ഡോ. എം.പി. പരമേശ്വരന്റെ ഭൗതികദേഹത്തിനു പോലീസ് സേന ഗാർഡ് ഓഫ് ഓണർ നൽകുന്നു.
തൃശൂർ: ആണവശാസ്ത്രജ്ഞനും ഇടതുചിന്തകനും മനുഷ്യസ്നേഹിയുമായ ഡോ. എം.പി. പരമേശ്വരനു വിടയേകി ജന്മനാട്. തൃശൂരിലെ വസതിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.
തൊണ്ണൂറ്റിരണ്ടാം പിറന്നാൾ കഴിഞ്ഞു രണ്ടുദിവസത്തിനുശേഷമാണ് അദ്ദേഹം വിടപറഞ്ഞത്. ഭാര്യ ഭവാനിയും മക്കളായ അരുണും വിപിനും ബന്ധുക്കളും അദ്ദേഹത്തിനു പ്രണാമം അർപ്പിച്ചു.
പ്രിയപ്പെട്ട എം.പിയെ അവസാനമായി ഒരു നോക്കുകാണാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേർ കോട്ടപ്പുറത്തെ വീട്ടിലെത്തി. ഉച്ചയ്ക്ക് ഒന്നോടെ ഡോ. എം.പി. പരമേശ്വരന്റെ മൃതദേഹത്തിനു സർക്കാർബഹുമതിയായി പോലീസ് ഗാർഡ് ഓഫ് ഓണർ സമർപ്പിച്ചു.
സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയനേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ മന്ത്രിമാരായ തോമസ് ഐസക്ക്, ആർ. ബിന്ദു, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ, യുഡിഎഫ് ജില്ലാ കണ്‍വീനർ ടി.വി. ചന്ദ്രമോഹൻ, സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ, പി.കെ. ബിജു, പി.വി. കൃഷ്ണൻ നായർ, സി.പി. നാരായണൻ, എസ്. ശർമ, കെ. പാപ്പുട്ടി തുടങ്ങി നിരവധിപേർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു.തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടത്തി.
Tags : DrMPParameshwar Birthplace Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash