Kerala
മഞ്ചേരി: കരാട്ടെ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന രണ്ടു കേസുകളില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. വാഴക്കാട് ഊര്‍ക്കടവ് വലിയാട്ട് വീട്ടില്‍ സിദ്ദീഖ് അലി (49) യെയാണ് ജഡ്ജി എ.എം. അഷ്റഫ് വെറുതെ വിട്ടത്. കരാട്ടെ അധ്യാപകനില്‍ നിന്നുണ്ടായ ശാരീരിക മാനസിക പീഡനത്തെതുടര്‍ന്ന് 2024 ഫെബ്രുവരി 19ന് പെണ്‍കുട്ടി ചാലിയാര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരിശീലകനെതിരെ പീഡന പരാതിയുമായെത്തി. 17കാരി ഡോക്ടര്‍ക്ക് 14 പേജുള്ള പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2024 ഏപ്രില്‍ അഞ്ചിന് അറസ്റ്റിലായ പ്രതിയെ കാപ്പ ചുമത്തി കോഴിക്കോട് ജയിലിലും പിന്നീട് വിയ്യൂര്‍ ജയിലിലും അടച്ചിരുന്നു. പരിശീലകനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടു പോക്സോ കേസുകളിലാണ് ഇപ്പോള്‍ വിധി വന്നിട്ടുള്ളത്.
കുറ്റാരോപിതൻ ഭാര്യയും മക്കളും അടങ്ങുന്ന വീടിന്റെ ഓപ്പണ്‍ ടെറസിലാണ് കരാട്ടെ ക്ലാസ് നടത്തിയിരുന്നതെന്നും പകല്‍ സമയത്ത് നടന്നുവരുന്ന ക്ലാസില്‍ ഓരോ ബാച്ചിലും 25ഓളം പെണ്‍കുട്ടികള്‍ അഭ്യസിച്ചു വന്നിരുന്നുവെന്നും മൂന്ന് വനിതാ പരിശീലകര്‍ ഉണ്ടായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ ലൈംഗിക പീഡനം നടന്നുവെന്നത് വിശ്വസനീയമല്ലെന്നും പ്രതിക്ക് വേണ്ടി ഹാജരായ ഐ.ടി. നജീബ് വാദിച്ചു.
2021 മാര്‍ച്ച് മാസത്തില്‍ ഏതാനും വിദ്യാര്‍ഥികളെ അച്ചടക്ക ലംഘനത്തിന് ക്ലാസില്‍ നിന്നു പുറത്താക്കിയിരുന്നു. ഈ വിദ്യാര്‍ഥികള്‍ നടത്തിയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും ക്ലാസില്‍ സിസിടിവി കാമറയുണ്ടെന്ന് പോലീസിന്റെ മഹസറിലും വില്ലേജ് ഓഫീസറുടെ സ്കെച്ചിലും ഉണ്ടെങ്കിലും ഒരു ദൃശ്യം പോലും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. മാത്രമല്ല പീഡന പരാതി നല്കാന് ഒന്നര വര്ഷത്തോളമെടുത്തുവെന്നതും കേസിന് പ്രതികൂലമായി.
District News
കൽപ്പറ്റ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് ജീവപര്യന്തം തടവും 1,35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2023ലാണ് കേസിന് ആസ്പദമായ സംഭവം. പടിഞ്ഞാറത്തറ പോലീസ് ഇൻസ്പെക്ടറായിരുന്ന ആർ. ബിജുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
Kerala
കോഴിക്കോട്: ഓഖ - എറണാകുളം എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റെയിൽവേ ബെഡ് റോൾ ജീവനക്കാരൻ പിടിയിലായി. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ നൻഹക്കുവിനെയാണ് (30) കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് മേൽ പോക്സോ നിയമപ്രകാരം കേസെടുത്തു.
കുട്ടിയും കുടുംബവും ട്രെയിനിൽ യാത്ര ചെയ്യവെയാണ് സംഭവം. ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാനായി പുറത്തിറങ്ങി. ഈ സമയം നോക്കി പ്രതി കുട്ടിയുടെ അടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. അമ്മ തിരികെ എത്തിയപ്പോൾ കുട്ടി വിവരം അറിയിക്കുകയും തുടർന്ന് കോഴിക്കോട് റെയിൽവേ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. കോഴിക്കോട് വെച്ച് ഇയാളെ കണ്ടെത്താനായില്ലെങ്കിലും പിന്നീട് എറണാകുളത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
District News
തൃപ്രയാർ: സ്കൂൾവിട്ട് വീട്ടിലേക്കു നടന്നുപോവുകയായിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കയ്പമംഗലം പുന്നക്കൽചാൽ കൈതവളപ്പിൽ വീട്ടിൽ ശ്രീരാഗിനെ(29)യാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി രമ്യ മേനോൻ ശിക്ഷിച്ചത്.
2023ൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. വലപ്പാട് സിഐ കെ.എസ്. സുശാന്ത് രജിസ്റ്റർചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ കെ.സലിമാണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്.
ജിഎഎസ്ഐ ഭരതനുണ്ണിയും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. സൂരജ് കോടതിയിൽ ഹാജരായി. വിചാരണ വേളയിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ കോടതിയിൽ ഹാജരാക്കുകയുംചെയ്തു.
Sports
ബംഗളൂരു: പോക്സോ കേസിൽ ഉൾപ്പെട്ട പേസർ യാഷ് ദയാലിനെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിൽ നിന്ന് ഒഴിവാക്കി. യാഷ് ദയാൽ നിലവിൽ ആര്‍സിബിയുമായി കരാറിലുള്ള കളിക്കാരനാണെങ്കിലും ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ ടീമിന്റെ ഭാഗമാകില്ലെന്ന് ടീം മാനേജുമെന്റ് വ്യക്തമാക്കി.
കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി അഞ്ചു കോടി രൂപയ്ക്കാണ് ആർസിബി യാഷ് ദയാലിനെ നിലനിർത്തിയത്. എന്നാൽ യാഷ് ദയാലിനെതിരെയുള്ള ക്രിമിനല്‍ കേസുകൾ നിലനിൽക്കെ നിലനിര്‍ത്താനുള്ള തീരുമാനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
മാർച്ച് 18ന് ആരംഭിച്ച ആർസിബിയുടെ പരിശീലന ക്യാമ്പിൽ നിന്ന് യാഷ് ദയാൽ വിട്ടുനിന്നിരുന്നു. യാഷ് ദയാലിനെരെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ടീമിൽ നിന്നുള്ള പുറത്താകലിന് കാരണമായതെന്നാണ് സൂചന.
Kerala
ആലപ്പുഴ: പുന്നപ്രയിൽ 14 വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു. പെൺകുട്ടി സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ പിതാവടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പോലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സിഡബ്ല്യൂസിയുടെ സംരക്ഷണയിലേക്ക് മാറ്റി.
2022ലാണ് കുട്ടിയെ പിതാവിന് കൈമാറുന്നത്. പിതാവ് കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് സഹോദരിയുടെ വീട്ടിലേക്കാണ്. ഇവിടെ വച്ചാണ് വർഷങ്ങൾ നീണ്ട ലൈംഗിക വൈകൃതത്തിന് പിതാവ് മകളെ ഇരയാക്കിയത്. ഇത് കൂടാതെ പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു.
പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്. പെൺകുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനം വിവരം തുറന്നു പറഞ്ഞു. ഇതോടെയാണ് പോലീസിലേക്ക് സംഭവമെത്തുന്നത്. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതോടെ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായി.
പിതാവ് ഉൾപ്പടെ നാല് പേർക്കെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിതാവിന്റെ ബന്ധുവിനെ കൂടി പിടികൂടാനുണ്ട്. പെൺകുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിന്റെ സംരക്ഷണയിലേക്ക് മാറ്റി.
District News
ചെറുതോണി: ഇടുക്കിയിലെ പോക്സോ അതിവേഗ കോടതികൾ നിർത്തലാക്കുന്നു. ഇടുക്കി, ദേവികുളം, കട്ടപ്പന, തൊടുപുഴ എന്നീ നാലു പോക്സോ അതിവേഗ കോടതികളാണ് ജില്ലയിലുള്ളത്. ഈ കോടതികളിലായി നൂറുകണക്കിനു കേസുകളാണു വിധി കാത്തുകിടക്കുന്നത്. ഇടുക്കി കോടതിയിൽ മാത്രം അൻപതിലധികം കേസുകൾ തീർപ്പാക്കാനുണ്ട്. കോടതിയുടെ പ്രവർത്തന കാലാവധി മാർച്ച് 31ന് അവസാനിക്കും. നിലവിലുള്ള കേസുകൾ ജില്ലാ കോടതിയിലേക്കു മാറ്റാനാണ് തീരുമാനം.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി 2019ലാണ് പോക്സോ അതിവേഗ കോടതികൾ ആരംഭിച്ചത്. നിർഭയഫണ്ടിൽനിന്നാണ് കേന്ദ്രസർക്കാർ ഇതിനു ധനസഹായം നൽകുന്നത്. കോടതികളുടെ പ്രവർത്തനച്ചെലവിന്റെ 60 ശതമാനവും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്.
ഓരോ പോക്സോ അതിവേഗ കോടതിയിലും ജുഡീഷ്യൽ ഓഫീസറോടൊപ്പം അഞ്ച് ജീവനക്കാരാണുള്ളത്. ഇതിൽ നാലുപേർ താത്കാലിക ജീവനക്കാരാണ്. ജുഡീഷ്യൽ ഓഫീസർമാരെ താത്കാലിക സ്ഥാനക്കയറ്റം നൽകിയാണ് നിയമിച്ചിരിക്കുന്നത്. നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിലും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കോടതിയുടെ കാലാവധി നീട്ടണമെന്നു ശിപാർശ ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാർ കോടതികൾ അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ്.
Kerala
പാലക്കാട്: മലമ്പുഴയിൽ സ്കൂള്‍ വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ.
പീഡന വിവരം പോലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അധ്യാപികയ്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് കണ്ടെത്തൽ.
അതേസമയം, കേസിൽ പ്രതിയായ അധ്യാപകനെ പുറത്താക്കാൻ എഇഒ ശിപാർശ നൽകും. സ്കൂള്‍ മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.
പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവച്ചെന്നാണ് പോലീസ് കണ്ടെത്തൽ. പോലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.
ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെന്റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പോലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ.
National
ന്യൂഡൽഹി: കൗമാരക്കാരുടെ ആത്മാർഥ പ്രണയം പോക്സോ കേസിന്റെ കുരുക്കിൽപ്പെടാതിരിക്കാൻ കേന്ദ്രസർക്കാരിന് നിർദേശവുമായി സുപ്രീംകോടതി.
പോക്സോ നിയമ ദുരുപയോഗം തടയാൻ "റോമിയോ-ജൂലിയറ്റ്’ ചട്ടം അവതരിപ്പിക്കുന്നതു പരിഗണിക്കണമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
കുട്ടികളെ സംരക്ഷിക്കാനാണു പോക്സോ നിയമമെങ്കിലും കൗമാരക്കാരുടെ പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങളെ ഇല്ലാതാക്കുന്നതിന് നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ഇതു സംരക്ഷിക്കുന്നതിന് നടപടി ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
Kerala
ആലപ്പുഴ: ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയെ മർദിച്ച് സഹതടവുകാരൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തങ്കപ്പനെ (85) ആണ് സഹതടവുകാരൻ മർദിച്ചത്.
മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മർദിച്ചത്. തങ്കപ്പന്റെ പല്ല് ഇയാൾ അടിച്ചു കൊഴിക്കുകയായിരുന്നു. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞ ദിവസമാണ് തങ്കപ്പൻ ജയിലിലെത്തിയത്.
സഹതടവുകാരന് തങ്കപ്പൻ ഏത് കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പൻ പോക്സോ കേസ് പ്രതി ആണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു മർദനം. തങ്കപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
കഴിഞ്ഞ ദിവസം ആണ് സംഭവമുണ്ടായത്. തങ്കപ്പനെ മർദിച്ച സഹതടവുകാരനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് താരം യാഷ് ദയാലിന് തിരിച്ചടി. യാഷ് ദയാൽ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ജയപുരിലെ പ്രത്യേക പോക്സോ കോടതി തള്ളി.
ഇരയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ് കേസില്‍ ഉള്ളതെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ഉചിതമല്ലെന്നും കോടതി വിധിച്ചു. ഇരയുടെ മൊഴി, ലഭ്യമായ തെളിവുകള്‍, കേസിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ അന്വേഷണത്തിന് മുമ്പ് പ്രതിക്ക് സംരക്ഷണം നല്കാന് കഴിയില്ലെന്ന് പ്രത്യേക പോക്സോ കോടതി ജഡ്ജി അല്‍ക്ക ബന്‍സാല്‍ ഉത്തരവില്‍ പറഞ്ഞു.
ക്രിക്കറ്റ് കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ദയാല്‍ വളരെക്കാലം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ജയ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി. ദയാല്‍ തന്നെ വലിയ സ്വാധീനമുള്ള ഒരു ക്രിക്കറ്റ് കളിക്കാരനായി അവതരിപ്പിച്ചുവെന്നും തുടര്‍ന്ന് സ്വാധീനിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട അവസരങ്ങളും ഭാവി പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് പരാതിക്കാരി ആരോപിച്ചു.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് പ്രതിയെ നേരിട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബന്ധം വിച്ഛേദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ഇതിനെത്തുടര്‍ന്ന്, പോലീസിനെ സമീപിച്ച് ഔദ്യോഗികമായി പരാതി നല്കി.
ആരോപണങ്ങള്‍ തെറ്റാണെന്നും ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും വാദം കേള്‍ക്കുന്നതിനിടെ പ്രതിഭാഗം വാദിച്ചു. ദയാല്‍ പ്രശസ്തിയുള്ള ക്രിക്കറ്ററാണെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം വ്യക്തമാക്കി.
District News
മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85,000 രൂപ പിഴയും.
മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 നവംബറിൽ മാതാപിതാക്കളുടെ സംരക്ഷണത്തിൽ നിന്നും പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മേപ്പാടി സ്റ്റേഷനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അന്വേഷണത്തെ തുടർന്ന് കുട്ടിയെ കണ്ണൂർ, പയ്യാന്പലത്ത് കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിന് ഒരാഴ്ച്ച മുൻപ് പ്രതി കുട്ടിക്കെതിരേ ലൈംഗീകാതിക്രമം നടത്തിയിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ആയിരുന്ന എ.ബി. വിപിൻ കേസിൽ ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ഈ കേസ് എസ്എംഎസിന് കൈമാറുകയുമായിരുന്നു.
എസ്എംഎസ് ഡിവൈഎസ്പി ആയിരുന്ന പി. ശശികുമാറാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമർപ്പിച്ചത്. മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന വി.പി. സിറാജ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ. മുജീബ്, എസ്എംഎസ് യൂണിറ്റിലെ അസി. സബ് ഇൻസ്പെക്ടർ എ.ആർ. രജിത സുമം എന്നിവർ അന്വേഷണത്തിന് സഹായിച്ചു.
District News
കൊച്ചി: പോക്സോ അതിജീവിതരായ കുട്ടികള്‍ക്കുള്ള നഷ്ടപരിഹാര തുക കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനും യഥാസമയം നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി ഇന്ന് കൂടിയാലോചനാ യോഗം ചേരും. എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ 10.30ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും.
ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും. കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി മെമ്പര്‍ സെക്രട്ടറി അനില്‍ കെ. ഭാസ്കര്‍ മുഖ്യപ്രഭാഷണം നടത്തും. ബാലാവകാശ കമ്മീഷന്, ലീഗല്‍ സര്‍വീസസ് അഥോറിറ്റി, പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
District News
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപതുകാരന് അറസ്റ്റില്‍.
പുതിയങ്ങാടി വെസ്റ്റ്ഹില്‍ അമ്പാടി വീട്ടില്‍ മഹി (20) യെയാണ് വെള്ളയില്‍ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
വെസ്റ്റ്ഹില്‍ സ്വദേശിനിയായ പതിനാറുവയസുള്ള വിദ്യാര്‍ഥിനിയെ 2024 ഡിസംബര്‍ മുതല്‍ പല പ്രാവശ്യം പരിചയക്കാരനായ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വിദ്യാര്‍ഥിനിയുടെ പരാതിയില്‍ വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ വെള്ളയില്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെള്ളയില്‍ പരിസരത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
District News
ഗാന്ധിനഗർ: പോലീസ് സ്റ്റേഷനിൽ 2023ൽ പോക്സോ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വിചാരണയ്ക്കിടെ ഒളിവിൽപ്പോയ കോട്ടയം മള്ളുശേരി ഇളമ്പള്ളിയിൽ അജിൻ ബാബു ( 28 ) എന്ന യുവാവിനെയാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശാനുസരണം നടത്തിയ അന്വേഷണത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് ടിയുടെ നേതൃത്വത്തിൽ പള്ളിക്കത്തോട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
എസ്ഐ ജയപ്രകാശ്, എസ്സിപിഒ രഞ്ജിത്, മധു, ശ്രീനിഷ് തങ്കപ്പൻ, മനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോട്ടയം സെഷൻസ് കോടതിയിൽ ഹാജരാക്കും.
District News
തലയോലപ്പറമ്പ്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തലയോലപ്പറമ്പ് പാണ്ടൻചിറയിൽ ബിജോ ജോണിനെ (26) ആണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പിറവത്തുള്ള ഇയാളുടെ കുടുംബവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നല്‍കിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ16 കാരിയെ കണ്ടെത്തി. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.