കോട്ടയം: റബര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള സിയോണ്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി നാളെ ചര്‍ച്ച നടത്തും.
കയറ്റുമതിക്കുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളാണു പാലിക്കുന്നത്. റബര്‍ ഇറക്കുമതി ചെയ്യുന്ന ടയര്‍ നിര്‍മാതാക്കള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടും. ഇറക്കുമതി ചെയ്യുന്ന റബറില്‍ ടയര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന റബറിന്റെ അളവ് കാലാനുസരണമായി പരിഷ്കരിക്കണമെന്നും ആവശ്യപ്പെടും. ആഭ്യന്തര വിപണിയില്‍നിന്ന് സ്വാഭാവിക റബര്‍ വാങ്ങണമെന്ന് ആവശ്യപ്പെടാന്‍ ടയര്‍ വ്യാപാരികളുമായി 26ന് റബര്‍ ബോര്‍ഡ് ഹെഡ് ഓഫിസില്‍ ചര്‍ച്ച നടത്തും.
റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതം
റബര്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് റബര്‍ ബോര്‍ഡിന്റെ നയങ്ങളാണ് കാരണമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. റബര്‍ ഇറക്കുമതിക്ക് നിര്‍ബാധം അനുമതി നല്‍കിയെന്ന വാര്‍ത്തകള്‍ക്കും യാഥാര്‍ഥ്യവുമായി ബന്ധമില്ല. കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ബോർഡ് പറ യുന്നു.
ഊഹക്കച്ചവടവും വിപണിയില്‍ സ്വാധീനം ചെലുത്തുന്നു
നിലവില്‍ റബര്‍ വില കിലോയ്ക്ക് 272 രൂപയാണ്. 300 രൂപ വിലനിലവാരത്തിലെത്തിയശേഷമാണു വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ വിലയെ സ്വാധീനിക്കും. ഷാങ്ഹായ് ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ചിലെ വിലനിലവാരം ആഗോള റബര്‍ വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഊഹക്കച്ചവടവും വിപണിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ റബർ വിപണിയില്‍ വിപരീത സ്വാധീനമുണ്ടാകും. വലിയ വിലത്തകര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
ലാറ്റക്സ് കമ്പനികള്‍ കര്‍ഷകര്‍ക്ക് അനുകൂലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അവരുമായും ആശയവിനിമയം നടത്തിയെന്നും എന്‍. ഹരി പറഞ്ഞു.
റബര്‍ ഇറക്കുമതിക്ക് അനുമതിയില്ല
അഡ്വാന്‍സ്ഡ് ഓഥറൈസേഷന് സ്കീമിനു പുറത്തുള്ള റബര്‍ ഇറക്കുമതിക്ക് അനുമതിയില്ല. ഇറക്കുമതി ചെയ്യുന്ന റബര്‍ തുറമുഖത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ കസ്റ്റംസ് അനുമതിയും റബര്‍ ബോര്‍ഡിന്റെ ബില്‍ ഓഫ് എക്സിറ്റും ആവശ്യമാണ്. റബര്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കുശേഷമുള്ള ബില്‍ ഓഫ് എന്‍ട്രിയും നിര്‍ബന്ധമാണ്.
രാജ്യത്തെ രണ്ട് തുറമുഖങ്ങള്‍ വഴിയാണ് ഇത്തരം ഇറക്കുമതി നിയന്ത്രിച്ചിരിക്കുന്നത്. വിദേശനാണ്യ ശേഖരവുമായി ബന്ധപ്പെട്ടാണ് ഇറക്കുമതിക്ക് അനുമതി നല്‍കുന്നത്. അനിയന്ത്രിതമായ റബര്‍ ഇറക്കുമതിക്ക് ബോര്‍ഡോ കേന്ദ്ര സര്‍ക്കാരോ അനുമതി നല്‍കിയിട്ടില്ല.
റബര്‍ നയം നടപ്പാക്കണം
രാജ്യത്തെ സ്വാഭാവിക റബര്‍ ഉത്പാദനത്തിന്റെ 72 ശതമാനവും കേരളത്തിലാണ്. എന്നാൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെപ്പോലെ കേരളത്തിന് സമഗ്രമായ റബര്‍ നയമോ റബര്‍ വിഷനോ ഇല്ല. റബര്‍ വില 250 രൂപയ്ക്കു താഴെയാകുമ്പോള്‍ സബ്സിഡി നല്കുന്ന പദ്ധതിയാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഈ പദ്ധതിക്കായി അനുവദിച്ച തുക വിനിയോഗിക്കാതെ കിടക്കുകയാണെന്ന് എന്‍. ഹരി പറഞ്ഞു. പത്രസമ്മേളനത്തില്‍ റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. ടി. സിജു, സാമ്പത്തിക ഗവേഷണ വിഭാഗം ശാസ്ത്രജ്ഞന് ജോബി ജോസഫ് എന്നിവരും പങ്കെടുത്തു.
Tags : Rubber Nattuvishesham DistrictNews