ജെൻസൻ ഹുവാംഗ്
വാഷിംഗ്ടൺ ഡിസി: വിവാദങ്ങളെത്തുടർന്ന് രാജിവച്ച എൻവിഡിയ മേധാവി ജെൻസൻ ഹുവാംഗിന്റെ നാടകീയ തിരിച്ചുവരവിനു പിന്നിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേരിട്ടുള്ള ഇടപെടലെന്നു വെളിപ്പെടുത്തൽ. ഹുവാംഗിനെ കമ്പനിയുടെ തലപ്പത്തു തിരിച്ചെത്തിക്കാൻ എൻവിഡിയ ഡയറക്ടർ ബോർഡുമായി താൻ നേരിട്ടു സംസാരിച്ചിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
ഹുവാംഗിനെ എൻവിഡിയയുടെ തലപ്പത്ത് തിരിച്ചെത്തിച്ചില്ലെങ്കിൽ ചൈന അദ്ദേഹത്തെ സ്വന്തം സാങ്കേതികവിദ്യാകമ്പനികളെ നയിക്കാൻ ക്ഷണിക്കുമെന്ന ആശങ്കയാണ് ഇടപെടലിനു പിന്നിലെന്ന് ട്രംപ് പറഞ്ഞു. ഹുവാംഗിനെ നഷ്ടപ്പെടുന്നത് അമേരിക്കയ്ക്കു വലിയ ഭീഷണിയാണെന്നും സിഎൻബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് സാങ്കേതികവിദ്യാ ഭീമനായ വാവെയ്യുടെ തലപ്പത്തേക്ക് ഹുവാംഗിനെ ക്ഷണിച്ചേക്കുമെന്നതായിരുന്നു തന്റെ പ്രധാന ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദങ്ങളേക്കാൾ അമേരിക്കയുടെ സാങ്കേതികമേധാവിത്വം സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന നിലപാടാണ് ട്രംപിന്റെ വിശദീകരണത്തിൽ പ്രകടമാകുന്നത്.
തീരുമാനത്തിനെതിരേ ഇരുപാർട്ടികളിലെയും ജനപ്രതിനിധികൾ
ലോകത്തിലെ ഏറ്റവും നിർണായകമായ സെമികണ്ടക്ടർ സാങ്കേതികവിദ്യാ കമ്പനികളിലൊന്നായ എൻവിഡിയയുടെ നേതൃത്വം സംബന്ധിച്ച തീരുമാനം ഇപ്പോൾ അമേരിക്കയുടെ ചൈനാനയത്തോടും ദേശീയ സുരക്ഷയോടും ബന്ധപ്പെട്ടു വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. കമ്പനിയുടെ സാമ്പത്തികതാത്പര്യങ്ങൾക്കും അമേരിക്കയുടെ തന്ത്രപ്രധാനമായ സുരക്ഷാ താത്പര്യങ്ങൾക്കുമിടയിൽ ഏതിനാണു മുൻഗണന നൽകേണ്ടതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
ഹുവാംഗിന്റെ തിരിച്ചുവരവ് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ അംഗങ്ങൾ ഒരുപോലെ രംഗത്തെത്തി.
ഹുവാംഗിന്റെ തിരിച്ചുവരവ് ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുവെന്നാണ് അമേരിക്കൻ ജനപ്രതിനിധികളുടെ നിലപാട്.
തീരുമാനം അവിവേകപരമാണെന്നു ഡെമോക്രാറ്റിക് സെനറ്റർ എലിസബത്ത് വാറൻ വിശേഷിപ്പിച്ചു. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ കമ്പനി പാലിക്കുന്നുണ്ടോയെന്ന കാര്യത്തിൽ എൻവിഡിയ ബോർഡ് കോൺഗ്രസിന് മറുപടി നൽകേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ചിപ്പ് കയറ്റുമതി നിയന്ത്രണ ബില്ലുകൾ എത്രയും വേഗം നിയമമാക്കണമെന്നും വാറൻ ആവശ്യപ്പെട്ടു.
ചൈനീസ് ചാരവനിതയുടെ കെണിയിൽപ്പെട്ട ഹുവാംഗിനെ ഒഴിവാക്കി കമ്പനി മുന്നോട്ടുപോകണമായിരുന്നുവെന്നായിരുന്നു റിപ്പബ്ലിക്കൻ പ്രതിനിധി ഡോൺ ബേക്കന്റെ പ്രതികരണം. ഹുവാംഗിനെ സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ വിചിത്രമായ നീക്കത്തിന് എൻവിഡിയ വഴങ്ങരുതായിരുന്നുവെന്നും ചൈനയ്ക്ക് അത്യാധുനിക കംപ്യൂട്ടർ ചിപ്പുകൾ വിൽക്കാൻ അനുമതി നൽകിയത് ആരാണെന്നു കോൺഗ്രസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് ഹുവാംഗിന്റെ മൊഴി രേഖപ്പെടുത്തുന്നതിനു മുമ്പുതന്നെ അദ്ദേഹത്തെ തിരിച്ചെടുത്ത ബോർഡിന്റെ നടപടി നിരുത്തരവാദപരമാണെന്ന് ഡെമോക്രാറ്റിക് പ്രതിനിധി ഡെബി ഡിംഗൽ വിമർശിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവകരമായ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കാനുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ താത്പര്യങ്ങളെ അവഗണിക്കുന്ന അത്യാഗ്രഹത്തിന്റെയും ഉത്തരവാദിത്വമില്ലായ്മയുടെയും ഉദാഹരണമാണു തീരുമാനമെന്ന് ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കറും വിമർശിച്ചു.
ഹുവാംഗ് സെനറ്റിലും ഹൗസിലും മൊഴി നൽകണം
വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി യുഎസ് സെനറ്റിനു മുന്നിൽ പരസ്യമായി ഹാജരായി മൊഴി നൽകാൻ ഹുവാംഗ് കഴിഞ്ഞയാഴ്ച സമ്മതിച്ചിരുന്നു. ഡിസംബർ ഒന്നിന് മൂന്ന് ഹൗസ് കമ്മിറ്റികൾക്കുമുന്നിൽ രഹസ്യമായും മൊഴി നൽകും. ഈ നടപടികൾ പൂർത്തിയാകുന്നതിനു മുമ്പുതന്നെ അദ്ദേഹത്തെ തിരിച്ചെടുത്തതാണ് കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം ശക്തമാക്കിയത്.
Tags : Trump Huawei China Nvidia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash