ഗുണ്ടല്‍പേട്ടിലേക്കുള്ള ബസില്‍ കയറാന്‍ തിരക്കുകൂട്ടുന്ന യാത്രക്കാര്‍.
സുല്‍ത്താന്‍ ബത്തേരി: പഴയ സ്റ്റാന്‍ഡില്‍നിന്നു കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിന് ഇന്നലെ രാവിലെ 10.20നുള്ള കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ കയറിയത് 200ല്‍പരം യാത്രക്കാര്‍.
ഇവരില്‍ ഏറെയും സ്ത്രീകള്‍. അനുവദനീയമായതിലും മൂന്നിരട്ടിയോളം യാത്രക്കാര്‍ കയറിയതോടെ ബസിന്റെ ഷാസി ചക്രങ്ങളില്‍ മുട്ടുന്ന സ്ഥിതിയായി. ഇതോടെ ജീവനക്കാര്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ചു. ഒടുവില്‍ ബസില്‍നിന്നു കുറെ യാത്രക്കാരെ ഇറക്കിയും ലൈനില്‍ ആളെ എടുക്കാതെയുമാണു സര്‍വീസ് നടത്തിയത്.
ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളും മുന്തിരിത്തോട്ടങ്ങളും കാണാന്‍ ഇതര ജില്ലകളില്‍നിന്നടക്കം ആളുകള്‍ എത്തിത്തുടങ്ങിയതോടെയാണു ബത്തേരിയില്‍നിന്നുള്ള പ്രിയദര്‍ശിനി ബസില്‍ തിരക്ക് വര്‍ധിച്ചത്.
അവധിദിവസങ്ങളില്‍ ഗുണ്ടല്‍പേട്ടിലേക്കുള്ള ബസില്‍ പതിവുയാത്രക്കാര്ക്കു കയറാന്‍ പറ്റാത്ത അത്ര തിരക്കാണ് അനുഭവപ്പെടുന്നത്. നിലവില്‍ ബത്തേരി പഴയ സ്റ്റാന്‍ഡില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ മൂന്നു ബസുകള്‍ എട്ടു സര്‍വീസാണു ഗുണ്ടല്‍പേട്ടിലേക്കു നടത്തുന്നത്.
ശേഷിയിലും വളരെക്കൂടുതല്‍ യാത്രക്കാരുമായി സര്‍വീസ് നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു.
Tags : Passengers PriyadarshiniBus OperateService Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash