പ്രതീകാത്മക ചിത്രം
കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ പോലീസ് - ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ (സിഡബ്ല്യുസി) തമ്മില്‍ ഏകോപനം കാര്യക്ഷമമല്ലാത്തതു പോക്സോ അതിജീവിതരുടെ സംരക്ഷണത്തെയും പുനരധിവാസത്തെയും ബാധിക്കുന്നു.
2012ലെ പോക്സോ ആക്ടിലെ 19 (6)ാം വകുപ്പ് പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിവരം 24 മണിക്കൂറിനകം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും പോലീസ് രജിസ്റ്റര്‍ചെയ്ത കേസുകളുടെയും സിഡബ്ല്യുസികള്ക്കു റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെയും എണ്ണത്തില്‍ വര്‍ഷങ്ങളായി വലിയ അന്തരമാണു നിലനില്‍ക്കുന്നത്.
2025ല്‍ സംസ്ഥാനത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തത് 4,765 പോക്സോ കേസുകളാണ്. എന്നാല്‍, ഇതേ കാലയളവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്കു റിപ്പോര്‍ട്ട് ചെയ്തത് 2,901 കേസുകള്‍ മാത്രം. കേസുകള്‍ കൃത്യസമയത്ത് സിഡബ്ല്യുസികളുടെ ശ്രദ്ധയില്‍പ്പെടാത്തത് അതിജീവിതരായ കുട്ടികള്‍ക്കു ലഭിക്കേണ്ട സംരക്ഷണം, കൗണ്‍സലിംഗ്, പുനരധിവാസം, നിയമസഹായം തുടങ്ങിയ പിന്തുണാ സംവിധാനങ്ങളില്‍നിന്ന് അവര്‍ പുറത്താകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
പോക്സോ കേസുകളില്‍ കുട്ടിയുടെ താത്പര്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്കി ഇടപെടേണ്ടത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ പ്രധാന ഉത്തരവാദിത്വമാണ്.
കുട്ടിക്കു സുരക്ഷിതമായ താമസസൗകര്യം ആവശ്യമുണ്ടോ?, കുടുംബാന്തരീക്ഷം സുരക്ഷിതമാണോ?, കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള മാനസിക പിന്തുണ ആവശ്യമുണ്ടോ?, പുനരധിവാസത്തിനായി എന്തു നടപടികളാണു വേണ്ടത്? തുടങ്ങിയ കാര്യങ്ങളില്‍ സിഡബ്ല്യുസി ഇടപെടല്‍ നിര്‍ണായകമാണ്.
എന്നാല്‍, കേസ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടാതെ പോയാല്‍ ഇത്തരം ഇടപെടലുകള്‍ വൈകുകയോ പൂര്‍ണമായും നഷ്ടപ്പെടുകയോ ചെയ്യാം. ഒരു കേസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതോടെ നിയമനടപടികള്‍ ആരംഭിക്കുന്നുണ്ടെങ്കിലും, കുട്ടിയുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകള്‍ക്കു സിഡബ്ല്യുസിയുടെ സജീവ പങ്കാളിത്തം ആവശ്യമാണ്.
2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 2,901 പോക്സോ കേസുകളില്‍ തിരുവനന്തപുരം ജില്ലയാണ് മുന്നില്‍ -399. 388 കേസുകളുമായി മലപ്പുറവും 240 കേസുകളുമായി പാലക്കാടും തൊട്ടു പിന്നില്‍ നില്ക്കുന്നു. അതിജീവിതരില്‍ 2,573 (89 ശതമാനം) പെണ്‍കുട്ടികളും 328 (11 ശതമാനം) ആണ്‍കുട്ടികളുമാണ്.
Tags : Police CWC Coordination POCSO Survivors NotSupport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash