x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20
JUN
2026

ല​ക്ഷ്യം പു​തു​യു​ഗ കേ​ര​ളം; ഇ​നി വേ​ണ്ട​ത് ഇ​ച്ഛാ​ശ​ക്തി

Editorial Audio


Published: June 20, 2026 12:00 AM IST | Updated: June 19, 2026 10:42 PM IST

പു​തു​യു​ഗ കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള സ്വ​പ്ന​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​ന്നി​ബ​ജ​റ്റി​ലൂ​ടെ ധ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല കൂ​ടി വ​ഹി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ മു​ന്നോ​ട്ടു​വ​ച്ച​ത്. അ​ധി​ക നി​കു​തി​നി​ർ​ദേ​ശ​ങ്ങ​ളി​ല്ല. വി​വാ​ദ​ങ്ങ​ളൊ​ഴി​വാ​ക്കാ​നു​ള്ള ക​രു​ത​ൽ.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​പ​രി​ഷ്ക​ര​ണം പോ​ലു​ള്ള അ​ധി​ക​ബാ​ധ്യ​ത​ക​ൾ ഏ​റ്റെ​ടു​ക്കാ​തെ ക​ര​യി​ലും ക​ട​ലി​ലും ആ​കാ​ശ​ത്തി​ലു​മാ​യി ഒ​ട്ടേ​റെ സ്വ​പ്ന​തു​ല്യ​മാ​യ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ. കേ​ര​ള​ത്തെ 25 വ​ർ​ഷം മു​ന്നോ​ട്ടു ന​യി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം. അ​ത്ര​യും ന​ല്ല​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​കാ​വ​സ്ഥ​യു​ടെ ധ​വ​ള​പ​ത്രം നേ​ര​ത്തേ ക​ണ്ട​താ​ണ്. ഇ​നി വേ​ണ്ട​ത് ഇ​ച്ഛാ​ശ​ക്തി​യാ​ണ്.

വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​നും പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ദൃ​ഢ​നി​ശ്ച​യം. വി​ക​സ​ന​ത്തി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​ണ് ബ​ജ​റ്റി​ൽ മു​ൻ​ഗ​ണ​ന. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വി​സ്മ​യ​മി​ല്ലെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഡി​എ​യും (ക്ഷാ​മ​ബ​ത്ത), ഡി​ആ​റും (ക്ഷാ​മാ​ശ്വാ​സം) മു​ട​ക്കം കൂ​ടാ​തെ കൃ​ത്യ​മാ​യി ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ട്. എ​ന്നാ​ൽ കു​ടി​ശി​ക​യു​ടെ കാ​ര്യം മി​ണ്ടി​യി​ട്ടി​ല്ല.

ഇ​തോ​ടെ അ​ടു​ത്ത ഒ​ന്പ​തു മാ​സ​ത്തി​ന​കം ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ര​ണ്ട് ഗ​ഡു ഡി​എ​യും ഡി​ആ​റും ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പേ​രി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി, ഭൂ​മി​യു​ടെ ന്യാ​യ​വി​ല പു​തു​ക്ക​ൽ, സ്വ​കാ​ര്യ​നി​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ൽ, മി​ഷ​ൻ സ​മു​ദ്ര, കേ​ര​ള നോ​ള​ജ് വാ​ലി, വ​യ​നാ​ട് ട്രൈ​ബ​ൽ സ​ർ​വ​ക​ലാ​ശാ​ല, കി​ഫ്ബി പ​രി​ഷ്ക​ര​ണം, മ​ല​ബാ​റി​ൽ പു​തി​യ സ്റ്റേ​ഡി​യം, കൊ​ച്ചി​യി​ൽ ഫി​ലിം സി​റ്റി, കോ​ഴി​ക്കോ​ട്ട് ക​ൾ​ച്ച​റ​ൽ പാ​ർ​ക്ക്... ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ അ​നേ​ക​മാ​ണ്.

ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച സ്വ​പ്ന​പ​ദ്ധ​തി​ക​ളെ​ല്ലാം യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ ഭാ​വ​ന​യും ക​ഠി​നാ​ധ്വാ​ന​വും കു​റ​ച്ച​ധി​കം വേ​ണ്ടി​വ​രും. സ്വ​കാ​ര്യ മൂ​ല​ധ​നം വ​രാ​തെ ര​ക്ഷ​യി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ‍​യു​ന്ന​ത്. സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നു​ള്ള സ​മ്പൂ​ർ​ണ​മാ​യ ക​രു​ത​ലാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ന്‍റെ ആ​കെ​ത്തു​ക​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​ക്ഷേ​പം.

സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് ന​യ​മെ​ന്നു മു​ഖ്യ​മ​ന്ത്രി തി​രി​ച്ച​ടി​ക്കു​ന്നു. മ​റ്റ് അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളൊ​ക്കെ ചെ​യ്യു​ന്ന​തും അ​താ​ണ്. അ​ങ്ങ​നെ​യാ​ണ് അ​വി​ട​ങ്ങ​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടാ​കു​ന്ന​തെ​ന്നു കാ​ണാ​തി​രു​ന്നു​കൂ​ടാ. മു​ഖ്യ​മ​ന്ത്രി വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ അ​വ​ത​രി​പ്പി​ച്ച മി​ഷ​ൻ സ​മു​ദ്ര​യ്ക്ക് 400 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വ​ച്ച​ത്.

അ​വി​ടെ​യും സ്വ​കാ​ര്യ​നി​ക്ഷേ​പം വ​ന്നി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി വെ​ള്ള​ത്തി​ൽ വ​ര​ച്ച വ​ര​യാ​കും. മാ​രി​ടൈം സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റു​മെ​ന്ന ആ​ശ​യം ഏ​തു നി​ല​യി​ലും സ്വാ​ഗ​താ​ർ​ഹം​ത​ന്നെ. തീ​ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ൽ സം​വ​ര​ണം ന​ല്കു​മെ​ന്നും പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് മി​ഷ​ൻ സ​മു​ദ്ര പ്ര​ഖ്യാ​പി​ച്ച​തെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

മ​ണ്ണെ​ണ്ണ സ​ബ്സി​ഡി​യി​ലു​ള്ള വ​ർ​ധ​ന അ​പ​ര്യാ​പ്ത​മാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. ബ്ലൂ ​ഇ​ക്കോ​ണ​മി ന​യ​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ ശ​ബ്ദ​വും കേ​ൾ​ക്കാ​തി​രു​ന്നു​കൂ​ടാ. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം നി​യ​മ​സ​ഭ​യി​ലെ ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ വ്യ​ക്ത​ത വ​രു​മെ​ന്നു ക​രു​താം.

ടൂ​റി​സ​ത്തെ വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ദീ​ർ​ഘ​കാ​ല ആ​വ​ശ്യം സ​ർ​ക്കാ​ർ ഇ​ക്കു​റി ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്നു. വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം.

തോ​ട്ടം മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ്ഥ​ലം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​മെ​ന്നും പ​റ​യു​ന്നു​ണ്ട്. ഈ ​തീ​രു​മാ​ന​ങ്ങ​ൾ ടൂ​റി​സം മേ​ഖ​ല​യി​ൽ കാ​ലാ​നു​സൃ​ത മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം.

യു​വാ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ കു​ടി​യേ​റ്റം അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ഖ്യാ​പി​ച്ച നി​ര​വ​ധി പ​ദ്ധ​തി​ക​ൾ സ്വാ​ഗ​താ​ർ​ഹ​മെ​ങ്കി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യെ ആ​ശ്ര​യി​ക്കാ​തെ മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ല. സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ ത്രൈ​മാ​സ നി​കു​തി പ​കു​തി​യാ​ക്കി​യ​ത് പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്ര​യോ​ട് സ്വ​കാ​ര്യ​ബ​സു​കാ​ർ​ക്കു​ള്ള എ​തി​ർ​പ്പ് കു​റ​യ്ക്കാ​നാ​ണെ​ന്ന് വ്യ​ക്തം.

വാ​ഹ​ന​നി​കു​തി​യി​ൽ പ്ര​ഖ്യാ​പി​ച്ച ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​മാ​ന​മു​യ​ർ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച നി​കു​തി​യി​ള​വ് സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ ത​ക​ർ​ച്ച​യി​ൽ​നി​ന്നു ക​ര​ക​യ​റ്റി​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ഇ​തു​കൊ​ണ്ട് ഡീ​സ​ൽ വി​ല​വ​ർ​ധ​ന, കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ​യാ​ത്ര​യി​ലൂ​ടെ​യു​ണ്ടാ​യ യാ​ത്ര​ക്കാ​രു​ടെ കു​റ​വ് എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള പ്ര​തി​ദി​ന​ന​ഷ്ടം മ​റി​ക​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ വാ​ദം. അ​വ​രെ​യും സ​ർ​ക്കാ​ർ കേ​ൾ​ക്കേ​ണ്ട​തു​ണ്ട്.

റ​ബ​ർ താ​ങ്ങു​വി​ല 50 രൂ​പ വ​ർ​ധി​പ്പി​ച്ച​ത് മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​കും. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​ട്ടി​ല്ല. അ​തു​പോ​ലെ കു​ട്ട​നാ​ടി​ന് ബ​ജ​റ്റി​ൽ ഒ​ന്നു​മി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.

വി​മ​ർ​ശ​ന​ങ്ങ​ളെ ധാ​ർ​ഷ്‌​ട്യ​ത്തോ​ടെ നേ​രി​ടു​ന്ന മു​ൻ സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​നം ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ക​ർ​ഷ​ക​ർ​ക്കും മ​ല​യോ​ര​വാ​സി​ക​ൾ​ക്കു​മു​ള്ള​ത്. ആ ​പ്ര​തീ​ക്ഷ​യ്ക്കും പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന കാ​ര്യം ബ​ജ​റ്റി​നു ശേ​ഷ​വും മ​റ​ന്നു​പോ​ക​രു​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വി​ളി​ച്ചോ​തു​ന്ന കാ​ര്യ​ങ്ങ​ളും ബ​ജ​റ്റി​ലു​ണ്ട്. അ​ധി​ക​ച്ചെ​ല​വു​ള്ള​തൊ​ന്നും പ്ര​ഖ്യാ​പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി തു​നി​ഞ്ഞി​ട്ടി​ല്ല.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം മൂ​ളി​യൊ​തു​ക്കി. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു കൊ​ടു​ക്കു​മെ​ന്നു പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ സ്കോ​ള​ർ​ഷി​പ്പും ത​ത്കാ​ലം ഒ​ഴി​വാ​ക്കി. അ​തു​പോ​ലെ മ​റ്റു പ​ല കാ​ര്യ​ങ്ങ​ളും വി​ഴു​ങ്ങേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞു ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ​തീ​ശ​ൻ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് എ​ണ്ണി​യെ​ണ്ണി മ​റു​പ​ടി പ​റ​യാ​ൻ അ​ദ്ദേ​ഹം മ​ടി​ച്ചി​ല്ല.

ഈ ​ആ​വേ​ശ​വും ആ​ത്മ​വി​ശ്വാ​സ​വും തു​ട​ർ​ന്ന​ങ്ങോ​ട്ടും കാ​ണി​ച്ചി​ല്ലെ​ങ്കി​ൽ അ​ത്ര എ​ളു​പ്പ​മാ​കി​ല്ല ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റ്. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്ന​തും ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രി​ക്കു​ന്ന​തും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം അ​റി​യാ​ത്ത​യാ​ള​ല്ല​ല്ലോ മു​ഖ്യ​മ​ന്ത്രി.

Tags : EDITORIAL

Recent News

Corehub Up