Editorial Audio
അഫ്ഗാനിസ്ഥാനിലെയോ ഇറാനിലെയോ ഇസ്ലാമിക തീവ്രവാദികൾക്കുമാത്രം മനസിലാകുന്ന ഭാഷയിൽ അമേരിക്ക കഴിഞ്ഞദിവസം ഒരു പ്രാകൃത പ്രസ്താവന നടത്തി. ഒരാളെ കൊല്ലുന്നതിന്റെ തത്സമയ സംപ്രേഷണം ലോകത്തെ കാണിക്കും. 2009ല് ടെക്സസിലെ ഫോര്ട്ട് ഹുഡ് മിലിട്ടറി ബേസില് 13 അമേരിക്കന് സൈനികരുടെ മരണത്തിനിടയാക്കിയ ഇസ്ലാമിക തീവ്രവാദിയും മുന് മേജറുമായ നിദാല് ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്നായിരുന്നു പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്തിന്റെ ‘വീരവാദം’. പക്ഷേ, ആരും കൈയടിച്ചില്ല. മറിച്ച്, ലോകത്തിനു മുന്നിൽ അമേരിക്ക ചെറുതായിപ്പോയി. എത്ര വലിയ കുറ്റവാളിയായാലും ഒരു മനുഷ്യനെ കൊല്ലുന്നതു കണ്ടുകൊണ്ടിരിക്കാൻ ആർക്കാണു കൊതിയെന്ന് ലോകം അമേരിക്കയോടു ചോദിക്കുന്നു. പെന്റഗണെ താലിബാൻ ബാധിച്ചോ?
മുൻ യുഎസ് സൈനിക മേജറും മനോരോഗ വിദഗ്ധനുമായ നിദാൽ ഹസൻ നിരപരാധികളെ കൊന്നത് ഇസ്ലാമിക തീവ്രവാദത്തിന്റെ സ്വാധീനത്തിൽ മാത്രമാണ്. സൈനിക വിചാരണയ്ക്കിടെ അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. അമേരിക്കൻ സൈന്യത്തിൽനിന്നു മുസ്ലിം ജനതയെയും അഫ്ഗാനിസ്ഥാനിലെ താലിബാനെയും സംരക്ഷിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നായിരുന്നു നിദാലിന്റെ വിശദീകരണം. ആക്രമണത്തിനിടെ വെടിയേറ്റ ഹസൻ നിലവിൽ വീൽചെയറിലാണു കഴിയുന്നത്. ഡിസംബർ മൂന്നിനു നടത്താനിരിക്കുന്ന വധശിക്ഷ ഇന്റർനെറ്റിലൂടെ ലോകത്തെ കാണിക്കാനാണ് പെന്റഗൺ തീരുമാനം.
പല തോക്കുകളിൽനിന്നു ഫയറിംഗ് സ്ക്വാഡ് ഒരേസമയം വെടിയുതിർത്താണു ശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷകൾ പരസ്യമായി നടത്താറുള്ളത് പ്രധാനമായും ഇസ്ലാമിക രാജ്യങ്ങളാണ്. അഫ്ഗാനിസ്ഥാനിലെയും ഇറാനിലെയും തെരുവുകളിൽ ദൈവനാമത്തിൽ അരങ്ങേറുന്ന ഇത്തരം പ്രാകൃത കാഴ്ചകളുണ്ട്. അതേ ശൈലിയിലേക്ക് അമേരിക്ക മാറിയതാണ് വിമർശനത്തിനിടയാക്കുന്നത്. കുട്ടികൾ ഉൾപ്പടെ കാണാനിടയുള്ള ദൃശ്യത്തിനെതിരേ ഐക്യരാഷ്ട്രസഭയും കത്തോലിക്കാ സഭയും വിവിധ രാഷ്ട്രനേതാക്കളും മനുഷ്യാവകാശ സംഘടനകളുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്.
ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി തത്സമയം സംപ്രേഷണം ചെയ്യുന്നത് പരസ്യമായ വധശിക്ഷയ്ക്കു തുല്യമാണെന്നും ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവും മാത്രമല്ല, പീഡനനിരോധനം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുഎൻ മനുഷ്യാവകാശ ഓഫീസ് (ഒഎച്ച്സിഎച്ച്ആർ) വ്യക്തമാക്കി. വധശിക്ഷതന്നെ അംഗീകരിക്കാനാകില്ലെന്നും അതു മനുഷ്യന്റെ അന്തസിനെ ചോദ്യം ചെയ്യുന്നതാണെന്നും, സഭ ഇതിനെ എതിർക്കുന്നുവെന്നുമാണ് ലെയോ പതിനാലാമൻ മാർപാപ്പ പ്രതികരിച്ചത്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പറഞ്ഞത്, മരണത്തെ ഒരു കാഴ്ചവസ്തുവാക്കി മാറ്റുന്നത് തികച്ചും അനുചിതമാണെന്നാണ്. “കുറ്റവാളി എത്ര വലിയ തെറ്റ് ചെയ്ത ആളാണെങ്കിലും, ആധുനിക കാലത്ത് ഇത്തരം രീതികൾ ഉപയോഗിക്കുന്നത് തികച്ചും അവിശ്വസനീയവും അസ്വീകാര്യവുമാണ്.” ഇത്തരം നടപടി ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പുനഃപരിശോധിക്കണമെന്നും അമേരിക്കന് കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷന് ആര്ച്ച്ബിഷപ് പോള് കോക്ലിയും ആവശ്യപ്പെട്ടു.
അത്തരമൊരു സംപ്രേഷണം നടത്തുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും നടത്തിയാൽ താനതു കാണില്ലെന്നുമാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞത്. പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധി ഓസ്റ്റിന് സ്കോട്ട്, ഹസന്റെ ശിക്ഷയെ പിന്തുണച്ചെങ്കിലും വധശിക്ഷകള് ലൈവായി സംപ്രേഷണം ചെയ്യുന്നത് ജിഹാദി സംഘടനകളുടെ രീതിയാണെന്നും അമേരിക്ക അതിനേക്കാള് ഉയര്ന്ന മൂല്യങ്ങള് പുലര്ത്തണമെന്നും അഭിപ്രായപ്പെട്ടു. ഡെമോക്രാറ്റ് സെനറ്റര് മാര്ക്ക് കെല്ലിയും ഹസന് ശിക്ഷിക്കപ്പെടണമെന്നു പറഞ്ഞെങ്കിലും പരസ്യ വധശിക്ഷകള് ഇറാനും താലിബാനും പിന്തുടരുന്ന രീതിയാണെന്നു വിമര്ശിച്ചു.
പ്രാകൃത പ്രഖ്യാപനത്തിലൂടെ ലോകത്തിനു മുന്നിൽ തങ്ങൾ ചെറുതാകുകയാണെന്നു തോന്നിയതിനാലാകാം, വധശിക്ഷ ഓൺലൈനിലൂടെ സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അന്തിമതീരുമാനം എന്തായാലും, വധശിക്ഷതന്നെ ഇല്ലാതാക്കുന്നതിനെക്കുറിച്ചു ലോകം ചർച്ച ചെയ്യവേ അതു പ്രദർശിപ്പിക്കുന്നത് ആധുനിക സംസ്കാരത്തെ ആക്രമിക്കുന്നതിനു തുല്യമാണ്.
വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നയാൾ തീവ്രവാദിയാണോ എന്നതല്ല ഇപ്പോഴത്തെ വിഷയം. അതു കോടതി തെളിയിച്ചുകഴിഞ്ഞു. പക്ഷേ, കൊല്ലുന്നതു കാണാൻ ലോകത്തെ നിർബന്ധിക്കുന്നതും തീവ്രവാദമല്ലേ? ഡിസംബർ മൂന്നിനാണ് വധശിക്ഷ. അമേരിക്ക തീരുമാനത്തിൽനിന്നു പിന്മാറും. ഇല്ലെങ്കിൽ അതൊരു പരിഷ്കൃതലോകമാണെന്ന സങ്കൽപത്തിൽനിന്നു ലോകം പിന്മാറും.
Tags : DEEPIKA EDITORIAL PENTAGON