സുവേന്ദു അധികാരി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അനധികൃത ഗോവധം കർശനമായി തടയുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇതിനെതിരെ നിലവിലുള്ള നിയമവ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നതിനായി പുതിയ ബിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. രഹസ്യമായി നടക്കുന്ന ഇത്തരം കശാപ്പുകളെക്കുറിച്ച് ജനങ്ങൾക്ക് തന്നെ നേരിട്ട് സന്ദേശമയച്ച് അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച സെക്രട്ടേറിയറ്റായ നബന്നയിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "സംസ്ഥാനത്ത് ഗോമാതാവിനെ കശാപ്പ് ചെയ്യാൻ ഞാൻ അനുവദിക്കില്ല. ഞങ്ങളുടെ മന്ത്രിസഭാ തീരുമാനത്തെ നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ വ്യാഖ്യാനിക്കാം," സുവേന്ദു അധികാരി പറഞ്ഞു.
കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ ഗോകുൽ മിഷന്റെ ഭാഗമായി, രോഗികളും പ്രായമായതുമായ പശുക്കളെ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്തെ 'ഗോശാലകൾക്ക്' പ്രതിവർഷം ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. 1950-ലെ പശ്ചിമ ബംഗാൾ മൃഗകശാപ്പ് നിയന്ത്രണ നിയമവും ഇതുമായി ബന്ധപ്പെട്ട കോൽക്കത്ത ഹൈക്കോടതി വിധിയും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി നിയമലംഘകരെ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ടെന്നും അനധികൃത കശാപ്പിനെക്കുറിച്ച് വിവരം ലഭിച്ചാലുടൻ വേഗത്തിൽ നടപടിയെടുക്കാൻ പുതിയ ബിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗീകൃത അറവുശാലകളിലും കശാപ്പ് നിരോധിക്കുമോ എന്ന ചോദ്യത്തിന്, നിയമപരമായ കശാപ്പും അനധികൃത കശാപ്പും രണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അറവുശാലകളിൽ നിയമപരമായി അനുമതിയുണ്ടെങ്കിൽ അത് ചെയ്യാമെന്നും, എന്നാൽ പരസ്യമായി നിയമം ലംഘിച്ചുള്ള കശാപ്പ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : SuvenduAdhikari Suvendu Adhikari West Bengal Chief Minister Cow Slaughter Ban Gau Mata New Bill Gaushala Aid West Bengal Politics