Editorial Audio
ലോക ജനസംഖ്യയുടെ 49.5 ശതമാനം വരുന്ന നാനൂറ് കോടിയോളം ജനങ്ങൾ അധിവസിക്കുന്ന രാജ്യങ്ങളിലെ നേതാക്കൾ ഒന്നിച്ചിരുന്നു ചർച്ചകൾ നടത്തിയ ബ്രിക്സ് ഉച്ചകോടിയുടെ വിജയം ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വ്യക്തിപരമായും നേട്ടമായി എന്നതിൽ തർക്കമില്ല. രണ്ടു യുദ്ധങ്ങളും ഭീകരപ്രവർത്തനങ്ങളും സാമ്പത്തിക പ്രതിസന്ധികളും അതിർത്തി തർക്കങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളുടമക്കം ആഗോളരംഗത്ത് ഗുരുതരമായ പ്രതിസന്ധികൾ നിലനിൽക്കുന്നതിനിടെയാണ് പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കു ന്യൂഡൽഹി വേദിയായത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്, റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുടിന്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് തുടങ്ങിയ നേതാക്കളെത്തിയതും നിരവധി ഉഭയകക്ഷി ചർച്ചകൾ നടന്നതും ഉച്ചകോടിയുടെ വിജയത്തിനു സാക്ഷ്യമായി.
പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയും ഭീകരവാദത്തെ ശക്തമായി അപലപിച്ചുമുള്ള സംയുക്ത പ്രമേയത്തിന് ഐകകണ്ഠ്യേന അംഗീകാരം കിട്ടയതാണ് ഉച്ചകോടിയുടെ മാറ്റു കൂട്ടിയത്. അന്താരാഷ്ട്ര തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നും യുഎൻ സുരക്ഷാ കൗൺസിലിൽ സമഗ്ര പരിഷ്കാരം അനിവാര്യമാണെന്നും ഉച്ചകോടി ആവശ്യപ്പെടുകയും ചെയ്തു. യുക്രെയ്ൻ യുദ്ധത്തിലെ കക്ഷിയായ റഷ്യയും പശ്ചിമേഷ്യൻ സംഘർഷത്തിലുൾപ്പെട്ട ഇറാനും യുഎഇയും നിലപാട് കടുപ്പിച്ചിരുന്നെങ്കിൽ ഇത്തരമൊരു പ്രമേയം അംഗീകരിക്കപ്പെടില്ലായിരുന്നു. ഇവിടെയാണ് ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയതന്ത്രവിജയത്തിന്റെ പ്രാധാന്യം സുവ്യക്തമാകുന്നത്. എന്നാൽ, 45 പേജുള്ള പ്രമേയത്തിൽ പറയുന്ന 140 പ്രധാന പോയിന്റുകളിൽ എന്തു തുടർനടപടികളുണ്ടാകുമെന്നുകൂടി കാണേണ്ടതുണ്ട്. പറയുന്നതും അംഗീകരിക്കുന്നതുമെല്ലാം സൗകര്യംപോലെ മറക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്ന രാഷ്ട്രത്തലവന്മാരെയാണ് ഇന്ന് ലോകത്തിൽ കൂടുതലായി കാണുന്നത്.
സംഘർഷത്തിലുൾപ്പെട്ട രാജ്യങ്ങളെ പേരെടുത്തു പരാമർശിക്കാത്തത് ബലഹീനതയാണെന്ന് വിമർശിക്കാമെങ്കിലും ലോകസമാധാനത്തിനുള്ള ചർച്ചകൾ മുമ്പോട്ടു കൊണ്ടുപോകുന്നതിന് ബ്രിക്സ് ഉച്ചകോടിയുടെ ന്യൂഡൽഹി പ്രഖ്യാപനം വഴിതെളിക്കുമെന്നതിൽ തർക്കമില്ല. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് പുതിയ പ്രതീക്ഷകൾ നൽകാൻ ഉച്ചകോടിക്കായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും അബുദാബിയുടെ കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദും തമ്മിൽ നടന്ന ചർച്ച പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നതിനു സഹായകമാകും.ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ചർച്ചകളും പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ, ചൈനയ്ക്കു മുന്നിൽ ഇന്ത്യ കീഴടങ്ങിയെന്നും അതിർത്തിത്തർക്കത്തിൽ അനുകൂല സമീപനം നേടാനായില്ലെന്നുമാണ് പ്രതിപക്ഷ വിമർശനം. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സൈനിക സഹകരണങ്ങളെയും അതിർത്തിയിലെ വെല്ലുവിളികളെയുംകുറിച്ച് പ്രധാനമന്ത്രി മൗനംപാലിച്ചെന്നാണ് കോൺഗ്രസ് വിമർശിച്ചത്. നരേന്ദ്ര മോദിയും ഷി ജിൻപിംഗും 50 മിനിറ്റോളം നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളും അതിർത്തിയിലെ സമാധാനാന്തരീക്ഷവും പ്രധാന അജൻഡയായെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യ-ചൈന ബന്ധം കൂടുതൽ മെച്ചപ്പെട്ട പാതയിലാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം, ഇന്ത്യയുടെ ഭൂപ്രദേശത്ത് ചൈന വ്യാപകമായി കൈയേറ്റം നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് ഉഭയകക്ഷി ചർച്ചയിൽ വ്യക്തമായ ഉത്തരമുണ്ടാകാത്തത് പോരായ്മതന്നെയാണ്.
ഗാസയിൽ വെടിനിർത്തൽ തുടരണമെന്നും ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ശാശ്വതവും നീതിപൂർവകവുമായ പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെടുന്ന ഉച്ചകോടി സാമ്പത്തിക ഉപരോധങ്ങളെയും പരാമർമർശിച്ചു. ആഗോള അധികാരശ്രേണി മാറ്റണമെന്നും ലോകവളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നവർക്ക് ഭരണപങ്കാളിത്തത്തിന് അവകാശമുണ്ടെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത് വികസിത രാജ്യങ്ങൾക്ക് ഹിതകരമാകില്ലെങ്കിലും യാഥാർഥ്യമാണ്. അടുത്തിടെ മിന്നൽപ്രളയമുണ്ടായപ്പോൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണിതെന്നും അതിന്റെ ഉത്തരവാദിത്വം വികസിത രാജ്യങ്ങൾക്കാണെന്നും നേപ്പാൾ ചൂണ്ടിക്കാട്ടിയിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി പരിഷ്കരണം വൈകരുതെന്ന് മോദി ഓർമിപ്പിക്കുകയുമുണ്ടായി. എന്നാൽ, ഐക്യരാഷ്ട്ര സംഘടനയുടെ നിലനിൽപുതന്നെ പരുങ്ങലിലായ കാലത്ത് ഇത്തരമൊരു പരിഷ്കരണം എന്തുഗുണം ചെയ്യുമെന്നതാണ് ചോദ്യം.
വികസനവും പ്രൗഢിയുമെല്ലാം ഉയർത്തിക്കാട്ടി ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് വേദിയൊരുക്കുകയും വൻ വിജയമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും ന്യൂഡൽഹിയിൽ ലോകനേതാക്കൾ സഞ്ചരിക്കുന്ന പാതകൾക്കരികിലെ ചേരിപ്രദേശങ്ങളുടെ ദൈന്യത മറയ്ക്കാൻ നടത്തിയ ശ്രമങ്ങൾ ഭരണകൂടത്തോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. സാമ്പത്തികവളർച്ചയുടെയും ആഗോളതലത്തിലെ ഉയർന്ന പങ്കാളിത്തത്തിന്റെയും ഗുണഫലങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തുന്നില്ല എന്ന യാഥാർഥ്യത്തെയാണ് ഇവിടെ പാഴ്ത്തുണികൊണ്ടു മറയ്ക്കാൻ ശ്രമിക്കുന്നത്. 2020 ഫെബ്രുവരിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗുജറാത്ത് സന്ദർശനവേളയിലും ഇതുപോലെ അഹമ്മദാബാദിലെ ചേരിപ്രദേശം മതിൽ കെട്ടി മറച്ചിരുന്നു. ആഗോളതലത്തിൽ നീതിയും അംഗീകാരവും വേണമെന്ന് ആവശ്യപ്പെടുന്ന രാജ്യംതന്നെയാണ് സ്വന്തം പൗരന്മാർക്ക് അസമത്വവും അനീതിയും ‘സമ്മാനിക്കുന്നതും’ അതിനെ മറയ്ക്കുള്ളിലാക്കാൻ വ്യഗ്രതപ്പെടുന്നതും. ഇത്തരം ഇരട്ടത്താപ്പുകൾക്ക് അറുതിവരുത്താനും ലോകത്തിനു മുന്നിൽ സുതാര്യതയോടെ തലയുയർത്തി നിൽക്കാനുമുള്ള ആർജവംകൂടി ബ്രിക്സ് ഉച്ചകോടിയുടെ അനന്തരഫലമാകട്ടെയെന്ന് ആശിക്കാം.
Tags : Deepika Editorial LatestNews