സിബിസിഐ
ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ (എഫ്സിആർഎ) ജോയിന്റ് പാർലമെന്ററി സമിതിക്ക് അയച്ചെങ്കിലും ബില്ലിലെ കിരാതമായ വ്യവസ്ഥകൾ ഇല്ലാതാക്കാൻ സർക്കാരുമായി ചർച്ച തുടരുമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി.
ബിൽ പൂർണമായും പിൻവലിക്കണം എന്നായിരുന്നു കത്തോലിക്കാ സഭയുടെയും മറ്റ് എൻജിഒകളുടെയും ആവശ്യം. സർക്കാർ അതിന് തയാറാകുമെന്നായിരുന്നു കരുതിയിരുന്നത്. അവസാനഘട്ടം എന്ന നിലയിലാണ് ജെപിസിക്ക് അയയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.
ഭാഗികമായി ആണെങ്കിലും സർക്കാർ തങ്ങളുടെ ആവശ്യം അംഗീകരിച്ചതായും ബിൽ പൂർണമായും പിൻവലിക്കണം എന്ന ആവശ്യം പാർലമെന്റിൽ ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങൾക്ക് നന്ദി അറിയിക്കുന്നതായും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ പ്രതികരിച്ചു.
ജെപിസിക്ക് ബിൽ കൈമാറിയതോടെ സർക്കാരുമായി തുടർന്നും സംവാദം നടത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. ബില്ലുമായി ബന്ധപ്പെട്ട കക്ഷികളെ സർക്കാർ ചർച്ചയ്ക്കു ക്ഷണിക്കുമ്പോൾ ആശങ്ക വ്യക്തമാക്കുമെന്നും കഠിനമായ വ്യവസ്ഥകൾ ഇല്ലാതാക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജെപിസി പരിഗണിച്ച ശേഷം വ്യവസ്ഥകൾ കൂടുതൽ കഠിനമാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്തുനിന്നു ക്രൈസ്തവ സഭയ്ക്ക് ലഭിക്കുന്ന സംഭാവന പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. അതിനാൽ അത് ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags : CBCI Discussions FCRA CruelSystems Eliminate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash