തൃശൂർ: ജീസസ് യൂത്ത് പ്രസ്ഥാനത്തെ പ്രാരംഭകാലങ്ങളിൽ ആത്മീയദിശാബോധം നൽകി വളർത്തിയെടുത്ത വളർത്തച്ഛനായിരുന്നു ‘പള്ളിയച്ചൻ’ എന്ന് എല്ലാവരും സ്നേഹപൂർവം വിളിച്ചിരുന്ന ഫാ. ഏബ്രഹാം പള്ളിവാതുക്കൽ എസ്ജെ.
സൗമ്യമായ പെരുമാറ്റവും മൃദുഭാഷണവും കൊണ്ട് ഏവരെയും ആകർഷിച്ചിരുന്ന അദ്ദേഹം കരിസ്മാറ്റിക് നവീകരണമുന്നേറ്റത്തിനും ജീസസ് യൂത്ത് പ്രവർത്തനങ്ങൾക്കും ശക്തമായ നേതൃത്വം നൽകി.
കരിസ്മാറ്റിക് നവീകരണമുന്നേറ്റത്തിന്റെ ( കെഎസ് ടി) ചെയർമാൻ, ജീവജ്വാല മാസികയുടെ ചീഫ് എഡിറ്റർ എന്നീനിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. അപ്പോഴും യുവജനങ്ങളെ ശക്തീകരിക്കാനും നേതൃത്വം രൂപപ്പെടുത്താനും ബദ്ധശ്രദ്ധ പുലർത്തി.
വേദികളിൽ പ്രസംഗിക്കുന്ന ആത്മീയഗുരു മാത്രമായിരുന്നില്ല അദ്ദേഹം. യുവാക്കളുടെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും ഒപ്പം നടന്ന ഒരു സ്നേഹസാന്നിധ്യമായിരുന്നു. യുവാക്കളെ ചേർത്തുപിടിച്ച് അവരുടെ ആശങ്കകൾ കേൾക്കുകയും തളർന്ന മനസുകൾക്കു പ്രത്യാശ പകരുകയും ചെയ്യുക എന്നത് ആ വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു.
ആർക്കെങ്കിലും തെറ്റുപറ്റുകയോ ഉത്തരവാദിത്വങ്ങളിൽ വീഴ്ചവരുത്തുകയോ ചെയ്താൽ ശാസനയെക്കാൾ സ്നേഹമാണ് അദ്ദേഹം തെരഞ്ഞെടുക്കുക.
തന്നെ കാണാൻ വരുന്നവരെ ( പ്രത്യേകിച്ച് യുവജനങ്ങളെ ) ഭക്ഷണം കഴിക്കാതെ വിടാൻ പള്ളിയച്ചൻ തയാറല്ലായിരുന്നു. ആത്മീയകാര്യങ്ങളിൽ മാത്രമല്ല, ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽപ്പോലും കരുതുന്ന ഒരു പിതൃസ്നേഹമായിരുന്നു അദ്ദേഹത്തിന്റേത്.
അനേകം യുവാക്കൾക്കു വിശ്വാസത്തിന്റെ വഴിയും സേവനത്തിന്റെ അർഥവും കാരുണ്യത്തിന്റെ മാതൃകയും പഠിപ്പിച്ച പള്ളിയച്ചൻ ഒരു പുരോഹിതൻ മാത്രമായിരുന്നില്ല, അനേകായിരം ജീവിതങ്ങളെ സ്പർശിച്ച ഗുരുവും ആശ്വാസം പകർന്ന ഒരു സുഹൃത്തുമായിരുന്നു.
കാൻസർബാധിതനായി വിശ്രമജീവിതം നയിക്കുന്പോൾ കുടുംബസമേതവും അല്ലാതെയും എത്തുന്ന അരുമശിഷ്യർക്ക് പ്രാർഥനാസഹായം വാഗ്ദാനം ചെയ്യുകയും സ്നേഹമുത്തം നൽകി യാത്രയാക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ മൃദുസ്മിതവും സ്നേഹത്തിന്റെ പിച്ചും കരുതലിന്റെ വാക്കുകളും അനുഭവിച്ച ആയിരക്കണക്കിനു ജീസസ് യൂത്ത് പ്രവർത്തകർ ലോകമെന്പാടും ഇന്നുണ്ട്. അവരുടെയെല്ലാം ഹൃദയത്തിലും മനസിലും കാലം മായ്ക്കാത്ത ഓർമകളായി ആ സ്നേഹസ്പർശങ്ങൾ നിലനിൽക്കും. അതുകൊണ്ടുതന്നെ പള്ളിയച്ചന്റെ ജീവിതം സേവനത്തിന്റെയും വിനയത്തിന്റെയും നിസ്വാർഥസ്നേഹത്തിന്റെയും പ്രകാശിക്കുന്ന സാക്ഷ്യമായി തുടരും.