പ്രതീകാത്മക ചിത്രം - എഐ
കോഴിക്കോട്: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെ ഈ വര്‍ഷം കേരളത്തില്‍ മൊത്തത്തിലുള്ള കേസുകള്‍ ഗണ്യമായി കുറഞ്ഞുവെന്നു പൊലിസിന്റെ കണക്കുകള്‍.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച്, ഈ വര്‍ഷം അവസാനിക്കാന്‍ ഒരു മാസവും ഏതാനും ദിവസങ്ങളും മാത്രം ശേഷിക്കേ കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ചുരുങ്ങിയ കാലയളവില്‍ സൈബര്‍ തട്ടിപ്പ് ഒഴികെയുള്ള കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണു പൊലിസിന്റെ വിലയിരുത്തല്‍. സൈബര്‍ തട്ടിപ്പു കേസുകള്‍ മാത്രമാണ് ഈ വര്‍ഷം കുതിച്ചുകയറുന്നത്.
2022ല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തത് മൊത്തം 4,54,836 കേസുകളാണ്. ഈ വര്‍ഷം നവംബര്‍ 11 വരെയുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3,22,160 കേസുകളേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. 2025ല്‍ 5,48,448 കേസുകളാണുണ്ടായിരുന്നത്. ബലാത്സംഗം, സ്ത്രീധന പീഡന മരണം എന്നിവ ഉള്‍പ്പടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് 2022ല്‍ 18,943 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 2025ല്‍ അത് 18,035 ആയി കുറഞ്ഞു.
ഈ വര്‍ഷം നവംബര്‍ 11 വരെയുള്ള കണക്കുകള്‍ പ്രകാരം 12528 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. 2022ല്‍ 4518 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2025 ല്‍ 4753 ആയി വര്‍ധിച്ചു. എന്നാല്‍ ഈ വര്‍ഷം (ഒക്ടോബര്‍ 26 വരെ) 3323 കേസുകളേ രേഖപ്പെടുത്തിയിട്ടുള്ളൂ. പോക്സോയില്‍ ഉള്‍പ്പെടാത്ത, കുട്ടികള്‍ക്കെതിരായ മറ്റു കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കുറവുണ്ട്.
2022ല്‍ 5640 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം നവംബര്‍ 11 വരെ 3848 കേസുകളേ പട്ടികയിലുള്ളൂ. 2025ല്‍ 5537 കേസുകളാണ് ഉണ്ടായിരുന്നത്. കുട്ടികളെ കൊല ചെയ്തതിന് 2022ല്‍ 29 കേസുകളുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 15 കേസുകളേ രേഖകളിലുള്ളൂ.
2022ല്‍ 773 സൈബര്‍ തട്ടിപ്പു കേസുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2025ല്‍ 2488 കേസുകളായി വര്‍ധിച്ചു. ഈ വര്‍ഷം സെപ്റ്റംബറോടെ 2253 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദിനംപ്രതി സൈബര്‍ തട്ടിപ്പ് കൂടിവരുന്നതിനാല്‍ ശേഷിക്കുന്ന മൂന്നുമാസം കൊണ്ട് ഇത്തരം കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്താനാണ് സാധ്യത.
Tags : Kerala Police decline crimes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash