Kerala
കൊച്ചി: നെട്ടൂരില്‍ രാത്രിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് അറസ്റ്റിൽ. നെട്ടൂർ സ്വദേശിയായ സനൂപ് അസി എന്നയാളെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്.
ഇയാൾ വാഹനങ്ങൾ തടയുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി. സനൂപിനെതിരെ കേസെടുത്തു.
‘രാത്രി വൈകി കൊച്ചിയിൽ വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക’ എന്നു പറഞ്ഞാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. കാറിനുള്ളില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ യുവാവ് കാറിനു മുന്നിലേക്ക് ചാടുന്നതും റോഡിൽ കാറിനു മുന്നില്‍ കിടക്കുന്നതും കാണാം. പിന്നാലേ കാര്‍ റിവേഴ്സ് എടുക്കുന്നതും യുവാവ് കാറിനു നേരെ നടന്നുവരുന്നതും വീഡിയോയിലുണ്ട്.
ഇതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
National
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചതറിഞ്ഞ് അന്വേഷിക്കാൻ ട്രെയിനിൽ നിന്നും ഇറങ്ങിയ യാത്രക്കാരായ നാലുപേരെ എതിരെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചു മരിച്ചു.
ബുധനാഴ്ച വൈകുന്നേരം പച്ച്ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപമാണ് സംഭവം. കൽക്ക എക്സ്പ്രസാണ് ആദ്യം മരണപ്പെട്ട വ്യക്തിയെ ഇടിച്ചത്. തുടർന്ന് ഈ ട്രെയിൻ ഇവിടെ പിടിച്ചിട്ടു.
ഇതിലെ ചില യാത്രക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പാളത്തിലേക്ക് ചാടി ഇറങ്ങി. ഇതിനിടെ, എതിർ ദിശയിൽ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. ഈ സമയം ഇതിലൂടെ കടന്നുവന്ന പുരുഷോത്തം എക്സ്പ്രസ് നാല് പേരെ ഇടിക്കുകയും സംഭവസ്ഥലത്ത് തന്നെ അവർ മരിക്കുകയും ചെയ്തു.
ബിഹാറിലെ സിവാൻ സ്വദേശിയായ ബലിറാം ഭഗത്, മിർസാപൂരിലെ നീബി സ്വദേശിയായ സുനിൽ കുമാർ, ഫിറോസാബാദിലെ ഖൈർഗഢ് സ്വദേശിയായ ആകാശ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ അപകടത്തിൽ മരിച്ച മറ്റ് രണ്ട് യാത്രക്കാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ട്രെയിനിന്റെ ജനറൽ കോച്ചുകളിൽ നിന്ന് യാത്രക്കാർ ഇറങ്ങി ട്രാക്കിൽ നിന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ (സിപിആർഒ) ശശികാന്ത് ത്രിപാഠി പറഞ്ഞു. അപകടത്തെ തുടർന്ന് ഹൗറ-ഡൽഹി റൂട്ടിലെ ഗതാഗതം തടസപ്പെട്ടു.
International
ബെയ്ജിംഗ്: അതിവേഗ പാതയിൽ രാത്രി ഡ്രൈവറില്ലാ ടാക്സി നിന്നുപോയാൽ എന്തുചെയ്യും? അതും ഇരുവശവും വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ.
ചൈനയിലെ വുഹാനിലാണ് യാത്രക്കാർക്ക് റോബോ ടാക്സി പണികൊടുത്തത്. ഒന്നും രണ്ടുമല്ല നൂറിലേറെ റോബോ ടാക്സികളാണ് ഒറ്റയടിക്ക് വഴിയിൽ പണിമുടക്കിയത്.
സിസ്റ്റം തകരാറാണ് കാരണമെന്ന് വുഹാൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.
പോലീസ് എത്തിയാണ് പലരെയും രക്ഷപ്പെടുത്തിയത്. ചില യാത്രക്കാർക്ക് ടാക്സികളിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞു.
എന്നാൽ ഇരുവശത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്ന റിംഗ് റോഡിന്റെ മധ്യഭാഗത്ത് വാഹനം നിർത്തിയതിനാൽ പലരും കാറിൽനിന്ന് പുറത്തിറങ്ങാൻ ഭയപ്പെട്ടു. ഒരു വളവ് തിരിഞ്ഞപ്പോൾ തങ്ങളുടെ വാഹനം നിന്നുപോയതായി ഒരു യാത്രക്കാരൻ ചൈനീസ് മാധ്യമത്തോട് പറഞ്ഞു.
സിസ്റ്റം തകരാർ, ജീവനക്കാർ അഞ്ച് മിനിറ്റിനുള്ളിലെത്തുമെന്ന് സ്ക്രീനിൽ തെളിയുകയും ചെയ്തു. എന്നാൽ, ആരും എത്താത്തതിനെത്തുടർന്ന് എമർജൻസി ബട്ടൺ അമർത്തിയപ്പോൾ ജീവനക്കാർ പുറപ്പെട്ടിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്.
കാറിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞതിനാൽ പുറത്തിറങ്ങാനായി -യാത്രക്കാരൻ ദുരനുഭവം വിവരിച്ചു. പെട്ടെന്ന് കാറുകൾ തിരക്കുള്ള റോഡിൽനിന്നുപോയപ്പോൾ പിന്നാലെ എത്തിയ വാഹനങ്ങൾ ഇടിക്കുന്ന സ്ഥിതിയുണ്ടായി.
ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത എലവേറ്റഡ് റോഡുകളാണ് റിംഗ് റോഡുകൾ. ചൈനയിൽ ഇതാദ്യമായാണ് റോബോ ടാക്സികൾ കൂട്ടമായി പണിമുടക്കുന്നത്.
ചൈനയിലെ പ്രമുഖ എഐ കമ്പനിയായ ബൈഡുവാണ് വുഹാനിലെ റോബോ ടാക്സികൾ പ്രവർത്തിപ്പിക്കുന്നത്. സംഭവത്തിൽ കമ്പനി പ്രതികരണമൊന്നും നടത്തിയിട്ടില്ല.
National
മൽക്കാൻഗിരി (ഒഡിഷ): ഒഡീഷയിൽ തീപിടിച്ച ബസിൽനിന്ന് എംഎൽഎയും ഒപ്പമുണ്ടായിരുന്ന 36 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
കോൺഗ്രസ് എംഎൽഎ മംഗു ഖിലയും സഹയാത്രികരും ഭൂവനേശ്വറിൽനിന്ന് നബ്രംഗ്പുരിലേക്കു യാത്രചെയ്യുന്നതിനിടെ രാമബ്രഹ്മപുരത്തുവച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു അത്യാഹിതം.
ബസിന്റെ പിൻചക്രം പഞ്ചറായതിനു പിന്നാലെ തീപിടിക്കുകയായിരുന്നു. തീ ആളിപ്പടരുന്നതിനുമുന്പ് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
മുഴുവൻ യാത്രക്കാരും ഉറങ്ങുകയായിരുന്നുവെന്ന് ചിത്രകോണ്ഡ മണ്ഡലത്തിലെ എംഎൽഎ പറഞ്ഞു. ഡ്രൈവറുടെ മനസാന്നിധ്യമാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.
ബസ് നിർത്തിയശേഷം ജനലുകൾ തുറക്കുകയും യാത്രക്കാരെ വിളിച്ചുണർത്തുകയും ചെയ്തു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
National
ബംഗളൂരു: മെട്രോ ട്രെയിനിൽ യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ടുപാടി സഹയാത്രികർക്ക് ശല്യമുണ്ടാക്കിയ 11 യുവതികൾക്കെതിരെ കേസ്. മാർച്ച് 15ന് രാത്രി നടന്ന സംഭവത്തിലാണ് പീനിയ പോലീസ് കേസെടുത്തത്.
പീനിയ സ്റ്റേഷനിൽ രാത്രി 10.57ഓടെയാണ് സംഭവം. യുവതികൾ കോച്ചിനുള്ളിൽ ഉച്ചത്തിൽ പാട്ടുപാടാൻ തുടങ്ങിയത് മറ്റ് യാത്രക്കാർ ചോദ്യംചെയ്തു. ഇതോടെ യാത്രക്കാരും യുവതികളും തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. ഇതോടെ ട്രെയിൻ യാത്ര 20മിനിറ്റോളം വൈകി. തുടർന്ന് സുരക്ഷാജീവനക്കാർ ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
യുവതികൾ ഗൊരഗുണ്ടേപാളയ, സാൻഡൽ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവേംപു റോഡ് എന്നിവയുൾപ്പെടെ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ മെട്രോ സെക്യൂരിറ്റി ഓഫീസർ പി. ഗജേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പീനിയ പോലീസ് കേസെടുത്തത്.
സംഭവത്തിൽ എല്ലാ പ്രതികളും പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും പിഴ അടയ്ക്കേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.
NRI
ന്യൂയോർക്ക്: വിമാനയാത്രയ്ക്കിടെ ഹെഡ്ഫോൺ ധരിക്കാതെ ഓഡിയോ, വീഡിയോ ഉള്ളടക്കങ്ങൾ കേൾക്കുന്ന യാത്രക്കാർക്കെതിരേ കർശന നടപടിയുമായി യുണൈറ്റഡ് എയർലൈൻസ്.
ഹെഡ്ഫോൺ ഉപയോഗിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കാനും ഭാവിയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് സ്ഥിരമായോ താത്കാലികമായോ വിലക്കാനും അധികൃതർക്ക് അധികാരം നൽകുന്ന രീതിയിൽ കമ്പനി തങ്ങളുടെ യാത്രാ കരാറിൽ മാറ്റം വരുത്തി.
ഫെബ്രുവരി 27നാണ് ഈ പുതിയ നയം പ്രാബല്യത്തിൽ വന്നതെന്ന് കമ്പനി വക്താവ് സ്ഥിരീകരിച്ചു. വിമാനങ്ങളിൽ സ്റ്റാർലിങ്ക് വൈഫൈ സേവനം വിപുലീകരിച്ച സാഹചര്യത്തിലാണ് നിയമം കൂടുതൽ കർശനമാക്കിയത്.
കൈവശം ഹെഡ്ഫോൺ ഇല്ലാത്തവർക്ക് വിമാനത്തിൽ ലഭ്യമാണെങ്കിൽ സൗജന്യ ഇയർബഡുകൾ നൽകുമെന്നും എയർലൈൻസ് അറിയിച്ചു.
National
തിരുവനന്തപുരം: പശ്ചിമേഷ്യ സംഘർഷ ഭരിതമായതോടെ വ്യോമഗതാഗതവും തടസപ്പെട്ടു. മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി എയർ ഇന്ത്യ മിഡിൽ ഈസ്റ്റിലേക്കുള്ള തങ്ങളുടെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഘർഷത്തെത്തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതാണ് സർവീസുകളെ ബാധിക്കാൻ പ്രധാന കാരണം.
തിരുവനന്തപുരത്തുനിന്ന് ഗൾഫ് മേഖലയിലേക്കു പോകേണ്ടിയിരുന്ന 12 വിമാനങ്ങളുടെ യാത്ര റദ്ദാക്കി. യുഎഇ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ വ്യോമപാത അടച്ചതോടെ പല വിമാന സർവീസുകളും റദ്ദാക്കി.
തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തിരുവനന്തപുരത്തുനിന്നു ദുബായി, അബുദാബി, ദമാം, ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, ഇത്തിഹാദ്, എമിറേറ്റ്സ് എന്നിവയുടെ 12 സർവീസുകളാണ് റദ്ദാക്കിയത്.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോയുടെ ആറു സർവീസുകളും എയർഇന്ത്യ എക്സ്പ്രസിന്റെ നാല് സർവീസുകളും റദ്ദാക്കി. ഇത്തിഹാദിന്റെ മൂന്ന് സർവീസുകളും എമിറേറ്റ്സിന്റെ രണ്ട് സർവീസുകളും ഖത്തർ എയർവേയ്സ്, സ്പൈസ് ജെറ്റ്, എയർഅറേബ്യ, ആകാശ് എയർ, ഒമാൻ എയർ എന്നിവയുടെ ഒരു സർവീസും റദ്ദാക്കി. കൊച്ചിയിലേക്ക് വരേണ്ടിയിരുന്ന ഏഴ് സർവീസുകളും റദ്ദായി.
കോഴിക്കോട്ടുനിന്ന് ഇൻഡിഗോ എയറിന്റെ മൂന്നുസർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന്റെ നാലുസർവീസുകളും സ്പൈസ് ജെറ്റിന്റെ ഒരു വിമാനവുമാണ് റദ്ദാക്കിയത്. ഖത്തറിലേക്കും തിരിച്ചുമുള്ള സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച ഇന്ത്യയിൽ നിന്നുള്ള 410 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് 444 വിമാനങ്ങൾ കൂടി റദ്ദാക്കാനാണ് സാധ്യതയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ രാജ്യാന്തര വിമാന ഗതാഗതത്തിന്റെ 29 ശതമാനവും യുഎഇ വഴിയാണ് നടക്കുന്നത്. അതിനാൽ ഈ നിയന്ത്രണങ്ങൾ വിമാനക്കമ്പനികളെയും യാത്രക്കാരെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.
International
ബ്രസല്‍സ്: തുര്‍ക്കിയിലെ അൻതാലിയയിൽനിന്നു യുകെയിലെ മാഞ്ചസ്റ്ററിലേക്കു പറന്ന വിമാനത്തില്‍ യാത്രികര്‍ തമ്മില്‍ അടി. 30,000 അടി ഉയരത്തില്‍ പറക്കവെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് വിമാനക്കന്പനിയായ ജെറ്റ്-2 വിമാനത്തിൽ രണ്ടു യാത്രക്കാർ തമ്മിൽ അസഭ്യവർഷവും തല്ലുമുണ്ടായത്.
സംഘർഷമുണ്ടായി മൂന്നു മണിക്കൂറായിട്ടും ശമിക്കാതെ വന്നതോടെ വിമാനം ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ അടിയന്തര ലാൻഡിംഗ് നടത്തി.
വിമാനം ലാന്‍ഡ് ചെയ്തയുടൻ വിമാനത്തിലേക്കു പോലീസ് കയറി പ്രകോപനമുണ്ടാക്കിയവരെ പുറത്തിറക്കി. മോശം പെരുമാറ്റത്തിന്റെ പേരിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവർക്ക് വിമാനക്കന്പനി ആജീവനാന്ത യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
വലിയ ശബ്ദത്തില്‍ സംഗീതം പ്ലേ ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനു കാരണമായതെന്നാണ് റിപ്പോർട്ട്.
ഇരുവരും മദ്യപിച്ചിരുന്നു. സിഗരറ്റിനെച്ചൊല്ലി ക്രൂ അംഗങ്ങളോട് മോശമായി പെരുമാറിയതായും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതായും ആരോപണമുണ്ട്. സംഘർഷത്തിനിടെ സീറ്റുകളില്‍ രക്തക്കറയും നിലത്ത് പല്ലുകളും കണ്ടതായി യാത്രക്കാര്‍ പറഞ്ഞു. ആദ്യം വാക്കുതർക്കമുണ്ടായി. പിന്നീട് അസഭ്യവർഷത്തിലും കൈയാങ്കളിയിലും കലാശിക്കുകയായിരുന്നു.
രണ്ടു യാത്രക്കാർ തമ്മിലാണു സംഘർഷമുണ്ടായതെങ്കിലും ഇരുവരുടെയും പക്ഷംചേർന്ന് മറ്റുചിലരും സംഘർഷത്തിൽ പങ്കുചേർന്നു. തര്‍ക്കം പെട്ടെന്ന് കലഹമായി മാറിയതോടെ കുട്ടികള്‍, വയോധികര്‍, പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാര്‍ എന്നിവരുള്‍പ്പെടെ പലരും ഭീതിയിലായി.
Kerala
തിരുവനന്തപുരം: അമ്പലത്തറയിൽ നിയന്ത്രണം വിട്ട കാര്‍ ബൈക്കിൽ ഇടിച്ച ശേഷം കടയിലേയ്ക്ക് ഇടിച്ചു കയറി. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും രണ്ടു മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന പനങ്ങോട് സ്വദേശി സിജിയെ പൂന്തുറ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ലഹരി വസ്തുക്കള്‍ ഉപയോഗിച്ചില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയെന്നും ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പോലീസ് പറയുന്നു. വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്.
District News
കറുകച്ചാല്‍: കോട്ടയം-കറുകച്ചാല്‍-കോഴഞ്ചേരി റൂട്ടിലെ ബസുകളുടെ മത്സരയോട്ടത്തില് ഭയന്നുവിറച്ച് യാത്രക്കാര്‍. ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും മത്സരിച്ചോടുന്നതാണ് ബസ് യാത്രക്കാരെയും വഴിയാത്രക്കാരെയും ഭയപ്പെടുത്തുന്നത്. മത്സരയോട്ടത്തിനിടെ തെറ്റായ രീതിയിൽ ഓവര്ട്രേക്ക് ചെയ്യുന്നതു പതിവാണ്. കഴിഞ്ഞദിവസം നെടുങ്ങാടപ്പള്ളി ജംഗ്ഷനിലെ ട്രാഫിക് ഡിവൈഡറിനു സമീപത്ത് എതിര്‍ദിശയിലൂടെയാണ് കെഎസ്ആര്‍ടിസിയെ മറികടന്നു സ്വകാര്യ ബസ് കയറിപ്പോയത്. ഇതുവഴി പോയ ഇരുചക്രവാഹന യാത്രക്കാരന് തലനാരിഴയ്ക്കാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.
കോട്ടയത്തുനിന്നു മല്ലപ്പള്ളി വഴി കോഴഞ്ചേരിക്കും മറ്റു സ്ഥലങ്ങളിലേക്കും ഒരേസമയം പുറപ്പെടുന്ന സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും വിവിധ റൂട്ടുകളില്‍നിന്നു കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന സ്വകാര്യ ബസുകളും ഒന്നിച്ചു നിരത്തിലിറങ്ങി ആളെ കയറ്റാനായി മത്സരിച്ചോടുകയാണ്. നാലോ അഞ്ചോ മിനിറ്റ് വ്യത്യാസത്തില്‍ പുറപ്പെടുന്ന ബസുകളാണ് പലതും. ഈ റൂട്ടില്‍ മത്സരയോട്ടവും തര്‍ക്കവും പതിവായി രിക്കുകയാണ്. തിരക്കേറിയ റോഡില്‍ അമിതവേഗത്തിലാണ് ബസുകള്‍ പായുന്നത്.
ഒരു ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ പിന്നാലെ വരുന്ന ബസ് നിര്‍ത്താതെ പോകുകയോ യാത്രക്കാരെ മുന്നിലേക്കു മാറ്റി ഇറക്കുകയോ ചെയ്യും. വളവുകളില്‍ വാഹനങ്ങളെ മറികടക്കുന്നതും പതിവാണ്. ബസ് സ്റ്റാന്‍ഡിനുള്ളിലും സമയം സംബന്ധിച്ച തര്‍ക്കവും ബഹളവും പതിവാണ്. കോട്ടയം-കോഴഞ്ചേരി റോഡില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് സമയം പാലിക്കാതെ സര്‍വീസ് ആരംഭിച്ചതു മുതലാണ് അമിതവേഗവും മത്സരയോട്ടവും തുടങ്ങിയതെന്നും നാട്ടുകാര്‍ പറയുന്നു.
Business
തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റിക്കാർഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ജനുവരിയിൽ 4,50,090 പേർ വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസക്കണക്കിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന എണ്ണമാണിത്. യാത്രക്കാരുടെ പ്രതിദിന ശരാശരി ഇതാദ്യമായി 15,000 കടന്നു.
ജനുവരിയിൽ യാത്ര ചെയ്തവരിൽ 2,27,275 പേർ അന്താരാഷ്ട്ര യാത്രക്കാരാണ്. ഇതും ഇതുവരെയുള്ള കണക്കിൽ ഏറ്റവും ഉയർന്നതാണ്. ആഭ്യന്തരയാത്രക്കാർ 2,22,815 പേരാണ്. ജനുവരിയിൽ വിമാനത്താവളം മൊത്തം 2,751 എയർ ട്രാഫിക് മൂവ്മെന്റുകൾ (എടിഎമ്മുകൾ) കൈകാര്യം ചെയ്തു.
വരുന്ന സമ്മർ ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾക്കു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നു വിമാനത്താവള അധികൃതതർ പറഞ്ഞു.
Kerala
ചാത്തന്നൂർ: കെ എസ്ആർടിസിയുടെ എല്ലാ സർവീസുകളും സർവീസ് റോഡു വഴി പോകണമെന്ന് രണ്ടാമതും ഉത്തരവ്. ആദ്യം ഇത്തരത്തിൽ ഉത്തരവ് നല്‍കിയിട്ടും ഡ്രൈവർമാർ ഉത്തരവ് അനുസരിക്കാതെ ഉയരപാതവഴി പാഞ്ഞു പോകുന്നതു വലിയ പരാതികൾക്കിടയാക്കിയതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും താക്കീതോടെ ഉത്തരവിറക്കിയത്. സർവീസ് റോഡ് വഴി പോയില്ലെങ്കിൽ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
കെഎസ്ആർടി സി ബസുകൾ ഉയരപാതയിലൂടെ പോകുമ്പോൾ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ കഴിയില്ല. വെറുതേ ബസ് ഓടിക്കുന്നതിനു തുല്യമാണ് ഇത്. ടിക്കറ്റ് ചാർജ് ഇനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളാണ് ഇതു വഴി നഷ്ടമാകുന്നത്.
യാത്രക്കാർ സർവീസ് റോഡുകളിലെ ബസ്സ്റ്റോപ്പുകളിലാണ് ബസ് കാത്തു നില്‍ക്കുന്നത്. സർവീസ് റോഡിലൂടെ ബസ് വരാതാകുമ്പോൾ യാത്രക്കാർ സമാന്തര സർവീസ് പോലെയുള്ള വാഹനങ്ങളെ ആശ്രയിക്കും. ഇത്തരം വാഹനങ്ങൾ കെഎസ്ആർടിസിയുടെ ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ തുകയാണ് യാത്രാ കൂലിയായി വാങ്ങുന്നത്. ഇത് യാത്രക്കാർക്ക് സൗകര്യപ്രദമാണ്. സാമ്പത്തിക ലാഭവും ഉണ്ടാക്കി കൊടുക്കുന്നു. ഉയരപാതയിലൂടെ കാലിയായി ഓർഡിനറി ബസുകളും ലോക്കൽ ഫാസ്റ്റുകളും പോകുമ്പോൾ നഷ്ടം കെഎസ്ആർടിസിക്ക് മാത്രം.
സർവീസ് റോഡിലെ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കാത്തതുമൂലം, യാത്രക്കാർക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിഎംഡിയെ ഒന്നാം പ്രതിയാക്കി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതികളെത്തുന്നുണ്ട്. ഇതു കെഎസ്ആർടിസിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. യാത്രക്കാർക്ക് നഷ്ടപരിഹാരം വിധിച്ചാൽ അത് ജീവനക്കാരിൽനിന്ന് ഈടാക്കി നൽകാനാണ് മാനേജ്മെന്റ് നീക്കം.
National
മുംബൈ: വിമാനം പുറപ്പെടാൻ വൈകിയതിന് ജീവനക്കാരെ അസഭ്യം പറയുകയും അക്രമാസക്തരാകുകയും ചെയ്ത യാത്രക്കാരെ പോലീസിന് കൈമാറി.
മുംബൈയിൽ നിന്നും തായ്ലൻഡിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. ചെവ്വാഴ്ച പുലർച്ചെ 4:05 പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് 1:21 ആയിരുന്നു പുറപ്പെട്ടത്.
വിമാനം വൈകിയെത്തിയതും ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതും എയർ ട്രാഫിക്കും മൂലമാണ് വിമാനം വൈകിയതെന്ന് യാത്രക്കാരെ അറിയിച്ചുവെങ്കിലും ഇവർ പ്രകോപിതരാകുകയായിരുന്നു.
ജീവനക്കാരോട് അസഭ്യം പറഞ്ഞതിനും വിമാനത്തിന്റെ വാതിലിൽ തൊഴിച്ചതിനും രണ്ട്പേരെ യാത്രയിൽ നിന്നും ഒഴിവാക്കിയതായും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
District News
പേരൂര്‍ക്കട: ജെസിബിയില്നിന്നു ഓയില്‍ ചേര്‍ന്നതിനാൽ വാഹനയാത്രികര്‍ തെന്നിവീണു. തിരുവനന്തപുരം ജനറല്‍ ആശുപത്രി മുതല്‍ എകെജി സെന്റര്‍ വരെ നീളുന്ന ഒരുകിലോമീറ്ററോളം വരുന്ന റോഡിലായിരുന്നു സംഭവം.
പേട്ടയില്‍നിന്നു പാളയത്തേക്ക് പോകുകയായിരുന്ന ജെസിബിയുടെ ഫ്ളൂയിഡ് ബോക്സിലുണ്ടായ ചോര്‍ച്ചയാണ് ഓയില്‍ ചോരാന്‍ കാരണമായത്. ജെസിബി ഓടിച്ചിരുന്നയാള്‍ ആദ്യം ഇക്കാര്യം അറിഞ്ഞിരുന്നില്ല.
ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തിയതോടെ വിവരം മനസിലായ ഇവര്‍ ഉടന്‍തന്നെ സ്ഥലംവിടുകയായിരുന്നു. ഓയിലില്തെന്നി അഞ്ചു ബൈക്ക് യാത്രികരും നാലു സ്കൂട്ടര്‍ യാത്രികരും വീണുവെന്നു ഫയര്‍ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു. തിരുവനന്തപുരം നിലയത്തില്‍ നിന്ന് ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ഷഹീര്‍, ജിനു, റസീഫ്, അശ്വതി, രേഷ്മ, സുമേഷ് എന്നിവര്‍ ചേര്‍ന്ന് ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് ഓയില്‍ നീക്കിയത്. വാഹനയാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എണ്ണമയം നീക്കുന്നതിനുള്ള പത റോഡില്‍ സ്പ്രേ ചെയ്തു.
District News
കൊല്ലം: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ പല റെയിൽവേ സ്റ്റേഷനുകളിലും ആശങ്ക ഉയരുന്നു. ഒപ്പം പാർക്കിംഗിലെ കൊള്ളയും ചർച്ച ചെയ്യപ്പെടുന്നു.
വൻ തുക വാങ്ങി വളരെ മോശപ്പെട്ട സാഹചര്യത്തിലാണ് ഇവിടങ്ങളിലെ പാർക്കിംഗ് സൗകര്യം. വാഹനങ്ങള്‍ ഞെക്കിഞെരുക്കി എടുക്കാൻ കഴിയാത്ത വിധമാണ് പാർക്കിംഗ് ഷെഡുകൾ. തൃശൂരില്‍ റെയിൽവേ സ്റ്റേഷന് സമീപം ഇരുചക്രവാഹനങ്ങള്‍ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് വൻ തീപിടിത്തമുണ്ടായ സംഭവം കൊല്ലത്തും തള്ളിക്കളയാൻ പറ്റില്ലെന്നു യാത്രക്കാർ പറഞ്ഞു.
വാഹനം നഷ്ടപ്പെടുകയോ മറ്റ് എന്തെങ്കിലും സംഭവിക്കുകയോ ചെയ്താൽ തങ്ങൾക്കു യാതൊരു ഉത്തരവാദിത്തവും ഉണ്ടാവില്ലെന്ന് കൊല്ലം റെയിൽവേ സ്റ്റേഷന്റെ അംഗീകൃത പാർക്കിംഗ് ഗ്രൗണ്ടിൽ ബോർഡ് സ്ഥാപിച്ചിട്ടുള്ളതും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നു.
നൂറുകണക്കിനു വാഹനങ്ങളാണ് ഇവിടെ ദിവസവും പാർക്ക് ചെയ്യുന്നത്. കൂടാതെ ഫാത്തിമ മാതാ റോഡിലും യാതൊരു സുരക്ഷയുമില്ലാതെ അനേകം വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നുണ്ട്. അംഗീകൃത പാർക്കിംഗ് ഗ്രൗണ്ടിൽ വലിയ തുക ഫീസ് വാങ്ങിയാണ്് വാഹനങ്ങൾ പാർക്ക് ചെയ്യിപ്പിക്കുന്നത്. എന്നാല്‍, റെയിൽവേ നിർദേശിക്കുന്ന യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇവിടെയില്ല.
പാർക്കിംഗ് കൊള്ളയും ഗുണ്ടായിസവും
റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗിന് ഏർപ്പെടുത്തിയ ഉയർന്ന നിരക്കു പിൻവലിക്കുമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പിനു പുല്ലുവില കൽപ്പിച്ച് നിർബന്ധിത ഗുണ്ടാപിരിവാണ് ഇവിടെ നടക്കുന്നത്. ഒരു സുരക്ഷയും ഒരുക്കാതെയുള്ള നിർബന്ധിത പിരിവാണ് നടക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ മാസം മുതലാണ് സ്റ്റേഷനുകളെ രണ്ടു കാറ്റഗറികളായി തിരിച്ചു പാർക്കിംഗിനു വൻ ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. നേരത്തേതിൽ നിന്നു 30 മുതൽ 60 ശതമാനം വരെ ചാർജ് വർധിപ്പിച്ചാണ് യാത്രക്കാരെ പിഴിയാൻ തീരുമാനിച്ചത്. പരീക്ഷണാർഥം ചില സ്റ്റേഷനുകളിൽ ഇതു നടപ്പാക്കാൻ തുടങ്ങിയതോടെ വ്യാപക പ്രതിഷേധം ഉയരുകയും ചിലയിടങ്ങളിൽ തർക്കവും സംഘർഷവും ഉടലെടുക്കുകയും ചെയ്തു.
മന്ത്രി നൽകിയ ഉറപ്പും പാലിച്ചില്ല
റെയിൽവേ കൺസൾട്ടേറ്റീവ് അംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിയെ നേരിൽ കാണുകയും വർധിപ്പിച്ച പാർക്കിംഗ് ഫീസ് അടിയന്തിരമായി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അനുകൂല തീരുമാനം കൈകൊള്ളുമെന്ന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ രേഖാമൂലം ഉത്തരവ് ഇറങ്ങാതെ വന്നതോടെ കഴിഞ്ഞ രണ്ടു മാസമായി എല്ലാ സ്റ്റേഷനുകളിലും നിർബന്ധിതമായി തന്നെ പുതുക്കിയ ഫീസ് ഈടാക്കി തുടങ്ങി.
സ്റ്റേഷനുകളുടെ കാറ്റഗറി നിശ്ചയിച്ചത് അടക്കമുള്ള കാര്യങ്ങളിൽ അശാസ്ത്രീയതയുണ്ടന്നും അടിസ്ഥാന സൗകര്യം ഒരുക്കുന്നതടക്കമുള്ള കാര്യത്തിൽ റെയിൽവേയുടെ നോട്ടിഫിക്കേഷൻ അടങ്ങുന്ന ബോർഡ് പ്രദർശിപ്പിക്കണമെന്നും ചൂണ്ടികാട്ടി യാത്രക്കാർ തർക്കിക്കുമ്പോൾ ഗുണ്ടായിസം കാണിക്കുന്ന നിലയിലേക്ക് കരാറുകാർ പ്രവർത്തിച്ചു തുടങ്ങിയിരിക്കുകയാണ്.
വൻ വർധനവ്
എട്ടുമണിക്കൂർ മുതൽ 24 മണിക്കൂർ വരെ കാർ പാർക്കിംഗിനു കാറ്റഗറി ഒന്ന് സ്റ്റേഷനുകളിലെ നിരക്ക് 80രൂപയും കാറ്റഗറി രണ്ടിലെ നിരക്ക് 50 രൂപയുമാണ്.
24 മുതൽ 48 മണിക്കൂർ വരെ ഇത് യഥാക്രമം 180ആയും 80 ആയും ഉയരുന്നുണ്ട്. ഇരുചക്ര വാഹനങ്ങളുടേത് 24 മണിക്കൂർ വരെ കാറ്റഗറി ഒന്നിൽ 60 രൂപയാണ്.
ഇരുചക്രവാഹനത്തിന് മാസ വാടക 300ൽ നിന്ന് 600 ആയാണ് ഉയർത്തിയത്. സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളെല്ലാം തന്നെ കാറ്റഗറി ഒന്നിൽ പെടുത്തിയതിന്റെ അശാസ്ത്രീയതയാണ് യാത്രക്കാർ പ്രധാനമായും ചോദ്യം ചെയ്യുന്നത്.
രണ്ടോ മൂന്നോ പാസഞ്ചർ ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷനുകൾ മാത്രമാണ് കാറ്റഗറി രണ്ടിൽ പെടുത്തിയിട്ടുളളത്.
എങ്ങും സുരക്ഷയില്ല
പരവൂർ, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് സ്ഥലങ്ങളിലും യായൊരു സുരക്ഷാസൗകര്യങ്ങളുമില്ല.അലക്ഷ്യമായാണ് പാർക്കിംഗ്. അപകടം ഉണ്ടായാൽപോലും പെട്ടെന്നു വാഹനങ്ങൾ എടുത്തുമാറ്റാൻ കഴിയാത്ത സ്ഥിതിയാണ്. ഇവിടങ്ങളിലും പാർക്കിംഗ് ഫീസ് തോന്നും പോലെ വർധിപ്പിക്കുകയാണ്.
District News
പേരൂര്‍ക്കട: അജ്ഞാത വാഹനത്തില്‍ നിന്നു റോഡിലേക്ക് ചോര്‍ന്ന ഓയിലില്‍ തെന്നി നിരവധി വാഹനയാത്രികര്‍ വീണു.
ഏകദേശം നാല് ഇരുചക്ര വാഹനയാത്രികരാണ് തെന്നിവീണത്. മിക്കവര്‍ക്കും കൈകൾക്കു പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി. ശാസ്തമംഗലം ദന്താശുപത്രിക്കു സമീപത്തെ റോഡിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ന് അജ്ഞാത വാഹനത്തില്‍നിന്ന് ഓയില്‍ ചോര്‍ന്നത്. ഓയില്‍ ടാങ്ക് പൊട്ടിയാണോ മറ്റേതെങ്കിലും വിധത്തിലാണോയെന്നു ഓയിൽ റോഡിൽ വീണതെന്നു വ്യക്തമായിട്ടില്ല.
പരിസരവാസികള്‍ നല്കുന്ന വിവരങ്ങള്‍ പ്രകാരം ഇതുവഴി കടന്നുപോയ ലോറിയില്‍ നിന്നാണ് ഓയില്‍ ചോര്‍ന്നതെന്നാണ് കരുതുന്നത്. തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സവിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷമീര്‍, രേഷ്മ, രശ്മി, സേനാംഗം ശ്രീരാജ് എന്നിവര്‍ ചേര്‍ന്നു ഹോസ് ഉപയോഗിച്ച് റോഡില്‍നിന്ന് ഓയില്‍ ചോര്‍ത്തി മാറ്റുകയായിരുന്നു. ഓയില്‍ നീക്കം ചെയ്തുവെങ്കിലും വാഹനയാത്രികരുടെ സുരക്ഷയ്ക്കുവേണ്ടി ഈ ഭാഗത്ത് മരപ്പൊടി വിതറി അപകടസാധ്യത ഒഴിവാക്കി.
Kerala
ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിൽ. ഇരിട്ടിയിലാണ് സംഭവം. ഇന്നലെ രാത്രി ഏഴോടെ കാസർഗോഡുനിന്നു കണ്ണൂർ-ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബുവിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ മർദിച്ചത്.
പയഞ്ചേരി മുക്കിനു സമീപത്തു വച്ച് ബസ് കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചായിരുന്നു മർദനം. ഡ്രൈവറെ മർദിച്ചതോടെ ബസ് ഇരിട്ടിയിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന് ഡ്രൈവർ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഇരിട്ടി ബസ് സ്റ്റാൻഡിനു സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിച്ചെന്നും മാറ്റാൻ പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ ചീത്ത വിളിച്ചെത്തും ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പിന്നാലെയെത്തി ചീത്തവിളിച്ചു മർദിച്ചെന്നുമാണ് ഡ്രൈവർ ബാബു പറയുന്നത്. ഡ്രൈവർ കൈയേറ്റം ചെയ്തെന്നു കാണിച്ചു കാറിൽ ഉണ്ടായിരുന്നവരും പോലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. രണ്ടു കൂട്ടരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ഷിംല: ഹിമാചല്‍പ്രദേശിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന വാഹനം അപകടത്തില്‍പെട്ടു.
യാത്രക്കാര്‍ കയറിയ വാന്‍ മലഞ്ചെരുവില്‍ നിന്നും താഴേക്ക് ഉരുണ്ടുനീങ്ങുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അതിസാഹസികമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. താഴേക്ക് ഉരുണ്ട് നീങ്ങിയ വാന്‍ ഒരു മരത്തില്‍ ഇടിച്ച് നിന്നതിനാല്‍ കൊക്കയിലേക്ക് വീണില്ല.
വാഹനത്തില്‍നിന്ന് പുറത്തേക്ക് ചാടിയ രണ്ട് സ്ത്രീകള്‍ക്ക് താഴ്ചയിലേക്ക് വീണ് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിലെ മുഴുവന്‍ യാത്രക്കാരും സ്ത്രീകളായിരുന്നു.
National
ന്യൂഡൽഹി: എത്ര വലിയ വിമാനക്കന്പനിയാണെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചാൽ അത് അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ലോക്സഭയിൽ നടത്തിയ പ്രസ്താവനയിലാണ് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്. വിമാനസർവീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കി രാജ്യത്തുടനീളം യാത്രക്കാർക്ക് ദുരിതം വിതച്ച ഇൻഡിഗോയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇതിനകം ഇൻഡിഗോയ്ക്കു നോട്ടീസ് അയച്ചിട്ടുണ്ട്. ജീവനക്കാരുടെ ജോലിസമയം സംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശം നടപ്പാക്കാൻ പരാജയപ്പെട്ടതിൽ എയർലൈൻ പൂർണമായും ഉത്തരവാദിയാണ്. ഇതുസംബന്ധിച്ച നിർദേശം സർക്കാർ മുൻകൂട്ടി വിമാനക്കന്പനിക്കു നൽകിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇൻഡിഗോ വിമാനസർവീസുകൾ സ്ഥിരത കൈവരിക്കുന്നതായി സഭയെ അറിയിച്ച കേന്ദ്രമന്ത്രി, വിമാനത്താവളങ്ങൾ സാധാരണ നിലയിലേക്ക് എത്തുന്നതായും വ്യക്തമാക്കി. റീഫണ്ട് നൽകാൻ നിർദേശിച്ചതിനെത്തുടർന്ന് 750 കോടിയിലധികം രൂപ യാത്രക്കാരിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റീഫണ്ട്, ബാഗേജ് ട്രെയ്സിംഗ്, യാത്രക്കാരെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ എന്നിവ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണു നടക്കുന്നത്. ഡിജിസിഎ കാരണംകാണിക്കൽ നോട്ടീസ് നൽകിയതുൾപ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കന്പനിക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്നും റാം മോഹൻ നായിഡു ഉറപ്പ് നൽകി.
രാജ്യത്തു പുതിയ വിമാനക്കന്പനികൾ ആരംഭിക്കുന്നതിനെ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നതായും നായിഡു വ്യക്തമാക്കി. അതേസമയം, ഇൻഡിഗോ പ്രതിസന്ധിമൂലം യാത്രക്കാർ നേരിട്ട ദുരിതത്തിനു കാരണം കേന്ദ്രസർക്കാർ കുത്തകകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംപിമാർ ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോയി.
International
ബെയ്ജിംഗ്: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസിനു തുടക്കമിട്ട് ചൈന ഈസ്റ്റേൺ എയർലൈൻസ്. കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശികസമയം പുലർച്ചെ 2.19ന് 282 യാത്രക്കാരുമായി ചൈനയിലെ ഷാങ്ഹായിയിൽനിന്ന് ന്യൂസിലൻഡിലെ ഓക്ലൻഡ് വഴി അർജന്റീന തലസ്ഥാനമായ ബുവാനോസ് ആരിസിലേക്കായിരുന്നു എംയു 745 വിമാനത്തിന്റെ കന്നിയാത്ര. 19,681 കിലോമീറ്റർ നീണ്ട ഈ യാത്ര ലക്ഷ്യസ്ഥാനത്ത് എത്താൻ 29 മണിക്കൂറെടുത്തു. ഓക്ലൻഡിൽ മാത്രമായിരുന്നു സ്റ്റോപ്പ്. ഷാങ്ഹായ്-ഓക്ലൻഡ്- ബുവാനോസ് ആരിസ് സർവീസ് ആഴ്ചയിൽ രണ്ടു ദിവസം ഉണ്ടായിരിക്കുമെന്നാണ് എയർലൈൻസ് കന്പനി അറിയിച്ചത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും ഷാങ്ഹായിയിൽനിന്നുള്ള സർവീസ്. ബുവാനോസ് ആരിസിൽനിന്നുള്ള മടക്കയാത്ര ചൊവ്വ, വെള്ളി ദിവസങ്ങളിലുമായിരിക്കും.
വ്യാഴാഴ്ച പ്രാദേശികസമയം വൈകുന്നേരം ആറിനാണ് വിമാനം ഓക്ലൻഡിൽ ലാൻഡ് ചെയ്തത്. യാത്രയുടെ പാതിവഴിയിൽ ന്യൂസിലൻഡിലെ ഓക്ലൻഡ് വിമാനത്താവളത്തിലിറങ്ങിയപ്പോൾ യാത്രക്കാർ അനുഭവം പങ്കുവച്ചു. ലോകത്തിലെ ഏറ്റവും ദീർഘമായ വിമാനയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച യാത്രക്കാർ, ഓക്ലൻഡിലെ ചെറിയ ഇടവേള ആസ്വദിച്ചതായും പറഞ്ഞു. യാത്രക്കാർക്ക് ഓക്ലൻഡ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡിന്റെയും മേയർ വെയ്ൻ ബ്രൗണിന്റെയും നേതൃത്വത്തിൽ സ്വീകരണമൊരുക്കിയിരുന്നു. രണ്ടു മണിക്കൂറിനുശേഷമാണ് ഇവിടെനിന്നു യാത്ര പുനരാരംഭിച്ചത്. യാത്രാസർവീസിനൊപ്പം തെക്കേ അമേരിക്കയുമായുള്ള ചരക്കുഗതാഗതം വർധിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നണ്ട്.
ദൈര്‍ഘ്യമേറിയ നിർത്താതെയുള്ള സർവീസിലും ചൈനീസ് കമ്പനി
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിർത്താതെയുള്ള വിമാനയാത്ര ഇപ്പോൾ ഔദ്യോഗികമായി 19 മണിക്കൂറും 20 മിനിറ്റുമാണ്. ചൈനീസ് വിമാനക്കമ്പനിയായ സിയാമെൻ എയർ അവരുടെ പുതിയ ന്യൂയോർക്ക് - ഫുഷൗ റൂട്ടിലൂടെയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര എന്ന റെക്കോർഡ് നേടിയത്. ഏകദേശം 12,505 കിലോമീറ്റർ ഒരിടത്തും നിർത്താതെ ഈ വിമാനം പറക്കുന്നു. തൊട്ടുപിന്നിൽ ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽനിന്നു സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിലേക്കുള്ള സിംഗപ്പുർ എയർലൈൻസിന്റെ സർവീസാണ്. ഇത് ഏകദേശം18 മണിക്കൂർ 40 മിനിറ്റ് എടുക്കുന്നു. ഈ സർവീസ് ഏകദേശം 15,289 കിലോമീറ്റർ (9,500 മൈൽ) ദൂരമാണു സഞ്ചരിക്കുന്നത്.
വമ്പൻ പദ്ധതിയുമായി ക്വാന്താസ്
'പ്രോജക്ട് സൺറൈസ്' എന്ന പദ്ധതിയിലൂടെ 22 മണിക്കൂർ നീളുന്ന ദീർഘദൂര സർവീസുകൾ നടത്താൻ ഓസ്ട്രേലിൻ എയർലൈനായ ക്വാന്തസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം സജ്ജമാക്കിയ 12 എയർബസ് എ350-1000 യുആർഎൽ വിമാനങ്ങൾക്ക് കന്പനി ഓർഡർ നൽകിയിട്ടുണ്ട്. 2027ന്റെ തുടക്കത്തിൽ സർവീസ് ആരംഭിക്കും. തുടക്കത്തിൽ സിഡ്നിയിൽനിന്ന് ലണ്ടനിലേക്കുള്ള 20 മണിക്കൂർ നിർത്താതെയുള്ള സർവീസായിരിക്കും. 17,015 കിലോമീറ്റർ ദൂരം താണ്ടുന്നതാണ് ഈ സർവീസ്. യാത്രക്കാർക്ക് ഒരൊറ്റ യാത്രയിൽ രണ്ട് സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയും.
സഞ്ചാരികളെ ആകർഷിക്കാൻ ന്യൂസിലൻഡ്
2025 നവംബർ മുതൽ ഓക്ലൻഡ് അന്താരാഷ്ട്ര വിമാനത്താവളം വഴി മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്ന ചൈനീസ് പാസ്പോർട്ട് ഉടമകൾക്ക് പ്രത്യേക ട്രാൻസിറ്റ് വീസയ്ക്ക് അപേക്ഷിക്കാതെ തന്നെ ട്രാൻസിറ്റ് ആവശ്യങ്ങൾക്കായി ന്യൂസിലൻഡ് ഇലക്ട്രോണിക് ട്രാവൽ അഥോറിറ്റി കാർഡ് ഉപയോഗിക്കാൻ അർഹതയുണ്ടെന്ന് ന്യൂസിലാൻഡ് സർക്കാർ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ചൈന ഈസ്റ്റൺ വിമാനസർവീസ് ലക്ഷ്യമിട്ടായിരുന്നു ഈ പ്രഖ്യാപനം. ഇതുവഴി കൂടുതൽ സഞ്ചാരികളെയും നിക്ഷേപവും രാജ്യത്തേക്ക് ആകർഷിക്കാൻ ന്യൂസിലൻഡ് ലക്ഷ്യമിടുന്നു.
Kerala
കൊച്ചി: ഇന്നും യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് പല യാത്രക്കാരും വലയുകയാണ്. കൊച്ചിയില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇന്ന് പുലര്‍ച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെയാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. ഇന്‍ഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം.
വിമാന സര്‍വീസുകള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. സാധാരണനിലയിലെത്താന്‍ രണ്ടുമാസം സമയമെടുക്കുമെന്ന് അറിയിച്ച കമ്പനി യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ചു. സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമം തുടരുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്.
പൈലറ്റുമാര്‍ക്ക് വിശ്രമം ഉറപ്പാക്കാന്‍ ഡിജിസിഎ ഏര്‍പ്പെടുത്തിയ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതിലെ വീഴ്ചയാണു വിമാന സര്‍വീസുകള്‍ താളംതെറ്റാന്‍ കാരണം.
Kerala
കോട്ടയം: എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ഓർഡിനറി ബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെയും രണ്ട് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സൂപ്പർ ഫാസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. കോട്ടപ്പടി കുളങ്ങാട്ടുകുഴി കല്ലുമുറിക്കല്‍ കെ.വി ഗോപി (കുഞ്ഞ് - 66), ബന്ധുവായ പട്ടംമാറുകുടി അയ്യപ്പന്‍കുട്ടി (62) എന്നിവര്‍ക്കാണ് പരിക്ക്.
രാവിലെ ആറരയോടെ വാവേലിയില്‍ വച്ച് ഏഴു കാട്ടാനകള്‍ ഇവരുടെ ബൈക്കിനു നേരെ പാഞ്ഞടുത്ത് തുമ്പിക്കൈയ്ക്ക് അടിച്ചു തെറിപ്പിക്കുകയുമായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറഞ്ഞത്. ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ച് ദൂരെ വീണു. ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കാട്ടാനക്കൂട്ടത്തില്‍ വളരെ ചെറിയ കുട്ടിയാന ഉണ്ടായിരുന്നതുകൊണ്ടാവാം ആനക്കൂട്ടം മറ്റ് പ്രകോപനങ്ങളില്ലാതെ ആക്രമണകാരികളായതെന്നാണ് കരുതുന്നത്. ഉച്ചത്തിലുള്ള ചിന്നംവിളികേട്ട് ഓടിയെത്തിയ വനം വാച്ചറാണ് ആനക്കുട്ടത്തെ തുരത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രാവിലെ അടുത്തുള്ള ജംഗ്ഷനില്‍ ചായകുടിച്ച് പണിക്ക് പോകാനായി ബൈക്കില്‍ പുറപ്പെട്ടതായിരുന്നു ഇരുവരും.
കോതമംഗലം താലുക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലം ധര്‍മഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് വാവേലി ഉള്‍പ്പെടെയുള്ള മേഖല. മുന്‍പും സമാനമായ പല സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.
യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ ആയില്ല. യാത്രക്കാർക്ക് വൈകുന്നേരം നാലിന് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വിമാനം വൈകിയതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബംഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി യാത്രക്കാർ അറിയിച്ചു.
National
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 800 വിമാന സർവീസുകൾ വൈകി. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്.
പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നാണ് ഡൽഹി വിമാനത്താവള അധികൃതർ പറയുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ടിക്കറ്റെടുത്ത യാത്രക്കാർ വിമാന കമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
എയർ ട്രാഫിക് കൺട്രോൾ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റമാണ് തകരാറിലായത്. നിലവിൽ ഉദ്യോഗസ്ഥർ നേരിട്ടാണ് ഫ്ലൈറ്റ് മാന്വൽ കൈകാര്യം ചെയ്യുന്നതെന്നും ഇതാണ് വിമാനങ്ങൾ വൈകാൻ കാരണമാകുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരയടക്കം വിന്യസിച്ച് തീവ്ര ശ്രമം തുടരുകയാണ്. ഡൽഹിയിൽ നിന്ന് പോകേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.
ഡൽഹിയിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർ വിമാനകമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്നും നിശ്ചയിച്ച സമയത്തിലും നേരത്തെ വിമാനത്താവളത്തിലെത്തണമെന്നും വിമാന കമ്പനികൾ മാർഗനിർദേശം പുറത്തിറക്കി.
TRAVEL
ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ, സ്ലീപ്പർ ക്ലാസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഒഴിവുള്ള എസി കോച്ചുകളിലേക്ക് ഓട്ടോ അപ്ഗ്രേഡ് സൗകര്യം ലഭിക്കും. തേർഡ് എസി കമ്പാർട്ടുമെന്റുകളിലേക്കാണ് പ്രധാനമായും ഈ സൗകര്യം ലഭിക്കുക. പോക്കറ്റ് കീറാതെ എസി യാത്ര ആസ്വദിക്കാൻ സാധിക്കുമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.
ഈ സൗകര്യം 2006-ൽ അവതരിപ്പിച്ചിരുന്നെങ്കിലും, അന്ന് ഉയർന്ന നിരക്ക് ഈടാക്കിയിരുന്നു. എന്നാൽ പുതിയ നയമനുസരിച്ച് അധിക പണം നൽകാതെ തന്നെ ഈ സൗകര്യം ലഭ്യമാകും. ഇത് ട്രെയിൻ യാത്രകളെ കൂടുതൽ ആകർഷകമാക്കുകയും, യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഗുണകരമാകും.
യാത്രക്കാർക്ക് അവസാന നിമിഷം വരെ കൺഫർമേഷൻ സ്റ്റാറ്റസിനായി കാത്തിരിക്കേണ്ടതില്ലെന്നതും ഈ പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കം യാത്രക്കാരെ കൂടുതൽ ആകർഷിക്കുകയും, റെയിൽവേ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വ് നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.