കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതിയെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
വിവാദ സ്ക്രീൻഷോട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്കർ തന്നെയാണെന്നും ഇത് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉണ്ടാക്കി വ്യാപകമായി പ്രചരിപ്പിച്ചതെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിൽ നിന്നാണ് കേസിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
എന്നാൽ പ്രതി തന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ചതായി എസ്ഐടി വ്യക്തമാക്കി. ജില്ലാ ഫോറൻസിക് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഫോണിലെ ഡാറ്റകൾ പൂർണമായി മായ്ക്കപ്പെട്ടതായി കണ്ടെത്തിയത്.
ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോൺ ഫോറൻസിക് ലാബിലേക്ക് അയക്കാനാണ് എസ്ഐടിയുടെ നീക്കം. നിലവിൽ മൊബൈൽ ഫോൺ കോടതിയുടെ കസ്റ്റഡിയിലാണുള്ളത്. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫോൺ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.
അതേസമയം ജിതിന് ഭാസ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യാനും എസ്ഐടി നീക്കം നടത്തുന്നുണ്ട്. തിങ്കളാഴ്ച വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
കാഫിര്‍ സ്ക്രീന്‍ഷോട്ട് ജിതിന് ഭാസ്കര്‍ ആദ്യം വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് റെഡ് എന്‍കൗണ്ടര്‍ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം.
Tags : kafir screenshot jithin bhaskar remanded