കോഴിക്കോട്: ക്രൈസ്തവ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ സ്ഥാപകാംഗവും ഈശോസഭാംഗവുമായ ഫാ. ഏബ്രഹാം പള്ളിവാതുക്കൽ എസ്ജെ ( 86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാള്‍ പള്ളിയില്‍.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട് ക്രൈസ്റ്റ് ഹാള്‍ ജെസ്യൂട്ട് ഹൗസിലാണ് അന്തരിച്ചത്. ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ ആദ്യകാല ആനിമേറ്റർമാരിൽ ഒരാളെന്ന നിലയിൽ അദ്ദേഹം തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ഭൂരിഭാഗവും യുവജന സുവിശേഷവത്കരണം, വിശ്വാസ രൂപീകരണം എന്നിവയ്ക്കായി നീക്കിവച്ചു.
ജീസസ് യൂത്ത് പ്രസ്ഥാനത്തെ സഭയ്ക്കുള്ളിൽ ഒരു ഊർജസ്വലമായ ശക്തിയായി രൂപപ്പെടുത്താൻ നിര്‍ണായക ഇടപെടല്‍ അദ്ദേഹം നടത്തിയിരുന്നു. 1939 ഡിസംബര്‍ 11ന് ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ പരേതരായ ചെറിയാന്-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു.
പരേതരായ എം.സി. ജോസഫ്, എം.സി. നൈനാന്, സിസ്റ്റര്‍ സ്കോളാസ്റ്റിക്ക എസ്ഡി, സിസ്റ്റര്‍ ജെര്‍ത്രൂഡ് ഹോളിക്രോസ്, സിസ്റ്റര്‍ മേരിഗ്രേസ് എഫ്സിസി, സിസ്റ്റര്‍ മേരി ഡൊളോറസ് സെന്റ് ജോസഫ്സ് ലയണ്‍സ് എന്നിവരാണ് സഹോദരങ്ങള്‍.
1958 മേയ് 17ന് ഈശോസഭയില്‍ ചേര്‍ന്നു. 1971 മാര്‍ച്ച് 15ന് പൗരോഹിത്യം സ്വീകരിച്ചു. പട്ടുവം ഹോളിഫാമിലി ഇടവകയില്‍ സഹവികാരിയായിട്ടായിരുന്നു ശുശ്രൂഷാജീവിതം ആരംഭിച്ചത്.
Tags : Fr. Abraham Pallivathukkal passed away