തൃശൂർ: ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ ലോകത്തെ സംഗീതത്തിലൂടെ കൈപിടിച്ചുനടത്തുന്ന സംഗീതപ്രതിഭയാണ് അർഷിദ് ശ്രീധർ. ലക്ഷക്കണക്കിനു കുട്ടികൾ ആസ്വദിക്കുന്ന ഇൻഫോബെൽസ് കുട്ടിപ്പാട്ടുകൾക്കു കഴിഞ്ഞ ഏഴുവർഷമായി സംഗീതവും പ്രോഗ്രാമിംഗും നിർവഹിച്ചത് അർഷിദാണ്. ഇത്തരത്തിൽ 600 കുട്ടിപ്പാട്ടുകളാണ് ആറു ഭാഷകളിലായി ഇറങ്ങിക്കഴിഞ്ഞത്. പലതും വമ്പൻഹിറ്റുകൾ.
‘വട്ടമാന തട്ട് ...തട്ട് നിറയെ ലട്ട്’ എന്ന തമിഴ് റൈം 30.5 മില്യൺ ആളുകളാണ് കണ്ടത്. ‘ഉരുളക്കിളങ്ങ് ചെല്ലക്കുട്ടിക്ക് പൂച്ചാണ്ടി ഭയം’, ‘ചിന്നക്കണ്ണൻ’ എന്നിവയും വന്പൻ ഹിറ്റാണ്. ‘സ്കൂൾ ബസ് വന്നു റെഡിയാകൂ’, ‘ഇരുട്ടിനെ പേടി’എന്നിവ മലയാളത്തിലും ഹിറ്റായി. ഹിന്ദിയിലെ റൈമുകളാണ് മെഗാഹിറ്റുകൾ. മുന്നാ രോ രഹാരേ എന്ന ഗാനം വിവിധ ഭാഷകളിലും പതിപ്പുകളിലുമായി ഇതിനകം 945 മില്യൺ ആളുകളാണ് കണ്ടത്. ‘ഗയ്യാ മേരി ആത്തിഹേ’രണ്ടുവർഷംകൊണ്ട് 858 മില്യണും ‘ചുന്നൂ മിന്നൂ’ 645 മില്യണും പിന്നിട്ടു.
ഇംഗ്ലീഷ്, തെലുങ്ക്, കന്നട, ബംഗാളി ഭാഷകളിലും കുട്ടിപ്പാട്ടുകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കിടയിൽ തരംഗമായി മാറിയ ‘ചിട്ടിയും ഡോളിയും’പരിപാടിയുടെ പശ്ചാത്തലസംഗീതവും സൗണ്ട് എൻജിനിയറിംഗും മ്യൂസിക് പ്രോഗ്രാമിംഗും അർഷിദാണ്.
ഭാഷയുടെ അതിരുകൾ മറികടന്ന് കുട്ടികളുടെ മനസിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്ന ലളിതമായ ഈണങ്ങളും ആകർഷകമായ ശബ്ദസംവിധാനവുമാണ് അർഷിന്റെ സൃഷ്ടികളുടെ പ്രത്യേകത. കുട്ടികളുടെ പ്രായത്തിനും മനഃശാസ്ത്രത്തിനും അനുയോജ്യമായ രീതിയിൽ സംഗീതം രൂപപ്പെടുത്തുക എന്നതിൽ വിജയിക്കാനായതാണ് അർഷിദിനെ ശ്രദ്ധേയനാക്കിയത്. പഠനവും വിനോദവും ഒരുമിപ്പിക്കുന്ന ഗാനങ്ങൾ യുട്യൂബിലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും കോടിക്കണക്കിനു പ്രേക്ഷകരിലെത്തി.
താരപ്രഭയില്ലാതെ കാമറകൾക്കു പിന്നിൽനിന്ന് അനേകം കുട്ടികളുടെ ബാല്യത്തിന് ഈണം നൽകിയ അർഷിദ് ശ്രീധർ ഇന്നത്തെ ഡിജിറ്റൽ സംഗീതലോകത്തെ നിശബ്ദനായ സുൽത്താനാണ്.
കൃഷിവകുപ്പിൽ ഉദ്യോഗസ്ഥനായ പേരാമംഗലം മനപ്പടി കല്ലെട്ടുകുഴിയിൽ ശ്രീധരന്റെയും പത്തുവർഷം പേരാമംഗലം ഗ്രാമപഞ്ചായത്തംഗമായിരുന്ന വാസന്തിയുടെയും മകൻ അഞ്ചാംക്ലാസ് മുതലാണു സംഗീതം അഭ്യസിച്ചുതുടങ്ങിയത്. തൃശൂർ എച്ച്. ഗണേശൻമാസ്റ്ററുടെ കീഴിൽ മൃദംഗവും ദിനേശ് ദേവദാസിനു കീഴിൽ ഹിന്ദുസ്ഥാനിസംഗീതവും അഭ്യസിച്ചു. തുടർന്ന് ഫ്രിജോ ഫ്രാൻസീസിനരികിൽ പിയാനോയും പഠിച്ചു.
രാപകൽ സിനിമയിൽ കോറസ് പാടിത്തുടങ്ങിയ അർഷിദ് നിരവധി സിനിമകളിൽ കോറസ് പാടി. സൗണ്ട് എൻജിനീയറായും പ്രോഗ്രാമറായും പ്രവർത്തിച്ചു. ‘മക്കന’എന്ന സിനിമയിലെ രണ്ടു പാട്ടുകൾക്കു സംഗീതം നൽകി. രോഹിതാശ്വിൻ എന്ന കന്നട സിനിമയിലും അർഷിദാണ് സംഗീതം. അനുജൻ അഭിജിത്ത് ശ്രീധർ തൃശൂരിൽ എസ്എം ഓഡിയോ സ്റ്റുഡിയോ നടത്തുന്നു. അനുജത്തി അനുഗ്രഹ ശ്രീധറും ഗായികയാണ്.
Tags : World Music Day Arshid Sridhar Sultan Children's Songs