തിരുവനന്തപുരം: കവിയും നിരൂപകനുമായ പദ്മശ്രീ പി. നാരായണക്കുറുപ്പിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അനുശോചനം രേഖപ്പെടുത്തി. കവിതയ്ക്കും നിരൂപണത്തിനും മലയാള ഭാഷയിൽ പുതിയൊരു ഭാഷ്യം രചിച്ച സമാനതകളില്ലാത്ത സാഹിത്യകാരനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
തെളിഞ്ഞതും വ്യക്തതയുള്ളതുമായ ഭാഷാശൈലിയാണ് പി. നാരായണക്കുറുപ്പിനെ മറ്റ് എഴുത്തുകാരിൽ നിന്നും വ്യത്യസ്തനാക്കിയത്. മലയാളത്തിന്റെ വരുംകാല സമ്പാദ്യങ്ങളായി മാറാൻ പോകുന്ന നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഈ വിയോഗം മലയാള ഭാഷയ്ക്കും സാഹിത്യ ലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം ഉൾപ്പെടെ നിരവധി ആദരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Tags : P. Narayana Kurup condoles V. D. Satheesan