വത്തിക്കാൻ
വത്തിക്കാൻ സിറ്റി: മതാന്തര സംവാദത്തിനുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ 15-ാമത് പ്ലീനറി അസംബ്ലി ഇന്നുമുതൽ 26 വരെ റോമിൽ നടക്കും.
കാര്യാലയം അധ്യക്ഷൻ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിനുശേഷം പ്രതിനിധികൾ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.
"ആയുധരഹിതവും നിരായുധീകരണപരവുമായ സമാധാനത്തിനായുള്ള വിദ്യാഭ്യാസത്തിൽ മതാന്തര സംവാദത്തിന്റെ സംഭാവന' എന്നതാണ് ഇത്തവണത്തെ അസംബ്ലിയുടെ പ്രധാന പ്രമേയം. കാര്യാലയം അംഗങ്ങളും കൺസൾട്ടർമാരും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് പ്രതിനിധി ഡോ. ആഞ്ചലിക്കി സിയാക്കയും സമ്മേളനത്തിൽ പങ്കെടുക്കും. കഴിഞ്ഞ നാലു വർഷത്തെ കാര്യാലയത്തിന്റെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മോൺ. ഇന്ദുനിൽ ജെ. കൊടിതുവക്കു അവതരിപ്പിക്കും.
വിവിധ വിഷയങ്ങളിലുള്ള അവതരണങ്ങൾക്കുശേഷം പ്രതിനിധികളെ വിവിധ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ച് ഗ്രൂപ്പ് ചർച്ചകൾ നടക്കും.
സംഘർഷങ്ങളും ഭിന്നതകളും നിർമിത ബുദ്ധി ഉയർത്തുന്ന വെല്ലുവിളികളും നിറഞ്ഞ ആധുനികലോകത്ത്, പരസ്പരധാരണയുടെയും സൗഹാർദത്തിന്റെയും സമാധാനസംസ്കാരം കെട്ടിപ്പടുക്കാൻ വിവിധ മതസമൂഹങ്ങൾക്ക് എങ്ങനെ ഫലപ്രദമായി ഇടപെടാൻ സാധിക്കുമെന്ന് സമ്മേളനം വിലയിരുത്തും.
Tags : Vatican Office Plenary Assembly Rome Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash