പ്രതീകാത്മക ചിത്രം
നിലമ്പൂർ: നിലമ്പൂരിൽ നിന്നുള്ള മെമു വൈകിയതിനെ തുടർന്ന് ഷൊർണ്ണൂരിൽ നിന്നുള്ള കണക്ഷൻ ട്രെയിൻ കിട്ടാതെ യാത്രക്കാർ വലഞ്ഞു.
സംഭവത്തെ തുടർന്ന് ഇന്നല രാവിലെ ഷൊർണ്ണൂരിൽ യാത്രക്കാർ ബഹളം വച്ചു. ഒടുവിൽ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനാകില്ലെന്ന് മനസ്സിലാക്കിയ ചില യാത്രക്കാർ മടങ്ങിപ്പോയി. ഇന്നലെ പുലർച്ചെയാണ് സംഭവം. പുലർച്ചെ 3.10-നാണ് നിലമ്പൂരിൽ നിന്ന് മെമു പുറപ്പെടുന്നത്. സാധാരണഗതിയിൽ രാവിലെ 4.20-ന് ഇത് ഷൊർണ്ണൂരിലെത്തും. 4.30-നാണ് ഷൊർണ്ണൂർ-എറണാകുളം മെമു ഷൊർണ്ണൂരിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെടുക.
എറണാകുളത്തെത്തുന്ന ഈ ട്രെയിൻ പിന്നീട് ആലപ്പുഴയിലേക്ക് പോകും. രാവിലെ ഒൻപതരയ്ക്ക് മുൻപ് ആലപ്പുഴയിലെത്തുന്നതിനാൽ നിലമ്പൂർ, അങ്ങാടിപ്പുറം, ഷൊർണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. അങ്ങാടിപ്പുറത്ത് നിന്ന് 3.50-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഇന്നലെ 4.02-നാണ് പുറപ്പെട്ടത്. ഇതോടെ ഷൊർണ്ണൂരിലെത്താൻ വൈകിയ നിലമ്പൂർ മെമുവിലെ യാത്രക്കാർക്ക് എറണാകുളം-ആലപ്പുഴ മെമു നഷ്ടമായി.
വൈകിയെത്തിയ നിലമ്പൂർ മെമുവിനെ കാത്തുനിൽക്കാതെ ഷൊർണ്ണൂരിൽ നിന്നുള്ള ട്രെയിൻ സാധാരണ സമയത്ത് തന്നെ പുറപ്പെടുകയായിരുന്നു. തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. പാലക്കാട് നിന്ന് ചരക്കുമായി എത്തിയ ട്രെയിനിന് കടന്നുപോകാനാണ് നിലമ്പൂർ മെമുവിനെ അങ്ങാടിപ്പുറത്ത് പിടിച്ചിട്ടതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.എന്നാൽ, നിലമ്പൂരിൽ നിന്നുള്ള മെമുവിന്റെ കണക്ഷൻ ട്രെയിനായിട്ടല്ല എറണാകുളം മെമു സർവീസ് നടത്തുന്നതെന്നും സിഗ്നൽ ലഭിച്ചതനുസരിച്ച് ട്രെയിൻ പുറപ്പെട്ടതാകാമെന്നുമാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.
Tags : Passengers stranded in Shoranur after missing Passengers NattuVishesham DistrictNews