ വി​ല ഏ​ക​ദേ​ശം 71-72 രൂ​പ​യും ഡീ​സ​ല്‍ വി​ല 48-49 രൂ​പ​യു​മാ​യി​രു​ന്നു. അ​ന്ന​തി​നെ കു​റ്റം പ​റ​ഞ്ഞ് രാ​ഷ്‌​ട്രീ​യ​നേ​ട്ട​മു​ണ്ടാ​ക്കി​യ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി ഇ​ന്നു​വ​രെ ആ​ഗോ​ള വി​പ​ണി​യി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, പ​ല​പ്പോ​ഴും വി​ല കു​ത്ത​നെ ഇ​ടി​യു​ക​യും ചെ​യ്തു. 2020ൽ ​കോ​വി​ഡ് കാ​ല​ത്ത് അ​സം​സ്കൃ​ത എ​ണ്ണ​വി​ല 35 ഡോ​ള​റി​ലേ​ക്കു കൂ​പ്പു​കു​ത്തി. അ​പ്പോ​ഴും ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ വി​ല 70.

ബി​ജെ​പി സ​ർ​ക്കാ​രും സം​സ്ഥാ​ന​സ​ർ​ക്കാ​രു​ക​ളും നി​കു​തി വാ​രി​ക്കൂ​ട്ടി. അ​തു കു​റ​യ്ക്കു​ക​യാ​ണ് സ​ർ​ക്കാ​രു​ക​ൾ ഇ​പ്പോ​ൾ ചെ​യ്യേ​ണ്ട​ത്. എ​ണ്ണ​ക്ക​ന്പ​നി​ക​ളു​ടെ ധൂ​ർ​ത്ത് ഓ​ഡി​റ്റ് ചെ​യ്യ​ണം. എ​ടു​ത്താ​ൽ പൊ​ങ്ങാ​ത്ത ശ​ന്പ​ള​വും പെ​ൻ​ഷ​നും വാ​ങ്ങു​ന്ന​വ​രു​ടെ ന്യാ​യീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഒ​പ്പി​ടാ​ന​ല്ല, ദ​രി​ദ്ര​ജ​ന​കോ​ടി​ക​ൾ വോ​ട്ട് ചെ​യ്ത​ത്. ഉ​യ​ർ​ന്ന വി​ല​ക്ക​യ​റ്റ​വും പ​ണ​പ്പെ​രു​പ്പ​വും ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യോ​ടെ രൂ​ക്ഷ​മാ​കും. ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രു​ടെ​യ​ല്ലാ​തെ, സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ളോ​ഹ​രി വ​രു​മാ​ന​മോ ജീ​വി​ത​നി​ല​വാ​ര​മോ സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും മ​റ​ക്ക​രു​ത്. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന ‘പാ​റ്റ’​ക​ളെ വി​ല​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ണ്. അ​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം കൊ​ടു​ക്കാ​ൻ ഈ ​സ​ർ​ക്കാ​രി​ന് ഒ​ട്ടും എ​ളു​പ്പ​മ​ല്ല.

ലോ​ക​ത്ത് ഇ​ന്ത്യ​യി​ലാ​ണ് കു​റ​ഞ്ഞ ശ​ത​മാ​നം വ​ർ​ധ​ന​യെ​ന്ന ന്യാ​യ​വും ശ​രി​യ​ല്ല. മ​റ്റു​ള്ള​വ​ർ യു​ദ്ധ​കാ​ല​ത്ത് ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ ന​മ്മ​ള​തു സ​മാ​ധാ​ന​കാ​ല​ത്തു​ത​ന്നെ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റ​ത്തി​ൽ​നി​ന്നു സാ​ധാ​ര​ണ​ക്കാ​രെ ര​ക്ഷി​ക്കാ​ൻ എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച​തി​ലൂ​ടെ വ​ർ​ഷം ഒ​രു ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് വേ​ണ്ടെ​ന്നു വ​ച്ച​തെ​ന്നും എ​ണ്ണ​ക്ക​ന്പ​നി​ക​ളാ​ണ് വ​ർ​ധ​ന ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു​മു​ള്ള ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പ​രി​ഹാ​സ്യ​മാ​ണ്. ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ടി​ഞ്ഞ​പ്പോ​ൾ സ​ർ​ക്കാ​രും ക​ന്പ​നി​ക​ളും എ​ന്തെ​ടു​ത്തെ​ന്നു​കൂ​ടി പ​റ​യ​ണം. എ​ക്സൈ​സ് തീ​രു​വ കു​റ​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ 10 രൂ​പ​യു​ടെ വ​ർ​ധ​ന ഉ​ണ്ടാ​കു​മാ​യി​രു​ന്ന​ത്രേ. പ​ല ത​വ​ണ​യാ​യി 10 ദി​വ​സം​കൊ​ണ്ട് 7.5 രൂ​പ വ​ർ​ധി​പ്പി​ച്ച​ത് മി​ണ്ടു​ന്നി​ല്ല. ഇ​നി​യും വ​ർ​ധി​പ്പി​ച്ച്, പ​തി​വു​പോ​ലെ ന​ഷ്‌​ട​മെ​ല്ലാം ലാ​ഭ​മാ​ക്കു​മോ എ​ന്നേ അ​റി​യാ​നു​ള്ളൂ. ആ​രോ​ടു പ​റ​യാ​ൻ?

പ്ര​തി​പ​ക്ഷ രാ​ഷ്‌​ട്രീ​യം ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സ​മൂ​ഹ​മാ​ധ്യ​മ മോ​ഡി​ലാ​ണ്. രാ​ഷ്‌​ട്രീ​യം സ​മൂ​ഹ​മാ​ധ്യ​മ പ്ര​സ്താ​വ​ന​ക​ളി​ലൊ​തു​ങ്ങി. പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ വി​ല വ​ർ​ധ​ന​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന​ത് ഉ​ൾ​പ്പെ​ടെ ന​യാ​പൈ​സ​യ്ക്ക് ഉ​പ​കാ​ര​മി​ല്ലാ​ത്ത കു​റെ പ്ര​സ്താ​വ​ന​ക​ൾ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ന​ട​ത്തി​യി​ട്ടു​ണ്ട്. അ​വ​രു​ടെ ജോ​ലി ക​ഴി​ഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​രു​ത്ത പാ​റ്റാ​പ്പാ​ർ​ട്ടി​യു​ടെ ക​രു​ത്തു​പോ​ലു​മി​ല്ലാ​താ​യ​ല്ലോ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ കു​രു​ത്ത ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്! ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ പൊ​ടി​പോ​ലു​മി​ല്ല കാ​ണാ​ൻ. സ​ത്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രാ​ജ​യോ​ഗ​മാ​ണ് അ​ല​സ​രും സു​ഖി​മാ​ന്മാ​രു​മാ​യ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷം. പെ​ട്രോ​ൾ പ​ന്പി​ലെ യോ​ഗ്യ​നാ​യ സ​ന്പ​ന്ന വ​യോ​ധി​ക​ൻ രാ​ജ്യം ഭ​രി​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ന്നു!

Tags : DEEPIKA EDITORIAL

Recent News

Corehub Up