കൊച്ചി: സംസ്ഥാനത്ത് നഴ്സുമാർക്ക് മികച്ച വേതനം നൽകുന്ന തൃശൂർ ജൂബിലി മിഷൻ, അമല ആശുപത്രികളെ സമരകേന്ദ്രങ്ങളാക്കി അതിന്റെ മറവിൽ തൃശൂർ അതിരൂപതയെയും അതിരൂപതാധ്യക്ഷനെയും അവഹേളിക്കുന്ന യുഎൻഎയുടെ നടപടികൾ അപലപനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
തൃശൂരിൽതന്നെ കുറഞ്ഞ വേതനം നൽകുന്ന ആശുപത്രികളിൽ സമരമില്ല എന്നത് യുഎൻഎ നടപടികളിലെ ദുരൂഹത വർധിപ്പിക്കുന്നു. മാർച്ച് ആറിന് സർക്കാർ പ്രസിദ്ധീകരിച്ച വേതനം സംബന്ധിച്ച കരട് രേഖ എത്രയും വേഗം നടപ്പിലാക്കാൻ സർക്കാരിനെതിരേയാണ് യുഎൻഎ സമരരംഗത്തു വരേണ്ടത്. അല്ലാതെ ബിഷപ്സ് ഹൗസുകളിലേക്കല്ല.
സർക്കാർ നിർദേശം നടപ്പിലാക്കാൻ തയാറാണെന്ന് മാനേജ്മെന്റുകൾ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും നഴ്സുമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് ഇറക്കുന്നതിൽ ദുരൂഹതയുണ്ട്.
തൃശൂരിൽ ജൂബിലി, അമല ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. എന്നാൽ, ചില നിക്ഷിപ്ത താത്പര്യക്കാർ ഗൂഢ അജൻഡയോടെ നടത്തുന്ന പ്രചാരണങ്ങൾ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻവേണ്ടിയുള്ളതാണ്. അനാവശ്യമായി സഭയെയും സഭാധ്യക്ഷന്മാരെയും ആക്ഷേപിക്കുന്നതു തുടർന്നാൽ സഭാ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരും.
നിരവധി ആശുപത്രികൾ കരാർ ഒപ്പുവച്ചുവെന്ന് പറയുന്ന യുഎൻഎ, ആ കരാറുകൾ പുറത്തുവിടാൻ തയാറാകണം. ആക്ഷേപങ്ങൾ തുടർന്നാൽ ശക്തമായ ഇടപെടലുകൾ നടത്താൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.