കോട്ടയം മാന്നാനത്തെ ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപന വാര്‍ഷികത്തില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി വി.ഡി. സതീശന് പത്തനാപുരത്തെ
കോട്ടയം: മാന്നാനം ആശ്രമം പള്ളിയിൽ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പ്രാർഥിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചാവറയച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി വിശുദ്ധന്റെ കബറിടത്തിൽ എത്തി പ്രാർഥിച്ചത്.
കബറിടത്തിലെത്തിയ മുഖ്യമന്ത്രി പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് ഏറെ നേരം പ്രാർഥനാനിരതനായി. സിഎംഐ സഭയുടെ തേവര കോളജിലും രാജഗിരി കോളജിലും പഠനം നടത്തിയത് അനുസ്മരിച്ച സതീശൻ തേവര കോളജിലെ ചാവറയച്ചന്റെ പേരിലുള്ള ഓഡിറ്റോറിയമായിരുന്നു തന്റെ പ്രസംഗ പരിശീലനത്തിന്റെ ആദ്യ വേദിയെന്നും പറഞ്ഞു.
ബൈബിൾ വചനങ്ങൾ ഉദ്ധരിച്ച് പ്രസംഗം
ചാവറയച്ചന്റെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പ്രസംഗത്തിനിടയിൽ പലതവണ ബൈബിൾ വാചകങ്ങൾ ഉദ്ധരിച്ചു.
157 വർഷം മുമ്പ്1869-ൽ ചാവറയച്ചൻ കൈനകരിയിൽ തുടങ്ങിയ ഉപവിശാലയാണ് കേരളത്തിലെ ആദ്യത്തെ അനാഥ മന്ദിരം. ഉപവിശാലയിലെ അന്തേവാസികൾക്കും പള്ളിക്കൊപ്പം തുടങ്ങിയ പള്ളിക്കൂടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും ഭക്ഷണം കൊടുക്കാൻ പിടിയരി സമ്പ്രദായം കൊണ്ടുവന്നത് ചാവറയച്ചനാണെന്നു പറഞ്ഞ മുഖ്യമന്ത്രി ചാവറയച്ചന്റെ ക്രൈസ്തവ ദർശനങ്ങൾ പറഞ്ഞപ്പോഴാണ് ബൈബിൾ വാചകൾ ഉദ്ധരിച്ചത്. അവൻ വലിയ പുരുഷാരത്തെക്കണ്ട് അവരിൽ മനസലിഞ്ഞു. അവരുടെ രോഗികളെ സൗഖ്യമാക്കിയെന്ന് മത്തായിയുടെ സുവിശേഷത്തിൽ പറയുന്നു. എന്റെ സഹോദരന്മാരിൽ ഏറ്റവും ചെറിയ ഒരാൾക്ക് ചെയ്യുന്നത് എനിക്കു ചെയ്യുന്നതാണെന്ന് ഞാൻ സത്യമായും വിളിച്ചു പറയും എന്നാണ് യേശു പറഞ്ഞത്. പാവപ്പെട്ടവനെയോ രോഗികളെയോ ആരും തിരിഞ്ഞു നോക്കാത്ത കാലത്തായിരുന്നു യേശുവിന്റെ ഈ ഇടപെടൽ. ഈ ക്രൈസ്തവ ദർശനത്തിലായിരുന്നു വിശുദ്ധ ചാവറയച്ചന്റെ പ്രവർത്തനങ്ങളെല്ലാം തന്നെ.
പഴയ നിയമത്തിലെ ലേവ്യയുടെ പുസ്തകത്തിലെ നരച്ചവന്റെ മുന്പിൽ എഴുനേൽക്കണമെന്നും വൃദ്ധനെ ബഹുമാനിക്കണമെന്നുമുള്ള ബൈബിൾ വാചകം ഉച്ഛരിച്ചാണ് മുതിർന്ന പൗരന്മാരോടുള്ള പെരുമാറ്റത്തേക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി മടങ്ങിയത് ഹെലികോപ്റ്ററില്‍
കോട്ടയം: മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപന വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി വി.ഡി. സതീശന് മടങ്ങിയത് ഹെലികോപ്റ്ററില്‍.
ഹൈദരാബാദിലായിരുന്ന മുഖ്യമന്ത്രി നെടുമ്പാശേരിയില്‍ വിമാനമിറങ്ങി റോഡുമാര്‍ഗം മാന്നാനത്തെത്തുകയായിരുന്നു. തുടര്‍ന്ന് പത്തനാപുരം ഗാന്ധി സ്മാരകത്തിലെ ചടങ്ങില്‍ പങ്കെടുക്കാനായിട്ടാണ് സ്വകാര്യ ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി പോയത്. കോട്ടയം പൊലിസ് പരേഡ് ഗ്രൗണ്ടില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നത്.
മാന്നാനത്തെ ചടങ്ങുകള്‍ തീര്‍ന്നപ്പോഴേക്കും ഹെലികോപ്റ്റര്‍ പൊലിസ് പരേഡ് ഗ്രൗണ്ടില്‍ എത്തിയിരുന്നു.
Tags : the tomb of Saint Chavara Achan Nattuvishesham DistrictNews