പ്രതീകാത്മക ചിത്രം
വ്യവസായലോകവും കേന്ദ്രസർക്കാരും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിൽ വിള്ളൽ വീഴുകയാണോ? നിക്ഷേപവും വ്യവസായവളർച്ചയും പ്രോത്സാഹിപ്പിക്കാൻ നികുതിയിളവുകളും നയപരമായ ആനുകൂല്യങ്ങളും വാരിക്കോരി നൽകുമ്പോഴും അതിന്റെ ഗുണഫലം സാധാരണ തൊഴിലാളികളിലേക്ക് എത്തുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന വിമർശനം ഈ ചോദ്യത്തിനു പ്രസക്തിയേകുന്നു. വ്യവസായികൾക്കു സർക്കാർ ആനുകൂല്യങ്ങൾ നൽകുമ്പോൾ പകരമായി കൂടുതൽ തൊഴിലവസരങ്ങളും മെച്ചപ്പെട്ട വേതനവുമാണ് പ്രതീക്ഷിക്കുന്നതെന്ന വ്യക്തമായ സന്ദേശമാണു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ കഴിഞ്ഞയാഴ്ച നടന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ശതാബ്ദി സമ്മേളനത്തിൽ പ്രധാനമന്ത്രി നൽകിയത്.
ഭരണകൂടവും കോർപറേറ്റ് ലോകവും തമ്മിലുള്ള ബന്ധത്തിലെ പുതിയ സമവാക്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് വഴിതുറന്നിരിക്കുകയാണ്. കോർപറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായി കുറച്ചതും 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ നികുതിയിൽനിന്ന് ഒഴിവാക്കിയതുമടക്കമുള്ള നടപടികൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ഇത്തരം ആനുകൂല്യങ്ങൾ ലഭിച്ച കമ്പനികൾ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചോ, കൂടുതൽ പേർക്കു തൊഴിൽ നൽകിയോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
“എത്ര ലഭിച്ചാലും മതിവരാത്ത ആർത്തിയാണു നിങ്ങൾക്ക്”എന്ന പരാമർശത്തിലൂടെ വ്യവസായികളോടുള്ള അതൃപ്തി അദ്ദേഹം തുറന്നുകാട്ടി. നികുതിയിളവുകളും ബിസിനസ് സൗഹൃദ പരിഷ്കാരങ്ങളും കമ്പനികളുടെ ലാഭത്തിൽ മാത്രം ഒതുങ്ങരുത്. തൊഴിൽസൃഷ്ടിക്കും വേതനവർധനയ്ക്കും ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഗവേഷണ-നവീകരണ മേഖലയിലെ നിക്ഷേപത്തിനും അവ പ്രയോജനപ്പെടുത്തണം. 140 കോടി ഇന്ത്യക്കാരെ വെറുമൊരു വിപണിയായി കാണാതെ, വിദേശത്തേക്കു കയറ്റുമതി ചെയ്യുന്ന നിലവാരമുള്ള ഉത്പന്നങ്ങൾ ആഭ്യന്തര ഉപഭോക്താക്കൾക്കും ലഭ്യമാക്കണം. അടുത്ത 20 വർഷത്തെ നിക്ഷേപ തീരുമാനങ്ങൾ ‘ഇന്ത്യ ഫസ്റ്റ്’ എന്ന തത്വത്തിലായിരിക്കണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ലാഭം കുതിക്കുമ്പോൾ വേതനം ഇഴയുന്നു
പ്രധാനമന്ത്രിയുടെ വിമർശനത്തിന് സാമ്പത്തിക കണക്കുകളുടെ പിൻബലവുമുണ്ട്. വാർഷിക വ്യവസായ സർവേയുടെ കണക്കുകൾ പ്രകാരം 2022-23ൽ തൊഴിലാളികളുടെ യഥാർഥ വേതനത്തിൽ 1.1 ശതമാനം കുറവുണ്ടായി. 2023-24ൽ വളർച്ച 0.1 ശതമാനമായിരുന്നെങ്കിൽ 2024-25ൽ അത് 0.7 ശതമാനത്തിൽ ഒതുങ്ങി. കഴിഞ്ഞ ആറു വർഷത്തിനിടെ അഞ്ചു തവണയും യഥാർഥ വേതനവർധന ഒരു ശതമാനത്തിൽ താഴെയായിരുന്നു.
2024-25ൽ ഫാക്ടറി തൊഴിലാളികളുടെ ശരാശരി വാർഷിക വേതനം 5.3 ശതമാനം വർധിച്ച് 2.28 ലക്ഷം രൂപയായെങ്കിലും 4.6 ശതമാനം പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ യഥാർഥ നേട്ടം 0.7 ശതമാനം മാത്രം. വിലക്കയറ്റം മാറ്റിനിർത്തിയാൽ തൊഴിലാളികളുടെ കൈകളിലെത്തുന്ന അധികവരുമാനം നാമമാത്രമാണ്. അതേസമയം, ഒരു സൂപ്പർവൈസറുടെ ശമ്പളം സാധാരണ തൊഴിലാളിയുടേതിനേക്കാൾ 2008-09ൽ 5.87 മടങ്ങായിരുന്നത് 2024-25ൽ 6.36 മടങ്ങായി ഉയർന്നു. വേതനത്തിലെ അസമത്വം വർധിക്കുന്നതിന്റെ സൂചനയാണിത്.
മറുവശത്ത്, കോർപറേറ്റ് ലാഭം റിക്കാർഡ് ഉയരത്തിലാണ്. ബാങ്ക് ഓഫ് ബറോഡയുടെ കണക്കനുസരിച്ച് ജൂലൈ-സെപ്റ്റംബർ പാദത്തിൽ 2,600 ലിസ്റ്റഡ് കമ്പനികളുടെ അറ്റാദായം 26 ശതമാനം വർധിച്ച് 4.5 ലക്ഷം കോടി രൂപയിലെത്തി. റിലയൻസ്, എസ്ബിഐ, ഇന്ത്യൻ ഓയിൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി എന്നീ അഞ്ചു കമ്പനികൾ മാത്രം 1.12 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കി.
മോത്തിലാൽ ഓസ്വാൾ റിപ്പോർട്ട് പ്രകാരം നിഫ്റ്റി 500 കമ്പനികളുടെ ലാഭം 2025-26ൽ രാജ്യത്തിന്റെ ജിഡിപിയുടെ 5.2 ശതമാനമെന്ന റിക്കാർഡ് നിലയിലെത്തി. മറ്റൊരു പഠനമനുസരിച്ച് 2026 സാമ്പത്തികവർഷത്തിൽ 4,046 കമ്പനികളുടെ അറ്റാദായം 19 ശതമാനം വർധിച്ചപ്പോൾ ജീവനക്കാരുടെ ശമ്പളച്ചെലവിലെ വർധന ഒമ്പത് ശതമാനം മാത്രമായിരുന്നു. കമ്പനികളുടെ കൈവശമുള്ള കരുതൽ ധനം അഞ്ചു വർഷത്തെ ഉയർന്ന നിരക്കായ 12.8 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു. വരുമാന അസമത്വത്തെക്കുറിച്ച് 2024-25 സാമ്പത്തിക സർവേയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വികസനമാതൃകയിൽ മാറ്റമോ?
സമ്പത്ത് സൃഷ്ടിക്കുന്നവരെ രാജ്യപുരോഗതിയുടെ പ്രധാന പങ്കാളികളായി കണ്ടിരുന്ന സമീപനത്തിൽനിന്നു തൊഴിലാളികളുടെ ക്ഷേമത്തിലേക്കും വരുമാന അസമത്വത്തിലേക്കും ശ്രദ്ധ തിരിയുന്നതിന്റെ സൂചനയായാണു പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ചില നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, ഇതിലെ വൈരുധ്യങ്ങളും അവഗണിക്കാനാകില്ല. തൊഴിലാളികളുടെ വേതനം വർധിപ്പിക്കാത്തതിനു വ്യവസായികളെ വിമർശിക്കുമ്പോഴും മെച്ചപ്പെട്ട വേതനത്തിനായി സമരം ചെയ്ത നോയിഡയിലെ തൊഴിലാളികൾക്കെതിരായ പൊലിസ് നടപടിയും ട്രേഡ് യൂണിയൻ പ്രവർത്തകർക്കെതിരേ ദേശീയസുരക്ഷാ നിയമം ചുമത്തിയതും ചോദ്യങ്ങളുയർത്തുന്നു. തൊഴിലാളികളുടെ അവകാശസംരക്ഷണത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടും സമരങ്ങളോടുള്ള സമീപനവും തമ്മിൽ പൊരുത്തക്കേടുണ്ടോയെന്ന സംശയവും ഇതോടെ ശക്തമാകുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ വിമർശനത്തെ സാമ്പത്തികവിദഗ്ധൻ സുർജിത് ഭല്ല ഉൾപ്പടെയുള്ളവർ പ്രതിരോധിക്കുന്നുണ്ട്. ശമ്പളമുള്ള തൊഴിലാളികളുടെ എണ്ണം 2004-05ലെ 6.79 കോടിയിൽനിന്നു 2025ൽ 14.76 കോടിയായി ഉയർന്നുവെന്നും 2011 മുതൽ പ്രതിവർഷം ശരാശരി 46 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിപണിയിലെ ആവശ്യകതയും നിയന്ത്രണങ്ങളുമാണ് കമ്പനികളുടെ നിക്ഷേപ-വേതന തീരുമാനങ്ങളെ സ്വാധീനിക്കുന്നതെന്നാണ് വ്യവസായലോകത്തിന്റെ വാദം.
ശരിവയ്ക്കപ്പെടുന്ന പ്രതിപക്ഷ ആരോപണം
കേന്ദ്രസർക്കാർ വൻകിട കോർപറേറ്റുകൾക്ക് അനുകൂലമായ നയങ്ങളാണു സ്വീകരിക്കുന്നതെന്ന രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷനേതാക്കളുടെ നിരന്തര വിമർശനങ്ങൾക്കു പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ തന്നെ തെളിവാകുന്നുവെന്ന വാദം ശക്തമാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ കഴിയാതെവന്നപ്പോഴാണു സ്വന്തം നിലപാടുകളിൽനിന്നു വ്യതിചലിച്ച് കോർപറേറ്റുകൾക്കെതിരേ സംസാരിക്കാൻ പ്രധാനമന്ത്രി നിർബന്ധിതനായതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവനകളെ രാഹുൽ ഗാന്ധിയുടെ നിലപാടുകളുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളെ ബിജെപി തള്ളിക്കളയുന്നു. രാജ്യത്തിന്റെ സാമ്പത്തികപുരോഗതിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വകാര്യനിക്ഷേപവും വ്യവസായവളർച്ചയും അനിവാര്യമാണെന്ന വ്യക്തമായ കാഴ്ചപ്പാടാണു സർക്കാരിനുള്ളതെന്നാണു ബിജെപി പറയുന്നത്. എന്നാൽ, വ്യവസായവളർച്ചയെ പ്രോത്സാഹിപ്പിക്കുമ്പോഴും നിയമവിരുദ്ധമായ പ്രവർത്തനങ്ങളെയോ അഴിമതിയെയോ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണു പ്രധാനമന്ത്രി നൽകിയതെന്നും അവർ അവകാശപ്പെടുന്നു.
പ്രതിപക്ഷത്തിന്റെ പ്രധാന രാഷ്ട്രീയ ആയുധമായ ‘ചങ്ങാത്ത മുതലാളിത്തം’ എന്ന പ്രചാരണത്തിന്റെ മൂർച്ച കുറയ്ക്കാനുള്ള തന്ത്രപരമായ നീക്കമായാണു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെ ഒരുവിഭാഗം രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, പ്രധാനമന്ത്രിതന്നെ ഈ വിഷയത്തിൽ പ്രതികരിച്ചതോടെ ‘കോർപറേറ്റ് അനുകൂല നയങ്ങൾ’ എന്ന ചർച്ച ദേശീയതലത്തിൽ കൂടുതൽ സജീവമാകാനും രാഹുൽ ഗാന്ധി ഉയർത്തുന്ന വാദങ്ങൾക്ക് കൂടുതൽ പൊതുശ്രദ്ധ ലഭിക്കാനും ഇതു കാരണമായെന്ന് മറ്റൊരു വിഭാഗം നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

കമ്പനികളുടെ ലാഭം വർധിക്കുന്നതുകൊണ്ടു മാത്രം സമ്പദ്വ്യവസ്ഥയുടെ വളർച്ച പൂർണമാകുന്നില്ല. സാധാരണക്കാരുടെ വരുമാനവും വാങ്ങൽശേഷിയും ഉയരുമ്പോഴാണ് വളർച്ചയുടെ ഗുണഫലം സമ്പദ്വ്യവസ്ഥയിലാകെ പ്രതിഫലിക്കുന്നത്. തൊഴിലാളികളുടെ വേതനവർധന ക്ഷേമനടപടി മാത്രമല്ല, സുസ്ഥിരമായ സാമ്പത്തികവളർച്ചയുടെ അനിവാര്യ ഘടകംകൂടിയാണ്.
വ്യവസായങ്ങൾക്കു പിന്തുണ നൽകുന്നതിൽ സർക്കാർ കാണിക്കുന്ന താത്പര്യത്തിന് തുല്യമായ ഉത്തരവാദിത്വം കോർപറേറ്റുകളും പ്രകടിപ്പിക്കണം. അതേസമയം, ന്യായമായ വേതനവും തൊഴിലാളികളുടെ അവകാശങ്ങളും ഉറപ്പാക്കാൻ ഭരണകൂടവും ആത്മാർഥത കാട്ടണം. ലാഭം ഏതാനും കമ്പനികളിൽ കേന്ദ്രീകരിക്കുകയും വളർച്ചയുടെ ഭാരം സാധാരണക്കാർ വഹിക്കുകയും ചെയ്യുന്ന മാതൃകയ്ക്ക് ദീർഘകാലം നിലനിൽക്കാനാകില്ല.
ഈ മാസം 30ന് പുറത്തുവരുന്ന ജിഡിപി കണക്കുകളും ബജറ്റിനു മുന്നോടിയായുള്ള ചർച്ചകളും ഈ വിഷയത്തിൽ നിർണായകമാകും. ഫിക്കി വേദിയിൽ പ്രധാനമന്ത്രി ഉയർത്തിയ വിമർശനം ഒടുവിൽ വിരൽ ചൂണ്ടുന്നത് ഇന്ത്യയുടെ വികസനമാതൃകയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യത്തിലേക്കാണ്. രാജ്യത്തിന്റെ സാമ്പത്തികവളർച്ച ആർക്കുവേണ്ടിയാണ്, അതിന്റെ നേട്ടം ആർക്കാണു ലഭിക്കുന്നത് എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരംതന്നെയാകും രാജ്യത്തിന്റെ സാമ്പത്തിക ഭാവിയുടെ ദിശ നിർണയിക്കുക.
Tags : Fading Friendship Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash