പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്തു വളങ്ങള്‍ക്ക് വില വര്‍ധിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍. കൃഷിക്ക് കൂടുതലായി ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവയ്ക്ക് ഇരട്ടിയിലധികമാണു വില വര്‍ധിച്ചത്.
യുദ്ധവും കേന്ദ്രസര്‍ക്കാര്‍ രാസവള കമ്പനികള്‍ക്കു നല്‍കിയിരുന്ന സബ്സിഡി കുറച്ചതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കാര്‍ഷികോത്പന്നങ്ങള്‍ക്കു ന്യായവില ലഭിക്കാത്ത സാഹചര്യത്തില്‍ വളത്തിന്റെ വിലവര്‍ധന കര്‍ഷകര്‍ക്ക് അമിതഭാരമാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ചാക്ക് ഫാക്ടംഫോസിന് 1,425 രൂപയായിരുന്നു വില. ഇപ്പോഴത് 2,350 രൂപയായി. 1,500 രൂപയായിരുന്ന പൊട്ടാഷിന് 2,300 രൂപയായി. കുമിള്‍നാശിനിയായ തുരിശിന്റെ വില 210ല്‍നിന്ന് 540ലേക്ക് കുതിച്ചുയർന്നു.നിലവില്‍ സബ്സിഡി ഉള്ളതിനാല്‍ യൂറിയയ്ക്കു മാത്രമാണ് വില വര്‍ധിക്കാത്തത്.
വിലനിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ പരിധിയിലാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അടിയന്തരമായി സബ്സിഡി പുനഃസ്ഥാപിച്ച് വില നിയന്ത്രിച്ചില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണു കര്‍ഷകര്‍.
ഉത്പന്നങ്ങള്‍ക്കു ന്യായവില ലഭിക്കാത്തതിനൊപ്പം ഉത്പാദനച്ചെലവ് ഇരട്ടിയാകുന്നത് കാര്‍ഷികമേഖലയെ പൂര്‍ണമായും തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.
Tags : Farmers concerned rising FertilizerPrices Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash