പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നീറ്റ് ചോദ്യച്ചോർച്ച കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ സമർപ്പിച്ച കുറ്റപത്രം ഡൽഹിയിലെ പ്രത്യേക കോടതി ഫയലിൽ സ്വീകരിച്ചു.
സ്പെഷൽ ജഡ്ജി അജയ് ഗുപ്തയാണ് 13 പ്രതികൾക്കെതിരേയുള്ള അന്തിമ റിപ്പോർട്ട് പരിശോധിച്ചത്. കേസിൽ പ്രതികൾക്കെതിരേ കുറ്റം ചുമത്തുന്നതിനായുള്ള വാദം കേൾക്കൽ ഇന്ന് ആരംഭിക്കും.
നീറ്റ് യുജി പരീക്ഷ ചോദ്യച്ചോർച്ചയ്ക്കു പിന്നിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുപന്തലിച്ച വൻ ഗൂഢാലോചനയാണെന്നാണ് സിബിഐ കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (എൻടിഎ) മൂന്ന് ഉദ്യോഗസ്ഥർ രഹസ്യസ്വഭാവമുള്ള ചോദ്യം ചോർത്തി ഇടനിലക്കാർക്ക് നൽകിയെന്നും ഇവർ സാമ്പത്തിക ലാഭത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്ക് മുമ്പ് ഇത് എത്തിച്ചു നൽകിയെന്നുമാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, കേസിൽ ഉൾപെട്ട പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള സാക്ഷികളുടെ പേരുകൾ മാധ്യമവാർത്തകളിൽ പ്രത്യക്ഷപ്പെടുന്ന കാര്യം സിബിഐ ഇന്നലെ കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
സാക്ഷികളുടെ പേരുകൾ വെളിപ്പെടുത്തുന്നതിലും കോടതി നടപടികളിൽ ഇതുവരെ അവതരിപ്പിക്കാത്ത കുറ്റപത്രത്തിലെ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതിലും കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി.
എൻടിഎയിലെ തന്നെ വിദഗ്ധർ, ഇടനിലക്കാർ, പരിശീലന കേന്ദ്രങ്ങളുമായി ബന്ധമുള്ളവർ എന്നിവരടക്കം അറസ്റ്റിലായ 13 പേരുടെ വിവരങ്ങൾ കുറ്റപത്രത്തിലുണ്ട്.
Tags : CourtAccepts CBI Chargesheet Conspiracy NEETLeak Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash