റിയാദ്: 27 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഷിമേസി യൂണിറ്റ് നിർവാഹക സമിതി അംഗം എഡ്വിൻ ജോസഫിന് കേളി യാത്രയയപ്പു നൽകി.
രണ്ടര പതിറ്റാണ്ടിലേറെയായി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ മെഡിക്കൽ ഗ്യാസ് ടെക്നീഷൻ ജോലി ചെയ്തുവരികയായിരുന്ന എഡ്വിൻ ജോസഫ്, ജോലിക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം കൊണ്ടും സമൂഹത്തിൽ ശ്രദ്ധേയനായിരുന്നു. കേളിയുടെ നേതൃത്വത്തിൽ ആശുപത്രികളുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന വിവിധ ജീവകാരുണ്യ ഇടപെടലുകളിൽ നിർണായകമായ സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്.
അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തിക്കുന്ന പ്രവാസി രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ കേളി പ്രവർത്തകർക്ക് യഥാസമയം കൈമാറുന്നതിനും രോഗികളുടെ ബന്ധുക്കൾക്ക് ആശുപത്രി അധികൃതരുമായും രോഗികളുമായും ആശയവിനിമയം നടത്തുന്നതിനും അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ സമയപരിധികളില്ലാതെ സഹായവുമായി എത്തുന്ന അദ്ദേഹത്തിന്റെ ഇടപെടലുകൾ നിരവധി പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമായി. പ്രവാസികൾ നേരിടുന്ന ആരോഗ്യപ്രതിസന്ധികളിൽ താങ്ങും തണലുമായി നിന്ന എഡ്വിന്റെ സേവനങ്ങൾ കേളി പ്രവർത്തകർ നന്ദിയോടെ അനുസ്മരിച്ചു.
കേളി ഓഫീസിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ ഷിമേസി യൂണിറ്റ് പ്രസിഡന്റ് മോഹനൻ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ അനമങ്ങാട്, വൈസ് പ്രസിഡന്റുമാരായ റഫീഖ് ചാലിയം, രാമകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, സെക്രട്ടേറിയറ്റ് അംഗം നസീർ മുള്ളൂർക്കര, മർഗബ് ഏരിയ രക്ഷാധികാരി സെക്രട്ടറി അനിൽ അറക്കൽ, ഷിമേസി ഏരിയ സെക്രട്ടറി സലിം മടവൂർ, ട്രഷറർ സിജിൻ കൂവള്ളൂർ, ശ്രീനാഥ് എൻ.എസ്, തങ്കച്ചൻ, അനീഷ് ജേക്കബ്, തോമസ് ചാക്കോ, ശ്രീകുട്ടൻ, അബ്ദുൾ സമദ്, ഡി. മോഹനൻ, മുഹമ്മദ് അനസ്, ജ്യോതിഷ്, ഷാജഹാൻ എ., നിബിൻ ബാബു എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി മുജീബ് റഹ്മാൻ എഡ്വിൻ ജോസഫിന് കൈമാറി. യൂണിറ്റ് സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതവും എഡ്വിൻ ജോസഫ് നന്ദിയും പറഞ്ഞു.
Tags : farewell by Keli Deepika DeepikaNewspaper BreakingNews Edwin Joseph was given a farewell by Keli