പിണറായി വിജയൻ
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിൽ ഗൂഢാലോചനയുടെ സാധ്യതകളും പരിശോധിക്കുന്നു.
അഡ്വക്കറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും സംയുക്തമായാണ്, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിലെ നിയമവശം പരിശോധിക്കുന്നത്.
എജി നടത്തിയ നിയമപരിശോധനയിൽ, ഇഡിയുടെ കത്തിൽ പിണറായിക്കെതിരേ വിജിലൻസ് കേസെടുക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നായിരുന്നു പ്രാഥമിക നിഗമനം. അദ്ദേഹം ഇക്കാര്യം സർക്കാരിനെ അറിയിച്ചു. തുടർന്നാണ് ഡിജിപിയുമായി ചർച്ച ചെയ്തു നിയമോപദേശം തയാറാക്കാൻ നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത നിയമപരിശോധനയിലാണ് ഗൂഢാലോചനയിലെ നിയമവശം പരിശോധിക്കുന്നത്. അങ്ങനെയെങ്കിൽ 120(ബി) പ്രകാരം കേസെടുക്കാനാകും.
എന്നാൽ, പിണറായി വിജയന് ഗൂഢാലോചനയിലെ പങ്ക് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇഡിയുടെ കത്തിൽ ലഭ്യമാണോ എന്നു വ്യക്തമല്ല.
ഹവാല ഇടപാടിൽ ടി. വീണയ്ക്കെതിരേ കേസെടുക്കാനാകുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുൻ മന്ത്രി മുഹമ്മദ് റിയാസിനും പണം കൈമാറിയ സുഹൃത്തുക്കൾക്കുമെതിരേ കേസെടുക്കാനാകുമോ എന്നതിൽ പരിശോധന നടന്നുവരികയാണ്.
നിയമോപദേശം ഇന്നു സർക്കാരിനു കൈമാറിയേക്കും. വിദേശത്തുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17നു മടങ്ങിയെത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജിലൻസ് അന്വേഷണത്തിനാകും നൽകുക.
Tags : possibility PinarayiVijayan conspiracy EDLetter Examined Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash