സുരേഷ് റാത്തോഡ്, അങ്കിത ഭണ്ഡാരി
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ റിസോർട്ട് ജീവനക്കാരിയായ അങ്കിത ഭണ്ഡാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ ബിജെപി എംഎൽഎ സുരേഷ് റാത്തോഡിനെ ഇന്നു നുണപരിശോധനയ്ക്കു വിധേയനാക്കും. നവംബർ 24-ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ നുണപരിശോധനയ്ക്ക് വിധേയനാകാൻ റാത്തോഡിനോട് നേരത്തേ സിബിഐ ആവശ്യപ്പെട്ടിരുന്നു.
നേരത്തേ കേസിൽ ആരോപിക്കപ്പെടുന്ന വിഐപി ബന്ധം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് അങ്കിതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ പേരുവെളിപ്പെടുത്താത്ത ചിലർക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസിലെ വിഐപി ബന്ധം സംബന്ധിച്ച് സുരേഷ് റാത്തോഡും നടി ഊർമിള സനാവാറും തമ്മിലുള്ള ഓഡിയോ റിക്കാർഡിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയായിരുന്നു സിബിഐയുടെ നീക്കം. ഉത്തരാഖണ്ഡിലെ ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത 2022 സെപ്റ്റംബർ 18നാണ് കൊല്ലപ്പെട്ടത്.
നാലുദിവസത്തിന് ശേഷം കനാലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയും മറ്റ് രണ്ട് കൂട്ടാളികളും കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.
ഇതിനുപിന്നാലെയാണ് കേസിൽ വിഐപി ബന്ധമുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. സംഭവം ഉത്തരാഖണ്ഡിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചതോടെ കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Tags : Ankita Bhandari Murder case Polygraph test BJP MLA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash