ജസ്റ്റീസ് യശ്വന്ത് വർമ
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്നു കത്തിക്കരിഞ്ഞ നിലയിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തിയ കേസിൽ ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേയുള്ള കുറ്റാരോപണങ്ങൾ തെളിയിക്കപ്പെട്ടതായി ലോക്സഭാ അന്വേഷണസമിതി റിപ്പോർട്ട്.
കണക്കിൽ പെടാത്ത പണം കണ്ടെത്തിയതടക്കം മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് അരവിന്ദ് കുമാർ അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതി ഇന്നലെ ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
തൊണ്ടിമുതലായ തെളിവുകൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തുക, അന്വേഷണത്തിൽ വസ്തുതാവിരുദ്ധവും വഴിതിരിച്ചുവിടുന്നതുമായ വിശദീകരണങ്ങൾ നൽകുക തുടങ്ങിയ കുറ്റങ്ങളും തെളിയിക്കപ്പെട്ടതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പണം ആരുടേതാണെന്നോ അത് എങ്ങനെ അവിടെ എത്തിയെന്നോ വ്യക്തമാക്കുന്നതിൽ ജസ്റ്റീസ് വർമ പരാജയപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തി.
വിവാദങ്ങളെത്തുടർന്ന് ജസ്റ്റീസ് യശ്വന്ത് വർമ ഏപ്രിൽ പത്തിന് രാഷ്ട്രപതിക്ക് രാജി സമർപ്പിച്ചിരുന്നു. അതിനാൽ അദ്ദേഹത്തെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്ക് പ്രസക്തി ഇല്ലാതായി.
അതേസമയം, ലോക്സഭാ അന്വേഷണസമിതി ജസ്റ്റീസ് വർമ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമോ എന്നാണറിയേണ്ടത്.
കത്തിക്കരിഞ്ഞ 500 രൂപയുടെ നോട്ട് കൂമ്പാരം
കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിലെ 30 തുഗ്ലക് ക്രസന്റിലുള്ള ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിലുണ്ടായ തീപിടിത്തത്തിനു പിന്നാലെയാണ് കത്തിക്കരിഞ്ഞ നിലയിൽ 500 രൂപയുടെ നോട്ട് കൂമ്പാരം കണ്ടെത്തുന്നത്.
സംഭവം ഡൽഹി ഫയർ സർവീസിലെയും പോലീസിലെയും ജീവനക്കാർ കാണുകയും ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഈ സ്റ്റോർ റൂം വസതിയിൽനിന്ന് വേറിട്ടതാണെന്നും തനിക്ക് ഇതിലേക്ക് പ്രവേശനമില്ലായിരുന്നുവെന്നും പണത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ജഡ്ജിയുടെ വാദങ്ങൾ.
എന്നാൽ, ഔദ്യോഗിക വസതിയുടെ പൂർണ നിയന്ത്രണം ജഡ്ജിക്കായിരുന്നുവെന്നും പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ആദ്യഘട്ടത്തിൽ അന്വേഷണത്തോട് സഹകരിക്കാതിരുന്ന ജഡ്ജി പിന്നീട് അന്വേഷണസംഘത്തിനു നൽകിയ മറുപടികൾ അപൂർണവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Tags : JusticeVerma Guilty UnaccountedMoney Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash